ADVERTISEMENT

പുതുമയുള്ളതും പ്രശംസനീയവുമായ കുറെ കാര്യങ്ങളടങ്ങുന്ന വ്യവസായനയമാണ് കേരളം കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. പുതിയ നയം നടപ്പാക്കുമ്പോൾ നിലവിലുള്ള നിയമങ്ങളിൽ ചിലത് ഒഴിവാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുമെന്ന മന്ത്രിയുടെ പ്രസ്താവനയും ഏറെ സ്വാഗതാർഹമാണ്. ഇതൊരു പുതിയ തുടക്കമാകട്ടെ. 

കേരളം രണ്ടു പ്രധാന തടസ്സങ്ങളെയാണ് അഭിമുഖീകരിക്കുന്നത്: ഭൂമിയും പരിസ്ഥിതിയും. വലിയ തോതിൽ ഭൂമി ആവശ്യമുള്ളതോ മലിനീകരണത്തിനു വഴിവയ്ക്കുന്നതോ ആയ ഉൽപാദനമേഖലയിൽ വൻനിക്ഷേപങ്ങൾ ആകർഷിക്കാൻ കേരളത്തിനാകുമെന്നു പ്രതീക്ഷിക്കാനാകില്ല. പുതിയ നയത്തിൽ ഇക്കാര്യം വ്യക്തമായി തെളിയുന്നുമുണ്ട്. സാങ്കേതികവിദ്യ, ഭക്ഷ്യസംസ്കരണം, സേവന മേഖലകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെയുള്ള അത്യാധുനിക മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന 21 വ്യവസായ വിഭാഗങ്ങളിലാണ് പുതിയ നയത്തിന്റെ ഊന്നൽ. ഇതു പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. നിയമങ്ങൾ പരിഷ്കരിക്കാനും വേണ്ടിവന്നാൽ ഒഴിവാക്കാനും സർക്കാർ തയാറാണെന്ന മന്ത്രിയുടെ പ്രസ്താവനയും ഏറെ ആശ്വാസകരമാണ്. നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ആധിക്യമാണ് സംരംഭകമേഖലയെ ഏറ്റവുമധികം ഞെരുക്കുന്നതെന്ന ആക്ഷേപത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പ്രസ്താവന. 

സംരംഭകരുടെ എല്ലാ പ്രതീക്ഷകളും പൊലിഞ്ഞതിന്റെയും അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതിന്റെയും കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. സംരംഭങ്ങളുടെ ലാഭക്ഷമത തെല്ലും പരിഗണിക്കാതെ വേതനം നിശ്ചയിക്കുന്നതിലുള്ള സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്മയ്ക്കു പുറമേ ഒട്ടേറെ വ്യവസ്ഥകളും സംരംഭകർക്കു വിഷമങ്ങൾ‌ സൃഷ്ടിക്കുന്നുണ്ട്. 

സ്വകാര്യനിക്ഷേപമെന്നതു മത്സരാധിഷ്ഠിത കാര്യമാണ്; ജീവകാരുണ്യ പ്രവൃത്തിയല്ല. നിക്ഷേപകർക്കിടയിൽ വിശ്വാസ്യത വളർത്തുന്നതിലും ബിസിനസിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിലും സർക്കാരുകൾക്കു വലിയപങ്കു വഹിക്കാനുണ്ട്. നിയന്ത്രണ ചട്ടക്കൂടിലുള്ള തടസ്സങ്ങളെയും സർക്കാർ കൈകാര്യം ചെയ്യേണ്ടതുണ്ട്; മറ്റു പലതിന്റെയും കൂട്ടത്തിൽ. നിലവിലുള്ള നിയന്ത്രണ ചട്ടക്കൂടിൽ ഒട്ടേറെ വിവേചനപരമായ, വ്യക്തമല്ലാത്ത, സ്വേച്ഛാപരമായ വ്യവസ്ഥകളുണ്ട്: എണ്ണുക  ദുഷ്കരം; കാരണം അത്രയേറെയുണ്ട് അവ! താഴെത്തട്ടിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനു നിസ്സാരകാരണങ്ങളുടെ പേരിൽ കേസെടുക്കാനും സംരംഭം അടച്ചുപൂട്ടാനും കഴിയും. ഈ വ്യവസ്ഥകൾ നീക്കം ചെയ്യേണ്ടതുണ്ട്. ഫാക്ടറി നിയമം  ലേബർകോഡിൽ ലയിച്ചുകഴിഞ്ഞു. സാങ്കേതികവിദ്യയുടെ സമകാലിക തലങ്ങൾ പരിഗണിക്കുമ്പോൾ ഫാക്ടറീസ് ആക്ട് തന്നെയും വലിയ മാറ്റത്തിനു വിധേയമാകേണ്ടതില്ലേ എന്നതു വലിയ ചോദ്യമാണ്.

