ADVERTISEMENT

ഇന്ത്യ അധ്യക്ഷപദവിയിലിരുന്ന ജി20 രാഷ്ട്രങ്ങളുടെ ഉച്ചകോടി ന്യൂഡൽഹിയിൽ സമാപിച്ചതേയുള്ളൂ. ഏതു വലിയ സംഭവങ്ങൾക്കും ഒപ്പമുണ്ടാകുന്നതുപോലെ ജി20 സമ്മേളനകാലത്തും അതിനു പിന്നാലെയും വ്യാജന്മാരുടെ വിളയാട്ടമുണ്ടായി. 

ഇക്കൂട്ടത്തിൽ പലർക്കും കിട്ടിയ ഒരു ഇമെയിലിന്റെ കഥ രസകരമാണ്. ന്യൂഡൽഹിയിലെ ചാണക്യപുരിയിലുള്ള ജി20 സെക്രട്ടേറിയറ്റിൽനിന്നാണു മെയിൽ. അയച്ചിരിക്കുന്നത് ജി20 ഫിനാൻഷ്യൽ റിലീഫ് കമ്മിറ്റിയുടെ പബ്ലിക് റിലേഷൻസ് നോക്കുന്ന അജയ് മിറാജ് മുക്കർ എന്നയാൾ. കത്തിൽ പറയുന്നത് ഇങ്ങനെ: ജി20 സാമ്പത്തിക സമാശ്വാസ സമിതിയുടെ നറുക്കെടുപ്പിൽ നിങ്ങളുടെ ഇമെയിൽ വിലാസം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് 13 ലക്ഷം യുഎസ് ഡോളർ യുഎന്നും ജി20 റിലീഫ് കമ്മിറ്റിയും ചേർന്നു തരാൻ പോവുകയാണ്. പണം കിട്ടാൻ നിങ്ങളുടെ സകലവിവരങ്ങളും തിരിച്ചറിയൽ കാർഡിന്റെ പകർപ്പു സഹിതം ഉടൻ ന്യൂഡൽഹിയിലെ യുണൈറ്റഡ് നേഷൻസ് ജനറൽ കോഓർഡിനേറ്റർ ഡോ. സൂസൻ പാട്രിക്കിന്റെ ഇ മെയിലിലേക്ക് അയച്ചുകൊടുക്കണം. 

സംഗതി തട്ടിപ്പാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. മെയിലിൽതന്നെ അതിനുള്ള തെളിവുകൾ ആവോളമുണ്ട്. 1.ഒരു ജിമെയിൽ വിലാസത്തിൽനിന്നാണ് നമുക്കു മെയിൽ വന്നിട്ടുള്ളത്. യുഎൻ അടക്കമുള്ള ഏജൻസികളായാലും ജി20 സമിതികളായാലും അവർക്കു സ്വന്തമായി മെയിൽ ഐഡിയുണ്ടാകും. എല്ലാവർക്കും സൗജന്യമായി ലഭിക്കുന്ന ജിമെയിലിൽ നിന്നാകില്ല ഇത്തരം ഏജൻസികൾ സന്ദേശം അയയ്ക്കുക. 2. ഡോ. സൂസൻ പാട്രിക് എന്ന പേരിലുള്ളയാൾ ന്യൂഡൽഹിയിലെ യുഎൻ ടീമിൽ ഇല്ലെന്ന് അവരുടെ വെബ്‌സൈറ്റിൽനിന്നു മനസ്സിലാക്കാം. 3. ന്യൂഡൽഹിയിലെ യുഎൻ സംഘത്തിൽ ജനറൽ കോഓർഡിനേറ്റർ എന്നൊരു തസ്തികയില്ലെന്നും വെബ്‌സൈറ്റിൽ വ്യക്തം. ഇവിടെയുള്ളത് റസിഡന്റ് കോഓർഡിനേറ്ററാണ്. 4. ജി20 ഔദ്യോഗിക വെബ്‌സൈറ്റിൽ ഇന്ത്യയിലെ സമ്മേളനത്തിന്റെ നടത്തിപ്പിനുള്ള സെക്രട്ടേറിയറ്റിന്റെ പൂർണവിവരങ്ങൾ കൊടുത്തിട്ടുണ്ട്. അതിൽ പബ്ലിക് റിലേഷൻ എന്നൊരു വകുപ്പുമില്ല, അജയ് മിറാജ് മുക്കർ എന്നൊരു ഉദ്യോഗസ്ഥനുമില്ല. 

