കാലത്തിൽ, ആഴത്തിൽ ഈ കയ്യൊപ്പ്; കെ.സി.മാമ്മൻ മാപ്പിളയുടെ 150–ാം ജന്മവാർഷികം ഇന്ന്
Mail This Article
1937 ഒക്ടോബർ 3– ജയിൽ മോചിതനായ സി.കേശവനുവേണ്ടി ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനത്ത് ഒരുക്കിയ ഗംഭീര സ്വീകരണ സമ്മേളനം. അതിൽ അധ്യക്ഷത വഹിക്കുന്ന വ്യക്തിയായാണു കെ.സി.മാമ്മൻ മാപ്പിളയെ ഞാൻ ആദ്യം കാണുന്നത്. എനിക്കന്ന് പത്തുവയസ്സ്. മൈതാനം നിറഞ്ഞുകവിഞ്ഞ സദസ്സിന്റെ ഒരറ്റത്ത് അച്ഛന്റെ തോളിലിരുന്നുള്ള കാഴ്ച. ദിവാൻ സി.പി.രാമസ്വാമി അയ്യരെ വിമർശിച്ചതിന്റെ പേരിലായിരുന്നു സി.കേശവനെ ജയിലിൽ അടച്ചത് എന്നതു പ്രത്യേകം ഓർമിക്കണം.
വേദിയിൽ ശ്രദ്ധാകേന്ദ്രങ്ങളായി സി.കേശവനു പുറമേ ടി.എം.വർഗീസും കെ.സി.മാമ്മൻ മാപ്പിളയും. അന്നു മാമ്മൻ മാപ്പിള നടത്തിയ പ്രസംഗത്തിൽ പിന്നാക്ക സമുദായങ്ങളുടെ മോചനത്തിനാണ് ഊന്നൽ നൽകിയത്. അതിലെ യുക്തി മുഴുവൻ മനസ്സിലാകാതിരുന്ന എനിക്ക് അച്ഛൻ അതു വിശദീകരിച്ചുതന്നു. തീണ്ടലും തൊടീലും അനുഭവിക്കുന്നവരും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുമായ താണജാതിക്കാർക്കായി നിലകൊള്ളുന്ന വ്യക്തിയാണു മാമ്മൻ മാപ്പിളയെന്ന് അച്ഛൻ പറഞ്ഞുതന്നു. പൊതുരംഗത്തേക്കെത്തിയ ശേഷം എക്കാലത്തും അദ്ദേഹം സ്വീകരിച്ച നിലപാട് അതായിരുന്നു.
ശ്രീമൂലം പ്രജാസഭയിൽ മഹാകവി കുമാരനാശാനുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു മാമ്മൻ മാപ്പിള. സഭയ്ക്കകത്തും പുറത്തും സംയുക്ത പ്രക്ഷോഭണത്തെ അദ്ദേഹം സർവാത്മനാ പിന്താങ്ങി. സാംസ്കാരിക രംഗത്തും പിന്നാക്കക്കാരുടെ മുന്നേറ്റമുണ്ടായാലല്ലാതെ കേരളം പ്രബുദ്ധതയിലേക്ക് ഉണരുകയില്ലെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. അതിനായുള്ള പരിശ്രമം പിതൃസഹോദരനായ കണ്ടത്തിൽ വറുഗീസ് മാപ്പിള ഭാഷാപോഷിണി സഭയിലൂടെയും പ്രസിദ്ധീകരണത്തിലൂടെയും നേരത്തേതന്നെ തുടങ്ങിവച്ചിരുന്നു. അതൊരു മഹാപ്രസ്ഥാനമായി വളർത്തുന്നതിൽ മാമ്മൻ മാപ്പിള വഹിച്ച പങ്ക് അതുല്യമാണ്.
എഴുത്തുകാർക്ക് എന്നും അത്താണി
ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള ജനകീയപ്രക്ഷോഭത്തിന്റെ വാർത്തകൾ മലയാള മനോരമയിൽ വന്നതോടെ തിരുവിതാംകൂർ ദിവാൻ സി.പി.രാമസ്വാമി അയ്യർ രോഷാകുലനായി. ഈ രോഷമാണ് കെ.സി.മാമ്മൻ മാപ്പിള നേതൃത്വം നൽകിയിരുന്ന ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക് തകരാനും മനോരമ പൂട്ടാനും കാരണമായത്. മാമ്മൻ മാപ്പിളയെയും കൂട്ടരെയും തടവിലാക്കാനും സിപിക്കു സാധിച്ചു.
