സ്നേഹത്തിന്റെ പന്തുരുളട്ടെ
Mail This Article
ഏകദേശം 22 സെന്റിമീറ്റർ വ്യാസവും 450 ഗ്രാംവരെ ഭാരവുമുള്ള ഒരു കാൽപന്തിന്റെ സാധ്യത നമുക്ക് സങ്കൽപിക്കാനാവാത്തവിധം അനന്തമാണ്. ഒരു ചെറിയ കളിക്കളത്തിൽനിന്ന്, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയുമൊക്കെ വഴിയേ, ആ പന്ത് ലോകവലുപ്പത്തോളം ചെന്നെത്തുന്ന പല സംഭവങ്ങളും ചരിത്രത്തിൽനിന്നു കണ്ടെടുക്കാം. കഴിഞ്ഞദിവസം ഭൂട്ടാനിലെ തിംഫുവിലുള്ള കളിക്കളം തുറന്നുതന്നത് അങ്ങനെയൊരു പ്രതീക്ഷയിലേക്കുള്ള വാതിലാണ്.
മണിപ്പുരിൽ പരസ്പരം പോരടിക്കുന്ന മെയ്തെയ്, കുക്കി വംശജർ രാജ്യത്തിനുവേണ്ടി ഒരുമിച്ചതും സാഫ് അണ്ടർ 16 ഫുട്ബോളിൽ കിരീടം നേടിയതും പ്രതീക്ഷയുടെ വിളംബരംകൂടിയായി; നാലു മാസം പിന്നിട്ടിട്ടും ശമനമില്ലാതെ തുടരുന്ന മണിപ്പുർ കലാപത്തിൽ ഇങ്ങനെയൊരു കൈകോർക്കലുണ്ടായാൽ സമാധാനം പുലരുമെന്ന പ്രതീക്ഷ.
കലാപം ഇരുവിഭാഗത്തെയും ആയുധം എടുപ്പിച്ചെങ്കിലും അയൽരാജ്യത്തെ കളിക്കളത്തിൽ മണിപ്പുരിലെ കുട്ടികൾ സ്നേഹത്തിന്റെ പുതുചരിത്രമെഴുതിയ ദൃശ്യം മറക്കാനാവില്ല. 23 അംഗ ഇന്ത്യൻ ടീമിലെ 16 പേർ കലാപം തകർത്ത മണിപ്പുരിൽ നിന്നാണ്. 11 പേർ മെയ്തെയ്കൾ, 4 പേർ കുക്കികൾ, ഒരാൾ മെയ്തെയ് പംഗൽ (മണിപ്പുരി മുസ്‌ലിം). ബംഗ്ലദേശിനെതിരെയുള്ള ഫൈനലിൽ എട്ടാം മിനിറ്റിൽ സ്കോർ ചെയ്തത്, ബിഷ്ണുപുരിൽ നിന്നുള്ള മെയ്തെയ് വിഭാഗക്കാരനായ ഭരത് ലായ് രൻജം. 74-ാം മിനിറ്റിൽ, കുക്കി ഗോത്ര മേഖലയായ ചുരാചന്ദ്പുരിൽനിന്നുള്ള ലെവിസ് സാങ്മിനുലിന്റെ മിന്നുന്ന ഗോളോടെ ഇന്ത്യ വിജയമുറപ്പിക്കുകയും ചെയ്തു.
മൈതാനങ്ങളിൽ ഉരുളുന്ന ഫുട്ബോളിൽ ആരാധകരുടെ ജീവവായുവാണു നിറഞ്ഞിരിക്കുന്നതെന്നു പറയാറുണ്ട്. മനോഹരമായ ആ വിശേഷണം മാറ്റിവച്ച്, മണിപ്പുരിലെ കലാപബാധിതരായ ജനങ്ങളുടെ സമാധാനത്തിനും സ്വസ്ഥതയ്ക്കും വേണ്ടിയുള്ള പ്രതീക്ഷ കൂടി ആ പന്തിനോടൊപ്പം സങ്കൽപിച്ചുനോക്കിയാലോ? മണിപ്പുർ കലാപം നീളുന്നത് രാജ്യത്തിന്റെതന്നെ മഹാസങ്കടമായിത്തീർന്നിരിക്കുന്നു. വംശീയ – കക്ഷിരാഷ്ട്രീയ താൽപര്യങ്ങളെക്കാളൊക്കെ എത്രയോ വലുതാണ് മനുഷ്യജീവൻ. ശാശ്വതസമാധാനമാണ് മണിപ്പുരും രാജ്യവും ആഗ്രഹിക്കുന്നതെന്നിരിക്കെ, സമാധാന പുനഃസ്ഥാപനത്തിനുള്ള സുന്ദരസന്ദേശം ഈ കളിവിജയം മണിപ്പുരിനു സമ്മാനിക്കുമെന്നുതന്നെ നമുക്കു പ്രതീക്ഷിക്കാം.
