ADVERTISEMENT

റെഡീമർ ബോട്ടിലാണു കുമാരനാശാൻ അവസാനമായി യാത്ര ചെയ്തത്. സഹയാത്രികർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അവസാനം പ്രകാശിതമായ കാവ്യം ചൊല്ലിക്കേൾക്കണമെന്ന് അവർ അഭ്യർഥിച്ചു. ഇഷ്ടമുള്ള ആ കൃത്യം അദ്ദേഹം ഉന്മേഷത്തോടെ അനുഷ്ഠിക്കുകയും ചെയ്തു. 1923ൽ പ്രകാശിതമായ ‘കരുണ’ തന്റേതായ രീതിയിൽ ആലപിച്ച് അദ്ദേഹം അവരുടെ ഹൃദയം കവർന്നു. അതിൽ ‘പതിതകാരുണികൻ’ എന്നൊരു പ്രയോഗം അവസാന ഭാഗത്തുണ്ടല്ലോ? അതെഴുതുമ്പോൾ ശ്രീനാരായണ ഗുരുവിന്റെ ബിംബമാണു തന്റെ മനസ്സിലുണ്ടായിരുന്നതെന്ന് ആശാൻ തുറന്നുപറഞ്ഞു. ആ ആദർശം കവിയിൽ ആദ്യം അങ്കുരിപ്പിച്ചതും ശ്രീനാരായണ ഗുരുതന്നെയാണ്. 

ഉപരിവിദ്യാഭ്യാസത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തിയ ആശാൻ ഗുരുവിന്റെ നിർദേശമനുസരിച്ച് എസ്എൻഡിപി യോഗം കാര്യദർശിസ്ഥാനമേറ്റെടുത്തു. പതിതരുടെ ഉന്നമനത്തിനായുള്ള പ്രസ്ഥാനമാണതെന്ന ഗുരുവിന്റെ ആശയമുൾക്കൊണ്ടാണ് ആശാൻ ആ ചുമതലയേറ്റത്. നാലു വർഷത്തിനു ശേഷമാണു പുതിയരീതിയിലുള്ള കാവ്യം അദ്ദേഹം പ്രകാശിപ്പിച്ചത്. ‘വീണപൂവ്’ എന്ന കാവ്യം. വിലസുന്ന പൂവല്ല, വീണുപോയ പൂവാണ് അതിലെ പ്രമേയം. അവിടെയും പതിതകാരുണ്യമാണു കാവ്യപ്രകാശമായി വിളങ്ങുന്നത്.

യോഗം കാര്യദർശിയെന്ന നിലയിൽ ശമ്പളം വച്ചിരുന്നെങ്കിലും ആശാന് അതു ലഭിച്ചില്ല. ശമ്പളമായി ചെലവിന്റെ ഇനത്തിലും ആശാന്റെ സംഭാവനയായി വരവിന്റെ ഇനത്തിലും കുറിച്ചുചേർത്തു കണക്കൊപ്പിക്കുക മാത്രമാണു ചെയ്തുപോന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി അർഥഗർഭമാണ്: ‘ഗംഗയിൽനിന്നു വിശുദ്ധജലമെടുത്തു ഗംഗയിൽതന്നെ തർപ്പണം ചെയ്യുകയാണല്ലോ നാം ചെയ്യാറ്. ഗുരുവിന്റെ അനുഗ്രഹത്തിൽനിന്നു ലഭിക്കുന്ന ശമ്പളം ഗുരുവിനുതന്നെ സമർപ്പിക്കുകയാണു ഞാൻ ചെയ്യുന്നത്.’

