ADVERTISEMENT

ആഖ്യാനശൈലിയിൽ പൂർവമാതൃകകളില്ലാതെ, വ്യത്യസ്തമായ പ്രമേയങ്ങളും അവയുടെ മൗലികമായ ആവിഷ്കാരങ്ങളുംകെ‍ാണ്ട് മലയാള സിനിമയ്ക്കു പുതുവഴി കുറിച്ച വിശ്രുത ചലച്ചിത്രകാരന്റെ വേർപാടാണിത്. കെ.ജി.ജോർജ് ഓർമയാകുമ്പോൾ കാലത്തിന്റെ തിരശീലയിൽ ഒരിക്കലും മറയാത്ത ചില വിശിഷ്ട സിനിമകൾ ബാക്കിയാവുന്നു. 

ഇതിനകം സംവിധാനം ചെയ്തത് 19 സിനിമകൾമാത്രം. എങ്കിലെന്ത്, ജോർജിന്റെ മിക്ക സിനിമകളും സിനിമാവിദ്യാർഥികൾക്കുള്ള പാഠപുസ്തകമായിത്തീർന്നുവല്ലോ. കൂടുതൽ സിനിമയെടുക്കാനല്ല, എല്ലാക്കാലത്തും നിലനിൽക്കുന്ന കുറച്ചു നല്ല സിനിമകളെടുക്കാനാണ് അദ്ദേഹം തന്റെ ചലച്ചിത്രജീവിതത്തെ മാറ്റിവച്ചത്. അതിന്റെ ഫലശ്രുതിക്കു മലയാള സിനിമാചരിത്രം സാക്ഷി. കയ്യടക്കത്തിലൂടെയും ശിൽപഭദ്രതയിലൂടെയും കുറ്റമറ്റ കഥനശൈലിയിലൂടെയും നമ്മുടെ സിനിമയിലെ ‘മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ’ എന്ന വിശേഷണമാണ് കെ.ജി.ജോർജ് സ്വന്തമാക്കിയത്. 

തിരുവല്ലയിലെ വിക്‌ടറി തിയറ്ററിന്റെ പിന്നിൽ പൊട്ടിച്ചിട്ട ഫിലിമുകൾ പെറുക്കിയെടുത്ത്, വീടുമേഞ്ഞ ഓലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിലേക്ക് ലെൻസ് പിടിച്ച്, ചുമരിൽ കെട്ടിയ മുണ്ടിൽ സിനിമ പ്രദർശിപ്പിച്ചതിൽനിന്നു തുടങ്ങിയ ആ യാത്ര സിനിമയുടെ ചരിത്രത്തിലേക്കായിരുന്നു. മലയാളത്തിലെ ആദ്യത്തെ സൈക്കളോജിക്കൽ ത്രില്ലർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ‘സ്വപ്നാടനം’ എന്ന സിനിമ (1976) ജോർജിന്റെ സംവിധാനയാത്രയ്ക്കുള്ള നിറവാർന്ന ആമുഖമായി; നവതരംഗത്തിലേക്കു കാലൂന്നുകയായിരുന്ന മലയാള സിനിമയ്ക്ക് ഈടുറ്റ മുതൽക്കൂട്ടുമായി. 

പ്രതിഭാശാലിയെന്ന് ആദ്യ സിനിമയിലൂടെതന്നെ തെളിയിച്ചിട്ടും ‘യവനിക’ പോലെ ജനപ്രീതി നേടിയ പല സിനിമകളും സംവിധാനം ചെയ്തിട്ടും അദ്ദേഹം സിനിമയുടെ വാണിജ്യച്ചേരുവകളിൽനിന്ന് അകന്നുനിന്നു. നല്ല സിനിമയോടെ‍ാപ്പം മാത്രം സഹയാത്ര ചെയ്തു. പുതുമയെ എന്നും ഹൃദയപൂർവം പുണർന്നു. മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷസിനിമയായ ‘ആദാമിന്റെ വാരിയെല്ലി’ന്റെ പ്രമേയതീക്ഷ്ണതയും കഥനചാരുതയും ഒരു കാലത്തും മാറ്റുകുറയാത്തതാണ്. ‘യവനിക’ ലക്ഷണമെ‍ാത്ത ക്രൈംത്രില്ലറായി ഇന്നും വാഴ്ത്തപ്പെടുന്നു. ‘പ‍ഞ്ചവടിപ്പാലം’ ആകട്ടെ മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യസിനിമയായും കണക്കാക്കപ്പെടുന്നു. ഈ സിനിമകൾക്കും ‘ഉൾക്കടൽ’, ‘മേള’, ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’, ‘ഇരകൾ’, ‘മറ്റൊരാൾ’ തുടങ്ങിയ സിനിമകൾക്കും എന്നും പ്രേക്ഷകരുണ്ടാകുമെന്നതിൽ സംശയമില്ല.

