ദ് ബക് സ്റ്റോപ്സ് ഹിയർ
Mail This Article
അമേരിക്കയിൽ ചീട്ടുമലർത്ത് കളിയിൽ ഉപയോഗിക്കുന്ന വാക്കാണ് ‘പാസ് ദ് ബക്’: ചീട്ട് കശക്കാനുള്ള ഊഴം കൈമാറുക. എപ്പോഴോ ഇതിന്റെയർഥം നമുക്കെല്ലാം സുപരിചിതമായ ഒരു പ്രതിഭാസത്തെപ്പറ്റിയായിത്തീർന്നു: പഴിചാരൽ; കൂടാതെ, തീരുമാനം എടുക്കുന്നതിൽ അല്ലെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽനിന്നുള്ള ഒഴിഞ്ഞുമാറൽ. ഈ മൂന്നു സ്വഭാവവിശേഷങ്ങളുടെയും സാന്നിധ്യംകൊണ്ട് കേരളത്തിലെ ഭരണസംവിധാനം സമൃദ്ധമാണ്. മറ്റു രംഗങ്ങളിലും അവയില്ലെന്നല്ല. പക്ഷേ, അവയുടെ യഥാർഥ പ്രഹരശേഷി കേരളത്തിൽ ഉണരുന്നത് ഭരണകൂടത്തിന്റെ മടിത്തട്ടിലാണ്. ‘പാസിങ് ദ് ബക്’ എന്ന പ്രയോഗത്തിനു ലോകമെങ്ങും പ്രചാരമുണ്ട്. കാരണം, പഴിചാരലും തീരുമാനം എടുക്കാതിരിക്കലും ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കലും അതുപോലെ സർവവ്യാപികളാണ്. അതിനു മലയാളത്തിൽ പറയുക തലയൂരുക, തടിതപ്പുക എന്നെല്ലാമാണ്.
ഈ കുറിപ്പിന്റെ തലക്കെട്ടിലെ വാക്കുകൾ അമേരിക്കയുടെ 33ാം പ്രസിഡന്റ് ഹാരി എസ്.ട്രൂമാന്റെ മേശപ്പുറത്ത് ഒരു പലകക്കഷണത്തിൽ എഴുതിവച്ചിരുന്നതാണ്. ‘ബക്കി’ന്റെ യാത്ര ഇവിടെ തീരുന്നു; അഥവാ അത് ഏറ്റെടുക്കാൻ മറ്റൊരാളില്ല. പഴിചാരലും ഒഴിഞ്ഞുമാറലും ഇവിടെ അവസാനിക്കുന്നു. ‘പാസിങ് ദ് ബക്’ എന്നതിന് ട്രൂമാൻ നൽകിയ പാഠഭേദമായിരുന്നു അത്. എല്ലാ പഴിയും താനേറ്റെടുക്കുന്നുവെന്നും താനെടുക്കേണ്ട തീരുമാനങ്ങൾ താൻ എടുത്തിരിക്കും എന്നുമാണ് ട്രൂമാൻ തന്നോടുകൂടിയുള്ള ഈ ഓർമപ്പെടുത്തലിൽ പ്രഖ്യാപിച്ചത്. ‘ദ് ബക് സ്റ്റോപ്സ് ഹിയർ’ എന്ന വാചകം ഇന്നു ലോകമെങ്ങും തീരുമാനങ്ങളെടുക്കാനുള്ള ഉത്തരവാദിത്തം വഹിക്കുന്നവർക്കിടയിൽ (ഇംഗ്ലിഷിൽ അവർക്കൊരു കൃത്യമായ പേരുണ്ട്: ഡിസിഷൻ മേക്കേഴ്സ്) പ്രശസ്തമാണ്.
