മരിച്ചവരുടെ വിധി !
Mail This Article
മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പറഞ്ഞ കണക്കനുസരിച്ച്, സംസ്ഥാനത്തു കലാപത്തിൽ 60 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ പിന്നീട് 73 ആയി ഉയർന്നു. 231 പേർക്കു പരുക്കുപറ്റി, വീടുകളും ആരാധനാലയങ്ങളും ഉൾപ്പെടെ 1700 കെട്ടിടങ്ങൾ തീവച്ചു നശിപ്പിക്കപ്പെട്ടു. സർക്കാർ തയാറാക്കിയ ക്യാംപുകളിൽ താമസിച്ചിരുന്നവരും ആക്രമിക്കപ്പെട്ടു. അതിനാൽ, 20,000 പേരെയെങ്കിലും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു കണക്ക്.
മെയ്തെയ് വിഭാഗത്തെ പട്ടികവർഗമായി കണക്കാക്കണമെന്ന ആവശ്യവും അതിനോടു നിലവിലെ പട്ടികവർഗങ്ങൾക്കുള്ള എതിർപ്പുമാണ് കലാപത്തിന്റെ പശ്ചാത്തല കാരണങ്ങളിൽ പ്രധാനം. ലഹരിച്ചെടികളുടെ കൃഷി, ഭൂമി കയ്യേറ്റം തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് കുകി ഗോത്രക്കാരെയും മറ്റും വനമേഖലകളിൽനിന്ന് ഇറക്കിവിടുന്നതും മ്യാൻമറിൽനിന്നു കലാപം കാരണം രക്ഷപ്പെട്ടു വന്നവർ ഉന്നംവയ്ക്കപ്പെടുന്നതും ദേശീയ പൗര റജിസ്റ്റർ (എൻആർസി) നടപ്പാക്കിയേക്കുമെന്ന ആശങ്കയുമൊക്കെ ഉപകാരണങ്ങളാണ്. മതസ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടെങ്കിലും, സംഭവിച്ചതു മതപീഡനമെന്നു തീർത്തു വ്യാഖ്യാനിക്കുന്നതിൽ പിഴവു പറയുന്നവരുണ്ട്.
സാഹചര്യങ്ങൾ മുതലാക്കാൻ ഭരണരാഷ്ട്രീയക്കാർ സ്വീകരിച്ച തന്ത്രങ്ങൾ മേൽപറഞ്ഞ കാരണങ്ങളെ കലാപംവരെ എത്തിക്കാൻ സഹായിച്ചു. അങ്ങനെ സംഭവിച്ചത് ആരെയും അദ്ഭുതപ്പെടുത്തുന്നില്ല.
അതൊക്കെ അവിടെ നിൽക്കട്ടെ. പുതിയതും ആരോപണ സ്വഭാവമുള്ളതുമായ ഒരു കാരണം മാത്രം പ്രത്യേകം പരിഗണിക്കാം. മണിപ്പുർ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി.മുരളീധരൻ കഴിഞ്ഞ മാർച്ച് 27നു നൽകിയ വിധി കഴിഞ്ഞ ആഴ്ചകളിലെ കലാപത്തിനു പ്രേരകമായി എന്നതാണ് ആരോപണം.
മെയ്തെയ് വിഭാഗക്കാരായ എട്ടുപേർ നൽകിയ സിവിൽ റിട്ട് ഹർജിയാണ് ജസ്റ്റിസ് മുരളീധരൻ പരിഗണിച്ചത്. സംസ്ഥാന, കേന്ദ്ര സർക്കാരുകളായിരുന്നു എതിർകക്ഷികൾ. വിധിന്യായത്തിൽ പറയുന്നതനുസരിച്ച്, ‘ഹർജി അഡ്മിഷൻ ഘട്ടത്തിൽത്തന്നെ അന്തിമമായി തീർപ്പാക്കി.’ മെയ്തെയ് വിഭാഗത്തെ പട്ടികവർഗമാക്കുന്നതിനു സംസ്ഥാന സർക്കാർ കേന്ദ്രത്തോടു ശുപാർശ ചെയ്യണമെന്നു കോടതി നിർദേശിച്ചു. ഈ വിധിക്കെതിരെ ഈ മാസം മൂന്നിന് ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പുർ (എടിഎസ്‌യുഎം) നടത്തിയ പ്രതിഷേധ സമരത്തെത്തുടർന്നായിരുന്നു ദിവസങ്ങൾ നീണ്ട അക്രമവും അതിന്റെ ഫലമായ മരണങ്ങളും പരുക്കുകളും തീവയ്പുമൊക്കെ.
