ADVERTISEMENT

ചെങ്കോലിന്റെ കഥയാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പുതിയ അധ്യായം. സ്വാതന്ത്ര്യം നേടി 75 വർഷത്തിനുശേഷമാണെങ്കിലും ഒരു സുവർണദണ്ഡ് നീട്ടിക്കൊണ്ട് ബിജെപിയും ആ ചരിത്രത്തിൽ ഇടംപിടിച്ചു. സ്വാതന്ത്ര്യ ചരിത്രത്തിൽ ബിജെപിയുടേതായ സംഭാവനയില്ലെന്ന് ഇനിയാരും പറയില്ല. തമിഴ്നാട്ടിൽനിന്നു ചെങ്കോലുമായി ഡൽഹിയിലെത്തിയവർ രാജ്യത്തിന്റെ ഭരണാധികാരം മൗണ്ട്ബാറ്റണിൽ‍നിന്ന് ബാറ്റൺപോലെ കയ്യിൽവാങ്ങി നെഹ്റുവിനു കൈമാറിയെന്ന രഹസ്യം‍ പുതിയ പാർലമെന്റ് മന്ദിര  ഉദ്ഘാടനത്തിനു ദിവസങ്ങൾ മുൻ‍പുവരെ ഏതു നിലവറയിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ?. സംശയം വേണ്ട, ചരിത്രാന്വേഷണ കുതുകികൾ അതു കണ്ടെത്തുകതന്നെ ചെയ്യും.

ബിജെപി പ്രയോഗിച്ച ഏറ്റവും അവസാനത്തെ ആയുധമാണ് ചെങ്കോൽ. രാജ്യത്തെ പൊതുചർച്ചയുടെ നിയന്ത്രണച്ചരട് തിരിച്ചുപിടിക്കാൻ ചെങ്കോൽപ്രയോഗത്തിലൂടെ അവർക്കു സാധിച്ചുവെന്ന് എളുപ്പത്തിൽ‍ വ്യാഖ്യാനിക്കാം. കർണാടകയിലെ പരാജയവും അതിന്റെ ഉത്തരവാദികൾ ആരെന്നതും സംബന്ധിച്ച മാധ്യമവിചാരണ സജീവമായി തുടരുകയായിരുന്നു. പാർലമെന്റ് മന്ദിര ഉദ്ഘാടന വാർത്തകൾക്ക് അതിനെ ചെറുക്കാൻ കെൽപില്ലായിരുന്നു. 

പാർലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിക്കേണ്ടതു രാഷ്ട്രപതിയാണെന്ന വാദം വന്നതോടെ കളം കൂടുതലായി ബിജെപിക്ക് എതിരായി. രാഷ്ട്രപതിയെയും ഭരണഘടനയെയും അപമാനിച്ചെന്ന് 19 പ്രതിപക്ഷ കക്ഷികൾ പ്രസ്താവിച്ചപ്പോഴാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഹാജരെടുക്കാൻ ബിജെപിക്കു തോന്നിയത്. ഈ സഖ്യത്തിലുള്ളവർക്കെല്ലാം തമ്മിൽ‍ മുഖപരിചയമുണ്ടോ എന്ന ചോദ്യം പ്രസക്തമല്ല. പല വലുപ്പത്തിലുള്ള 24 കക്ഷികൾ ഹാജർ പറഞ്ഞു, പ്രതിപക്ഷം പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കരിക്കുന്നത് ജനാധിപത്യവിരുദ്ധമെന്ന് ഏകസ്വരത്തിൽ‍ പ്രസ്താവിച്ചു. 

പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാ ചേംബർ. (ചിത്രം: എഎൻഐ, ട്വിറ്റർ)
പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാ ചേംബർ. (ചിത്രം: എഎൻഐ, ട്വിറ്റർ)

എന്നാൽ, അടിസ്ഥാന ചോദ്യത്തിനു ബിജെപിയോ എൻഡിഎയിലെ ഉപഗ്രഹങ്ങളോ ഉത്തരം പറഞ്ഞില്ല. ചോദ്യം: രാഷ്ട്രപതിയല്ല, പ്രധാനമന്ത്രിയാണ് പാർലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിക്കേണ്ടതെന്നു തീരുമാനിക്കാനുള്ള കാരണമെന്ത്? ശരിയുത്തരം അറിയാത്തവർ ആരുമില്ല; അതു പുറത്തുപറയാൻ പാടില്ലെന്ന് അറിയാത്തവരും. 

