വാർത്താന്വേഷി, വിജ്ഞാനകോശം
Mail This Article
വർഷം 1975. ഇന്ത്യൻ എക്സ്പ്രസിന്റെ ബാംഗ്ലൂർ റിപ്പോർട്ടറായി നിയമിക്കാൻ സമർഥരായ യുവാക്കളെ അന്വേഷിക്കുകയായിരുന്നു ഞങ്ങൾ. സെൻട്രൽ കോളജ് കന്റീനിനു പുറത്തുവച്ചാണ് സച്ചിയെ പരിചയപ്പെട്ടത്. ഒരു കപ്പു കാപ്പിയാകാം എന്നു പറഞ്ഞു ഞങ്ങൾ കന്റീനിൽ കയറി. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം പത്രത്തിലൊരു ജോലിക്കു ശ്രമിക്കുകയായിരുന്നു സച്ചി അന്ന്. ഏതാനും മിനിറ്റിനുള്ളിൽ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു: പത്രപ്രവർത്തകനാകാൻ ജനിച്ച ഒരാളുമായാണ് ഞാൻ സംസാരിക്കുന്നത്. കർണാടകയിലെ പത്രപ്രവർത്തക കുലപതിയും ഇന്ത്യൻ എക്സ്പ്രസിന്റെ ബാംഗ്ലൂർ ചീഫ് റിപ്പോർട്ടറുമായിരുന്ന വി.എൻ. സുബ്ബറാവുവിനോടു ഞാൻ കാര്യം പറഞ്ഞു. റാവു ഒട്ടും സമയം കളയാതെ സച്ചിയെ അഭിമുഖത്തിനു വിളിച്ച് ജോലിക്കെടുത്തു.
ഇന്ദിരാഗാന്ധി മത്സരിച്ച 1978 നവംബറിലെ ചിക്കമഗളൂരു ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതുൾപ്പെടെ ഞങ്ങൾ ഒരുമിച്ച് ഏറ്റെടുത്ത എത്രയോ അസൈൻമെന്റുകൾ. പിന്നീട് 1981ൽ ഞാൻ ഇന്ത്യൻ എക്സ്പ്രസിന്റെ ന്യൂഡൽഹി ബ്യൂറോയിലേക്കു മാറി. പിറ്റേക്കൊല്ലം സച്ചി മനോരമയിൽ ചേർന്നു. 1989ൽ ഞാൻ ഇന്ത്യൻ എക്സ്പ്രസ് ന്യൂഡൽഹി ചീഫ് ഓഫ് ബ്യൂറോ ആയപ്പോൾ മനോരമ സച്ചിയെ ഡൽഹിക്കയച്ചത് യാദൃച്ഛികതയായി.
പലപ്പോഴും എംപിമാരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും സച്ചിയെ വലിയ കാര്യത്തോടെ അടുത്തുവിളിക്കുമായിരുന്നു; ഹൈക്കമാൻഡിന്റെ മനസ്സിലിരിപ്പു വല്ലതും പിടിയുണ്ടോ എന്നറിയാൻ. രാഷ്ട്രീയ നേതാക്കൾ അവരുടെ സങ്കടം പറഞ്ഞ് ഉപദേശം തേടാനും സമീപിച്ചിരുന്നു. രാജ്യതലസ്ഥാനത്തെ ഏറ്റവും മികച്ച വാർത്താശേഖരണ വിദഗ്ധനായിരുന്നു സച്ചി. സദാസമയവും വാർത്തകൾക്കു പിന്നാലെ. രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ കൗതുകകഥകൾ അതിനിടയിൽ കൈക്കലാക്കിയിരിക്കും. അവയെല്ലാം മാധ്യമസുഹൃത്തുക്കളുമായി പങ്കുവയ്ക്കും. രസികൻ സംഭവകഥകൾ പറയുന്നതിലും അതിവിദഗ്ധനായിരുന്നു. ഗോസിപ്പ് കോളങ്ങളുടെ എഴുത്തുകാർ അദ്ദേഹത്തെ പതിവായി വിളിച്ച് കൗതുകവിവരങ്ങൾ സംഘടിപ്പിക്കുമായിരുന്നു.
ദേശീയ രാഷ്ട്രീയത്തിലെ സർവവിജ്ഞാനകോശവും മൂല്യബോധമുള്ള നല്ല പത്രപ്രവർത്തനത്തിനായി സ്വയം സമർപ്പിച്ച് വാർത്തകൾക്കു പിന്നാലെ പാഞ്ഞ വാർത്താന്വേഷിയുമായിരുന്നു അദ്ദേഹം. ഗുണമേന്മയുള്ള പത്രപ്രവർത്തനത്തിനുവേണ്ടിയുള്ള സമർപ്പണവും ഇത്രയേറെ പ്രസരിപ്പുമായി മറ്റൊരു സച്ചി ഇനിയൊരിക്കലും ഉണ്ടാകില്ല.
(മുതിർന്ന മാധ്യമപ്രവർത്തകനും പ്രസാർഭാരതി ബോർഡ് മുൻ ചെയർമാനുമാണ് ലേഖകൻ)