വാചകമേള
Mail This Article
∙എൻ.ഇ.സുധീർ :‘സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കൃതികൾ ധാരാളമായൊന്നും വിറ്റുപോകാറില്ലല്ലോ. അതെല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. അപ്പോൾ അവയുടെ കവർ ഒരു മെച്ചപ്പെട്ട പരസ്യ ഇടവുമല്ല. എന്നിട്ടും അവിടെ തന്നെ പരസ്യം കൊടുക്കണം എന്നു തീരുമാനിച്ച യുക്തി കടന്നുകയറ്റത്തിന്റേതാണ്. എന്തുമാകാമെന്ന ഫാഷിസ്റ്റ് ചിന്തയുടേത്.
∙കെ.എസ്.ചിത്ര : ദാസേട്ടൻ എപ്പോഴും ഉപദേശിക്കും, സിനിമാപ്പാട്ടിനൊപ്പം കച്ചേരിയും കൊണ്ടുപോകണം. ശാസ്ത്രീയ കച്ചേരികൾ നടത്തണം. ദാസേട്ടന്റെ ഉപദേശങ്ങളിൽ എനിക്കു പാലിക്കാൻ പറ്റാത്തത് അതു മാത്രമാണ്.
∙ എൻ.എം.പിയേഴ്സൺ: പൊളിറ്റിക്കൽ യുക്തിയുടെ പ്രഭാഗോപുരമായിരുന്നു ഇഎംഎസ്. എന്നാൽ, അദ്ദേഹത്തിന്റെ പൈതൃകം ഏറ്റെടുക്കാൻ കരുത്തുള്ള ആരും ഇന്നു പാർട്ടിയിൽ അവശേഷിക്കുന്നില്ല. വിൻസ്റ്റൺ ചർച്ചിൽ വിശേഷിപ്പിച്ച വൈക്കോൽ മനുഷ്യരായി സിപിഎം നേതൃത്വം മാറുകയാണ്. അവരുടെ വിഡ്ഢിത്തമാണ് സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നത്.
∙ പിരപ്പൻകോട് മുരളി: കമ്യൂണിസ്റ്റുകാരെക്കുറിച്ച് പണ്ട് മനസ്സിലാക്കുന്നതെന്താ? ഏറ്റവും ന്യായസ്ഥരാണ്, ഏറ്റവും വലിയ മനുഷ്യ സ്നേഹിയാണ്, ഏറ്റവും വലിയ വിനയാന്വിതനാണ് എന്നൊക്കെയാണല്ലോ. ഇതിനെല്ലാം എതിരല്ലേ ഇന്ന്.
∙ പ്രഫ. എ.കുഞ്ഞാമൻ: പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനു പ്രസിഡന്റ് ദ്രൗപദി മുർമുവിനെ ക്ഷണിക്കാതിരുന്നത്, അവർ ആദിവാസിയായതുകൊണ്ടാണ് എന്ന അഭിപ്രായം മീഡിയ ഉയർത്തിയിരുന്നു. എന്നാൽ, അവർ ഒരു ആദിവാസി പ്രസിഡന്റല്ല. ഒരു ആദിവാസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള പ്രൊവിഷനില്ല, ഭരണഘടനയിൽ. ആദിവാസിയായതുകൊണ്ടല്ല അവരെ തഴഞ്ഞത്, തന്റെ അപ്രമാദിത്തം നിലനിർത്തുക എന്നതായിരുന്നു മോദിയുടെ ലക്ഷ്യം.
∙ ഡോ.പി.സോമൻ: സാമൂഹിക ജീവിതമൂല്യങ്ങളെ പ്രതിരോധിക്കുന്നതിൽ ബുദ്ധിജീവികൾക്കുണ്ടായിരുന്ന പങ്കു നഷ്ടപ്പെട്ടിരിക്കുന്നു. സത്യാനന്തരകാലം വ്യാജ ബുദ്ധിജീവികളുടെ കാലം കൂടിയാണ്. ഒരു തരത്തിൽ ഇന്റർനെറ്റും നിർമിതബുദ്ധിയും പാരമ്പര്യ ബുദ്ധിജീവികളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്.