മെയ്തെയ്കളുടെ ആവശ്യത്തെ എതിർക്കുന്നവരെ കേൾക്കാതെ, മെയ്തെയ് വിഭാഗക്കാരനായ മുഖ്യമന്ത്രിയുടെ സർക്കാരിനോടു കോടതി അങ്ങനെ നിർദേശിച്ചതിൽ ശരികേടു കാണുന്നവരുണ്ട്. വിധി ചോദ്യംചെയ്തുള്ള ഹർജി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോൾ, സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ഹൈക്കോടതിയിൽനിന്നു വിധി നേടിയവരുടെ അഭിഭാഷകനോടു ചോദിച്ചു: ‘ഇങ്ങനെ ഒരു നിർദേശം നൽകാൻ കോടതിക്ക് അധികാരമില്ലെന്നു നിങ്ങൾ ഹൈക്കോടതിയോടു പറഞ്ഞില്ലേ? രാഷ്ട്രപതിക്കാണ് അധികാരം.’ ഭരണഘടനയുടെ 342ാം വകുപ്പനുസരിച്ച്, പട്ടികവർഗ പട്ടിക പരിഷ്കരിക്കാൻ സംസ്ഥാന സർക്കാരിനോ കോടതികൾക്കോ ട്രൈബ്യൂണലുകൾക്കോ അധികാരമില്ലെന്ന് 22 വർഷം മുൻപേ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ െബഞ്ച് വിധിച്ചിരുന്നു. ഈ വിധിയെക്കുറിച്ചും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോടതിക്ക് അധികാരമില്ലാത്ത കാര്യമാണെന്ന് ഓർമിപ്പിച്ചിട്ടും ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണോ ഹൈക്കോടതി ചെയ്തതെന്നു മനസ്സിലാക്കാനായിരുന്നു ശ്രമമെന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തെ വ്യാഖ്യാനിക്കാം.
ഭരണഘടനയിലെ എല്ലാ വ്യവസ്ഥകളും തന്റെ മുന്നിലുള്ള വിഷയത്തിലെ പ്രധാന സുപ്രീം കോടതി വിധികളും ജഡ്ജിക്കു മനഃപാഠമായിരിക്കണമെന്നു ശഠിക്കാനാവില്ല. അവിടെയാണ് കക്ഷികളുടെ മിനിമം ഉത്തരവാദിത്തം. ആരെയൊക്കെ പട്ടികവർഗമായി കണക്കാക്കണമെന്നു തീരുമാനിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നു മെയ്തെയ് കേസിലെ ഹർജിക്കാർ ഹൈക്കോടതിയിൽ പറഞ്ഞതായി വിധിയിൽ സൂചനകളില്ല. ഞങ്ങൾക്ക് അധികാരമില്ലെങ്കിൽ പിന്നെന്തിന് ഇവിടെ വന്നു എന്നു ഹൈക്കോടതി ചോദിച്ചാൽ കേസ് അവിടെ തീരുമെന്ന് അറിഞ്ഞുകൊണ്ടാവുമല്ലോ ഹർജിക്കാരെത്തിയത്.
