'വ്യാജാഭ്യാസ’ത്തിന് തടയിടണം
Mail This Article
കേരളത്തിന്റെ ഭാവിയുടെ ദിശാസൂചികയായ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലനിൽപിനെത്തന്നെ ചോദ്യം ചെയ്യുന്ന വാർത്തകളാണു നാം കേട്ടുകൊണ്ടിരിക്കുന്നത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ഉന്നതപഠനത്തിനും ജോലിക്കും ശ്രമിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നത് ഈ മേഖലയുടെ വിശ്വാസ്യതയുടെ കടയ്ക്കൽതന്നെ കത്തിവച്ചിരിക്കുന്നു.
വിദ്യാഭ്യാസ കേരളം അഭിമുഖീകരിക്കുന്ന ആപൽക്കരമായ സാഹചര്യം വ്യക്തമാക്കി പല സംഭവങ്ങളും ഇതിനകം നാം കേട്ടുകഴിഞ്ഞു. സംസ്ഥാനത്തെ വ്യാജ ബിരുദ മാഫിയയെക്കുറിച്ചു മലയാള മനോരമ ലേഖകർ നടത്തിയ അന്വേഷണ പരമ്പര– ‘വ്യാജാഭ്യാസം’ – കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തെ ഞെട്ടിക്കുകയുണ്ടായി. ‘കുവൈത്തിൽ ജോലി ശരിയായിട്ടുണ്ട്. ബിടെക് സർട്ടിഫിക്കറ്റ് കൂടി വേണമായിരുന്നു’ എന്ന ആവശ്യത്തിന്, ‘സ്വകാര്യ സർവകലാശാലയുടേതെങ്കിൽ 2.60 ലക്ഷം രൂപ; സർക്കാർ സർവകലാശാലയാണു നല്ലത്, അതിന് 4.25–4.75 ലക്ഷമാകും’ എന്ന മറുപടിയാണ് കൊല്ലത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനം നൽകിയത്. ഈ ‘വിലവിവരപ്പട്ടിക’യടക്കം പല കണ്ടെത്തലുകളും പരമ്പരയിലുണ്ടായി.
രാഷ്ട്രീയക്കാരുടെയടക്കം സംരക്ഷണവലയത്തിനുള്ളിൽ മറഞ്ഞുകിടക്കുന്ന എത്രയെത്ര വ്യാജർ വേറെയും ഉണ്ടാവുമെന്ന ആശങ്ക ഉയർത്തിയാണ് തട്ടിപ്പുസംഭവങ്ങൾ ഓരോന്നായി പുറത്തുവരുന്നത്. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സർവകലാശാലകളുടെ പേരിലുള്ള വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകുന്ന ഒട്ടേറെ ഏജന്റുമാർ ഓഫിസുകൾ തുറന്നു നേരിട്ടും സമൂഹമാധ്യമങ്ങൾ വഴിയും ചൂണ്ടക്കൊളുത്തുകളുമായി കാത്തിരിക്കുകയാണെന്ന വിവരവും മനോരമ പരമ്പര വെളിപ്പെടുത്തുന്നു. ജോലിയോ ഉന്നതപഠനമോ ആഗ്രഹിക്കുന്നൊരാൾ ഇതിൽ കൊത്തിക്കഴിഞ്ഞാൽ മാസങ്ങൾക്കകം ഒറിജിനലിനെ വെല്ലുന്ന സർട്ടിഫിക്കറ്റുകൾ അവരുടെ കയ്യിലെത്തും. ഗുരുതര പരാതികൾ ഉയരുമ്പോഴും മറ്റുമായിരിക്കും പലപ്പോഴും ഇത്തരം തട്ടിപ്പുകൾ പുറത്തുവരുന്നത്. ഇത്രയും ധൈര്യത്തോടെ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിവിൽക്കാൻ ഇവർക്കൊക്കെ പിന്തുണ കിട്ടുന്നത് എവിടെനിന്നാണ് ?
