ലോക കേരളസഭയും കെ–പാളയും
Mail This Article
ഇക്കോണമി എന്നു പേരുള്ള സാദാക്ലാസ് വിമാന ടിക്കറ്റിൽ കേരളത്തിൽനിന്നു ന്യൂയോർക്കിൽ പോയിവരാൻ ഏറ്റവും കുറഞ്ഞത് ഒന്നേകാൽ ലക്ഷം രൂപ വേണ്ടിവരും എന്നാണ് അപ്പുക്കുട്ടനു കിട്ടിയ കണക്ക്. ലോക കേരളസഭയുടെ സമ്മേളനം യുഎസിൽ നടക്കുമ്പോൾ അതു ന്യൂയോർക്കിൽ തന്നെയായിക്കൊള്ളണമെന്നില്ല. മറ്റേതെങ്കിലുമൊരു നഗരത്തിലായാലും യാത്രച്ചെലവ് കൂടിയാലും കുറയില്ല.
കേരളത്തിൽനിന്നു മന്ത്രിമാരും പരിവാരങ്ങളുമെല്ലാമായി ഏറ്റവും കുറഞ്ഞത് പത്തുപേരെങ്കിലും അമേരിക്കൻ കേരളസഭയിലേക്കു പോകും എന്നു കരുതാം. മുഖ്യമന്ത്രിക്കും സംഘത്തിലെ മറ്റു വിഐപികൾക്കും കന്നുകാലി ക്ലാസ് എന്നു ശശി തരൂർ വിളിച്ച ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാനൊക്കില്ലെന്നു നമുക്കറിയാം. അങ്ങനെ യാത്ര ചെയ്യുന്നതു നമുക്കും കന്നുകാലികൾക്കും ഒരുപോലെ നാണക്കേടാണു താനും.
ആകെ പത്തു പേരാണെങ്കിൽ അതിൽ അഞ്ചുപേരെങ്കിലും ഒന്നാം ക്ലാസിൽ യാത്ര ചെയ്യേണ്ടിവരും. ഇപ്പോഴത്തെ ഏറ്റവും കുറഞ്ഞ നിരക്കു കണക്കാക്കിയാൽ ഒരു ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് എട്ടു ലക്ഷം രൂപയെങ്കിലുമാകും. അഞ്ചുപേർക്ക് 40 ലക്ഷം രൂപ. ഇക്കോണമിയിൽ യാത്ര ചെയ്യാൻ ബാക്കി അഞ്ചുപേർ തയാറായാൽ അവരുടെ യാത്രച്ചെലവ് ആറേകാൽ ലക്ഷം. അങ്ങനെ 10 പേർക്ക് വിമാന ടിക്കറ്റ് മാത്രം 46.25 ലക്ഷം രൂപ.
പിന്നെയൊരു ലോക കേരളസഭ നടക്കാൻ പോകുന്നത് സൗദി അറേബ്യയിലാണ്. ഗൾഫ് രാജ്യത്തെ സഭയെന്ന നിലയിൽ കൂടുതൽ പേർ പോകാനിടയുണ്ട്; തൽക്കാലം 20 പേർ പോകുന്നു എന്നു കരുതുക. ഇതിൽ 10 പേർ ഇക്കോണമിയിലും 10 പേർ ഫസ്റ്റ് ക്ലാസിലും എന്നു വിചാരിച്ചാൽ, സാദാ ക്ലാസുകാർക്കെല്ലാംകൂടി ഏറ്റവും കുറഞ്ഞത് മൂന്നു ലക്ഷം രൂപ എന്നു കണക്കാക്കാം. ഒന്നാം ക്ലാസിലെ പത്തുപേർക്കും കൂടി 35 ലക്ഷവും. ആകെ 38 ലക്ഷം. അമേരിക്കൻ കേരളസഭയും സൗദി കേരളസഭയും ചേരുമ്പോൾ വിമാനക്കൂലി മാത്രം 84.25 ലക്ഷം രൂപ.
വിമാനക്കൂലി കൊണ്ടുമാത്രം ലോകത്തൊരിടത്തും സഭ കൂടാനാവില്ലെന്നു നമുക്കറിയാം; സർക്കാരിനുമറിയാം. ചി.ചി.ചെലവുകളെല്ലാംകൂടി 84.5 ലക്ഷത്തോടു ചേർക്കുമ്പോൾ ഒരു കോടിയിൽ നിർത്താൻ കഴിഞ്ഞാൽ ലോകത്തിന്റെയും കേരളത്തിന്റെയും ഭാഗ്യം. യാത്രച്ചെലവു കഴിഞ്ഞുള്ള ചെലവുകൾ അമേരിക്കൻ മലയാളികളുടെയും സൗദി മലയാളികളുടെയും തലയിൽ വയ്ക്കാമെന്നു കേരള സർക്കാരിലെ സാമ്പത്തിക വിദഗ്ധർ വിചാരിക്കുന്നുണ്ടാവും.
ട്രെയിൻ തീവയ്പു കേസിലെ പ്രതിയെ വിമാനത്തിൽ കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിച്ചത് പ്രതിക്കും ഒപ്പമുള്ള പൊലീസുകാർക്കും കൂടി 88000 രൂപ വിമാനക്കൂലി കൊടുക്കാനില്ലാത്തതുകൊണ്ടാണെന്ന കാര്യം പത്രങ്ങളിലൊക്കെ വന്നതാണ്. ഒരു കോടിയാണോ 88000 രൂപയാണോ വലുത് എന്നു ചോദിക്കരുത്; ലോക കേരളസഭയ്ക്കായി വിദേശത്തു പോകാനിരിക്കുന്ന മന്ത്രിമാരുമായി തീവയ്പു കേസ് പ്രതിയെ താരതമ്യപ്പെടുത്തുന്നതും തെറ്റ്.
ഇതുവരെ നടന്ന മൂന്നു ലോക കേരളസഭകൾക്കായി നാലരക്കോടിയോളം രൂപ ചെലവാക്കിയതുകൊണ്ട് കേരളം കുത്തുപാളയെടുത്തെന്നു സർക്കാർ വിചാരിക്കുന്നില്ല. അതേസമയം, ഡയാലിസിസ് ചെയ്യുന്ന പാവപ്പെട്ട വൃക്കരോഗികൾക്കും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായവർക്കും മറ്റും പ്രതിമാസം ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെ സഹായം നൽകിവന്ന സമാശ്വാസം പദ്ധതിക്കു പാര വച്ചതോടെ സർക്കാരിനു വലിയ സമാധാനമാകുകയും ചെയ്തു.
ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനമുള്ള ന്യൂയോർക്കിൽ ലോക കേരളസഭ നടത്തിയാൽ ഒരു നഷ്ടവുമില്ലെന്നു മാത്രമല്ല, ലോകസമാധാനം ഫ്രീയായി കിട്ടാനുമിടയുണ്ട്. ലോകസമാധാനം കേരള ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നോർക്കണം.
കെ–റെയിൽ, കെ–ഫോൺ സ്റ്റൈലിൽ കെ–പാള എന്നു ചുരുക്കുന്നതോടെ കുത്തുപാള നമ്മുടെ അന്തസ്സിന്റെ ലോക കേരള പ്രതീകമാകുമെന്നു തീർച്ച.
English Summary : Tharangangalil panachi column