ഓറഞ്ച് രുചിയുള്ള മൗനങ്ങൾ
Mail This Article
കടുത്ത ചോദ്യങ്ങളും വിവാദങ്ങളുമുണ്ടാകുമ്പോൾ ഭരണാധികാരി ചുണ്ടിൽ മൗനം തൂക്കിയിടുന്നത് തന്ത്രമാണെന്നു പറയാം; ഉത്തരം മുട്ടുന്നതുകൊണ്ടാണെന്നും പറയാം.
ചരിത്രത്തിലും അത് അങ്ങനെതന്നെയാണ്. കടുത്ത പല്ലുവേദനയാലെന്നപോലെ മൗനം കടിച്ചുപിടിക്കുന്ന ഭരണാധികാരികളുടെ കാവൽപുണ്യവാനെന്നു വിളിക്കാവുന്ന വില്യം രാജകുമാരനെപ്പറ്റിയുള്ള ആക്ഷേപവും അതുതന്നെ.
ഫ്രാൻസിലെ ഓറഞ്ച് പ്രവിശ്യയുടെ ഭരണാധികാരിയായപ്പോൾ അദ്ദേഹത്തിന് ഓറഞ്ച് രാജകുമാരൻ എന്നു പേരുകിട്ടി. പക്ഷേ, ചരിത്രം നൽകിയ ഓമനപ്പേര് വില്യം ദ് സൈലന്റ് എന്നാണ്. മലയാളത്തിൽ വേണമെങ്കിൽ മിണ്ടാവില്യം എന്നു വിളിക്കാം. നിർണായക സന്ദർഭങ്ങളിൽ മിണ്ടാതിരിക്കുക എന്ന സാമർഥ്യത്തിന്റെ പേരിലാണ് അദ്ദേഹത്തിനു മിണ്ടാവില്യം എന്നു പേരു കിട്ടിയത്. വിവാദ വിഷയങ്ങളിലൊന്നും പ്രതികരിക്കാതിരുന്നത് വിവേകശാലിയായിരുന്നതുകൊണ്ടാണെന്നൊരു ന്യായവാദവുമുണ്ടായി.
അഞ്ചു നൂറ്റാണ്ടു മുൻപ്, 1533 മുതൽ 1554 വരെയാണ് വില്യം രാജകുമാരന്റെ ജീവിതകാലം. സ്പെയിനിന്റെ ആധിപത്യത്തിനെതിരെ ഡച്ച് ജനതയുടെ കലാപത്തിനു തുടക്കമിട്ടത് അദ്ദേഹമാണ്. ആ കലാപത്തിൽനിന്നാണ് പല രൂപങ്ങളിലൂടെ കടന്ന് ഡച്ച് ജനതയ്ക്കു ഹോളണ്ട് എന്ന രാജ്യമുണ്ടാവുകയും അതു പിന്നീട് നെതർലൻഡ്സായിത്തീരുകയും ചെയ്തത്. വില്യം രാജകുമാരനാണ് നെതർലൻഡ്സിന്റെ രാഷ്ട്രപിതാവ്. അവരുടെ ദേശീയ ഗാനത്തിലുമുണ്ട് വില്യമിനുള്ള ആദരം.
ഭരണാധികാരികൾ മിണ്ടേണ്ട സമയത്തു മിണ്ടാതിരിക്കുമ്പോൾ ഓർക്കാം: അവർ ഓറഞ്ചിലെ മിണ്ടാവില്യം മുതലുള്ള ചരിത്രം കടിച്ചുപിടിച്ചിരിക്കുകയാണ്. അവർ ഓറഞ്ച് തിന്നുകയാണെന്നു പറഞ്ഞാൽ നല്ലൊരു അലങ്കാരവുമായി.
English Summary: Tharangangalil column