ADVERTISEMENT

ഇന്ത്യയുടെ പട്ടിണി മാറ്റിയ ഹരിതവിപ്ലവത്തിന്റെ മറുപേരാണ് ഡോ. എം.എസ്.സ്വാമിനാഥൻ. രണ്ടാം ലോകയുദ്ധവും ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടവും മൂർധന്യാവസ്ഥയിലായിരുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. യുദ്ധക്കെടുതിയും ക്ഷാമവും പ്രധാന വാർത്തകൾ. യുദ്ധം മൂലം ക്ഷാമമുണ്ടാകുന്നു എന്നതിനെക്കാൾ ക്ഷാമം മൂലം യുദ്ധം ഉണ്ടാകുന്നുവെന്ന് വിദ്യാർഥിയായിരുന്ന സ്വാമിനാഥൻ തിരിച്ചറിഞ്ഞു. രാജ്യത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഇവിടെത്തന്നെ ഉൽപാദിപ്പിക്കാനാകണമെന്നതു നിയോഗമായി അദ്ദേഹം മനസ്സാ ഏറ്റെടുത്തു.

സ്വന്തം രാജ്യത്തിന്റെ വിശപ്പുമാറ്റുക എന്നതായിരുന്നു ഏറ്റവും ഉന്നതമായ ലക്ഷ്യം. അതിനായി ജന്തുശാസ്ത്രംവിട്ട് സ്വാമിനാഥൻ കൃഷിശാസ്ത്രത്തിലേക്കു തിരിഞ്ഞു. കാർഷികരാജ്യമായ ഇന്ത്യയിൽ ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്നവർ കർഷകരാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ഇതെക്കുറിച്ചു പഠിക്കുകയും പരിഹാരം കാണുകയും ചെയ്യണമെന്ന ആഗ്രഹമാണ് ഉപരിപഠനം വഴിതിരിച്ചുവിടുന്നതിൽ നിർണായകമായത്. ബിരുദാനന്തര ബിരുദത്തിനുശേഷം ഐപിഎസ് ലഭിച്ചെങ്കിലും അതും വേണ്ടെന്നുവച്ചു. 

പിന്നീട്, നെതർലൻഡ്സിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനവും ഗവേഷണവും. അമേരിക്കയിലെ വിസ്കോൻസിൻ സർവകലാശാലയിൽ അധ്യാപനം നടത്തിക്കൊണ്ടുതന്നെ ഗവേഷണം തുടരാൻ ലഭിച്ച അവസരം നിരസിച്ച് 1954ൽ സ്വാമിനാഥൻ ഇന്ത്യയിലേക്കു മടങ്ങി; തന്റെ ലക്ഷ്യ പൂർത്തീകരണത്തിനായി. 

കേന്ദ്ര നെല്ലുഗവേഷണ സ്ഥാപനത്തിൽ അസിസ്റ്റന്റ് ബൊട്ടാണിസ്റ്റായി നിയമിതനായപ്പോൾ ആദ്യം ഏറ്റെടുത്ത ദൗത്യം പുതിയ സങ്കരയിനം നെൽവിത്തു സൃഷ്ടിക്കുകയെന്നതായിരുന്നു. അഗ്രികൾചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം പ്രവർത്തിച്ച ആറുവർഷംകൊണ്ട് ഇന്ത്യയുടെ കൃഷിജാതകം തിരുത്തിയെഴുതപ്പെട്ടു. ഇന്ത്യയുടെ ഗോതമ്പുൽപാദനത്തിൽ വൻ വർധനയുണ്ടായി. രാജ്യത്തു ധാന്യം മിച്ചംവന്നു. സ്വാമിനാഥൻ അദ്ഭുതമനുഷ്യനായി. 

അത്യുൽപാദന– രോഗപ്രതിരോധ ശേഷികളുള്ള സങ്കരയിനം വിത്തുകൾ കുറഞ്ഞസ്ഥലത്തു കൃഷിചെയ്ത് രാസവളപ്രയോഗം നടത്തി മികച്ച വിളവു നേടണം എന്നതായിരുന്നു സ്വാമിനാഥന്റെ കാഴ്ചപ്പാട്. ഈ ലക്ഷ്യം സാക്ഷാൽക്കരിക്കാനുള്ള യാത്ര ഹരിതവിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലോഗുമായുള്ള കൃഷിക്കൂട്ടിലെത്തിച്ചു. നാലിരട്ടി വിളവുതരുന്ന മെക്സിക്കൻ ഇനങ്ങൾ ഇന്ത്യയിലെത്തി. ഇതിന്റെ വിത്തിൽനിന്നുണ്ടായ വിളവിന്റെ ഒരുഭാഗം തുടർക്കൃഷിക്കുള്ള വിത്തായി.  

