മദ്യനയം ‘തലയ്ക്ക് ’ പിടിച്ചു; ആടിയാടി ആപ്
Mail This Article
ഡൽഹിക്കു പിന്നാലെ പഞ്ചാബിൽ അധികാരത്തിലെത്തുകയും ഗോവയിലും ഗുജറാത്തിലും തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത ആം ആദ്മി പാർട്ടിക്ക് (എഎപി) കഴിഞ്ഞ ഏപ്രിലിലാണ് ദേശീയ പാർട്ടി പദവി ലഭിച്ചത്. അഴിമതിക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ച് 2012 നവംബറിൽ അരവിന്ദ് കേജ‍്‍രിവാളിന്റെ നേതൃത്വത്തിൽ പിറന്ന പാർട്ടി ഇന്ന് അഴിമതി ആരോപണങ്ങളുടെ നടുവിലാണ്. ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും കുടിലതന്ത്രമെന്നു പറഞ്ഞ് ആരോപണങ്ങളെ തള്ളുമ്പോഴും പ്രതിസന്ധിയുടെ ആഴം എഎപി തിരിച്ചറിയുന്നു. അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന്റെ പടിവാതിൽക്കലും എത്തിക്കഴിഞ്ഞു. കൈവിലങ്ങുകളാണ് മുഖ്യനെ കാത്തിരിക്കുന്നതെന്നാണ് ബിജെപി മുന്നറിയിപ്പ്. ഏതു നിമിഷവും അറസ്റ്റിനുള്ള സാധ്യത കേജ‍്‍രിവാളും മനസ്സിലാക്കുന്നുണ്ട്. മദ്യനയ അഴിമതിക്കേസുകളും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കോടികൾ ചെലവഴിച്ചു നവീകരിച്ചതും പാവങ്ങളുടെ പാർട്ടിയെന്ന എഎപിയുടെ പ്രതിഛായയ്ക്കു മങ്ങലേൽപിച്ചിട്ടുണ്ട്. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) പിടിമുറുക്കുമ്പോൾ അതിജീവനത്തിനുള്ള വഴികൾ തേടുകയാണ് പാർട്ടി.
വിവാദമായ മദ്യനയം
മദ്യവിൽപന പൂർണമായും സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതിന് 2021 നവംബറിലാണ് ഡൽഹി സർക്കാർ പുതിയ നയം കൊണ്ടുവന്നത്. ഡൽഹിയെ 32 സോണുകളാക്കി മദ്യലൈസൻസ് വിതരണം, ഓരോ സോണിലും 27 വിൽപന കേന്ദ്രങ്ങൾ, 272 നഗരസഭാ വാർഡുകളിൽ ഓരോന്നിലും 2-3 വിൽപന കേന്ദ്രങ്ങൾ, ഉപഭോക്താക്കൾക്കു സൗജന്യങ്ങൾ നൽകാനും മദ്യത്തിന്റെ വില തീരുമാനിക്കാനും ലൈസൻസികൾക്ക് അനുമതി എന്നിവയായിരുന്നു പ്രധാന വ്യവസ്ഥകൾ.
ഒരു കുപ്പിക്ക് ഒരു കുപ്പി, ഒരു കെയ്സിന് ഒരു കെയ്സ് എന്നിങ്ങനെ സൗജന്യം നൽകിയാണ് സ്വകാര്യ ലോബി ഉപഭോക്താക്കളെ ആകർഷിച്ചത്. വ്യാജമദ്യ വിൽപന തടയുക, എക്സൈസ് വരുമാനം വർധിപ്പിക്കുക, ഉപഭോക്താക്കൾക്കു മികച്ച സേവനം ഉറപ്പാക്കുക എന്നിവയാണു ലക്ഷ്യങ്ങളെന്നാണ് സർക്കാർ അവകാശപ്പെട്ടത്. പക്ഷേ, താമസിയാതെ മദ്യനയം വൻ അഴിമതിയാരോപണങ്ങൾക്കു വഴിവച്ചു.