കാൽപന്തിന്റെ സാധ്യതകളെ വിശ്വസിക്കാതെയെങ്ങനെ? ഏതെങ്കിലുമൊരു കളിക്കു യുദ്ധം പിടിച്ചുനിർത്താനുള്ള ത്രാണിയുണ്ടെങ്കിൽ അതു പന്തുകളിക്കു മാത്രം. ബ്രസീലിലെ സാന്റോസ് ക്ലബ്ബിനു വേണ്ടി ദീർഘകാലം കളിച്ചിട്ടുണ്ട്, ഫുട്ബോളിന്റെ പര്യായമായ പെലെ. 1969 ജനുവരിയിൽ ആഫ്രിക്കൻ പര്യടനത്തിനെത്തിയ സാന്റോസ് ക്ലബ്, നൈജീരിയയിലെ ടീമിനെതിരായ മത്സരം കളിച്ചതു മായാതെ ചരിത്രം സൂക്ഷിക്കുന്നുണ്ട്. ആഭ്യന്തരയുദ്ധത്തിന്റെ കലുഷിതനാളുകളിലായിരുന്നു അന്നു നൈജീരിയയെങ്കിലും 48 മണിക്കൂർ നേരത്തേക്കു വെടിനിർത്തൽ പ്രഖ്യാപിച്ചു. പെലെയുടെ കളി കാണാൻ വേണ്ടി മാത്രം!
‘നിങ്ങൾ ഒരു ഫുട്ബോൾ ക്ലബ്ബിനെ ഇഷ്ടപ്പെടുന്നതു വിജയങ്ങളും കിരീടങ്ങളും കൊണ്ടുമാത്രമല്ല, നിങ്ങളെത്തന്നെ അതിൽ കാണുന്നതു കൊണ്ടാണ്’ എന്നു പറഞ്ഞതു മുൻ നെതർലൻഡ്സ് ഫുട്ബോൾ താരം ഡെനിസ് ബെർഗ്കാംപാണ്. സാഫിലെ അഭിമാനവിജയത്തിൽ മാത്രമായി മണിപ്പുർ കുട്ടികളുടെ ഒരുമ ഒടുങ്ങിക്കൂടാ. കാരണം, ഈ വിജയത്തിൽ അവർ അവരെയാണു കാണേണ്ടത്; കലാപത്തിൽ മുറിവേറ്റ പ്രിയപ്പെട്ടവരെയാണ് ഓർക്കേണ്ടത്. സാഫ് മത്സരശേഷം, വിജയം കരസ്ഥമാക്കി, തോളിൽ കയ്യിട്ട് മെയ്തെയ്, കുക്കി വംശജർ ഉൾപ്പെടുന്ന ഇന്ത്യൻ ടീം കളിക്കളം വിട്ടത് സമീപകാലത്തു നാം കണ്ട ഏറ്റവും മനോഹര കാഴ്ചകളിലൊന്നായതു വൃഥാവിലായിക്കൂടാ.
പരസ്പരം കൈകോർത്ത്, ഇതേ സ്നേഹസൗഹാർദത്തോടെയാവണം ഈ കുട്ടികൾ മണിപ്പുരിലും കഴിയേണ്ടതെന്നും അവരുടെ ഒത്തൊരുമയ്ക്ക് അവിടെ സ്നേഹാർദ്രമായ പ്രതിധ്വനികൾ ഉണ്ടാവണമെന്നും നാം ആഗ്രഹിച്ചുപോവുന്നു. എങ്കിൽ, കാൽപന്തിന്റെ മാന്ത്രികശേഷിക്ക് എന്നും ഓർത്തുവയ്ക്കാവുന്ന ഒരു സാക്ഷ്യംകൂടി കിട്ടിയേനെ.
English Summary : Editorial about india's win in saf under 16 football match