ADVERTISEMENT

2018 ൽ ആദ്യമായി സ്ഥിരീകരിച്ചശേഷം നിപ്പ വൈറസ് പൂർണമായി സംസ്ഥാനം വിട്ടുപോയിട്ടില്ലെന്നു പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ. രോഗബാധിത പ്രദേശങ്ങളിലെ വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം തുടരാനുള്ള സാധ്യത കൂടുതലാണെന്നും 5 വർഷത്തിനിടെ സംസ്ഥാനത്തു നാലാം തവണ നിപ്പ സ്ഥിരീകരിക്കാൻ കാരണം ഇതാണെന്നും ഇവർ പറയുന്നു. കോഴിക്കോട് ഇതു മൂന്നാം തവണയാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 2019 ൽ കൊച്ചിയിലും നിപ്പ സ്ഥിരീകരിച്ചിരുന്നു.

1998 ൽ മലേഷ്യയിലും സിംഗപ്പൂരിലും കണ്ടെത്തിയ നിപ്പ വൈറസും കേരളത്തിലേതും തമ്മിൽ ജനിതക വ്യത്യാസമുണ്ടെന്നും ശാസ്ത്രജ്ഞർ പറ‍ഞ്ഞു. എന്നാൽ, ബംഗ്ലദേശിൽ സ്ഥിരീകരിച്ച വൈറസുമായി സാമ്യമുണ്ടെന്നാണു കണ്ടെത്തൽ. ബംഗ്ലദേശിൽ 2001 മുതൽ 2023 വരെ 9 തവണ നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ മാതൃക തന്നെയാണ് കേരളത്തിലും എന്നു സംശയിക്കുന്നു. 2021ൽ കോഴിക്കോട്ട് രണ്ടാം തവണ നിപ്പ സ്ഥിരീകരിച്ചശേഷം എല്ലാ വർഷവും ജൂൺ, ജൂലൈ മാസങ്ങളിൽ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ ഈ മേഖല സന്ദർശിക്കാറുണ്ട്. എന്നാൽ, ഈ വർഷത്തെ സന്ദർശനത്തിൽ സംശയകരമായ ഒന്നും കണ്ടെത്തിയിരുന്നില്ല.

2018 ൽ രോഗബാധ സ്ഥിരീകരിച്ച മേഖലയിലെ 25% പഴംതീനി വവ്വാലുകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെയാണ് സംസ്ഥാനത്ത് നിപ്പയുടെ ഉറവിടം വവ്വാലുകളാണെന്നു സ്ഥിരീകരിച്ചത്. 2019 ൽ രോഗബാധ സ്ഥിരീകരിച്ച വ്യക്തി താമസിച്ചിരുന്ന പ്രദേശങ്ങളിലെ പഴംതീനി വവ്വാലുകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയതിനൊപ്പം 20% വവ്വാലുകളിൽ വൈറസിനെതിരായ ആന്റിബോഡികളും കണ്ടെത്തിയിരുന്നു.

പിടിച്ചുകെട്ടാൻ സമയം വിലപ്പെട്ടത്

നിപ്പ വൈറസ് സ്ഥിരീകരണം നേരത്തേയാകുന്നതും വൈറസ് ബാധയെ തുടർന്നുള്ള ലക്ഷണങ്ങൾക്ക് ആവശ്യമായ പരിചരണവും ചികിത്സയും തുടക്കം മുതലേ നൽകുന്നതും സ്ഥിതി മെച്ചപ്പെടുത്തുമെന്ന് ലോകാരോഗ്യ സംഘടന. സാംപിളുകളുടെ പരിശോധനാഫലം എത്ര വൈകുന്നുവോ അത്രയും അപകടം. അതേസമയം, നേരത്തേ നിപ്പയെ പ്രതിരോധിച്ച അനുഭവവും കോവിഡ് ഘട്ടത്തിൽ പ്രതിരോധ സംവിധാനത്തിന്റെ ശക്തി കൂട്ടിയെന്നതും സ്ഥിതി കൂടുതൽ മെച്ചമാക്കും.

സമ്പർക്ക രോഗികളുടെ നിരീക്ഷണം പ്രധാനമെന്നും കേരളത്തിന്റെ മുൻ അനുഭവത്തിൽ നിന്നും പ്രതിരോധ രീതിയിൽ നിന്നുമുള്ള പാഠങ്ങളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന തയാറാക്കിയ റിപ്പോർട്ടിലുണ്ട്.വ്യാപകമായി നിരീക്ഷണം ഉറപ്പാക്കുക, സമീപജില്ലകളിലേക്കു നിരീക്ഷണം വ്യാപിപ്പിക്കുക തുടങ്ങിയവയും പ്രധാനം. 

കോവിഡിലെ കുറഞ്ഞ നിരക്കിൽനിന്നു വ്യത്യസ്തമായി, 40–75 ശതമാനം വരെയാണു നിപ്പയുടെ മരണനിരക്കെന്നതിനെയും ഗൗരവത്തോടെ കാണണമെന്നു ലോകാരോഗ്യ സംഘടനയുടെ മാർഗരേഖയിലുണ്ട്. രോഗവുമായി ബന്ധപ്പെട്ട ഏതു വിവരവും കൈമാറുകയെന്നതും പ്രധാനമാണ്.

നിപ്പ ആശങ്കയിൽ കേരളം ഉൾപ്പെടെ 9 ഇടങ്ങൾ

കേരളമുൾപ്പെടെ 9 സംസ്ഥാനങ്ങളിലെ വവ്വാൽ കൂട്ടങ്ങളിൽ വ്യാപകമായി നിപ്പ വൈറസ് സാന്നിധ്യമുണ്ടെന്ന സർവേഫലം പുറത്തുവന്ന് മാസങ്ങൾക്കുള്ളിലാണു കോഴിക്കോട്ട് വീണ്ടും ആശങ്കയെത്തുന്നത്. 16 ഇടങ്ങളിൽ നടത്തിയ ആന്റിബോഡി സർവേയിലൂടെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് 9 സംസ്ഥാനങ്ങളിൽ നിപ്പ വൈറസ് ബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നു കണ്ടെത്തിയത്. 

കേരളത്തിനു പുറമേ, കർണാടക, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാർ, ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണു നിപ്പ ആശങ്ക കൂടുതലെന്നാണ് സർവേഫലം. ഗുജറാത്ത്, ഹിമാചൽ, തെലങ്കാന, പഞ്ചാബ് തുടങ്ങിയിടങ്ങളിലും നിപ്പ സർവേ നടത്തിയെങ്കിലും സാന്നിധ്യമില്ലെന്നായിരുന്നു കണ്ടെത്തൽ. വവ്വാലുകളിലെ രക്തം ശേഖരിച്ചു നടത്തുന്ന ആന്റിബോഡി പരിശോധനയിലാണ് നിപ്പ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നത്. 

വൈറസ് ബാധ ആവർത്തിക്കുമ്പോഴും ഇതിനെതിരായ സുസ്ഥിര നടപടികളിലേക്കു സർക്കാരിനു കടക്കാൻ കഴിഞ്ഞിട്ടില്ല. ചില സീസണുകളിൽ ഏതാനും കേസുകൾ ആവർത്തിച്ചു കാണാറുണ്ടെന്നും ഇവ വലിയ പ്രതിസന്ധിയിലേക്കു കടക്കും മുൻപു തരണം ചെയ്യാൻ കഴിയുന്നുണ്ടെന്നും കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പ്രതികരിച്ചു.

Engllish Summary: More chances of the nipah virus continuing to exist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com