പാർലമെന്റ് മന്ദിരോദ്ഘാടനം ദേശവിദേശങ്ങളിൽ‍ ഗുണകരമല്ലാത്ത ചർച്ചയ്ക്കും, സമീപകാലമെടുത്താൽ പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ പാർട്ടികൾ ഒരുമിച്ചുവരുന്നതിനും കാരണമായി. പക്ഷേ, ചെങ്കോൽ വന്നു, കഥയപ്പാടെ മാറി. പാർലമെന്റ് മന്ദിരത്തെക്കാളും പ്രധാനമായി ചെങ്കോൽ. പുതിയ ദേശീയചിഹ്നം എന്നുവരെ ഒരു മന്ത്രി ചെങ്കോലിനെ വിശേഷിപ്പിച്ചു. 

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാനടത്തിനായി പ്രധാനമന്ത്രി എത്തിയപ്പോൾ. (ചിത്രം: എഎൻഐ, ട്വിറ്റർ)
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാനടത്തിനായി പ്രധാനമന്ത്രി എത്തിയപ്പോൾ. (ചിത്രം: എഎൻഐ, ട്വിറ്റർ)

ഭരണഘടനയെയും രാഷ്ട്രപതിയെയും ബിജെപി അവഹേളിച്ചെന്നു ബഹളംവയ്ക്കുന്നതു നിർത്തിവച്ച് കോൺഗ്രസുപോലും ചെങ്കോൽ‍ക്കഥ വ്യാജമെന്നു തെളിയിക്കാൻ അധ്വാനം തുടങ്ങി. സംശയമെന്ത്? ബിജെപിയുടെ തന്ത്രം വിജയിച്ചു. അവർ ചെങ്കോലിന്റെ 1947 ഓഗസ്റ്റിലെ ചരിത്ര നിമിഷത്തെ സംബന്ധിച്ച കൂടുതൽ കഥകൾ പറഞ്ഞു. ചെങ്കോൽരഹസ്യം ആഭ്യന്തരമന്ത്രി ലോകത്തോടു വെളിപ്പെടുത്തിയ സമയവുംകൂടി  പരിഗണിച്ചാൽ ഉദ്ഘാടന വിവാദത്തെ മറികടക്കാനുള്ള പരിശ്രമമെന്ന് എളുപ്പത്തിൽ വ്യാഖ്യാനിച്ചു തൃപ്തിപ്പെടാം. അതിനു മനസ്സില്ലാത്തവർക്ക്, മറ്റു ചിലതല്ലായിരുന്നോ ബിജെപിയുടെ ലക്ഷ്യങ്ങൾ എന്ന് ആലോചിക്കാം.

തമിഴ് സംസ്കാരത്തെ എടുത്തുയർത്തിപ്പറയാനുള്ള എല്ലാ അവസരവും പ്രയോജനപ്പെടുത്തുന്ന ഡിഎംകെയുടെ മനസ്സിളക്കാൻ ചെങ്കോലിനു സാധിക്കുമെന്ന് ബിജെപി ചിന്തിക്കുക സ്വാഭാവികം. പക്ഷേ, തമിഴ്നാട്ടിൽനിന്നുള്ള ചെങ്കോൽ ലോക്സഭയിൽ പ്രതിഷ്ഠിക്കുന്നുവെന്ന കാരണത്താൽ പ്രതിപക്ഷ കൂട്ടായ്മയുടെ പ്രതിഷേധത്തിൽനിന്ന് അവധിയെടുക്കാൻ ഡിഎംകെ തയാറായില്ല. 

ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചപ്പോൾ. (ചിത്രം: എഎൻഐ, ട്വിറ്റർ)
ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചപ്പോൾ. (ചിത്രം: എഎൻഐ, ട്വിറ്റർ)

അതു പറയുമ്പോൾ ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ കാര്യം വിട്ടുകളയാൻ പറ്റില്ല. വി.ഡി. സവർക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അധിക്ഷേപിച്ചെന്നു പറഞ്ഞ് അവർ രോഷാകുലരായത് അടുത്തകാലത്താണ്. സവർക്കറുടെ 140ാം ജന്മവാർഷിക ദിനത്തിലാണ് മന്ദിര ഉദ്ഘാടനമെന്നത് പ്രതിപക്ഷത്തുനിന്ന് ഇറങ്ങി പാർലമെന്റ്‌വരെ പോയിട്ടുവരാം എന്ന തോന്നൽ‍ ഉദ്ധവിന്റെ സേനാനികളിലും ഉണ്ടാക്കിയില്ല. (സംഘപരിവാറിന്റെ ആശയഗുരുവായ സവർക്കർ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മൂലതത്വങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദി വർഷമാണ് 2023). 