കുടുങ്ങിയത് പ്രമുഖർ
മദ്യനയ അഴിമതിക്കേസിൽ എഎപിയുടെ മുതിർന്ന നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയെ ഫെബ്രുവരി 26ന് സിബിഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെ ഇ.ഡിയും പിടികൂടി. മദ്യനയത്തിന്റെ മറവിൽ എഎപിക്കു പാർട്ടി ഫണ്ട് സ്വരൂപിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ പ്രയോജനപ്പെടുത്തിയെന്നാണ് സഞ്ജയ് സിങ്ങിനെതിരായ ആരോപണം. സിസോദിയയും സഞ്ജയ് സിങ്ങും മാത്രമല്ല, കള്ളപ്പണക്കേസിൽപെട്ട എഎപിയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനും തിഹാർ ജയിലിലുണ്ട്.
തുടക്കമിട്ടത് പൊലീസ്
ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് മദ്യനയത്തിൽ ആദ്യം അന്വേഷണം നടത്തിയത്. നയം നടപ്പാക്കിയതു ചട്ടങ്ങൾ ലംഘിച്ചാണെന്നും മദ്യലൈസൻസികൾക്ക് ഒട്ടേറെ ഇളവുകൾ നൽകിയെന്നും ചീഫ് സെക്രട്ടറി നരേഷ് കുമാർ 2022 ജൂലൈ എട്ടിനു റിപ്പോർട്ട് നൽകിയതോടെ ലഫ്. ഗവർണർ വി.കെ.സക്സേന വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. വിജിലൻസും ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതോടെ സിബിഐ അന്വേഷണത്തിനു ലഫ്. ഗവർണർ ശുപാർശ ചെയ്യുകയായിരുന്നു.
എക്സൈസ് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് സിസോദിയ ചട്ടങ്ങൾ ലംഘിച്ചു നടപ്പാക്കിയ മദ്യനയം സർക്കാരിനു കുറഞ്ഞത് 2,800 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്. എഎപി നേതാക്കൾക്കു മദ്യവ്യവസായികൾ കോടികൾ കോഴ നൽകിയെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.
ചട്ടങ്ങൾ ലംഘിച്ച് ലൈസൻസ് അനുവദിച്ചു, ലൈസൻസ് ഫീസ് കുറച്ചു നൽകി, ഫീസ് അടയ്ക്കാത്തവർക്കുള്ള പിഴ ഒഴിവാക്കി, കോവിഡ് കാലത്തെ നഷ്ടം പരിഹരിക്കാനെന്ന പേരിൽ 144.36 കോടിയുടെ പിഴത്തുക എഴുതിത്തള്ളി എന്നിവയാണ് സിസോദിയ നേരിടുന്ന പ്രധാന ആരോപണങ്ങൾ. 2022ൽ ഗോവയിലും പഞ്ചാബിലും തിരഞ്ഞെടുപ്പുകളിൽ എഎപി ഒഴുക്കിയത് മദ്യനയ അഴിമതിയിൽ നിന്നു ലഭിച്ച കോഴപ്പണമാണെന്നും അന്വേഷണ ഏജൻസികൾ കരുതുന്നു. കോഴപ്പണം ഹവാല ഇടപാടുകളിലൂടെയും ഇടനിലക്കാരായ മദ്യവ്യവസായികൾ വഴിയുമാണ് എഎപി നേതാക്കൾ കൈക്കലാക്കിയതെന്നു ചൂണ്ടിക്കാട്ടിയാണ് ഇ.ഡി ഇടപാടുകൾ അന്വേഷിക്കുന്നത്.