എതിർകക്ഷികളായ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും അഭിഭാഷകർ ഹൈക്കോടതിയിലുണ്ടായിരുന്നു. ഇല്ലാത്ത അധികാരം പ്രയോഗിക്കാനാണ് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെടുന്നതെന്ന് അവരും പറഞ്ഞതായി വിധിയിലില്ല. ഈ കേസിന്റെ നടത്തിപ്പിൽ പിശകുണ്ടല്ലോയെന്നു സംശയിക്കാൻ നിയമപരിജ്ഞാനം വേണ്ട, സാമാന്യബുദ്ധി മതി. അഡ്മിഷൻ ഘട്ടത്തിൽതന്നെ ഹർജി തീർപ്പാക്കാൻ കോടതി തീരുമാനിച്ചത് ഹർജിക്കാരോടും എതിർകക്ഷികളോടും സമ്മതം വാങ്ങിയാണ്. പിശകെന്നു പറയുമ്പോൾ അതും കണക്കിലെടുക്കാം.
അപ്പോഴും, ജുഡീഷ്യറിയോടുള്ള എല്ലാ ബഹുമാനത്തോടെയും ചോദിക്കേണ്ടതുണ്ട്: തന്റെ മുന്നിലുണ്ടായിരുന്ന കേസ് തീർപ്പാക്കുകയെന്നതിനപ്പുറം ചില ഉത്തരവാദിത്തങ്ങൾ ജഡ്ജിക്കുണ്ടായിരുന്നില്ലേ? വിധിന്യായമെഴുത്തിനെക്കുറിച്ചു ജുഡീഷ്യറിയിൽതന്നെ നടന്നിട്ടുള്ള ചർച്ചകളും സുപ്രീം കോടതിയുടെ വിധികളും അങ്ങനെ ചില ഉത്തരവാദിത്തങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. കേസിനു ബാധകമാകുന്ന നിയമത്തെക്കുറിച്ചുള്ള സാമാന്യധാരണ, നടപടിക്രമ പരിജ്ഞാനം, തങ്ങളുടെ തീരുമാനത്തിന്റെ പ്രത്യാഘാതം മുന്നിൽകാണാനുള്ള ശ്രമം, വസ്തുതകളുടെ വിശദമായ പഠനം എന്നിങ്ങനെയുള്ള ഒരുക്കങ്ങൾ പലതും.
സുപ്രീം കോടതി നേരത്തേ നൽകിയിട്ടുള്ള വിധികൾ അലമാരയിൽ വയ്ക്കാനുള്ളതല്ലെന്നു സുപ്രീം കോടതിതന്നെ പറഞ്ഞിട്ടുണ്ട്. അതോർത്തുകൂടിയാവും പട്ടികവർഗ വിഷയത്തിൽ കോടതികളുടെ അധികാരമില്ലായ്മയെക്കുറിച്ചു സുപ്രീം കോടതിതന്നെ വിധി നൽകിയിട്ടുണ്ടല്ലോയെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത്. പ്രസിഡന്റിനാണ് അധികാരം എന്നല്ലാതെ, അക്കാര്യം ഭരണഘടനയിൽതന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നുകൂടി ചീഫ് ജസ്റ്റിസ് ഓർമിപ്പിക്കാതിരുന്നത് പലതുകൊണ്ടും ഉചിതമായി.
അവസാന വിലയിരുത്തൽ ഇതാണ്: അനേകം മരണങ്ങളുണ്ടായ കലാപത്തിനു പ്രേരകമായെന്ന് ആരോപിക്കപ്പെടുന്ന വിധിക്കു കോടതിയെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. പട്ടികവർഗ വിഷയത്തിൽ മണിപ്പുരിൽ നിലനിന്ന പിരിമുറുക്കം കണക്കിലെടുത്തുള്ള ജാഗ്രത സംസ്ഥാനവും കേന്ദ്രവും കോടതിയിൽ കാണിച്ചതായി വ്യക്തമായിട്ടില്ല. ഇല്ലാത്ത അധികാരത്തിന്റെ പ്രയോഗമെന്ന തെറ്റ് അപ്പീലിലൂടെ പരിഹരിക്കപ്പെടാം. പക്ഷേ, മരിച്ചവരെ ഉയിർപ്പിക്കാൻ കോടതിവിധികൾക്കു സാധിക്കില്ല.
English Summary : Deseeyem column about Manipur riot