ലോകത്തിലെ ഏറ്റവും ശക്തവും സങ്കീർണവുമായ ഭരണനിർവഹണ സംവിധാനങ്ങളിലൊന്നാണ് അമേരിക്കൻ ഗവൺമെന്റ്. അതിന്റെ സർവാധികാരമുള്ള സിഇഒ ആണ് പ്രസിഡന്റ്. അങ്ങനെയൊരു വ്യക്തി തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയാൽ എന്തായിരിക്കും സംഭവിക്കുക? അമേരിക്കയ്ക്ക് അഥവാ അമേരിക്കയിൽ സംഭവിച്ച ഒരു പിഴവിന്റെ പഴി മറ്റൊരാളിൽ ചാരാൻ പ്രസിഡന്റിനു കഴിയുമോ?
ട്രൂമാൻ ഏറ്റെടുത്തത് സമ്പൂർണ ഉത്തരവാദിത്തമാണ്; താൻ എടുക്കേണ്ട തീരുമാനങ്ങളുടെ മാത്രമല്ല, തന്റേതും മറ്റുള്ളവരുടേതുമടക്കമുള്ള എല്ലാ പിഴവുകളുടെയും. മറ്റുള്ളവരുടേത് എന്നതു പ്രധാനമാണ്. കാരണം, നേതൃത്വത്തിൽ (ലീഡർഷിപ് എന്ന ശേഷിയിൽ) അതും കൂടി അടങ്ങിയിരിക്കുന്നു. ടീമംഗങ്ങളുടെ വിജയങ്ങൾക്കു മാത്രമല്ല പരാജയങ്ങൾക്കും നേതാവാണ് ഉത്തരവാദി. അമേരിക്കയുടെ ഏതോ ഒരു കോണിൽ ഒരു പൊലീസുകാരൻ ഒരു കറുത്തവർഗക്കാരനോടു ക്രൂരമായി പെരുമാറുമെന്ന് പ്രസിഡന്റിനു മുൻകൂട്ടിക്കാണാൻ സാധ്യമല്ല. അങ്ങനെയുള്ള അക്രമം പൊലീസിന്റെ ഭാഗത്തുനിന്നു സംഭവിക്കുകയും ചെയ്യും. എന്നാൽ, അങ്ങനെ സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള പ്രാഥമിക ഉത്തരവാദിത്തമാണ് സർവാധികാരിയായ പ്രസിഡന്റിൽ നിക്ഷിപ്തമായിരിക്കുന്നത്. ആ ധാർമികമായ ഉത്തരവാദിത്തമാണ് ‘ദ് ബക് സ്റ്റോപ്സ് ഹിയർ’ എന്ന വാക്കുകളിലൂടെ ട്രൂമാൻ ഏറ്റെടുത്തത്.
പൊലീസുകാരൻ ചെയ്ത തെറ്റിന് ഞാൻ പൊലീസ് മേധാവിയെ പഴിചാരില്ല; അമേരിക്കൻ പ്രസിഡന്റായ ഞാനാണ് അതിനുത്തരവാദി.
നല്ല നേതൃത്വത്തിന്റെ ഒന്നാം പ്രമാണമാണ് ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ഈ സന്നദ്ധത; ഇന്ത്യൻ രാഷ്ട്രീയ നേതാക്കളെയെടുത്താൽ ഈ ഗുണം മിന്നിത്തിളങ്ങിയത് ഗാന്ധിജിയിലാണ്. ആത്മപരിശോധന അദ്ദേഹത്തിന്റെ ആയുധങ്ങളിലൊന്നായിരുന്നു. ട്രൂമാന്റെ കാര്യമാത്രപ്രസക്തമായ വാക്കുകളെക്കാൾ കാവ്യഭംഗിയോടെയാണ്, ന്യൂയോർക്കിനെ അക്ഷരാർഥത്തിൽ മഹാനഗരമാക്കിത്തീർത്ത പ്രതിഭാശാലികളിലൊരാളായ മേയർ ഫിയറെല്ലോ ല ഗ്വാർഡിയ ഈ ആശയം അവതരിപ്പിച്ചത്: ‘സെൻട്രൽ പാർക്കിൽ ഒരു കുരുവി ചത്തുവീണാൽ അതിന്റെ ഉത്തരവാദിത്തം എനിക്കാണ്.’