t-nandakumar
ടി.നന്ദകുമാർ

തെറ്റുകളും ശിക്ഷയും (എല്ലാ തെറ്റുകളും ക്രിമിനൽ കുറ്റമായി കാണരുത്)

വളരെ ചെറിയ തെറ്റുകൾക്കുപോലും കേസെടുക്കാനാണ് സംസ്ഥാനത്തെ ഒട്ടേറെ വകുപ്പുകളും നിയമങ്ങളും നിർദേശിക്കുന്നത്. മിക്കവാറും കേസുകളിൽ 500 രൂപയോ മറ്റോ പിഴയാണു ശിക്ഷ; ചിലപ്പോൾ തടവുമുണ്ടാകും. ശിക്ഷയെന്നു നിർവചിക്കപ്പെടുന്നതിനാൽ സംഭവം ജുഡീഷ്യൽ കോടതിയിലേക്കു പോകും. ഉദാഹരണത്തിന്, കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിലെ സെക്‌ഷൻ 29(1എ)(2) പറയുന്നു: ‘..കുറ്റം ചെയ്തെന്നു തെളിഞ്ഞാൽ 50 രൂപ വരെയുള്ള തുക പിഴയായി ചുമത്താം’. വെറും 50 രൂപ പിഴ ചുമത്താൻ എല്ലാ കോടതി നടപടിക്രമങ്ങളും പിന്തുടരണം? പിഴ ശിക്ഷയാണ്. അതിനു പകരം, 500 രൂപ ഫൈൻ ചുമത്തുന്നതല്ലേ സർക്കാരിനു സൗകര്യം?. 

സംസ്ഥാന നിയമങ്ങളും ചട്ടങ്ങളും ഇത്തരം വിവേചനബുദ്ധിയില്ലാത്ത കേസെടുക്കലിനുള്ള ഉദാഹരണങ്ങളാൽ നിറഞ്ഞതാണ് (ഉദാഹരണത്തിന്, കേരള റജിസ്ട്രേഷൻ ഓഫ് ടൂറിസ്റ്റ് ട്രേഡ് ആക്ടിന്റെ സെക്‌ഷൻ 32). എന്നാൽ, ഇത്തരം കേസെടുക്കലുകൾ എത്ര കാര്യക്ഷമമാണെന്നു മനസ്സിലാക്കാൻ വേണ്ടത്ര വിവരങ്ങളില്ല. മിക്കപ്പോഴും ഉപദ്രവിക്കുന്നതിനുള്ള ഉപകരണങ്ങൾ മാത്രമാണിവ.

വകതിരിവും ദുരുപയോഗവും

അധികാരികളുടെ സ്വേച്ഛാപരമായ അധികാരവുമായി ബന്ധപ്പെട്ടവയാണ് മറ്റൊരു കൂട്ടം നിയമങ്ങൾ. കേരള പഞ്ചായത്ത്‌രാജ് നിയമം വ്യാപാരത്തിനും വ്യവസായശാലകൾക്കും ലൈസൻസ് നൽകുന്നതുപോലുള്ള കാര്യങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റിനു വിവേചനാധികാരം നൽകുന്നുണ്ട്. എല്ലാ ഉത്തരവുകളിലും പ്രസിഡന്റ് ഒപ്പുവയ്ക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, സർക്കാരിലെത്തുമ്പോൾ ഉത്തരവുകൾ ഒപ്പുവയ്ക്കുന്നതു സെക്രട്ടറിമാരാണ്; മന്ത്രിമാരല്ല. ഓഫിസ് ഉത്തരവുകൾ മുഖ്യമന്ത്രി പുറത്തിറക്കുന്നതു നമ്മൾ കണ്ടിട്ടുണ്ടോ? മന്ത്രിയിൽനിന്നോ മുഖ്യമന്ത്രിയിൽനിന്നോ സമ്മതം വാങ്ങുന്നുണ്ടെന്നതു മറ്റൊരു കാര്യം. ഈ പൊരുത്തക്കേട് മാറ്റിയേ മതിയാകൂ. 