ജയിലിൽ കഴിഞ്ഞ നാളുകളിൽ മാമ്മൻ മാപ്പിള തങ്ങളോടു കാട്ടിയ സൗഹൃദപരമായ നിലപാടുകളെക്കുറിച്ചു കേശവദേവ് എന്നോടു പറഞ്ഞിട്ടുണ്ട്. വായിക്കാൻ പുസ്തകം നൽകുക മാത്രമല്ല അദ്ദേഹം ചെയ്തത്. ‘ഓടയിൽ’ കഴിയുന്ന എഴുത്തുകാരെ കരകയറ്റി ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചാലല്ലാതെ കേരളത്തിൽ നവോത്ഥാനം സൃഷ്ടിക്കുക സാധ്യമല്ലെന്ന് ആവർത്തിച്ചു പറയുകയും ചെയ്തു. അതിനാവശ്യമായ എല്ലാ സാഹചര്യങ്ങളും പിന്നീട് മനോരമ പ്രസിദ്ധീകരണങ്ങളിലൂടെ ചെയ്തുകൊടുത്തു.
എഴുത്തുകാർക്കും കലാകാരന്മാർക്കും മാമ്മൻ മാപ്പിള എന്നും അത്താണിയായിരുന്നു. നല്ല പ്രതിഫലമാണ് അദ്ദേഹം അവർക്കു നൽകിയിരുന്നത്. തനിക്കു ലഭിച്ച സഹായത്തെക്കുറിച്ചു സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ ഒരിക്കലെന്നോടു പറഞ്ഞിട്ടുണ്ട്. തന്റെ ആദ്യ കഥകളിലൊന്നായ ‘നാടൻപ്രേമം’ അത്രയേറെ പ്രചാരം നേടിയതു മനോരമയുടെ സഹായത്താലാണെന്ന് എസ്.കെ.പൊറ്റെക്കാട്ട് പറഞ്ഞതും ഓർക്കുന്നു.
ഭാഷാപോഷിണി സഭയിൽ പിന്നാക്കക്കാരായ എഴുത്തുകാരെ മാത്രമല്ല, അവഗണിക്കപ്പെട്ട എഴുത്തുകാരികളെയും പ്രത്യേകമായി ക്ഷണിക്കാൻ മാമ്മൻ മാപ്പിള ശ്രദ്ധിച്ചു. കേരളീയ നവോത്ഥാനത്തിൽ അവരുടെ സംഭാവനകൾക്കു രചനാത്മകമായ പങ്കുണ്ടാകണമെന്ന ദർശനം അദ്ദേഹത്തെ എന്നും നയിച്ചു.
വ്യവസായ വളർച്ചയിലെ ദീർഘദർശി
വ്യവസായങ്ങൾ വളരാതെ കേരളത്തിന് അഭിവൃദ്ധിയുണ്ടാകില്ലെന്ന ഉൾക്കാഴ്ച മാമ്മൻ മാപ്പിളയുടെ ബലമായിരുന്നു. അദ്ദേഹം സ്വയം ചില വ്യവസായങ്ങൾ തുടങ്ങുകയും അവ വളർത്തിക്കൊണ്ടുവന്നു രാജ്യത്തിന്റെ അഭിവൃദ്ധി വർധിപ്പിക്കാൻ മുൻകയ്യെടുക്കുകയും ചെയ്തു.
കേരളത്തിന്റെ സമഗ്രമായ വികസനത്തിനും മുന്നേറ്റത്തിനും ഇടുക്കി പദ്ധതി അളവില്ലാതെ ഉപകരിക്കുമെന്നു ദീർഘദർശനം ചെയ്യാൻ മാമ്മൻ മാപ്പിളയ്ക്കായി. ആ പദ്ധതി നടപ്പാക്കാനുള്ള സാഹസികമായ പ്രയത്നത്തിൽ അന്നത്തെ ഭരണകൂടം മടുപ്പും അലംഭാവവും കാട്ടിയ സന്ദർഭമുണ്ടായി. അപ്പോൾപോലും അക്ഷീണമായ ശുഭാപ്തിവിശ്വാസത്തോടെ പദ്ധതി പൂർത്തിയാക്കണമെന്ന ആഹ്വാനം ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ അദ്ദേഹം കാണിച്ച അത്യുത്സാഹം കേരളം എന്നും കൃതജ്ഞതയോടെ ഓർക്കേണ്ടതാണ്. ഇന്നത്തെ കാലത്തുപോലും ൈവദ്യുതിയുടെ കാര്യത്തിൽ നാം ഏറ്റവുമധികം ആശ്രയിക്കുന്നത് ഇടുക്കി പദ്ധതിയെയാണെന്നു കാണുമ്പോഴാണ് മാമ്മൻ മാപ്പിളയുടെ ഉൾക്കാഴ്ചയും ദീർഘദൃഷ്ടിയും എത്രത്തോളം വിസ്മയകരമാണെന്നു ബോധ്യമാവുക.
