ADVERTISEMENT

ലാഭമുണ്ടാക്കാൻ സർക്കസ് കമ്പനി നടത്തിയ വ്യക്തിയായിരുന്നില്ല ജെമിനി ശങ്കരൻ. സർക്കസിനെയും അതിലെ മനുഷ്യരെയും ജീവജാലങ്ങളെയും അദ്ദേഹം ഹൃദയം കൊടുത്തു സ്നേഹിച്ചു. അചഞ്ചലമായ മനുഷ്യസ്നേഹമായിരുന്നു മുഖമുദ്ര. പുരോഗമന പക്ഷത്തായിരുന്നു എക്കാലവും നിലയുറപ്പിച്ചത്. കണ്ണൂരിന്റെ സാമൂഹിക–സാംസ്കാരിക ജീവിതത്തിൽ വലിയ അടയാളം കൂടി രേഖപ്പെടുത്തിയാണ് ജെമിനി ശങ്കരൻ വിടവാങ്ങിയത്. 

വ്യക്തിപരമായി അദ്ദേഹവുമായി ഏറെ അടുപ്പം എനിക്കുണ്ടായിരുന്നു. ഒരു ജ്യേഷ്ഠ സഹോദരനോട് എന്നതു പോലെയുള്ള ബന്ധം. 99–ാം വയസ്സിലും ആരോഗ്യപൂർണമായ സജീവ ജീവിതം അദ്ദേഹം നയിച്ചു. ചിട്ടയോടെയുള്ള ആ ജീവിതംതന്നെ മാതൃകയാണ്. കുറച്ചുനാൾ മുൻപും അദ്ദേഹത്തെ കണ്ടിരുന്നു. എപ്പോഴത്തെയും എന്നതുപോലെ ആ കൂടിക്കാഴ്ചയും മറക്കാനാകുന്നതല്ല. എൽഡിഎഫ് മന്ത്രിസഭ 2016ൽ അധികാരമേൽക്കുന്നതു കാണാൻ തലസ്ഥാനത്ത് എത്തിച്ചേർന്നതിലും ആ സ്നേഹവാത്സല്യങ്ങൾ തന്നെയാണുള്ളത്. 

സർക്കസിന്റെയും അതിലെ കലാകാരന്മാരുടെയും ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ ഒരു തരിമ്പും അദ്ദേഹം വിട്ടുകൊടുത്തിരുന്നില്ല. ഒരിക്കൽ ബിഹാറിൽനിന്നു കളി കഴിഞ്ഞ് മൃഗങ്ങളെ കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ അന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിട്ടു ബന്ധപ്പെട്ട് പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്. ഒരിക്കൽ കൊൽക്കത്തയിൽ മൈതാനം കിട്ടാതെ വന്നപ്പോൾ ഇഎംഎസ് നൽകിയ കത്തുമായി  മുഖ്യമന്ത്രി ജ്യോതി ബസുവിനെ നേരിട്ടു കണ്ടു. അടുത്ത ദിവസംതന്നെ മൈതാനം അനുവദിച്ചു കിട്ടി. 

വിപുലമായിരുന്നു ആ സൗഹൃദബന്ധങ്ങൾ. രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ, ലോകനേതാക്കൾ എന്നിവരുമായി അദ്ദേഹം അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. എകെജിയുമായി വലിയ സ്നേഹബന്ധം ഉണ്ടായി.  

ട്രപ്പീസ് കളിക്കാരനായി തുടങ്ങി സർക്കസ് മുതലാളിയായി മാറിയ ജെമിനി ശങ്കരന്റെ ജീവിതം നൽകുന്ന അതിജീവന പാഠങ്ങൾ വലുതാണ്. ഏതു കലയും നിലനിൽക്കുന്നത് കാലത്തിനൊത്ത നവീകരണത്തിലൂടെയാണെന്ന് അദ്ദേഹം വിശ്വസിച്ചു. വെന്തുവെണ്ണീറായിപ്പോയ സർക്കസ് കൂടാരത്തിൽനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്ന ചരിത്രമുണ്ട് ശങ്കരന്റെ സർക്കസ് കമ്പനിക്ക്. ഇന്നു കാണുന്ന കലയായി അതിനെ വികസിപ്പിച്ചതിൽ ശങ്കരൻ വലിയ പങ്കുവഹിച്ചു. 

ഇന്ത്യൻ സർക്കസിന്റെ അംബാസഡറായിരുന്നു അദ്ദേഹം. ജെമിനിയിൽ ചിത്രീകരിച്ച ‘മേരാ നാം ജോക്കർ’ എന്ന ചിത്രം അവസാനിക്കുന്നത് ‘പോസിറ്റീവ്‌ലി നോട്ട് ദ് എൻഡ്’ എന്ന ടൈറ്റിൽ കാർഡോടെയാണ്. ജെമിനി ശങ്കരൻ ഭൗതികമായി വിടവാങ്ങിയിരിക്കുന്നു. അദ്ദേഹം കാട്ടിത്തന്ന അതിജീവനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പാഠങ്ങൾ ഭാവിതലമുറയ്ക്കു വെളിച്ചമാകും.

English Summary: Pinarayi Vijayan remembers Circus legend gemini Shankaran 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com