തൃപ്തിയാകും വിധത്തിൽ ‘ശല്യം’ (ശബ്ദമലിനീകരണം അടക്കമുള്ള മലിനീകരണവുമായി ബന്ധപ്പെട്ടവ) ഇല്ലാതാക്കാത്ത ഏതു സ്ഥാപനത്തിന്റെയും പ്രവർത്തനം ഉടൻ നിരോധിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ട്. ‘ശല്യം’ എന്നതു വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. ‘സെക്രട്ടറിയുടെ തൃപ്തി’യെന്നതു വ്യക്തിനിഷ്ഠവും ദുരുപയോഗം ചെയ്യപ്പെടാൻ ഇടയുള്ളതുമാണ്. സെക്രട്ടറി വിദഗ്ധോപദേശം തേടേണ്ടതുപോലുമില്ല; മറ്റെവിടെയോ അക്കാര്യം പറയുന്നുണ്ടെങ്കിലും. സ്വേച്ഛാപരമായ ഇത്തരം അവ്യക്ത നിയമങ്ങൾക്കു പല ഉദാഹരണങ്ങളും പറയാനാകും. 

നിർവചിക്കപ്പെടാത്ത വിവേചനാധികാരത്തോടാണ് എതിർപ്പ്; അല്ലാതെ നിയമപാലനത്തോടല്ല.

കാലത്തിനു ചേരാത്തത്

ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ചുള്ള റജിസ്ട്രേഷന് ഒരു വർഷം മാത്രമേ സാധുതയുള്ളൂ എന്നതാണു കൗതുകകരം. അപേക്ഷയനുസരിച്ചോ അല്ലെങ്കിൽ ഉദ്യോഗസ്ഥരാലോ റദ്ദാക്കപ്പെടുന്നതു വരെ റജിസ്ട്രേഷൻ സാധുവാണെന്നു കാണിച്ച് ഒഡീഷ സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. സ്ഥിരമായല്ലെങ്കിൽ കുറഞ്ഞതു 10 വർഷത്തേക്കെങ്കിലും റജിസ്ട്രേഷനു സാധുത നൽകാൻ സർക്കാരിന് എന്താണു തടസ്സം? 1996ലെ കേരള പഞ്ചായത്ത് റൂൾസിൽ പറയുന്നു: ‘കുഷ്ഠമോ വ്രണങ്ങളോ പോലെ ഏതെങ്കിലും തരത്തിലുള്ള ത്വക്ക് രോഗങ്ങളുള്ള വ്യക്തികൾക്ക്  വ്യാപാരത്തിനുപയോഗിക്കുന്ന ഭൂമിയിൽ തൊഴിൽ നൽകാനാവില്ല’. അപലപനീയമാണ് ഇതെന്നു മാത്രമല്ല സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ് (വിധി: സെന്റർ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ 2018).

അബ്കാരി നിയമത്തിലെയും കർഷക ക്ഷേമനിധി നിയമത്തിലെയും വ്യവസ്ഥകളാണ് ഏറ്റവും ദയനീയം. എക്സൈസ് കമ്മിഷണറുടെ അനുമതിയില്ലാതെ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ മാറ്റം വരുത്തിയാൽ ലൈസൻസ് ഉടമകൾക്കു മേൽ 3 ലക്ഷം രൂപ പിഴ ചുമത്താൻ  അബ്കാരി നിയമം അധികാരം നൽകുന്നു. ഇന്ത്യൻ കമ്പനീസ് ആക്ടിന് അനുസൃതമാണെങ്കിൽ കമ്പനികൾക്ക് ഇത്തരം അനുമതികൾ ആവശ്യമുണ്ടോ?

കർഷകക്ഷേമനിധി നിയമമാകട്ടെ, കാർഷിക ഉൽപന്നങ്ങളെ മൂല്യവർധിത ഉൽപന്നങ്ങളാക്കുന്ന വ്യാപാരികളുടെ വാർഷികലാഭത്തിൽ ഒരു ശതമാനം നികുതി ചുമത്തുന്നു. ബോർഡിന്റെ അസി. സിഇഒയാണ് വരുമാനത്തിന്റെ ഈ പങ്ക് വിലയിരുത്തേണ്ടത്. സംരംഭകൻ എല്ലാ റിട്ടേണുകളും സൂക്ഷ്മപരിശോധനയ്ക്കായി അദ്ദേഹത്തിനു നൽകണം. കമ്പനി നിയമത്തിലും ആദായനികുതി നിയമത്തിലും നിർവചിച്ചിട്ടുള്ളതിനുപരിയായി ലാഭം വിലയിരുത്താനുള്ള അദ്ദേഹത്തിന്റെ ശേഷി ആർക്കും ഊഹിക്കാവുന്നതേയുള്ളൂ! ഭക്ഷ്യസംസ്കരണത്തിനു പുതിയ നയം വലിയ പ്രാധാന്യം നൽകുന്നുണ്ട്. 