ശ്രീനാരായണഗുരുവിനൊപ്പം കുമാരനാശാൻ

‘ശ്രീനാരായണ ഗുരു എന്റെ ദൈവമല്ലോ’ എന്നു പല കവിതകളിലും ആശാൻ ആവർത്തിക്കുന്നുണ്ട്. അതനുസരിച്ചു ഭക്തിയോടുകൂടി ഗുരുസന്ദേശങ്ങൾ പ്രാവർത്തികമാക്കാൻ കാര്യദർശിസ്ഥാനം ഒഴിയുന്നതുവരെ അദ്ദേഹം പരിശ്രമിക്കുകയും ചെയ്തു.  കുമാരനാശാനു ശേഷമാണു ജാത്യാഭിമാനവും മറ്റും യോഗപ്രവർത്തനങ്ങളിൽ കടന്നുകൂടിയത്. അതിന്റെ ഫലമായാണു ‘നാം ഒരു ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല’ എന്ന വിളംബരം ഗുരുവിനു നടത്തേണ്ടതായി വന്നത്. 

വീണപൂവിനുശേഷം ആശാൻ പ്രകാശിപ്പിച്ച ഖണ്ഡകാവ്യങ്ങളും പതിതരുടെ കഥയാണ് ആഖ്യാനം ചെയ്യുന്നത്. നളിനി, ലീല, കരുണ എന്നിവയിലെ നായികമാരെല്ലാം സൗഭാഗ്യത്തിൽനിന്നു നിപതിച്ചു നൈരാശ്യത്തിലും ദുരിതത്തിലും ആണ്ടുപോയവരാണ്. ആശാൻ അറിഞ്ഞുകൊണ്ടാണെങ്കിലും അല്ലെങ്കിലും അവയിലെല്ലാം ഗുരുവിന്റെ ആദർശം ചൈതന്യമായി കലർന്നിരിക്കുന്നു. 

അക്കാര്യം സ്വയം തിരിച്ചറിഞ്ഞ് അദ്ദേഹം രചിച്ച കാവ്യങ്ങളാണു ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. ലഘുകാവ്യങ്ങളിൽ നേരത്തേതന്നെ ആ പരിശ്രമം ആശാൻ ബോധപൂർവം തുടർന്നുപോന്നു. ‘വീണപൂവ്’ പ്രകാശിപ്പിച്ച വർഷംതന്നെയാണ് ‘ഒരു തിയ്യക്കുട്ടിയുടെ വിചാരം’ എന്ന കൊച്ചുകവിത പ്രസിദ്ധീകരിച്ചത്. അതിൽ തിയ്യരുടെ (അധഃസ്ഥിതരുടെ) പരാധീനതകൾ വിവരിച്ചശേഷം അതിനു പരിഹാരമായി ശ്രീനാരായണ ധർമപരിപാലനയോഗം പ്രവർത്തിക്കുന്നുണ്ട് എന്ന പ്രത്യാശ പുലർത്തുകയും ചെയ്യുന്നു. 

അതുപോലെ ‘സിംഹനാദം’ എന്ന കവിതയിൽ നേരിട്ടുതന്നെ ജാതികൃതമായ പരാധീനതകൾക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്നുണ്ട്. 

‘ഉണരിൻ ഉണരിൻ ഉള്ളിലാത്മശക്തി

പ്രണയമെഴും സഹജാതരേ ത്വരിപ്പിൻ,

രണപടഹമടിച്ചു ജാതി രക്ഷസ്സ്

അണവരിടങ്ങളിലൊക്കെയെത്തി നേർപ്പിൻ’ എന്ന് ആദ്യഭാഗത്തു കാണാം.  ജാതിയെ സംബന്ധിക്കുന്ന വിലാപമായി അതേ കവിതയിൽ ആ പരാതി മാറുന്നുമുണ്ട്. 

‘നരന് നരനശുദ്ധ വസ്തുപോലും

ധരയിൽ നടപ്പതു തീണ്ടലാണുപോലും

നരകമിവിടമാണു ഹന്തഃകഷ്ടം

ധരണിയിലിങ്ങനെ വല്ല നാടുമുണ്ടോ’  എന്ന ചോദ്യം അനുവാചകരെ ഒട്ടൊന്നുമല്ല ഉണർത്തിയത്. അതു വായിച്ച് ശിഷ്യനെ നാരായണ ഗുരു അഭിനന്ദിച്ചതായി കേട്ടിട്ടുണ്ട്. 