തീർച്ചയും മൂർച്ചയുമുള്ളതാണ് ജോർജിന്റെ സിനിമകൾ. അവ പ്രേക്ഷകരെക്കൂടി കഥായാത്രയിൽ പങ്കാളികളാക്കുന്നു. വെറുതേ കണ്ടിരിക്കാനോ കണ്ടുമറക്കാനോ ഉള്ളതല്ല ആ സിനിമകൾ. അവയിൽ പലതും വീണ്ടുംകാണാൻ കാഴ്ചക്കാരെ ക്ഷണിക്കുന്നു; ഓരോ ആവർത്തനക്കാഴ്ചയിലും പുതിയ അനുഭവതലങ്ങൾ നൽകുകയും ചെയ്യുന്നു. സിനിമയെടുക്കലും സിനിമകാണലും എളുപ്പപ്പണിയല്ലെന്നു മലയാളത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ സംവിധായകൻ.

സംവിധാനംചെയ്ത പല സിനിമകൾക്കും സ്വയം തിരക്കഥയെഴുതി. തിരക്കഥ നല്ലതാണെങ്കിൽ ഒരു ഷോട്ട്പോലും അനാവശ്യമായി ചിത്രീകരിക്കേണ്ടിവരില്ലെന്നു പറഞ്ഞതിൽ പിൻതലമുറക്കാർക്കുള്ള വലിയ പാഠമുണ്ട്. മനുഷ്യമനസ്സിന്റെ സങ്കീർണതകളാണ് കെ.ജി.ജോർജിന്റെ മിക്ക സിനിമകളും അന്വേഷിച്ചത്. ആ ദൃശ്യാന്വേഷണങ്ങളാവട്ടെ ആവിഷ്കാര സത്യസന്ധതകെ‍‍ാണ്ടും നവശൈലികെ‍ാണ്ടും ഇന്നും വേറിട്ടുനിൽക്കുന്നു. സംഗീതംമുതൽ എഡിറ്റിങ് വരെ സിനിമയുടെ എല്ലാ മേഖലകളിലും പുലർത്തുന്ന പൂർണതയാണ് അദ്ദേഹത്തിന്റെ സവിശേഷത. തന്റെ ഓരോ സിനിമയെയും മുൻപത്തേതിൽനിന്നു വ്യത്യസ്തമാക്കാൻ ജോർജിനു കഴിഞ്ഞു. ആ മൗലികതയെ നോക്കി പ്രേക്ഷകരെന്നും കൈകൂപ്പും. 

സിനിമാചിത്രീകരണം എന്നത് തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന പ്രക്രിയയാണെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞു. ആ സ്വപ്നനിർമിതിക്കു ശുദ്ധി ഉണ്ടാവണമെന്നും വിശ്വസിച്ചു. ഏതു പ്രതികൂലസാഹചര്യത്തിലും ആത്മവിശ്വാസം കൈവിട്ടില്ല. ക്ലാസിക്കുകൾ നൽകിയിട്ടും മികച്ച സംവിധായകനുള്ള പുരസ്കാരം ഒരിക്കൽപോലും കിട്ടാത്തതിൽ വിഷമിച്ചതുമില്ല. 

മലയാള സിനിമയെ പുതിയ ഉയരങ്ങളിലേക്കെത്തിച്ച ധീരനായ ചലച്ചിത്രകാരാ, ആദരവോടെ വിട.

English Summary : Editorial about KG George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com