ADVERTISEMENT

മധ്യപ്രദേശ് സംസ്ഥാനവും മലയാളിയുടെ നാലുംകൂട്ടിയുള്ള മുറുക്കും തമ്മിൽ നല്ല സാമ്യമുണ്ട്. പരസ്പരബന്ധമില്ലാത്ത വെറ്റിലയും ചുണ്ണാമ്പും അടയ്ക്കയും പുകയിലയും കൂട്ടി മുറുക്കുമ്പോൾ മറ്റൊന്നായി മാറുന്നതുപോലെ ഗ്വാളിയർ–ചമ്പൽ, ഭോപാൽ, ബാഗേൽഖണ്ഡ്, മഹാകോശൽ, മാൾവ, നിമഡ് എന്നീ 6 മേഖലകൾ ചേരുമ്പോഴാണ് മധ്യപ്രദേശ് സംസ്ഥാനമാകുന്നത്. അടയ്ക്കയും വെറ്റിലയും തമ്മിലുള്ള വ്യത്യാസമുണ്ട് ഭോപാലും മഹാകോശലും തമ്മിൽ. ഗ്വാളിയർ–ചമ്പൽ ചുണ്ണാമ്പാണെങ്കിൽ നിമഡ് പുകയിലയാണ്. സാംസ്കാരികമായും സാമൂഹികമായും വൈവിധ്യങ്ങൾ നിറഞ്ഞ ഓരോ മേഖലയും ഓരോ ഭൂഖണ്ഡം. തിരഞ്ഞെടുപ്പു ഫലപ്രവചനം ഏറ്റവും സങ്കീർണമായ സംസ്ഥാനമാക്കി മധ്യപ്രദേശിനെ മാറ്റുന്നതും ഈ വൈവിധ്യമാണ്. 2018ലെ തിരഞ്ഞെടുപ്പിൽ സീറ്റെണ്ണത്തിൽ കോൺഗ്രസും വോട്ടുശതമാനത്തിൽ ബിജെപിയുമായിരുന്നു മുന്നിലെന്നത് കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ സമവാക്യത്തിന്റെ സൂചകമാണ്.

5.6 കോടി വോട്ടർമാർ നാളെ പോളിങ് ബൂത്തിലെത്തുമ്പോൾ മധ്യപ്രദേശിലാകെ കേൾക്കുന്ന വാക്ക് ‘ബദ്‌ലാവ്’ (മാറ്റം) എന്നതാണ്. ഭരണവിരുദ്ധ വികാരമുണ്ടെന്ന് ആദ്യം മനസ്സിലാക്കിയത് ബിജെപിയാണ്. 3 കേന്ദ്രമന്ത്രിമാരടക്കം 7 സിറ്റിങ് എംപിമാരെ രംഗത്തിറക്കിയത് അതുകൊണ്ടാണ്. മാറ്റത്തിനായുള്ള മുഴക്കത്തെ അധികാരത്തിലേക്കുള്ള വഴിയാക്കി മാറ്റാനാണു കോൺഗ്രസ് ശ്രമം. ജനങ്ങളിലേക്കു നേരിട്ടു പണമെത്തിക്കുന്ന പദ്ധതികളും സംഘപരിവാർ സംഘടനകളുടെ കെട്ടുറപ്പും കൊണ്ട് ഇതു തടയാൻ ബിജെപി അരയും തലയും മുറുക്കി രംഗത്തുണ്ട്. ബിഎസ്‌പി, എസ്പി, എഎപി, ഇടതു പാർട്ടികൾ എന്നിവയും കളത്തിലുണ്ടെങ്കിലും മധ്യപ്രദേശിൽ ബിജെപി–കോൺഗ്രസ് ദ്വന്ദ്വയുദ്ധമാണ്.

മധ്യപ്രദേശിലെ ഇൻഡോറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ്ഷോ. Photo: PTI
മധ്യപ്രദേശിലെ ഇൻഡോറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ്ഷോ. Photo: PTI

രണ്ടായിരത്തിൽ ഛത്തീസ്ഗഡിനെ അടർത്തിമാറ്റിയ ശേഷം നടന്ന 4 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നിലും (2003, 2008, 2013) വിജയം ബിജെപിക്കായിരുന്നു. 2018ൽ വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് കമൽനാഥിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചെങ്കിലും 15 മാസം മാത്രമായിരുന്നു ആയുസ്സ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമുള്ള എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് സർക്കാരിനെ ബിജെപി വീഴ്ത്തി. തുടർന്ന് 28 സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി 19 സീറ്റ് നേടി; കോൺഗ്രസ് 9 സീറ്റിലൊതുങ്ങി. സിന്ധ്യയ്ക്കൊപ്പം കോൺഗ്രസ് വിട്ട 25 എംഎൽഎമാരുടെയും അന്തരിച്ച 3 അംഗങ്ങളുടെയും സീറ്റുകളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.