എല്ലാ തെറ്റുകളും നടപടിക്രമലംഘനങ്ങളും ക്രിമിനൽ ശിക്ഷാനടപടികളിലേക്ക് എത്തേണ്ടതില്ല. ഇവയെ സിവിൽ കേസാക്കി മാറ്റി പെനൽറ്റി ഈടാക്കുന്നതാണു മെച്ചം. ‘കുറ്റകരമല്ലാതാക്കൽ’ സർക്കാർ ഗൗരവത്തോടെ ചെയ്യേണ്ട കാര്യമാണ്. റിട്ടേണുകളുടെ എണ്ണവും തവണകളും കുറയ്ക്കണം. അവ ഡിജിറ്റലായി സമർപ്പിക്കാനാകുമെന്ന് ഉറപ്പാക്കുക. സ്വേച്ഛാപരമായ അധികാരങ്ങൾ നൽകാതെ നിയമങ്ങൾ സുതാര്യമാക്കുക. കേരളത്തിൽ ഇപ്പോഴുള്ള സംരംഭകർക്കുതന്നെ വിശ്വാസം തോന്നുമ്പോഴേ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു സർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്ന ശക്തമായ സന്ദേശം പുറത്തേക്കു പോകൂ. നിക്ഷേപം കൊണ്ടുവരാനോ തൊഴിൽ സൃഷ്ടിക്കാനോ സാമ്പത്തിക ഇളവുകൾകൊണ്ടുമാത്രം കഴിയില്ല. 

നിയമങ്ങളും നടപടിക്രമങ്ങളും ഗണ്യമായി ലഘൂകരിക്കേണ്ടിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ലഘൂകരിക്കുക (Simplify), കുറ്റകരമല്ലാതാക്കുക (Decriminalise), അനാവശ്യവിവരശേഖരണം ഒഴിവാക്കുക (De-duplicate), ഡിജിറ്റൽവൽക്കരിക്കുക (Digitalise)– ഇതാണ് കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ. 

കേന്ദ്ര നിയമങ്ങളെക്കാൾ കഠിനം

കേന്ദ്ര നിയമങ്ങളുമായി പൊരുത്തപ്പെടാത്ത ധാരാളം വ്യവസ്ഥകൾ സംസ്ഥാനത്തിന്റെ വ്യവസായ നിയമങ്ങളിലുണ്ട്. ബിസിനസ് ചെയ്യുന്നത് എളുപ്പവും നിയമാനുസൃതവുമാക്കാൻ കേന്ദ്രനിയമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ കേന്ദ്ര വൈദ്യുതി നിയമവും ചട്ടങ്ങളും വിജ്ഞാപനങ്ങളുമായി പൊരുത്തപ്പെടുന്നവയല്ല. 500 കെവിഎ വരെയുള്ള ഊർജോൽപാദന യൂണിറ്റുകളെ കേന്ദ്ര ഊർജ മന്ത്രാലയം പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാരമ്പര്യേതര ഊർജ യൂണിറ്റുകളും ഇതിൽപെടുന്നു. എന്നാൽ, കേരളം ഇനിയും ഇതു സ്വീകരിച്ചിട്ടില്ല. 10 കെവിഎക്കു മുകളിലുള്ള ഏതു യൂണിറ്റിലും പരിശോധന നടത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരളം. പരിശോധന നടത്താൻ വിവിധ ഉദ്യോഗസ്ഥർ കാട്ടുന്ന ശാഠ്യം സർക്കാർ ജാഗ്രതയോടെ കാണേണ്ടതുണ്ട്.

(കേന്ദ്ര സർക്കാരിലെ മുൻ സെക്രട്ടറിയും നാഷനൽ ഡെയറി ‍ഡവലപ്മെന്റ് ബോർഡ് മുൻ ചെയർമാനുമാണു ലേഖകൻ).

English Summary: Writeup about Kerala Government's new Industrial policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com