ചെങ്കോലിലേക്കു മടങ്ങാം. തമിഴ്നാട്ടിൽ‍ ശരിക്കൊന്നു കാലുറപ്പിക്കുകയെന്ന മോഹം ബിജെപി മറച്ചുവയ്ക്കുന്നതല്ല; അതിനായി പരസ്യമായി കഷ്ടപ്പെടുന്നതാണ്. കാശി തമിഴ് സംഗമമുൾപ്പെടെയുള്ള ആ വിധ കഷ്ടപ്പാടുകളിൽ ഏറ്റവും ഒടുവിലത്തേതാണ് ചെങ്കോൽ ചരിത്രം‍. അതിനെ മുൻനിർത്തിയുള്ള നടപടികളുടെ ജാതി– മത വശങ്ങളും ‘അധികാരക്കൈമാറ്റത്തിന്റെ രാജകാല ചിഹ്നം’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി എന്നതുമൊക്കെ സൂക്ഷ്മമായി വായിക്കേണ്ട സംഗതികൾതന്നെ. എന്തായാലും, ‘സെങ്കോൽ’ കാട്ടി തമിഴ്നാട്ടിൽ വോട്ടു വീഴ്ത്താമെന്ന വിചാരം കർണാടകയിൽ‍ ബജ്റങ് ബലി വിജയിപ്പിക്കും എന്നു വിശ്വസിച്ചതുപോലെയല്ലേ എന്ന ചോദ്യം അൽപം മുൻകൂട്ടിയുള്ളതാണ്. എങ്കിലും അത് അടിവര അർഹിക്കുന്നു. 

പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്ന ചെങ്കോൽ തിരുവാവടുത്തുറൈ അധീനത്തിന്റെ പ്രതിനിധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറിയപ്പോൾ. കേന്ദ്രമന്ത്രി നിർമല സീതാരാമൻ സമീപം.
പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്ന ചെങ്കോൽ തിരുവാവടുത്തുറൈ അധീനത്തിന്റെ പ്രതിനിധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറിയപ്പോൾ. കേന്ദ്രമന്ത്രി നിർമല സീതാരാമൻ സമീപം.

വിവാദങ്ങൾക്കൊക്കെയപ്പുറം വ്യക്തമാകുന്നത് പ്രതിപക്ഷ ഐക്യം മുറുകി വരുന്നതിൽ ബിജെപിക്ക് അങ്കലാപ്പു വർ‍ധിക്കുന്നതിന്റെ ലക്ഷണങ്ങൾകൂടിയാണ്. പ്രതിപക്ഷത്ത് ഓരോ പാർട്ടിക്കും ബിജെപിക്കെതിരെ സഹകരിച്ചുനിൽക്കാൻ തങ്ങളുടേതായ വെവ്വേറെ കാരണങ്ങളുണ്ട്. ആ കാരണങ്ങൾ‍ ചേർന്നാണ് ബിജെപിയെ താഴെയിറക്കുകയെന്ന പൊതുമിനിമം പരിപാടി രൂപപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രതിപക്ഷത്ത് ഇങ്ങനെയൊരു പരിപാടിക്കു ബലംവയ്ക്കുന്നതിനു മുൻപുതന്നെ, അടുത്ത പൊതുതിരഞ്ഞെടുപ്പിൽ സീറ്റുകൾ കുറയാമെന്ന് ബിജെപി ആശങ്കപ്പെട്ടു തുടങ്ങിയിരുന്നു. ഇനിയും പാർട്ടിക്കു ജയിക്കാൻ സാധിക്കാത്ത നൂറ്റിനാൽപതിലേറെ സീറ്റുകളിൽ‍ നേരത്തേതന്നെ ശ്രദ്ധിക്കാമെന്നു തീരുമാനിച്ചത് അതുകൊണ്ടാണ്. ഈ തീരുമാനം അവതരിപ്പിക്കപ്പെട്ടത് ഭൂരിപക്ഷം വർധിപ്പിക്കാനുള്ള തന്ത്രം എന്ന മട്ടിലാണ്.  നിലവിലെ സീറ്റെണ്ണം കുറയുമ്പോൾ പറ്റുന്നിടത്തുനിന്നൊക്കെ പുതുതായി സീറ്റുകൾ തട്ടിക്കൂട്ടിയെടുക്കുക എന്നതാണ് ഉദ്ദേശ്യം. കേരളത്തിലെ സമീപകാല നീക്കങ്ങളും തമിഴ്നാട്ടുകാരെ സാംസ്കാരിക വികാരത്തിലാഴ്ത്താൻ പലവഴിക്കുള്ള ശ്രമങ്ങളുമൊക്കെ അതിന്റെ ഭാഗമാണ്. അത്തരം നടപടികൾ ബിജെപി തുടരും; പ്രതിപക്ഷത്തെ വിഘടിപ്പിക്കാനുള്ള പരിശ്രമങ്ങളും.  

രാജവാഴ്ചയുടേതായ പാരമ്പര്യത്തിന്റെ തിരുശേഷിപ്പല്ല, ജനാധിപത്യത്തിന്റെ ചെങ്കോൽ അടുത്ത മേയിൽ‍ ജനം ആരെ ഏൽ‍പിക്കുമെന്നാണ് കാണേണ്ടത്.

English Summary: India's new parliament building inauguration and BJP's politics- Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com