വല വിരിച്ച് ‘പഠനസഹായം’
Mail This Article
ഡിഗ്രി, പിജി, ബിടെക്, വിദൂരവിദ്യാഭ്യാസം എന്നൊക്കെ സമൂഹമാധ്യമങ്ങളിൽ ഒരു തവണ തിരഞ്ഞാൽ മതി, വ്യാജബിരുദങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ നോട്ടിഫിക്കേഷനുകളുടെ തള്ളായിരിക്കും പിന്നീട്. ഓൺലൈനായി ചെയ്യാവുന്ന ഡിഗ്രി, പിജി കോഴ്സുകളാണ് സമൂഹമാധ്യമ പരസ്യങ്ങളിലെ പ്രധാന ആകർഷണം. ആറുമാസം കൊണ്ടു ഡിഗ്രി മുതൽ ഓൺലൈനായി നേടാവുന്ന എൽഎൽബി വരെയുണ്ട്. ഡിഗ്രി തോറ്റവർക്കു ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാൻ സഹായിക്കുന്നവരുണ്ട്. വിദേശ സർവകലാശാലകളിലെ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയുമൊക്കെ പുഷ്പം പോലെ കിട്ടും. തുട്ടു കുറച്ചു ചെലവാക്കണമെന്നേയുള്ളൂ.
നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ നാട്ടിലെ വിദൂരവിദ്യാഭ്യാസ നടത്തിപ്പുകാരന്റെ അതേ മറുപടികൾ തന്നെ: ‘പഠിക്കേണ്ട, പരീക്ഷയെഴുതേണ്ട, ചുമ്മാ കാശിട്ടോളൂ, സർട്ടിഫിക്കറ്റിനു ഞങ്ങൾ ഗാരന്റി.’
സമൂഹമാധ്യമ പരസ്യങ്ങളുടെ പളപളപ്പിൽ വീണ് പതിനായിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെടുന്നവർ ഒട്ടേറെ.
സ്വന്തമായും തല്ലിക്കൂട്ടാം
പഠിക്കാൻ ഇതര സംസ്ഥാനങ്ങളിലെത്തിയ ശേഷം ഉഴപ്പിനടന്നു തോറ്റുതൊപ്പിയിട്ട പലരും ഓൺലൈൻ ഫോറങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കുന്നൊരു ചോദ്യമുണ്ട്, ‘വീട്ടുകാരെ ബോധ്യപ്പെടുത്താൻവേണ്ടി സർട്ടിഫിക്കറ്റ് എങ്ങനെ ഒപ്പിക്കാം?’ ഉത്തരമായി പലരും രേഖപ്പെടുത്തുന്നത് സർട്ടിഫിക്കറ്റ് ജനറേറ്റർ ആപ്പുകളുടെ പേരാണ്. ഇഷ്ട സർവകലാശാലകളുടെ പേരിൽ സ്വയം സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിക്കുന്നവയാണ് ഇത്തരം ആപ്പുകൾ. അടിസ്ഥാനവിവരങ്ങളും സർട്ടിഫിക്കറ്റിൽ ഒപ്പിടേണ്ട ‘വിസി’യുടെ പേരും ടൈപ്പ് ചെയ്തു നൽകുന്നതാണ് ആദ്യഘട്ടം. ഈ വിവരങ്ങളുപയോഗിച്ച് സർട്ടിഫിക്കറ്റ് രൂപകൽപന ചെയ്യാം. ശേഷം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്തെടുക്കണം. എന്നാൽ, ഹോളോഗ്രാം പോലുള്ള ആധികാരികമുദ്രകൾ ഇവയിലുണ്ടാകില്ല. പതിനായിരങ്ങൾ മുടക്കാൻ ഗതിയില്ലാത്തവർ ഇത്തരം ആപ്പുകളുടെ പിന്നാലെ പോകുന്നു.
ഫാസ്റ്റ് ട്രാക്കിൽ ഡിഗ്രിയും
‘വ്യാജ ബിരുദം’ നൽകുന്ന ഓൺലൈൻ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിച്ചുപോയ കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ അംഗവും കാസർകോട് രാജപുരം സെന്റ് പയസ് ടെൻത് കോളജ് അധ്യാപകനുമായ ഡോ. ഷിനോ പി.ജോസ് പറയുന്നതിങ്ങനെ: ‘‘ഫാസ്റ്റ് ട്രാക്കിൽ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്നതു കേട്ടിരിക്കാം. പക്ഷേ, ഫാസ്റ്റ് ട്രാക്ക് ആയി ഡിഗ്രി തന്നെ ലഭിക്കുമെന്ന വാഗ്ദാനവുമായി ആയിരക്കണക്കിന് ഓൺലൈൻ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സമൂഹമാധ്യമ പരസ്യങ്ങളിലെ നമ്പറുകളിൽ ഒരു ഹായ് ഇട്ടാൽ മതി. ബാക്കിയെല്ലാം പിറകേ വന്നുകൊള്ളും. രണ്ടു വർഷത്തിനുള്ളിൽ ത്രിവത്സര ഡിഗ്രി നൽകുമെന്നാണു വാഗ്ദാനം. പിജിയും പിഎച്ച്ഡിയും വരെ തരാമെന്നേൽക്കും.
ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ള ക്രെഡിറ്റ് ട്രാൻസ്ഫർ എന്ന ടേം വ്യാപകമായി ഇവർ ദുരുപയോഗിക്കുന്നുണ്ട്. പരീക്ഷകൾ ഓൺലൈനായും എളുപ്പത്തിലും ചെയ്യാൻ കഴിയുമെന്നും വാഗ്ദാനമുണ്ട്. പലർക്കും കൊച്ചിയിലും തൃശൂരിലുമൊക്കെ ഓഫിസുകളുമുണ്ട്. പ്രശസ്ത സർവകലാശാലകളുടെ ഓഫ് ക്യാംപസ് കോഴ്സുകളും വിദൂര വിദ്യാഭ്യാസകേന്ദ്രങ്ങളും നടത്തുന്നവർ പോലും അതിന്റെ മറവിൽ തട്ടിപ്പു ബിരുദങ്ങൾ നൽകുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ മേൽവിലാസത്തിൽ ഫോൺ നമ്പർ നൽകിയാൽ മാത്രം മതി. പിന്നെ നമ്മൾ ഡിഗ്രി എടുത്തുപോകും. അത്രമാത്രം മോഹന സുന്ദര വാഗ്ദാനങ്ങളാണു തുടർച്ചയായി ലഭിക്കുക. പഠനവും പരീക്ഷയുമെല്ലാം ഓൺലൈനായിരിക്കും. പരീക്ഷയെഴുതാൻ സഹായവും നൽകും.
ബിഎയ്ക്ക് 45,000 രൂപയും ബികോമിന് 50,000 രൂപയും ബിബിഎയ്ക്ക് 60,000 രൂപയുമാണു ഫീസ്. തുടക്കത്തിൽ 10,000 അടച്ചാൽ മതി. ഉത്തരേന്ത്യയിലെ സ്വകാര്യ സർവകലാശാലകളുടെ ബിരുദമാണു വാഗ്ദാനം. ഇവയ്ക്ക് കണ്ണൂർ, കേരള സർവകലാശാലകളുടെ തുല്യതാ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു തരാമെന്നുവരെ വാഗ്ദാനമുണ്ട്. ബിരുദം യുജിസി, പിഎസ്‌സി, യുപിഎസ്‌സി അംഗീകൃതമാണെന്നു വരെയുള്ള വൻവാഗ്ദാനങ്ങളാണിവരുടേത്. വിദേശ രാജ്യങ്ങൾപോലും അംഗീകരിച്ചതായും അവകാശവാദമുയർത്തും. ഹയർ സെക്കൻഡറി പരീക്ഷാഫലം വന്നാലുടൻ തുടങ്ങും ഈ മാഫിയകളുടെ ഇടപെടൽ. ആയിരക്കണക്കിനു പാവങ്ങളാണിവരുടെ വലയിൽ കുടുങ്ങുന്നത്. കേരളത്തിൽ തുച്ഛമായ ഫീസിനു പഠിക്കാവുന്ന സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഇതേ കോഴ്സുകൾക്കു ലക്ഷക്കണക്കിനു രൂപ ഫീസ് നൽകി രക്ഷിതാക്കൾ കുടുങ്ങുന്നത്. ‘പ്രവേശനം’ നേടുമ്പോഴും ഫീസ് അടയ്ക്കുമ്പോഴും വിദ്യാർഥികളും രക്ഷിതാക്കളും ഇതു തിരിച്ചറിയില്ല. ഒരു വർഷം കഴിയുമ്പോഴാണു തട്ടിപ്പു മനസ്സിലാവുക. അപ്പോഴേക്കും പണം തിരിച്ചുപിടിക്കാൻ കഴിയാത്ത സ്ഥിതിയാകും. തട്ടിപ്പുകാർ മിക്കവരും മലയാളികൾ. നല്ല ശുദ്ധമലയാളത്തിലാണു മറുപടികളെല്ലാം.’’
