ADVERTISEMENT

മലയാളത്തിനു തുള്ളിത്തുളുമ്പാൻ പാകത്തിൽ കവിതയെഴുതിയ കുഞ്ചൻ നമ്പ്യാർ, കാർത്തിക തിരുനാൾ മഹാരാജാവിന്റെ രാജസദസ്സിലുണ്ടായിരുന്നു. കാർത്തിക തിരുനാൾ നാടുവാണിരുന്നില്ലെങ്കിൽ നമുക്കിപ്പോൾ തലസ്ഥാനമായി തിരുവനന്തപുരം ഉണ്ടാകുമായിരുന്നോ എന്നു സംശയമുണ്ട്.

1758 മുതൽ 1798 വരെ തിരുവിതാംകൂർ ഭരിച്ച കാർത്തിക തിരുനാൾ രാമവർമയാണ് തലസ്ഥാനം തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. ഇപ്പോൾ തമിഴ്നാട്ടിലുള്ള പത്മനാഭപുരമായിരുന്നു അതുവരെ തിരുവിതാംകൂറിന്റെ തലസ്ഥാനം. ഭൂപ്രദേശം തമിഴ്നാട്ടിലാണെങ്കിലും പത്മനാഭപുരത്തെ പഴയ കൊട്ടാരം ഇപ്പോഴും നമ്മുടെ കൈവശമാണല്ലോ എന്ന് ആശ്വസിക്കാം. 

ഏറ്റവും കൂടുതൽകാലം തിരുവിതാംകൂർ ഭരിച്ച കാർത്തിക തിരുനാളിന് ധർമരാജാ എന്നൊരു പേരും കിട്ടി. അക്കാലത്ത് മഹാരാജാവ് ഒരു ദീപസ്തംഭം നിർമിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമർപ്പിച്ചു. സമർപ്പണച്ചടങ്ങിൽ കവികളൊക്കെയുണ്ടായിരുന്നു. ദിപസ്തംഭത്തെ വർണിച്ചു കവിതയെഴുതാൻ മഹാരാജാവ് നിർദേശിച്ചു. നിർദേശിച്ചില്ലെങ്കിലും കവികൾ എഴുതുമായിരുന്ന കാലമായിരുന്നു അത്. 

കാവ്യമെഴുതിയാൽ കവികൾക്കു സമ്മാനമുണ്ട്. കവിതയുടെ വളവനുസരിച്ചായിരുന്നു സമ്മാനവള; പിന്നെ പട്ടും. പട്ടും വളയുമെന്നാണ് ചേർച്ച. 

എല്ലാം കണ്ടുനിന്ന കുഞ്ചൻ നമ്പ്യാർജിക്കു ചൊറിഞ്ഞുവന്നു. അദ്ദേഹവുമെഴുതി ഒരു ശ്ലോകം!

ദീപസ്തംഭം മഹാശ്ചര്യം 

നമുക്കും കിട്ടണം പണം 

അതുകഴിഞ്ഞുള്ള രണ്ടു വരികൾ സംസ്കൃതമായതിനാൽ ഇവിടെ ചേർക്കുന്നില്ല; ആദ്യത്തെ വരിയിൽത്തന്നെ കാര്യമുണ്ടല്ലോ.

നമുക്കും കിട്ടണം പണം എന്നതിലെ ആക്ഷേപഹാസ്യം മഹാരാജാവിനു നന്നേ പിടിച്ചു എന്നാണ് ചരിത്രം. നമ്പ്യാർജിക്ക് എന്തുകിട്ടിയെന്നു പക്ഷേ, ചരിത്രത്തിലില്ല. 

രണ്ടുരണ്ടര നൂറ്റാണ്ടു കടന്നുപോയതിനാൽ ദീപസ്തംഭത്തിനു പകരം നവകേരളത്തിൽ വിളങ്ങിനിൽക്കുന്നത് ക്യാമറയാണ്. നമ്മുടെ തലയ്ക്കു മീതെ ക്യാമറകൾ കണ്ണുതുറന്നിരിക്കുന്നു. 

സംഗതി മഹാശ്ചര്യമാണെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടാണ് നമുക്കും കിട്ടണം പണം എന്നു ചിലരൊക്കെ തീരുമാനിച്ചത്. 

ക്യാമറ എന്ന മഹാശ്ചര്യത്തിന്റെ പേരിൽ പലർക്കും പണം കിട്ടി. ചിലർക്കു കിട്ടിക്കൊണ്ടേയിരിക്കുന്നു; ചിലർക്കിനി കിട്ടാനുമുണ്ട്. കമഴ്ന്നു വീണാ‍ൽ കാൽപണം എന്ന പരിപാടി തുടങ്ങിയത് കുഞ്ചൻ നമ്പ്യാർക്കു ശേഷമാവണം. 

പഴയ കാൽപണം ഇപ്പോൾ കോടികളാണ്; വേണ്ടതുപോലെ കമഴ്ന്നുവീഴാനറിയണമെന്നു മാത്രം.

English Summary : Tharangangalil panachi column about AI traffic camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com