അനീതിയുടെ ബുൾഡോസർ
Mail This Article
വർഗീയ സംഘർഷമുണ്ടായ ഹരിയാനയിലെ നൂഹ് ജില്ലയിൽ ബുൾഡോസർ ഉപയോഗിച്ചു വീടുകളും കടകളും ഇടിച്ചുനിരത്തുന്ന നടപടി പഞ്ചാബ്–ഹരിയാന ഹൈക്കോടതി തടഞ്ഞതിലെ പാഠം സുവ്യക്തമാണ്: അധികാരികളുടെ ആയുധമാകരുത് ബുൾഡോസർ.
പ്രതികാര നടപടിയെന്ന നിലയിലാണ് വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് കോടതി ഇടപെടൽ. നൂഹിലെ സംഘർഷത്തിനു പിന്നാലെ വ്യാഴാഴ്ചയാരംഭിച്ച ഒഴിപ്പിക്കൽ നടപടികൾക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇനിയൊരു നിർദേശമുണ്ടാകുന്നതുവരെ ഒഴിപ്പിക്കൽ പാടില്ലെന്നാണു കോടതി നിർദേശം. ഇത്തരം നടപടികളിൽ പതിവുള്ളവിധം, കയ്യേറ്റമാണെന്നാരോപിച്ച് നഗരവികസനവകുപ്പും വനംവകുപ്പുമാണു കെട്ടിടങ്ങളും വീടുകളും ഇടിച്ചുനിരത്തിയത്. പാവപ്പെട്ടവരുടെ നൂറുകണക്കിനു കുടിലുകളും ഇതിലുണ്ട്. വിഎച്ച്പി യാത്രയ്ക്കെതിരെ നടത്തിയ അക്രമത്തിൽ ഉൾപ്പെട്ടവരുടെ വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയവയിൽ ഉണ്ടെന്നു ജില്ലാ ഭരണകൂടം അറിയിക്കുകയുണ്ടായി.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നിർദേശമനുസരിച്ചാണു കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതെന്നാണു സബ് ഡിവിഷനൽ മജിസ്‌ട്രേട്ട് വ്യക്തമാക്കിയത്. നൂഹിലെ കലാപത്തിനിറങ്ങിയവരെന്ന പേരിൽ പിടിയിലായവരെ കോടതി വിചാരണ ചെയ്യാനും കുറ്റക്കാരെന്നു തീരുമാനിക്കാനും സമയമെടുക്കുമെന്നിരിക്കെ, ‘ഉടനടി നീതി നടപ്പാക്കാൻ’ സർക്കാർ തുനിഞ്ഞുവെന്നാണ് ആരോപണം. യുപിയിലും മധ്യപ്രദേശിലും ബിഹാറിലുമൊക്കെ സമീപകാലത്തുണ്ടായവിധം, ബുൾഡോസർ പ്രയോഗത്തിനായുള്ള ഉന്നതതലനിർദേശം രാജ്യത്തെത്തന്നെ നാണംകെടുത്തുന്നു.
‘തട്ടുകടകളും കസേരകളും ബെഞ്ചുകളും നീക്കാൻ ബുൾഡോസറുകൾ വേണോ?’ വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ കയ്യേറ്റമൊഴിപ്പിക്കൽ എന്ന പേരിലുണ്ടായ നടപടികളെക്കുറിച്ചു സുപ്രീം കോടതി കഴിഞ്ഞവർഷം ഏപ്രിലിൽ ഉന്നയിച്ച ഈ ചോദ്യം പലതുകൊണ്ടും അർഥവത്തായിരുന്നു. നടപടി അതിരുകടന്നതായിരുന്നില്ലേ, നിയമം നടപ്പാക്കലെന്ന പേരിൽ എന്തുമാകാമോ തുടങ്ങിയ കാര്യങ്ങൾക്കൂടി ഉള്ളടങ്ങുന്നതായിരുന്നു സുപ്രീം കോടതിയുടെ അന്നത്തെ ചോദ്യം. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചല്ലാതെ, പ്രതികാരമെന്നവിധം കെട്ടിടങ്ങൾ ഇടിച്ചുപൊളിക്കാൻ പാടില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചതാകട്ടെ കഴിഞ്ഞവർഷം ജൂണിലും.
എത്ര ഗൗരവമുള്ള കേസന്വേഷണത്തിന്റെ പേരിലായാലും വീട് ഇടിച്ചുനിരത്താൻ നിയമം അനുവദിക്കുന്നില്ലെന്നു ഗുവാഹത്തി ഹൈക്കോടതി വ്യക്തമാക്കിയതു കഴിഞ്ഞ നവംബറിലാണ്. അസമിലെ നാഗോൺ ജില്ലയിലെ ചില വീടുകൾ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ഓർമിപ്പിച്ചത്. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും വീട് പരിശോധിക്കണമെങ്കിൽപോലും അനുമതി വേണമെന്നും അന്ന് ഓർമിപ്പിച്ച ചീഫ് ജസ്റ്റിസ്, ‘നാളെ നിങ്ങൾ കോടതി മുറിയും കുഴിക്കുമല്ലോ’ എന്നു പരിഹസിച്ചതിൽ ബുൾഡോസർ പകയോടെ ഉപയോഗിക്കുന്ന എല്ലാ സർക്കാരുകൾക്കുമുള്ള മുന്നറിയിപ്പുണ്ട്.
ബുൾഡോസർ പുതിയ ഭരണായുധമായി മാറുന്നതാണു പല സംസ്ഥാനങ്ങളിലെയും സമീപകാല സംഭവങ്ങളിൽ കാണുന്നത്. സർക്കാരും അതിന്റെ സംവിധാനങ്ങളും നടപടിക്രമങ്ങൾ പാലിച്ചുവേണം ഭരണഘടനാപരമായ വ്യവസ്ഥകളുൾപ്പെടെ നടപ്പാക്കാൻ എന്നതാണ് രാജ്യത്തെ നിയമവാഴ്ചയുടെ അടിസ്ഥാന തത്വം. എന്നാൽ, അതു തീർത്തും ലംഘിക്കപ്പെടുന്നുവെന്നാണ് അധികാര ധാർഷ്ട്യത്തോടെയുള്ള ഇടിച്ചുനിരത്തൽ നടപടികൾ വ്യക്തമാക്കുന്നത്. നിസ്സഹായരുടെ വീടുകൾക്കും ജീവനോപാധികൾക്കും മേൽ ബുൾഡോസർ കയറ്റാൻ എവിടെനിന്നാണ് ഇവർക്കു ധൈര്യം ലഭിക്കുന്നത്?
അനധികൃത കയ്യേറ്റങ്ങൾ തടയാനും ഒഴിപ്പിക്കാനും നിയമപരമായ നടപടികളുണ്ടാവണമെന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. എന്നാൽ, നിയമനിർവഹണത്തിന്റെ മറവിൽ ചിലരെ ഉന്നംവയ്ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയ അജൻഡ നടപ്പാക്കാനുള്ള ശ്രമം രാജ്യത്തോടും അതിന്റെ അടിസ്ഥാന മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണ്. ബുൾഡോസറല്ല ഈ മതനിരപേക്ഷ-ജനാധിപത്യ രാജ്യത്ത് നീതിയുടെ അടയാളമാവേണ്ടത്.
English Summary: Editorial about Haryana government for bulldozer action in Nuh