നയം പിൻവലിച്ച് സർക്കാർ
സിബിഐ അന്വേഷണം ഭയന്ന് 2022 ജൂലൈയിൽ മദ്യനയം റദ്ദാക്കിയ സർക്കാർ, മദ്യവിൽപനയുടെ ചുമതല വീണ്ടും ഏറ്റെടുത്തു. എട്ടു മാസം മാത്രമാണ് വിവാദ മദ്യനയം നിലവിലുണ്ടായിരുന്നത്. മനീഷ് സിസോദിയ, എഎപി കമ്യൂണിക്കേഷൻ വിഭാഗം മേധാവിയും മലയാളിയുമായ വിജയ് നായർ എന്നിവരുൾപ്പെടെ 14 പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയത്. സിസോദിയയാണ് മുഖ്യസൂത്രധാരനെന്നു കുറ്റപത്രത്തിൽ പറയുന്നു.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയ്ക്കും മദ്യനയ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച ഇ.ഡി, അവരുടെ മുൻ അക്കൗണ്ടന്റിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യ നിർമാതാക്കളായ സൗത്ത് ഗ്രൂപ്പ് 100 കോടി രൂപ എഎപിക്കു കോഴയായി നൽകിയെന്നും ഇ.ഡി കുറ്റപത്രത്തിലുണ്ട്. സിസോദിയ, ബ്രിൻഡ്കോ സ്പിരിറ്റ്സ് ഉടമ അമൻദീപ് സിങ് ധൽ, പരസ്യകമ്പനി ഡയറക്ടർ രാജേഷ് ജോഷി, മദ്യവ്യവസായി ഗൗതം മൽഹോത്ര തുടങ്ങിയവരുടേതടക്കം 128.78 കോടി രൂപയുടെ സ്വത്തുക്കളാണ് ആകെ കണ്ടുകെട്ടിയത്.
ചൂലെടുക്കുമോ ജനം ?
പ്രത്യേക പൊലീസ് സംഘത്തിന്റെ സഹായത്താൽ പ്രതിയോഗികളുടെ വിവരങ്ങൾ ചോർത്തി, സ്കൂളുകളിലെ ക്ലാസ് മുറി നിർമാണത്തിൽ 1,300 കോടിയുടെ അഴിമതി നടത്തി, ഡൽഹി വഖഫ് ബോർഡ് നിയമനങ്ങളിൽ കോഴ വാങ്ങി തുടങ്ങിയ കേസുകളിലും എഎപി നേതാക്കൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ, മദ്യനയ അഴിമതിക്കേസ് പാർട്ടിയുടെ നിലനിൽപിനു തന്നെ ഭീഷണിയാണ്. കേജ‍്‍രിവാളിന്റെ അറസ്റ്റിനെ എഎപി ഭയക്കുന്നതിനു പിന്നിലും പാർട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണുള്ളത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി എഎപി അധികാരം പിടിച്ചതിൽ അങ്കലാപ്പിലായ ബിജെപിക്കും കോൺഗ്രസിനും പുതിയ സാഹചര്യം പ്രതീക്ഷ നൽകുന്നതാണ്. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലും എഎപി ചരിത്രജയം നേടിയതോടെ രാജ്യതലസ്ഥാനത്ത് അടുത്തൊന്നും തിരിച്ചുവരവു സാധ്യമല്ലെന്ന ആശങ്കയിലായിരുന്നു ബിജെപിയും കോൺഗ്രസും.
ഇ.ഡി അന്വേഷണം നേരിടാൻ കേജ‍്‍രിവാൾ നീക്കം തുടങ്ങി. ഇന്നലെ വൈകിട്ടു ചേർന്ന എഎപി എംഎൽഎമാരുടെ അടിയന്തര യോഗം മുഖ്യമന്ത്രിക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചു. അറസ്റ്റിലായാലും സ്ഥാനത്തു തുടരണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. അറസ്റ്റിലായാൽ ജോലി തുടരാൻ മുഖ്യമന്ത്രി കോടതിയുടെ അനുമതി തേടുമെന്നും ജയിലിൽ മന്ത്രിസഭാ യോഗം ചേരാൻ മടിക്കില്ലെന്നും മന്ത്രി സൗരഭ് ഭരദ്വാജ് പ്രഖ്യാപിച്ചു. ഡൽഹി രാഷ്ട്രീയം നാടകീയ രംഗങ്ങൾക്കു സാക്ഷിയാവുമെന്ന സൂചനയാണ് കേജ‍്‍രിവാളിന്റെ നീക്കങ്ങളിൽ പ്രതിഫലിക്കുന്നത്.