റജിസ്റ്റർ നമ്പർ: 1408**** APR 2011, 1408**** APR 2012, സീരിയൽ നമ്പർ: 0058*** (സ്റ്റാറിട്ട അക്കങ്ങൾ അറിയാമെങ്കിലും സ്വകാര്യത കണക്കിലെടുത്തു പ്രസിദ്ധീകരിക്കുന്നില്ല). വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകുന്ന ഒരു വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) 2012ലെ സാംപിൾ സർട്ടിഫിക്കറ്റിലുണ്ടായിരുന്ന റജിസ്റ്റർ നമ്പറും സീരിയൽ നമ്പറുമാണിത്.
കുസാറ്റിന്റെ 2012ലെ ബിരുദ സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റ് ഇതു തന്നെയാണോയെന്നറിയാൻ ഈ വ്യാജന്റെ പകർപ്പ് സർവകലാശാലാ അധികൃതർക്ക് അയച്ചു നൽകി. അപ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത പുറത്തായത്: വ്യാജ സർട്ടിഫിക്കറ്റിലെ റജിസ്റ്റർ നമ്പറിൽ ഒരു വിദ്യാർഥി 2012ൽ പരീക്ഷയെഴുതിയിട്ടുണ്ട്. അന്ന് കുസാറ്റുമായി അഫിലിയേറ്റ് ചെയ്തിരുന്ന പാലാ കിടങ്ങൂർ എൻജിനീയറിങ് കോളജിൽ പഠിച്ച വിദ്യാർഥിയുടെ റജിസ്ട്രേഷൻ നമ്പറാണിത്. എന്നാൽ, ആ വിദ്യാർഥി പരീക്ഷ പാസായിട്ടില്ല. സർട്ടിഫിക്കറ്റിലെ സീരിയൽ നമ്പറിൽ ഡിഗ്രി സർട്ടിഫിക്കറ്റ് മറ്റൊരു വിദ്യാർഥിക്കു നൽകിയിട്ടുണ്ട്. കുസാറ്റിൽ തന്നെ പഠിച്ച ആ വിദ്യാർഥി പരീക്ഷ പാസായിട്ടുണ്ട്. പരീക്ഷ പാസാകാത്ത വിദ്യാർഥിയുടെ റജിസ്ട്രേഷൻ നമ്പറും പാസായ വിദ്യാർഥിക്കു നൽകിയ സർട്ടിഫിക്കറ്റിന്റെ സീരിയൽ നമ്പറും ചേർത്തു നിർമിച്ച വ്യാജ സർട്ടിഫിക്കറ്റിന്റെ സാംപിളാണു വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നത്.
ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പും റജിസ്ട്രേഷൻ, സീരിയൽ നമ്പറുകളും കൃത്യമായി വ്യാജന്മാരുടെ കയ്യിലെത്തിയത് എങ്ങനെ? ഒന്നുകിൽ വിദ്യാർഥി സർട്ടിഫിക്കറ്റ് നൽകിയ ഏതെങ്കിലും സ്ഥലത്തുനിന്ന് അതു ചോർത്തി. അല്ലെങ്കിൽ പരീക്ഷ പാസാകാത്ത വിദ്യാർഥി പരീക്ഷ പാസായ വിദ്യാർഥിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ചു വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചു!
അരശുംമൂട്ടിൽ അപ്പുക്കുട്ടനും കിട്ടി, എംഎ!
‘യോദ്ധ’യിലെ കഥാപാത്രത്തിന്റെ പേരിൽ വെബ്സൈറ്റിനെ സമീപിച്ചപ്പോൾ എംഎ സർട്ടിഫിക്കറ്റ് റെഡി! സിനിമയിൽ കാവിലെ പാട്ടുമത്സരത്തിൽ തോറ്റെങ്കിലും അരശുംമൂട്ടിൽ അപ്പുക്കുട്ടനെ ഓൺലൈൻ തട്ടിപ്പു ‘യൂണിവേഴ്സിറ്റി’കൾ സംഗീതത്തിൽ ബിരുദാനന്തര ബിരുദം അടക്കമുള്ളവ നൽകി ആദരിച്ചു!
യൂറോയിലോ ഡോളറിലോ പണം നൽകിയാൽ ആരുടെ പേരിലും ഏതു സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റ് നൽകുന്ന രണ്ടു വെബ്സൈറ്റുകളാണ് അപ്പുക്കുട്ടനെന്ന സാങ്കൽപിക പേരിൽ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാൻ സന്നദ്ധത അറിയിച്ചത്. സാംപിളായി സർട്ടിഫിക്കറ്റിന്റെ മാതൃക അയച്ചുനൽകി. 379 യൂറോ (32973 രൂപ) അയച്ചു നൽകിയാലേ പ്രിന്റ് ചെയ്ത, ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് തപാലിലയയ്ക്കാൻ കഴിയൂ എന്നാണവരുടെ വാദം.
