ജി20 ഉച്ചകോടിയുടെ ഫലശ്രുതി
Mail This Article
ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യയുടെ നേതൃപാടവവും സംഘാടനശേഷിയും അറിയിച്ച് ജി20 ഉച്ചകോടി സമാപിച്ചിരിക്കുന്നു. ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രഖ്യാപനം ഇന്ത്യൻ നയതന്ത്രജ്ഞതയുടെ വിജയംകൂടിയാണെന്നതിൽ സംശയമില്ല.
കോവിഡ്, യുക്രെയ്ൻ യുദ്ധം എന്നിവയെത്തുടർന്നുള്ള ആഗോള പ്രതിസന്ധികളുടെ കാലത്തെ സമ്മേളനമാണിത്. സാമ്പത്തികവളർച്ച പോലെയുള്ള മാനദണ്ഡങ്ങൾക്കപ്പുറം, മനുഷ്യ കേന്ദ്രീകൃതമായി ലോകത്തെ കാണേണ്ടത് ആവശ്യമാണെന്ന തിരിച്ചറിവാണ് ഈ ഉച്ചകോടിയുടെ ആധാരശില. ആഫ്രിക്കൻ യൂണിയനെക്കൂടി ഉൾപ്പെടുത്തിയതോടെ എല്ലാവർക്കും സാമ്പത്തികഭദ്രതയുറപ്പാക്കാൻ പരിശ്രമിക്കുന്നവരുടെ മുന്നണിയായി ജി20 വളരുന്നു.
യുക്രെയ്നിൽ ഭക്ഷ്യ–ഊർജ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള സൈനികനടപടികൾ അവസാനിപ്പിക്കണമെന്ന ന്യൂഡൽഹി പ്രഖ്യാപനം ശ്രദ്ധേയമാണ്. സംയുക്തപ്രഖ്യാപനത്തിനു തടസ്സംനിൽക്കുമെന്നു കരുതിയ ചൈനയുടെയും റഷ്യയുടെയും രാഷ്ട്രത്തലവന്മാരുടെ അസാന്നിധ്യത്തിലാണ് ജി20 അധ്യക്ഷരാജ്യമെന്ന നിലയ്ക്ക് ഇന്ത്യ മറ്റു രാജ്യങ്ങളെ പൊതുധാരണയിലെത്താൻ പ്രേരിപ്പിച്ചതെന്നതും ശ്രദ്ധേയം. ബലപ്രയോഗത്തിലൂടെയല്ല, ചർച്ചകളിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നു നിർദേശിക്കുന്ന സംയുക്ത പ്രഖ്യാപനം നീണ്ട ചർച്ചകൾക്കൊടുവിലാണ് അംഗീകരിച്ചത്.
അഞ്ചു കൊല്ലമായി ആഫ്രിക്കൻ യൂണിയൻ ജി20യിൽ സ്ഥിരാംഗത്വം ആവശ്യപ്പെടുകയായിരുന്നു. 55 രാജ്യങ്ങൾ അടങ്ങുന്ന ആഫ്രിക്കൻ യൂണിയൻ സ്ഥിരാംഗമായതോടെ ജി20 കൂട്ടായ്മയുടെ ഘടനയും സ്വഭാവവുംതന്നെ മാറുകയാണ്. വിഭവങ്ങളുടെ കാര്യമെടുത്താൽ ഏറ്റവും സമൃദ്ധവും സാമ്പത്തിക സാഹചര്യങ്ങളെടുത്താൽ ഏറ്റവും ദരിദ്രവുമായ രാജ്യങ്ങളാണ് ആഫ്രിക്കയിലുള്ളത്. വിഭവസമൃദ്ധിയുടെ പേരിൽമാത്രം തങ്ങളെ കൊതിയോടെ നോക്കുന്ന സമ്പന്നരാജ്യങ്ങളെ അവർ അതൃപ്തിയോടെയാണു കണ്ടുവന്നത്. തങ്ങൾകൂടി ഉൾപ്പെടുന്ന ലോകത്തിനാകെ ഗുണകരമാകുംവിധം വിഭവങ്ങൾ എങ്ങനെ കൈമാറണമെന്നും കൈകാര്യം ചെയ്യണമെന്നും ലഭ്യമാക്കണമെന്നും നിശ്ചയിക്കാനുള്ള അവകാശം ഇനി അവർക്കുകൂടി സ്വന്തമാവുകയാണ്.
