ഉപ്പുതൊട്ടുള്ള സത്യങ്ങൾ
Mail This Article
ഓരോ ഭാരതീയന്റെയും ഓർമയിൽ എക്കാലവും ഉപ്പിലിട്ടു സൂക്ഷിക്കേണ്ട പ്രക്ഷോഭങ്ങളിലൊന്ന് ഉപ്പുസത്യഗ്രഹമാണ്. ഉപ്പുനിർമാണത്തിന്റെ കുത്തക കൈവശംവച്ചിരുന്ന ബ്രിട്ടിഷ് ഭരണകൂടം ഇന്ത്യൻ ജനതയ്ക്കുമേൽ ഉപ്പുനികുതികൂടി അടിച്ചേൽപിച്ചതിനെതിരെയായിരുന്നു ഉപ്പുസത്യഗ്രഹം എന്ന നിയമനിഷേധ സമരം.
സമരത്തിനു തുടക്കംകുറിച്ച് 1930 മാർച്ച് 12ന് ആണ് ഗുജറാത്തിലെ സബർമതിയിൽനിന്നു ദണ്ഡിയിലേക്കു ഗാന്ധിജി യാത്ര പുറപ്പെടുന്നത്. യാത്ര സമാപിക്കുമ്പോൾ നിയമം ലംഘിച്ച് ഉപ്പുണ്ടാക്കുക എന്നതാണ് ദൗത്യം. ഓരോ ദിവസവും യാത്രയിലേക്ക് ആളുകൾ വന്നുചേർന്നുകൊണ്ടേയിരുന്നു. ദണ്ഡിയിലേക്കുള്ള 387 കിലോമീറ്ററും അവർ നടക്കുകയായിരുന്നു.
യാത്ര പുറപ്പെടുമ്പോൾ 78 പേർ മാത്രമാണ് ഗാന്ധിജിക്കൊപ്പമുണ്ടായിരുന്നതെങ്കിൽ ഏപ്രിൽ ആറിനു ദണ്ഡിയിലെത്തുമ്പോഴേക്കും അത് അൻപതിനായിരത്തിലധികം വരുന്ന വൻ ജനസഞ്ചയമായി മാറി.
ഇവരിലാരെയും മഹാത്മജി ക്ഷണക്കത്തയച്ചു വരുത്തിയതല്ല. സ്വാതന്ത്ര്യം എന്ന വികാരം പേറി ചെറിയവരും വലിയവരും ഓരോ ദിവസവും വന്ന് മാർച്ചിൽ ചേരുകയായിരുന്നു. ഈ അൻപതിനായിരം പോലെ വേറെ പതിനായിരങ്ങളും ലക്ഷങ്ങളും ത്യാഗങ്ങൾ അനുഷ്ഠിച്ചതുകൊണ്ടാണ് നമുക്കിപ്പോൾ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയും മറ്റു സമരങ്ങളുടെ ജൂബിലിയുമൊക്കെ ആഘോഷിക്കാൻ കഴിയുന്നത്.
വിളിക്കാതെ വന്നുചേരുന്നതായിരുന്നു സ്വാതന്ത്ര്യലബ്ധിക്കു മുൻപുള്ള ശൈലിയെങ്കിൽ ഇപ്പോൾ നമ്മുടെ നേതാക്കൾ നെഞ്ചത്തടിച്ചു നിലവിളിക്കുകയാണ്: എന്നെ ക്ഷണിച്ചില്ല. എന്റെ പേര് നോട്ടിസിലില്ല. ചുവരിലൊട്ടിച്ച പോസ്റ്ററിൽ എന്റെ തലയില്ല. എ എന്നയാളെ പ്രത്യേകം ക്ഷണിക്കാതിരുന്നതു ശരിയായില്ലെന്ന് ബി എന്ന മറ്റൊരാൾ പ്രസ്താവനയിറക്കുന്നതിൽപോലുമെത്തി സഹകരണ രാജ്യസ്നേഹം ക്ലിപ്തം.
സ്വാതന്ത്ര്യസമരം നടത്താൻ ഇവരൊക്കെയാണുണ്ടായിരുന്നതെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നോർക്കുമ്പോൾ അപ്പുക്കുട്ടന്റെ നാവിലേക്കൊരു തുള്ളി ഉപ്പുരസം കയറിവരികയായി.
English Summary : Tharangangalil coloumn about Salt Satyagraha