കേജ‌്‌രിവാളും സംശയപട്ടികയിൽ; വീടുപുതുക്കലിൽ അന്വേഷണം
മുഖ്യമന്ത്രിയുടെ പൂർണ അറിവോടെയാണ് അഴിമതി നടന്നതെന്ന് അന്വേഷണ ഏജൻസികൾ വാദിക്കുന്നു. വിജയ് നായർക്കു കേജ‍്‍രിവാളുമായി അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡിയുടെ അനുബന്ധ കുറ്റപത്രത്തിലുണ്ട്. സ്വന്തം ഫോണിൽ മുഖ്യമന്ത്രിയും ഇൻഡോ സ്പിരിറ്റ്സ് ഉടമ സമീർ മഹാന്ദ്രുവുമായി വിഡിയോ കോളിലൂടെ സംസാരിക്കാൻ വിജയ് നായർ അവസരമൊരുക്കി. വിജയ് നായർ തന്റെ സ്വന്തം ‘പയ്യനാണെന്നും’ വിശ്വസിച്ച് മുന്നോട്ടുപോകാമെന്നും മുഖ്യമന്ത്രി സമീറിനെ അറിയിച്ചതായും ആരോപിക്കുന്നു.
മദ്യക്കമ്പനികൾ ഡൽഹി സർക്കാരിനു വിലയിൽ നൽകിയ ഇളവു മുതലാക്കി 1,500 കോടി രൂപയുടെ അഴിമതി നടന്നെന്ന ആരോപണത്തിലും സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മദ്യനയം പിൻവലിച്ച ശേഷവും കമ്പനികൾ ഇളവു നൽകിയിട്ടുണ്ടെന്നാണ് സിബിഐക്കു ലഭിച്ച സൂചന. എന്നാൽ, ഈ ഇളവ് സംബന്ധിച്ച വിവരം സർക്കാർ രേഖകളിലില്ല. ഈ പണം എഎപി നേതാക്കൾ കൈക്കലാക്കിയെന്ന സൂചനയാണ് സിബിഐ അന്വേഷിക്കുന്നത്. മദ്യവിൽപന വീണ്ടും ഏറ്റെടുത്ത ശേഷം കുറഞ്ഞത് 15,000 കോടി രൂപയുടെ മദ്യം സർക്കാർ വിറ്റിട്ടുണ്ട്.
സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയതിനു തൊട്ടുപിന്നാലെ ചോദ്യം ചെയ്യലിനു ഹാജരാവണമെന്ന് ആവശ്യപ്പെട്ടു കേജ്‌രിവാളിന് ഇ.ഡി നോട്ടിസയച്ചു. ഹാജരാകാൻ വിസമ്മതിച്ച കേജ‍്‍രിവാൾ അതേദിവസം തിരഞ്ഞെടുപ്പു പ്രചാരണത്തിനു മധ്യപ്രദേശിലേക്കു പോയി. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്നു തന്നെ മന്ത്രി രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കേജ്‌രിവാളിനോടു ഹാജരാകാൻ വീണ്ടും ആവശ്യപ്പെടുമെന്നാണു സൂചന.
മുഖ്യമന്ത്രിയുടെ വസതി 52.71 കോടി രൂപ ചെലവഴിച്ചു നവീകരിച്ചതിൽ സിബിഐ കഴിഞ്ഞ സെപ്റ്റംബറിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ലക്ഷങ്ങൾ വിലയുള്ള കർട്ടനുകളും ടൈലുകളും ഫർണിച്ചറും വാങ്ങിയെന്നും പരാതിയുണ്ട്.