ADVERTISEMENT

നമ്മുടെ മുതിർന്ന തലമുറക്കാരിൽ മിക്കവരും ശരീരശാസ്ത്രപ്രകാരം ജനിച്ചവരായിരുന്നില്ല; അവർ കഥകളിൽനിന്നിറങ്ങി വരികയായിരുന്നു.

കുഞ്ഞനിയത്തിയോ അനുജനോ പിറക്കുന്ന സാങ്കേതികവിദ്യയ്ക്കു മുൻപിൽ പകച്ചുനിൽക്കുന്ന കുഞ്ഞുങ്ങളുടെ മുൻപിലാണ് അവതാരകഥകൾ പൊട്ടിവീണുകൊണ്ടിരുന്നത്. 

പ്രസവം ആശുപത്രി കയറിത്തുടങ്ങുന്നതിനു മുൻപുള്ള അക്കാലത്ത് അതിനു കാർമികത്വം വഹിക്കാൻ വീട്ടിലെത്തിയിരുന്ന പരിചയസമ്പന്നകളുടെ കൈവശം പച്ചമരുന്നുകൾക്കൊപ്പം ധാരാളം അവതാര കഥകളുമുണ്ടായിരുന്നു. 

– നമ്മുടെ വീട്ടിൽ അരികൊണ്ടുവരുന്ന ചേച്ചിയെ മോൻ കണ്ടിട്ടില്ലേ? ഇന്നലെ രാത്രി ഞാനിങ്ങോട്ടു വരുമ്പോൾ ആ ചേച്ചിയുടെ അരിക്കൊട്ടയിൽ ഒരു പൊടിക്കുഞ്ഞ്. ഞാനതിനെ ഇങ്ങോട്ടു കൊണ്ടുപോന്നു. 

– ഇവിടെ അവൽ കൊണ്ടുവരുന്ന അമ്മാളൂട്ടിയെ മോൾ കണ്ടിട്ടില്ലേ. ഇന്നലെ അമ്മാളൂട്ടി എനിക്കു തന്നതാണ് ഈ ഓമനക്കുട്ടിയെ. 

– വല്യമ്മാവൻ ഇന്നലെ കഥകളി കാണാൻ പോയത് മോനറിയാമല്ലോ? പുലർച്ചെ മടങ്ങിവന്നപ്പോൾ ഈ കുഞ്ഞിനെയും കൊണ്ടുവന്നു.

സ്വർഗത്തിൽ വിശ്വസിക്കുന്നവർ സ്വർഗീയ കഥകളും പറഞ്ഞിരുന്നു. 

- ദാ, രാവിലെ നോക്കുമ്പോൾ സ്വർഗത്തിൽനിന്നൊരു പൊന്നോമന സ്വർണനൂലിൽ പിടിച്ചിറങ്ങി വരുന്നു. 

- രാത്രിയിലൊരു മാലാഖ വന്ന് കുഞ്ഞിനെ തൊട്ടിലിൽ കിടത്തി പാട്ടുപാടി; രാരിരാരോ എന്നൊരു സ്വർഗീയഗാനം. 

- ഇന്നു പുലർച്ചെ നോക്കുമ്പോൾ ഒരു ഗന്ധർവനും യക്ഷിയുംകൂടി ഈ കുഞ്ഞിനെ നമ്മുടെ പടിപ്പുരയിൽ കൊണ്ടുവന്നു വയ്ക്കുന്നു. 

പ്രസവമെടുക്കാനും അവസരത്തിനൊത്തുയർന്നും താഴ്ന്നും കഥകൾ പറയാനും സൂതികർമിണി എന്നൊരു തസ്തിക നാട്ടിൻപുറങ്ങളിൽ നിലവിലുണ്ടായിരുന്നു എന്ന് അറിയാവുന്നവർ ചുരുങ്ങും. പേരുപോലെതന്നെ അതൊരു കർമണി പ്രയോഗമായിരുന്നല്ലോ. 

പരിണാമ സിദ്ധാന്തം പോലുള്ള ശാസ്ത്രീയ അറിവുകൾ പാഠപുസ്തകങ്ങളിൽനിന്നു വെട്ടിമാറ്റിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, പ്രസവത്തിന്റെ ശരീരശാസ്ത്രംപോലും തിരുത്തിയെഴുതാൻ സാധ്യത കാണുന്നുണ്ട്.

പ്രാദേശിക പ്രസവശാസ്ത്രമെന്നോ തദ്ദേശ പ്രസവ വിജ്ഞാനീയമെന്നോ പറഞ്ഞ് സൂതികർമിണിക്കഥകൾ പ്രചരിപ്പിക്കുന്ന കാലം വന്നുകൂടെന്നില്ല. ദേശീയ ശിശു യോജന എന്നൊരു പേരിട്ടാൽ ശരീരശാസ്ത്രം മൂക്കത്തു വിരൽവച്ചു നിൽക്കുകയേയുള്ളൂ.

English Summary: Tharangangalil Column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com