ദിശാബോധമേകിയ ഉൾക്കാഴ്ച
ആദ്യകാലത്തു ബാങ്കിങ്ങിലൂടെ കേരളീയ സമൂഹത്തിനു ദിശാബോധം നൽകിയ പ്രമുഖരിൽ ഒരാളാണു കെ.സി.മാമ്മൻ മാപ്പിള. സി.പി.രാമസ്വാമി അയ്യരുടെ കരാളമായ പ്രതികാരത്തിനു വിധേയനായശേഷവും അദ്ദേഹം ഫീനിക്സ് പക്ഷിയെപ്പോലെ പുതിയ ചൈതന്യത്തോടെ ഉയർത്തെഴുന്നേറ്റതു കേരളം കണ്ടതാണ്.
റബർക്കൃഷിയുടെ പ്രാധാന്യം മാത്രമല്ല, അതുമൂലം കൈവരാവുന്ന വ്യാവസായിക വളർച്ചയും ഒരു പ്രവാചകനെപ്പോലെ ആദ്യം ദർശിച്ചതു മറ്റാരുമല്ല. ഇത് ഇന്നൊരു യാഥാർഥ്യമായി നാം മുന്നിൽ കാണുന്ന കാര്യമാണ്. ലക്ഷക്കണക്കിനു മലയാളി കുടുംബങ്ങളുടെ ഉപജീവനമാർഗമായി റബറും റബറധിഷ്ഠിത വ്യവസായവും വളർന്നു. പരസ്പരം പൊരുത്തപ്പെടാത്തതെന്ന് ആളുകൾ കരുതുന്ന വ്യവസായലോകത്തെയും അക്ഷരലോകത്തെയും സമഞ്ജസമായി സമ്മേളിപ്പിക്കുന്ന ഇന്ദ്രജാലവിദ്യയും അദ്ദേഹത്തിന്റേതായി നാം കണ്ടു. വ്യവസായരംഗത്തു തനിക്കു മാമ്മൻ മാപ്പിളയിൽനിന്നു ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങളെയും പ്രോൽസാഹനങ്ങളെയുംകുറിച്ചു ‘ചന്ദ്രിക സോപ്പ്’ സ്ഥാപകൻ സി.ആർ.കേശവൻ വൈദ്യർ ആവർത്തിച്ചു പറയുന്നതിനു ഞാൻ സാക്ഷ്യംവഹിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിനും അദ്ദേഹത്തിന്റെ നാനാവിധമായ പ്രവർത്തനങ്ങൾക്കും മാമ്മൻ മാപ്പിള നൽകിയ പ്രാധാന്യം മറ്റൊരു പത്രാധിപരും നൽകിയിട്ടില്ല. കേരളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ഏറ്റവും മഹാനായ വ്യക്തി ശ്രീനാരായണ ഗുരുവാണെന്നു മലയാള മനോരമ അതിന്റെ ശതാബ്ദിവേളയിൽ കണ്ടെത്തിയതു മാമ്മൻ മാപ്പിളയുടെ ദീർഘദർശനത്തിന്റെ തുടർച്ചയായി കാണാം. അത്തരമൊരു വീക്ഷണം മനോരമയിലാണു കേരളീയർ കണ്ടത്. ഗുരുവിന്റെ മഹത്വത്തിലുള്ള വിശ്വാസം മാത്രമല്ല, പിന്നാക്ക സമുദായങ്ങളുടെയും ദലിത് വിഭാഗങ്ങളുടെയും അഭ്യുന്നതികൂടി അതിൽ അദ്ദേഹം ദർശിച്ചിരുന്നു.
