ADVERTISEMENT

ഇത്തവണത്തെ സാമ്പത്തിക നൊബേൽ പുരസ്കാരം അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിന്റെ കരങ്ങളിലേക്ക് എത്തുമ്പോൾ, സമ്പദ്‌വ്യവസ്ഥയിൽ സത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള പഠനങ്ങളെ അംഗീകരിക്കാൻ ലോകം തയാറായിരിക്കുന്നു എന്നു തെളിയുന്നു. 

തൊഴിൽ മേഖലയിലെ ലിംഗ– വേതന വിടവിനെക്കുറിച്ചുള്ള രണ്ടു നൂറ്റാണ്ടിലെ വിവരങ്ങളുടെ വിശദമായ അപഗ്രഥനത്തിനാണ് പുരസ്കാരം. സാമ്പത്തികശാസ്ത്ര ഗവേഷണത്തിലെ ഫെമിനിസ്റ്റ് ഇക്കണോമിക്സ് എന്ന പ്രത്യേക ശാഖയ്ക്കു ലഭിക്കുന്ന അംഗീകാരമെന്നതും ഇത്തവണത്തെ പുരസ്കാരത്തിന്റെ സവിശേഷതയാണ്. എന്നാൽ, ക്ലോഡിയയുടെ പഠനങ്ങൾ കേരളത്തിന്റെ പശ്ചാത്തലത്തിൽ എന്തുമാത്രം പ്രായോഗികമാണെന്നതു വിലയിരുത്തപ്പെടേണ്ട വിഷയമാണ്.

സ്ത്രീപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞർ പല കോണുകളിൽനിന്നു വിഷയത്തെ കാണുന്നവരാണ്. ക്ലോഡിയ ഒരു ലിബറൽ ഫെമിനിസ്റ്റ് എന്ന നിലയിൽ ലിബറൽ, നിയോ ക്ലാസിക്കൽ രീതികളിലാണ് തൊഴിൽ കമ്പോളത്തിലെ സ്ത്രീകളുടെ പെരുമാറ്റത്തെയും പങ്കിനെയും അപഗ്രഥനം ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ പങ്ക്, വേതനത്തിലെ വ്യത്യാസം, ഗർഭനിരോധനഗുളികകൾ പോലുള്ള കണ്ടുപിടിത്തങ്ങൾ കൊണ്ടുവന്ന മാറ്റങ്ങൾ തുടങ്ങിയവ അവർ ഇത്തരത്തിൽ പഠനത്തിനു വിധേയമാക്കി.

തൊഴിൽമേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ ‘യു (U)’ ഷെയ്പിനോട് ഉപമിക്കുന്ന സിദ്ധാന്തം അവർ അവതരിപ്പിക്കുന്നു. രാജ്യത്തിന്റെ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ തൊഴിൽ കമ്പോളത്തിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. വ്യവസായവൽക്കരണത്തിനു മുൻപു കാർഷിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വലുതായിരുന്നു. യന്ത്രവൽക്കരണത്തോടെ ഇതിൽ കുറവുണ്ടായി. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും കുടുംബത്തിനുള്ളിലെ ജോലികൾക്കും സ്ത്രീകൾക്കു കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതായി വന്നു. 

 പ്രഫ. പ്രവീണ കോടോത്ത്
പ്രഫ. പ്രവീണ കോടോത്ത്

അടുത്ത ഘട്ടത്തിൽ വിദ്യാഭ്യാസനിലവാരം ഉയരുകയും സേവനമേഖല വികസിക്കുകയും ചെയ്തപ്പോൾ സ്ത്രീകളുടെ തൊഴിൽ വിപണിയിലെ പങ്കാളിത്തം ഉയർന്നു.

കുഞ്ഞുങ്ങളുണ്ടാകുന്ന പ്രായത്തിലുള്ള സ്ത്രീകളെത്തന്നെയാണ് ക്ലോഡിയ ഗവേഷണത്തിനു പരിഗണിച്ചത്. ഈ സിദ്ധാന്തങ്ങളിൽ, കുറഞ്ഞ ശമ്പളമുള്ള ജോലിക്കു സ്ത്രീകളെ അയയ്ക്കുന്നതിനു സമൂഹത്തിനും കുടുംബാംഗങ്ങൾക്കും പൊതുവായുള്ള മടിയും അവർ പരാമർശിക്കുന്നുണ്ട്. വിവാഹവും കുഞ്ഞുങ്ങളും സ്ത്രീകളുടെ ജോലിയെ ബാധിക്കുന്നതായും അവർ വിലയിരുത്തി.