നയതന്ത്രത്തെ ജനകീയമാക്കാൻ കഴിഞ്ഞതാണ് ജി20 വഴി ഇന്ത്യയ്ക്കുണ്ടായ ഒരു വലിയ നേട്ടം. ഉച്ചകോടിക്കു മുന്നോടിയായി രാജ്യത്തെമ്പാടുമുള്ള അൻപതിലേറെ നഗരങ്ങളിലാണ് സമ്മേളനങ്ങൾ ചേർന്നത്. ജി20യുടെ സന്ദേശം സാധാരണക്കാരിലെത്തിക്കാൻ ഇതു സഹായിച്ചു. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കുമ്പോൾ രാഷ്ട്രീയലാഭം കൊയ്യാൻ ഭരണകക്ഷി നടത്തിയ അഭ്യാസമാണിതെന്നു വിമർശനമുണ്ടായേക്കാം. എന്നാൽ, നയതന്ത്രവിജയം ഭരണകക്ഷി കൈവശപ്പെടുത്തുന്നത് തുറന്ന ജനാധിപത്യത്തിൽ ഒഴിവാക്കാവുന്നതല്ല.
ആഗോള ജൈവഇന്ധന സഖ്യത്തിനുവേണ്ടിയുള്ള നീക്കത്തിൽ ജി20 കൈവരിച്ച മുന്നേറ്റവും ശ്രദ്ധേയം. ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന് ആഗോളതലത്തിലുണ്ടായ രണ്ടാമത്തെ സംയോജിതശ്രമമായിരുന്നു ഇത്. ഇതേസമയം, ജൈവ ഇന്ധനങ്ങൾക്കുവേണ്ടിയുള്ള നീക്കം സൂക്ഷ്മതയോടെയായിരിക്കേണ്ടതും പ്രധാനമാണ്. ഭക്ഷ്യോൽപാദനം കുറയാനും സൂക്ഷ്മജീവികളുടെ സങ്കേതങ്ങളും മണ്ണിന്റെ ആരോഗ്യവും നശിക്കാനും ജൈവവ്യവസ്ഥകൾ താറുമാറാകാനും ഇതു കാരണമായേക്കാം.
ഇന്ത്യ–മധ്യപൂർവദേശ–യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചതാണ് ഉച്ചകോടിയോടനുബന്ധിച്ചുണ്ടായ വലിയ നേട്ടം. ഇന്ത്യയിൽനിന്നു കപ്പലിൽ ഗൾഫിലേതടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്നു ട്രെയിനിൽ യൂറോപ്പിലേക്കും ചരക്കു ഗതാഗതം സാധ്യമാക്കുന്നതാണ് പദ്ധതി. രാഷ്ട്രീയമായി നോക്കിയാൽ ചൈനയുടെ ‘ബെൽറ്റ് ആൻഡ് റോഡ്’ ശൃംഖലയ്ക്കുള്ള വെല്ലുവിളിയാണിതെന്നു തോന്നാം. എന്നാൽ, മത്സരാധിഷ്ഠിതമെന്നതിനെക്കാൾ ഇതിനെ അതിന്റെ പൂരകപദ്ധതിയായി കാണുന്നതാണ് അഭികാമ്യം. പുതിയ ഇടനാഴി ഇന്ത്യ– യൂറോപ്പ് വ്യാപാരം 40% വേഗത്തിലാക്കുമെന്നാണു പ്രതീക്ഷ.
ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കാൻ രാജ്യാന്തര സഹകരണത്തിനും ധാരണയായി. അതേസമയം, മത്സ്യബന്ധന മേഖലയിലെ സബ്സിഡികൾ നിർത്തലാക്കണമെന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) നിലപാട് നടപ്പാക്കാനുള്ള പ്രതിബദ്ധത ന്യൂഡൽഹി പ്രഖ്യാപനത്തിൽ ഇടംപിടിച്ചത് സംശയങ്ങൾക്ക് ഇടനൽകുന്നുമുണ്ട്. സബ്സിഡി ഉടനെ നിർത്തലാക്കുന്നത് ചെറുകിട മീൻപിടിത്തക്കാർക്കു തിരിച്ചടിയാകുമെന്ന ഇന്ത്യൻ നിലപാടിനു വിരുദ്ധമാണ് പ്രഖ്യാപനത്തിലെ പരാമർശം.
ഒരു കുടുംബമെന്നപോലെ, വളർച്ചയിലേക്കുള്ള പാതയിൽ നാം പരസ്പരം പിന്തുണയ്ക്കുന്നു എന്നാണ് ജി20 ഉച്ചകോടിക്കു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഈ ഉച്ചകോടിയുടെ ഫലശ്രുതി അതു ശരിവയ്ക്കട്ടെ.
English Summary: Editorial about G20 summit