വ്യാജസർട്ടിഫിക്കറ്റ് നിർമാണം രാജ്യത്ത് കള്ളനോട്ടുപോലെ വ്യവസായമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ അധികൃതർതന്നെ പറയുമ്പോൾ അത് അതീവഗൗരവത്തോടെ സർക്കാർ കാണേണ്ടതുണ്ട്. കള്ളനോട്ട് അച്ചടിച്ചു വിതരണം ചെയ്യുന്നതു രാജ്യത്തിന്റെ സമ്പദ്മേഖലയെ എങ്ങനെ ബാധിക്കുമോ അതുപോലെയാണു വ്യാജ സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസമേഖലയെയും ബാധിക്കുന്നത്. വ്യാജരുടെ ചെയ്തികൾ പുറത്തുവരുന്നതോടെ കേരളത്തിലെ സർവകലാശാലകൾക്കും ഇവിടെ പഠിക്കുന്ന കുട്ടികൾക്കും പുറത്തുണ്ടാവുന്ന പ്രതിഛായ എന്തായിരിക്കുമെന്നുകൂടി ആലോചിക്കേണ്ടതുണ്ട്. സമീപകാല വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചില വിദേശ സർവകലാശാലകളെങ്കിലും കേരളത്തിലെ വിദ്യാർഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് കിട്ടിയശേഷമേ പ്രവേശന നടപടി തുടങ്ങൂ എന്ന നിലപാടെടുത്തിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നേടിയ ചിലർ സംസ്ഥാനത്തെ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നുണ്ടെന്നാണ് മനോരമ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.
‘വ്യാജാഭ്യാസ’ത്തിന് അടിയന്തരമായി തടയിടേണ്ടതു കേരളത്തിന്റെയാകെ ആവശ്യമായിത്തീർന്നിരിക്കുന്നു. വ്യാജസർട്ടിഫിക്കറ്റുകൾ തടയാൻ സർവകലാശാലകൾ സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാമും ക്യുആർ കോഡും ഉറപ്പാക്കേണ്ടതുണ്ട്. എല്ലാ സർട്ടിഫിക്കറ്റുകളും സർവകലാശാലകൾ ഡിജിലോക്കറിൽ അപ്‌ലോഡ് ചെയ്യുകയെന്നതാണ് ഇതിനെതിരെയുള്ള ഏറ്റവും ശക്തമായ നടപടികളിലൊന്ന്. കേരള സർവകലാശാലയും ആരോഗ്യ സർവകലാശാലയും ഇതു തുടങ്ങിവച്ചിട്ടുണ്ട്. കടലാസിൽ അച്ചടിക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഒഴിവാക്കുകയാണു വ്യാജന്മാരെ നേരിടാനുള്ള പ്രധാന മാർഗം. ഡിഗ്രികൾ ഓൺലൈൻ ആയി നൽകുകയും അതു നാഷനൽ അക്കാദമിക് ഡിപ്പോസിറ്ററിയിൽ സൂക്ഷിക്കുകയും ചെയ്യണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ മേഖലയെ നിർബാധം വ്യാജവിളയാട്ടങ്ങൾ നടത്താനുള്ള അരങ്ങാക്കുന്നത് ഭാവിതലമുറയോടു ചെയ്യുന്ന ഏറ്റവും കടുത്ത അനീതിയാണെന്നതിൽ സംശയമില്ല. ഈ രംഗത്തെ തട്ടിപ്പുകൾക്കു വെള്ളവും വളവും നൽകിപ്പോരുന്ന രാഷ്ട്രീയ സംഘടനകൾ വിചാരിച്ചാൽത്തന്നെ ഈ മേഖലയെ വലിയൊരു അളവോളം ശുദ്ധീകരിക്കാൻകഴിയും. കൂടുതൽ പുഴുക്കുത്തുകൾ ഉണ്ടാവുന്നതിനുമുൻപ് നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂല ശുദ്ധീകരണം ഉണ്ടായേതീരൂ.
English Summary: Editorial about fake degree certificate