മംഗലശ്ശേരി നീലകണ്ഠൻ, അരശുംമൂട്ടിൽ അപ്പുക്കുട്ടൻ തുടങ്ങിയ സിനിമാ കഥാപാത്രങ്ങളുടെ പേരിൽ ഒന്നിലധികം വെബ്സൈറ്റുകളെയാണ് ഒരേസമയം സമീപിച്ചത്. മണിപ്പാൽ, അണ്ണാമലൈ, കണ്ണൂർ തുടങ്ങിയ സർവകലാശാലകളുടെ മുതൽ ഓക്സ്ഫഡും ഹാർവഡും കേംബ്രിജും അടക്കമുള്ളവയുടെ സർട്ടിഫിക്കറ്റിന്റെ വരെ വ്യാജസാംപിളുകൾ ഡസനിലേറെ വെബ്സൈറ്റുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇഷ്ടമുള്ള ടെംപ്ലേറ്റിൽ ക്ലിക്ക് ചെയ്താൽ ഏതു സർവകലാശാലയുടെ ഡിഗ്രിയാണു വേണ്ടതെന്ന ചോദ്യം വരും. സർട്ടിഫിക്കറ്റ് വേണ്ടയാളുടെ പേര്, വിഷയം തുടങ്ങിയ വിശദാംശങ്ങളും ആവശ്യപ്പെടും. വിവരങ്ങൾ നൽകിയാൽ സാംപിൾ ഇ–മെയിലായി അയച്ചു നൽകും. പ്രിന്റ് ചെയ്ത ഒന്നാന്തരം സർട്ടിഫിക്കറ്റ് 15 മുതൽ 30 ദിവസത്തിനുള്ളിൽ തപാലിൽ വരും. ഈ വെബ്സൈറ്റുകളുടെ ‘സേവനം’ ലഭിച്ച ഒട്ടേറെപ്പേർ കമന്റ് ബോക്സിൽ സസന്തോഷം റിവ്യു രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. വീട്ടിൽ ഫ്രെയിം ചെയ്തു പ്രദർശിപ്പിക്കാനാണു പലരും വ്യാജ സർട്ടിഫിക്കറ്റ് വരുത്തിയിരിക്കുന്നത്. വിവാഹത്തിനു മുൻപായി വിദ്യാഭ്യാസ യോഗ്യത പൊലിപ്പിച്ചു കാട്ടാനും ചിലർ ഇത് ഉപയോഗിക്കുന്നതായി റിവ്യുകളിലുണ്ട്.
അരശുംമൂട്ടിൽ അപ്പുക്കുട്ടൻ ‘അപ്ലൈ’ ചെയ്തതിങ്ങനെ:
∙ വ്യാജ സർട്ടിഫിക്കറ്റുകളുടെ ‘ഒറിജിനാലിറ്റി’യുടെ പേരിൽ കുപ്രസിദ്ധി നേടിയ ഒരു വെബ്സൈറ്റിൽ കയറുന്നു.
∙ ഓക്സ്ഫഡും കേംബ്രിജുമടക്കമുള്ള സർവകലാശാലകളുടെ സർട്ടിഫിക്കറ്റിന്റെ ടെംപ്ലേറ്റുകൾ യഥേഷ്ടം ലഭ്യം. ഓക്സ്ഫഡ് തന്നെ തിരഞ്ഞെടുത്തു!
∙ പേരും വിവരങ്ങളും ടൈപ്പ് ചെയ്തു നൽകുന്നു. യഥാർഥ സർട്ടിഫിക്കറ്റ് 5 ബിസിനസ് ദിവസത്തിനുള്ളിൽ തപാലിൽ ലഭിക്കുമെന്നു വാഗ്ദാനം. സാംപിൾ നൽകാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്തു.
∙ ഒരു ദിവസത്തിനുള്ളിൽ സാംപിൾ മെയിലിൽ ലഭിക്കുന്നു. ഹോളോഗ്രാം സഹിതമുള്ള ഒന്നാന്തരം സർട്ടിഫിക്കറ്റ്. എന്നാൽ, സർട്ടിഫിക്കറ്റിനുള്ളിലല്ല, തൊട്ടുതാഴെയാണു പേരും ബിരുദവും വച്ചിട്ടുള്ളത്. പണമടച്ചാലേ സർട്ടിഫിക്കറ്റിനുള്ളിലാക്കി നൽകൂ .
നാളെ: അന്വേഷണങ്ങളിൽ സംഭവിക്കുന്നത്
റിപ്പോർട്ടുകൾ: കെ. ജയപ്രകാശ് ബാബു, വിനോദ് ഗോപി, ജോജി സൈമൺ, ജിതിൻ ജോസ്, എസ്.പി.ശരത്
സങ്കലനം: അജീഷ് മുരളീധരൻ
Content Highlight: Series on Fake Certificate racket