മലയാള മനോരമയുടെ പത്രാധിപരെന്ന നിലയിലും മികവുറ്റ പത്രപ്രവർത്തകനെന്ന നിലയിലും മറ്റാർക്കും കിടനിൽക്കാനാകാത്ത സംഭാവനകളാണ് അദ്ദേഹം ലോകത്തിനു നൽകിയത്. അതിന്റെ ഫലമോ? കേരളത്തിന്റെ ബഹുമുഖമായ വളർച്ചയിലും വികസനത്തിലും രചനാത്മകമായ സംഭാവനകൾ നൽകുന്ന വാർത്താമാധ്യമമായി മലയാള മനോരമ മാറി. മാമ്മൻ മാപ്പിളയുടെയും മലയാള മനോരമയുടെയും ആ സംഭാവനകൾ അമൂല്യവും അദ്ഭുതാവഹവുമാണെന്നു ഭാവി ചരിത്രകാരന്മാർ വിധിയെഴുതാതിരിക്കില്ല.
കെ.സി.മാമ്മൻ മാപ്പിള: ജീവിതരേഖ
1873 മേയ് 4: ജനനം.
1896 –1909: കോട്ടയം എംഡി ഹൈസ്കൂൾ അധ്യാപകനും ഹെഡ്മാസ്റ്ററും. അധ്യാപക ജോലിയും മലയാള മനോരമയിലെ പ്രവർത്തനവും ഒരുമിച്ചായിരുന്നെങ്കിലും പിന്നീടു സ്കൂൾ ജോലി ഉപേക്ഷിച്ചു.
1904 ജൂലൈ 6: മലയാള മനോരമ സ്ഥാപകനും പിതൃസഹോദരനുമായ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ നിര്യാണത്തെത്തുടർന്ന് മനോരമയുടെ പത്രാധിപത്യം ഏറ്റെടുത്തു.
1907: ശ്രീമൂലം പ്രജാസഭയിൽ അംഗമായി. തുടർന്ന് ആറു തവണ കൂടി പ്രജാസഭയിലെത്തി (1908, 1910, 1911, 1915, 1917, 1921).
1912: ട്രാവൻകൂർ നാഷനൽ ബാങ്ക് ചെയർമാൻ
1922 –1925, 1925–1928: തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം.
1929 മേയ് 29: അഖിലകേരള ബാലജനസഖ്യം രൂപീകരണം.
1937: ട്രാവൻകൂർ നാഷനൽ ബാങ്കും ക്വയിലോൺ ബാങ്കും സംയോജിച്ച് ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്കായി.
1937 ഓഗസ്റ്റ് 29: മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം തുടങ്ങി
1938 ജൂൺ 21: ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക് തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ പ്രതികാരനടപടികളുടെ ഭാഗമായി അടച്ചുപൂട്ടുന്നു. സിപിയുടെ രോഷത്തെത്തുടർന്ന് മാമ്മൻ മാപ്പിളയ്ക്കും കുടുംബാംഗങ്ങൾക്കും ഏറെ ദുരിതങ്ങൾ നേരിടേണ്ടിവന്നു.
1938 സെപ്റ്റംബർ 10: തിരുവിതാംകൂറിൽ മലയാള മനോരമയ്ക്കു നിരോധനം. മനോരമ ഓഫിസ് പൂട്ടി മുദ്ര വച്ചു.
1938 സെപ്റ്റംബർ 13: അന്നത്തെ കൊച്ചി രാജ്യത്തിന്റെ ഭാഗമായ കുന്നംകുളത്തുനിന്ന് മനോരമ പ്രസിദ്ധീകരണം തുടങ്ങി. ഒൻപതു മാസത്തിനുശേഷം പ്രസിദ്ധീകരണം നിലച്ചു.
1938 ഒക്ടോബർ 22: കെ.സി. മാമ്മൻ മാപ്പിളയെ അറസ്റ്റ് ചെയ്യുന്നു.
1939: കുറ്റാരോപിതനാക്കി ജയിലിലടച്ചു.
1941 സെപ്റ്റംബർ 11: ജയിൽ മോചനം
1947 നവംബർ 29: മലയാള മനോരമ പുനഃപ്രസിദ്ധീകരണം
1954 ജനുവരി 1: ദിവംഗതനായി.
ആത്മകഥ: ‘ജീവിതസ്മരണകൾ’
English Summary: Remembering KC Mammen Mappillai on his 150th birth anniversary