പിന്നീട്, സ്വാമിനാഥന്റെ നേതൃത്വത്തിൽ അഗ്രികൾചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽത്തന്നെ മികച്ച വിളവുതരുന്ന വിത്തിനങ്ങൾ നിർമിച്ചെടുത്തു. ‘ഗോതമ്പ് സിംഫണി ഓർക്കസ്ട്ര’ എന്നായിരുന്നു ഈ ഗവേഷകസംഘം രാജ്യാന്തരതലത്തിൽ വിശേഷിപ്പിക്കപ്പെട്ടത്. കൃഷി മേഖലയിൽ വ്യാപകമായ യന്ത്രവൽക്കരണം ഉണ്ടായതും ഇക്കാലത്താണ്. മികച്ച വിത്തിനങ്ങളും യന്ത്രവൽക്കരണവും രാസവള പ്രയോഗവും ചേർന്നപ്പോൾ ഫലം അദ്ഭുതാവഹമായിരുന്നു. രാജ്യത്തെ പത്തായപ്പുരകൾ നിറഞ്ഞുകവിഞ്ഞു. ചാക്കിൽ നിറച്ച് അട്ടിയിട്ട ഗോതമ്പ് സ്കൂൾമുറികളിലും പാടത്തും പ്ലാസ്റ്റിക് പടുതയിട്ടു മൂടി സൂക്ഷിക്കേണ്ടിവന്നു. രാജ്യത്തു കൃഷിമേഖലയിലുണ്ടായ വിപ്ലവകരമായ ഈ നേട്ടം ഹരിതവിപ്ലവമെന്നു വിളിക്കപ്പെട്ടു. നെല്ല്, ചോളം, ബജ്റ തുടങ്ങിയ ഭക്ഷ്യവിളകളിലേക്കും സങ്കരയിനങ്ങൾ എത്തിച്ചേർന്നതോടെ ഭാരതം കാർഷിക വിപ്ലവത്തിനു സാക്ഷിയായി.

കർഷകനു വിശ്രമമില്ല; കൃഷി ശാസ്ത്രജ്ഞനു തീരെയില്ല. ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കേന്ദ്ര കാർഷിക, വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി, കൃഷിവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി, പ്ലാനിങ് കമ്മിഷൻ ആക്ടിങ് ഡപ്യൂട്ടി ചെയർമാൻ, ഫിലിപ്പീൻസിലെ രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രം ഡയറക്ടർ ജനറൽ, യുഎൻ ശാസ്ത്ര ഉപദേശകസമിതി ചെയർമാൻ, ദേശീയ കർഷക കമ്മിഷൻ, ദേശീയ കൃഷിശാസ്ത്ര അക്കാദമിയുടെ ചെയർമാൻ, രാജ്യസഭാംഗം... പദവികൾ ഒന്നൊഴിയാതെ സ്വാമിനാഥനെ തേടിയെത്തി. 

രാജ്യാന്തര നെല്ലു ഗവേഷണകേന്ദ്രത്തിന്റെ ഡയറക്ടർ പദവി മറ്റു രാജ്യങ്ങളുടെക്കൂടി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള അവസരമാക്കി അദ്ദേഹം മാറ്റി. ‘നെല്ലിനൊപ്പം പട്ടിണി’ എന്ന പഴഞ്ചൊല്ലു പതിരാക്കി ‘നെല്ലിനൊപ്പം സമൃദ്ധി’ എന്ന കാഴ്ചപ്പാടിലേക്കു ലോകത്തെ എത്തിക്കാനായിരുന്നു ശ്രമം. ആ ശ്രമത്തിനുള്ള അംഗീകാരം കൂടിയായിരുന്നു കാർഷികരംഗത്തെ നൊബേൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോക ഭക്ഷ്യപുരസ്കാരം അത് ആവിഷ്കരിച്ച വർഷംതന്നെ അദ്ദേഹത്തിനു ലഭിച്ചത്. പത്മ പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നൽകി രാജ്യവും പലവുരു കടപ്പാട് അറിയിച്ചു.

രാജ്യത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തത എന്ന അദ്ഭുതാവഹമായ നേട്ടം സാക്ഷാൽക്കരിച്ച ശേഷമാണ് ഡോ.സ്വാമിനാഥൻ വിടവാങ്ങുന്നത്. ഗ്രാമീണമേഖലയ്ക്കു സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തൽ, സ്ഥിരവരുമാനമുള്ള ജീവിതമാർഗം കണ്ടെത്തൽ, ജൈവവൈവിധ്യ സംരക്ഷണം, ഭക്ഷ്യ സ്വയംപര്യാപ്തത, സ്ത്രീകളുടെ ഉന്നമനം തുടങ്ങിയ ആശയങ്ങൾ എന്നും അദ്ദേഹം ഹൃദയത്തോടു ചേർത്തുവച്ചു. 1988ൽ ചെന്നൈ ആസ്ഥാനമായി അദ്ദേഹം സ്ഥാപിച്ച എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ ഈ ആശയങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു. 

ഭാരതത്തിനും ലോകത്തിനും മലയാളഭൂമി സമ്മാനിച്ച ഈ ശ്രേഷ്ഠ ശാസ്ത്രജ്ഞൻ മലയാള മനോരമയുടെ കർഷകശ്രീ പുരസ്കാരവുമായി ബന്ധപ്പെട്ട് ഏറെക്കാലം പ്രവർത്തിച്ചു. ആ ധന്യസ്മരണയ്ക്കു പ്രണാമം.

English Summary : Editorial about MS Swaminathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com