ഇന്ത്യയിൽ ഒരു വൻ മനുഷ്യനിർമിത വിപത്ത് സംഭവിച്ചാൽ ആ വകുപ്പിന്റെ അഥവാ മേഖലയുടെ ഉത്തരവാദിത്തമുള്ള മന്ത്രി രാജി സമർപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നെന്ന് ചിലർക്കെങ്കിലും ഓർമയുണ്ടാവും. അവർ പരിപാലിച്ചത് ധാർമികമായ ഉത്തരവാദിത്തമാണ്. അരിയലൂർ തീവണ്ടി അപകടമുണ്ടായപ്പോൾ റെയിൽവേ മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി രാജി സമർപ്പിച്ചത് ഒരുദാഹരണം മാത്രമാണ്. ഇന്നു രാജിയെന്നത് തൊണ്ടിസഹിതം പിടിക്കപ്പെടുന്നവർക്കുള്ള രക്ഷാമാർഗമായിത്തീർന്നിരിക്കുന്നു. കേരളത്തിൽ സംഭവിച്ചിട്ടുള്ള മനുഷ്യനിർമിത വിപത്തുകൾക്ക് ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തതായി കേട്ടിട്ടുണ്ടോ? 2018ലെ പ്രളയം ഭീകരവും ലജ്ജിപ്പിക്കുന്നതുമായ ഉദാഹരണമാണ്. ഇന്നു നാം താനൂരിലെ ഹൃദയഭേദകമായ ബോട്ടപകടത്തിൽ എത്തിനിൽക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിസഭമുതൽ ഉദ്യോഗസ്ഥർവരെയുള്ള ഭരണതലങ്ങളിൽ ആരെങ്കിലും ഏറ്റെടുത്തുവോയെന്നു ചോദിക്കേണ്ടതുപോലുമില്ല. മറിച്ച്, താഴേത്തട്ടുമുതൽ ആരും ഉത്തരവാദിയാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അന്വേഷണ കമ്മിഷനുകളുടെ ആത്യന്തിക നിരർഥകത കേരളത്തിൽ ആവർത്തിച്ചു തെളിയിക്കപ്പെട്ടുകഴിഞ്ഞു.
കേരളത്തിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ ഭരണവർഗങ്ങൾ ഒരു സവിശേഷ സംരക്ഷിത വർഗമായിത്തീർന്നിട്ടുണ്ട്. അവരിൽ വിശ്വാസമർപ്പിച്ച് അധികാരവും അതിനു യോജിച്ച സുഖസൗകര്യങ്ങളും നൽകിയ ജനങ്ങൾ അരക്ഷിതവർഗമായി. ജനങ്ങളെ ഭയപ്പെടുന്നുവെന്നപോലെയാണ് അവർ സ്വന്തം സുരക്ഷാസന്നാഹങ്ങൾ ഒരുക്കുന്നത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിക്കുന്നു. ഇതിനെല്ലാം പുറമേയാണ് തങ്ങളുടെ പിഴവുകളിൽനിന്നും പരാജയങ്ങളിൽനിന്നും തീരുമാനമെടുക്കാനുള്ള ബാധ്യതയിൽനിന്നുമുള്ള ഒഴിഞ്ഞുമാറൽ. സമൂഹത്തിന്റെ ജോലി നിർവഹിക്കാനായി പൗരർ നൽകിയ ഓരോ സമ്മതിദാനത്തിനും ഓരോ ചില്ലിക്കാശിനും കണക്കുബോധിപ്പിക്കാനുള്ള ഭരണവർഗത്തിന്റെ രാഷ്ട്രീയവും ധാർമികവുമായ കടമയാണ് ട്രൂമാൻ മേശപ്പുറത്തു പ്രതിഷ്ഠിച്ചിരുന്ന വാക്കുകളിലുണ്ടായിരുന്നത്.
English Summary : Writeup on responsibility of calamities happened in Kerala