അതുപോലെതന്നെയാണു സഹോദര പ്രസ്ഥാനത്തിന്റെ നേർക്ക് ആശാൻ അവലംബിച്ച നിലപാടും. മിശ്രഭോജനം അകാലികമായ ഒരു സാഹസികസംരംഭമായി ആശാൻ ആദ്യം കാണാതിരുന്നില്ല. പക്ഷേ, വളരെ വേഗത്തിൽതന്നെ ‘പരിവർത്തനം’ എന്ന കവിത രചിക്കുകയും ആ പ്രസ്ഥാനത്തെ മാനവരാശിയുടെ മോചനമാർഗമായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. 

‘സമത്വമേകലക്ഷ്യമേവരും സ്വതന്ത്രരെന്നുമേ

സമക്ഷമിത്തമസ്സകറ്റിയോതി ലോകമാകവേ

ക്രമപ്പെടുത്തിടും ഭവാന്റെ ഘോരമാം 

കൃപയ്ക്കു ഞാൻ നമസ്കരിപ്പു, 

ദേവ, പോക പോക നിൻവഴിക്കു നീ.’

mksanu
പ്രഫ.എം.കെ.സാനു

അധർമത്തിന്റെ ഘോരമായ കോട്ടകൾ ഇടിച്ചുനിരത്താനും കൈവിലങ്ങുകൾ പൊട്ടിച്ചെറിയാനും ആഹ്വാനം ചെയ്യുന്ന ‘സ്വാതന്ത്ര്യഗാഥ’യിലും ഗുരു പകർന്നുകൊടുത്ത ജ്വാലയാണു പ്രകാശമായി പ്രത്യക്ഷമാകുന്നത്.

കുമാരനാശാൻ (1873– 1924)

∙ 1873 ഏപ്രിൽ 12ന് തിരുവനന്തപുരം ചിറയിൻകീഴ് കായിക്കര ഗ്രാമത്തിൽ ജനനം. അച്ഛൻ നാരായണൻ, അമ്മ കാളിയമ്മ. ചെറുപ്പത്തിൽതന്നെ കാവ്യ –സ്തോത്ര രചനകളിൽ പാടവം. 14–ാം വയസ്സിൽ കുറച്ചുകാലം അധ്യാപകനായതോടെ കുമാരു കുമാരനാശാനായി. 

∙ സംസ്കൃതത്തിൽ പാണ്ഡിത്യം നേടിയ അദ്ദേഹം ശ്രീനാരായണഗുരുവിന്റെ ജീവിതത്തിലും സന്ദേശത്തിലും ആകൃഷ്ടനായി. ഗുരുവിന്റെ നിർദേശപ്രകാരം ഉപരിപഠനത്തിനു മൈസൂറിൽ ഡോ.പൽപുവിന്റെ അടുത്തെത്തി. ബാംഗ്ലൂർ, മദ്രാസ്, കൽക്കത്ത എന്നിവിടങ്ങളിലായി തർക്ക–വേദാന്ത–ശാസ്ത്രാദികളിലും ഇംഗ്ലിഷിലും അവഗാഹം നേടി.

∙ 1903ൽ എസ്എൻഡിപിയുടെ ആദ്യ ജനറൽ സെക്രട്ടറി. 1904ൽ എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ വിവേകോദയം മാസിക ആരംഭിച്ചു. 1907ൽ പ്രസിദ്ധീകരിച്ച വീണപൂവ് എന്ന ഖണ്ഡകാവ്യം മലയാള കവിതാലോകത്തിൽ വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കി. നളിനി, ലീല, പ്രരോദനം, കരുണ, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, ചിന്താവിഷ്ടയായ സീത തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ.

∙ 1917ൽ ഭാനുമതിയമ്മയെ വിവാഹം ചെയ്തു. 1919ൽ തിരുവിതാംകൂർ നിയമനിർമാണ സഭയിൽ അംഗമായി. 1924 ജനുവരി 16ന് പല്ലനയാറ്റിൽ ബോട്ടപകടത്തിൽ മരണം.

English Summary : Write up about poet Kumaranasan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com