∙ കലൂർ ഡെന്നീസ്: സിനിമയിൽ ഞാൻ ഭാഗ്യവാനാണ്. ആർക്കു പിന്നാലെയും അവസരം അന്വേഷിച്ചു നടക്കേണ്ടി വന്നിട്ടില്ല. മമ്മൂട്ടി നായകനായ പ്രത്യേകം ശ്രദ്ധിക്കുക, ക്ഷമിച്ചു എന്നൊരു വാക്ക്, മലരും കിളിയും എന്നീ 3 സിനിമകൾ ഒരേ ദിവസം റിലീസ് ചെയ്യാനുള്ള അപൂർവഭാഗ്യവും എനിക്കു ലഭിച്ചിട്ടുണ്ട്. 1986ൽ ആയിരുന്നു അത്.
∙ പി.എഫ്. മാത്യൂസ്: സിനിമ എഴുതുന്നതിനെക്കാൾ ആയിരം ഇരട്ടി സന്തോഷം കിട്ടുന്നത് നോവലെഴുതുമ്പോഴാണ്. എന്തൊക്കെ അവകാശപ്പെട്ടാലും സിനിമ എഴുത്തുകാരന്റെ കലയേയല്ല എന്നാണ് എന്റെ വിശ്വാസം. പിന്നെ എന്തുകൊണ്ടു സിനിമ എഴുതുന്നു എന്നു ചോദിച്ചാൽ രണ്ടുത്തരമുണ്ട്. ഒന്ന്, ആ ജോലിയിൽ നിന്നു മാത്രമാണ് എഴുത്തുകാരനു മാന്യമായ ശമ്പളം കിട്ടുന്നത്. രണ്ട്, എനിക്കു സിനിമ വളരെ ഇഷ്ടമാണ്.
∙ ഇ.വി.രാമകൃഷ്ണൻ: നിരൂപകരുടെ ജോലി തങ്ങളെപ്പറ്റി സങ്കീർത്തനങ്ങൾ രചിക്കുകയാണെന്നു വിശ്വസിക്കുന്നവരാണ് നമ്മുടെ എഴുത്തുകാരിൽ ഏറിയ പങ്കും. ആത്മവിശ്വാസമില്ലാത്ത, ആത്മവിമർശനത്തിനു ശേഷിയില്ലാത്ത എഴുത്തുകാർ സാഹിത്യവിമർശനത്തെ, അതിലൂടെ നടക്കുന്ന ആശയസംഘർഷങ്ങളെ , അത്തരം സംഘർഷങ്ങളിലൂടെ മാത്രം നേടിയെടുക്കാനാവുന്ന ആത്മപ്രതിഫലന ശേഷിയെ ഭയക്കുന്നു എന്നതാണ് സത്യം.
∙ ഡോ.അരുൺ സഖറിയ: കാടിന്റെയും കാട്ടുമൃഗങ്ങളുടെയും രീതികളെ മനുഷ്യന്റെ സ്വഭാവവുമായി താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണ്. ആളുകൾ കാൽപനികമായി പറയുംപോലെ കൊമ്പനാനയും പിടിയാനയും കുട്ടിയാനയും പെടുന്ന കുടുംബമൊന്നുമില്ല. ഇണചേരാനായി എത്തുന്ന കൊമ്പൻ അതുകഴിഞ്ഞാൽ സ്ഥലംവിടും. പ്രസവിക്കുന്നതും ആറേഴു വയസ്സുവരെ കുട്ടിയാനയെ വളർത്തുന്നതും അമ്മയാണ്. അപ്പോൾ എവിടെയാണ് ഭാര്യയും കുടുംബവുമൊക്കെ? അമ്മ– കുഞ്ഞ് സെന്റിമെന്റ്സും ആനയ്ക്കില്ല.
English Summary: Vachakamela