സ്ത്രീകളെ ജോലിക്ക് അയയ്ക്കാൻ സമൂഹത്തിനും കുടുംബാംഗങ്ങൾക്കും ഭർത്താവിനുമുള്ള മടിയും അപമാനചിന്തയുമെല്ലാം കേരളം പോലുള്ള പുരുഷമേധാവിത്വ സ്വഭാവമുള്ള സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണ്. സ്ത്രീകൾ തൊഴിലിടത്തിലേക്കു പോകുമ്പോൾ കുഞ്ഞുങ്ങളുടേത് അടക്കമുള്ള ഈ ‘കരുതൽ ജോലി’കൾക്ക് എന്തു സംഭവിക്കുന്നുവെന്ന് ക്ലോഡിയ പക്ഷേ, പറയുന്നില്ല. 

സാമ്പത്തിക വളർച്ചയും സേവനമേഖലയുടെ വളർച്ചയും സ്വാഭാവികമായിത്തന്നെ സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂട്ടിയെന്നാണ് ക്ലോഡിയയുടെ തിയറി. ഇതു സൂചിപ്പിക്കുന്നത്, പുരുഷമേധാവിത്വത്തിനെതിരെ സർക്കാരുകളുടെ നയപരമായ ഇടപെടലുകൾ ആവശ്യമില്ലെന്നാണ്.

സാമ്പത്തിക വ്യവസ്ഥ പുരോഗമിച്ചിട്ടും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറയുന്ന ഇന്ത്യയിലെ അവസ്ഥ ഈ സിദ്ധാന്തങ്ങളെ ചോദ്യം ചെയ്യുന്നു. കേരളത്തിലെ സ്ത്രീകളുടെ കാര്യവും വളരെ ശ്രദ്ധേയമാണ്. 35 വയസ്സുവരെയുള്ള സ്ത്രീ –പുരുഷന്മാരുടെ കണക്കെടുത്താൽ പുരുഷന്മാരെക്കാൾ ഇവിടെ മികച്ച വിദ്യാഭ്യാസ നിലവാരമുള്ളതു സ്ത്രീകൾക്കാണ്. മാത്രമല്ല, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സേവനമേഖലയ്ക്കാണ് പ്രാമുഖ്യവും. എന്നിട്ടും, സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വളരെക്കുറവാണ്. ഉയർന്ന വിദ്യാഭ്യാസമുള്ള വനിതകൾക്കുപോലും തൊഴിലിലേക്കു പ്രവേശിക്കാൻ കുഞ്ഞുങ്ങളുടെ സംരക്ഷണം തടസ്സമാകുന്നു. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ‘ചൈൽഡ് കെയർ’ ജോലിക്കായി അവരുടെ ശമ്പളത്തിന്റെ അത്രതന്നെ ചെലവഴിക്കേണ്ടിവരുന്ന സ്ഥിതിയും കാണാതെ പോകരുത്.

ക്ലോഡിയ ഗോൾഡിൻ
ക്ലോഡിയ ഗോൾഡിൻ

ക്ലോഡിയയുടെ പഠനങ്ങൾ തൊഴിലിടങ്ങളിലെ ജെൻഡർ വിഷയങ്ങളിലേക്കു വെളിച്ചം വീശുന്നുണ്ടെങ്കിലും, വിദ്യാഭ്യാസമുള്ള വനിതകൾ സേവന മേഖലയുടെ വളർച്ചയ്ക്കൊപ്പം സ്വാഭാവികമായി തൊഴിലിടത്തിലേക്ക് എത്തുന്നുവെന്നതിൽ ശുഭാപ്തിവിശ്വാസം കൂടുതലുള്ളതായി തോന്നാം. പ്രത്യേകിച്ച്, കേരളത്തിലെ സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്തുമ്പോൾ. കാരണം, വികാസം പ്രാപിക്കുന്ന സേവനമേഖലയോ വിപണിയോ സ്ത്രീകളുടെ പ്രശ്നങ്ങൾക്കു സ്വയം പരിഹാരം കണ്ടെത്തുമെന്ന് ഇവിടെ പ്രതീക്ഷിക്കാനാവില്ല. 

മികച്ച ഗുണനിലവാരമുള്ള ശിശുസംരക്ഷണ സ്ഥാപനങ്ങൾ സർക്കാർ തലത്തിൽ ഒരുക്കിയെങ്കിൽ മാത്രമേ, നമ്മുടെ സംസ്ഥാനത്തു സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം പുരുഷന്മാരുടേതിനു സമാനമാകൂ. ക്ലോഡിയയ്ക്കു ലഭിച്ച അംഗീകാരം വലിയ മാറ്റത്തിനുള്ള തുടക്കമാകട്ടെ.

(തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ പ്രഫസറാണ് ലേഖിക)

English Summary:

writeup about Can education break the chains?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com