ഇത്തരം തെളിവുകളൊക്കെ പോട്ടെ, ഇങ്ങനെയൊരു മെയിൽ കിട്ടിയാൽ സാമാന്യബുദ്ധികൊണ്ടുതന്നെ സംഗതി വ്യാജമാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം, ആരും നമുക്കു വെറുതേ നറുക്കിട്ടെടുത്തു ഒരു രൂപ പോലും തരാൻ പോകുന്നില്ല. അപ്പോഴാണ് ലക്ഷക്കണക്കിനു ഡോളർ! ഇത്തരം മെയിലുകൾ നമ്മുടെ വ്യക്തിവിവരങ്ങളും ബാങ്ക് രേഖകളുമൊക്കെ ചോർത്തിയെടുക്കാനും പണം തട്ടാനുമുള്ള ചൂണ്ടകളാണ്. പല രൂപത്തിൽ പല പേരിൽ ഇവ വരും. ജി20 ഉച്ചകോടിയുടെ പേരിൽ മെയിൽ വന്നു എന്നതിനർഥം ഈ തട്ടിപ്പുകാർ വളരെ അപ് ടു ഡേറ്റ് ആണെന്നതാണ്! അടുത്ത വലിയ പരിപാടി വരുമ്പോൾ അവർ അതിലേക്കും മാറും. കരുതിയിരുന്നാൽ അവനവനു കൊള്ളാം! 

 

ഓണസമ്മാനമായി പൂക്കളമിട്ട ട്രെയിൻ

train

 

ഓണക്കാലത്തെ ഒരു വലിയ വിശേഷം നമ്മളിൽ പലരും അറിയാതെ പോയി. ഇതോടൊപ്പമുള്ള ചിത്രം നോക്കൂ. ഓണം പ്രമാണിച്ച് റെയിൽവേ കേരളത്തിലേക്കു പൂക്കളത്തിന്റെ ഡിസൈനുള്ള ട്രെയിൻ അയച്ചിരുന്നു. ട്രെയിൻ മാത്രമല്ല, അതു വന്നുനിന്ന കേരളത്തിലെ സ്റ്റേഷനും പൂക്കളാൽ അലങ്കരിച്ചിരുന്നു. എന്നിട്ടു നമ്മളിതൊന്നുമറിഞ്ഞില്ലല്ലോ എന്നല്ലേ സംശയം! ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഉത്തരേന്ത്യക്കാരായ പലരും പങ്കുവച്ച ചിത്രമാണിത്. ഒരാൾ റെയിൽവേ സ്‌റ്റേഷൻ കാസർകോട് ആണെന്നുവരെ പറഞ്ഞിട്ടുണ്ട്. മറ്റൊരാൾ കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ആണു വണ്ടിയെന്നും. 

എന്തായാലും ഇങ്ങനെയൊരു വണ്ടിയും സ്‌റ്റേഷനും കേരളത്തിലില്ലെന്ന് ഇവിടെ ജീവിക്കുന്ന നമ്മളോട് ആരും പറഞ്ഞുതരേണ്ടതില്ലല്ലോ! 

സംഗതി, ഈ പംക്തിയിൽതന്നെ പലവട്ടം ചർച്ച ചെയ്ത നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - എഐ) ഉപയോഗിച്ചു കൃത്രിമമായി സൃഷ്ടിച്ചതാണ്. 

 

 

സ്വർണത്തിളക്കത്തിൽ സൗദിയിൽ മോദി

 

ഇന്ത്യയിലെ ജി20 ഉച്ചകോടിയുടെ വിജയനാളുകളിലാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണപ്രതിമ സൗദി അറേബ്യയിൽ തയാറാക്കി എന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായത്. എല്ലാവരും മെഴുകുപ്രതിമകൾ നിർമിക്കുമ്പോൾ, സൗദി അറേബ്യ നമ്മുടെ പ്രധാനമന്ത്രിയുടെ പ്രതിമ നിർമിച്ചതു സ്വർണത്തിലാണ് എന്നൊക്കെയാണ് വിവിധ പോസ്റ്റുകളിലെ അവകാശവാദം. 

എന്നാൽ, ഈ അർധകായ സ്വർണപ്രതിമ മുൻപെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു സംശയം തോന്നിയെങ്കിൽ ശരിയാണ്. പ്രതിമ നേരത്തേയുള്ളതാണ്. പക്ഷേ, സൗദിയിലല്ല. 

  ഗുജറാത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 156 സീറ്റു നേടി അധികാരത്തുടർച്ച നേടിയപ്പോൾ സൂറത്തിലെ ജ്വല്ലറിയുടമ 156 ഗ്രാം സ്വർണത്തിൽ നിർമിച്ചതാണ് ഈ പ്രതിമ. ഇതുസംബന്ധിച്ച വാർത്തകൾ മുൻപേ വന്നിട്ടുമുണ്ട്.

English Summary: fake news- vireal 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com