നിലവിൽ തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ളത് (29) മധ്യപ്രദേശിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഹിന്ദി ഹൃദയഭൂമിയിലെ രാഷ്ട്രീയക്കാറ്റിന്റെ ഗതി മധ്യപ്രദേശ് ഫലത്തിൽനിന്നു വായിച്ചെടുക്കാം.

കുടിൽ മുതൽ കൊട്ടാരം വരെ

തൊഴിലില്ലായ്മ, കർഷകപ്രശ്നങ്ങൾ, വികസനം തുടങ്ങിയവ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നുണ്ട്. ഭോജ് രാജാവ് രജപുത്രനാണോ ഗുജ്ജറാണോ എന്ന തർക്കം ചില മണ്ഡലങ്ങളിൽ ഫലത്തെ സ്വാധീനിക്കാൻ ശക്തിയുള്ളതാണ്. ജാതി സർവേയെന്ന കോൺഗ്രസ് വാഗ്ദാനം എങ്ങനെ പ്രതിഫലിക്കുമെന്ന് പാർട്ടികളെല്ലാം ഉറ്റുനോക്കുന്നു. ജനസംഖ്യയുടെ 50 ശതമാനത്തോളം ഒബിസി വിഭാഗക്കാരാണ്.

ബിജെപിയുടെ തീവ്രഹിന്ദുത്വത്തിനു പകരമായുള്ള മൃദുഹിന്ദുത്വമെന്ന് വിമർശകർ ആരോപിക്കുന്ന കമൽനാഥ് ശൈലിയാണ് മറ്റൊരു കൗതുകം. ‘ഇന്ത്യ’ മുന്നണിയിൽത്തന്നെ കോൺഗ്രസിനെതിരെ വിമർശനമുയരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഇതു ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. രാമക്ഷേത്രത്തിന് വെള്ളിയിൽ തീർത്ത 11 ഇഷ്ടികകളാണ് കമൽനാഥ് സംഭാവന നൽകിയത്. ക്ഷേത്രത്തിനു കല്ലിട്ട ദിവസം വീട്ടിൽ പ്രത്യേക രാമദർബാർ നടത്തി. സ്വന്തം മണ്ഡലത്തിൽ കൂറ്റൻ ഹനുമാൻ പ്രതിമ നിർമിച്ചു. ഗോസംരക്ഷണത്തിന് ഇരു പാർട്ടികളും പ്രകടനപത്രികയിൽ മത്സരിച്ചാണ് വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നത്.

പഴ്സിലെ കാശ് വോട്ടാകുമോ?

ഭരണവിരുദ്ധവികാരം പ്രകടമാണെങ്കിലും ബിജെപിയുടെ തുടർഭരണ പ്രതീക്ഷകൾ ‘ലാഡ്‌ലി ബെഹനാ’യെന്ന സ്വപ്നപദ്ധതിയിലാണ്. 21 മുതൽ 60 വയസ്സു വരെയുള്ള സ്ത്രീകൾക്ക് മാസം 1250 രൂപ നൽകുന്നതാണു പദ്ധതി. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച പദ്ധതിയിൽ 1.31 കോടി സ്ത്രീകൾക്കു പണം ലഭിക്കുന്നു. അധികാരത്തിലെത്തിയാൽ തുക 1500 ആക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം.

കമൽ നാഥ്. Photo: PTI/ Ravi Choudhary
കമൽ നാഥ്. Photo: PTI/ Ravi Choudhary

കമലിനെ വെല്ലുമോ കമൽനാഥ്?

കോൺഗ്രസിന്റെ പ്രചാരണം സൂപ്പർതാര സിനിമ പോലെയാണ്. കമൽനാഥെന്ന മുഖ്യമന്ത്രിസ്ഥാനാർഥിക്കു ചുറ്റുമാണ് എല്ലാം കറങ്ങുന്നത്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പോലും സഹതാരങ്ങളുടെ വേഷം മാത്രം. കമൽ കാ ഫൂൽ നഹി, ഇസ് ബാർ കമൽനാഥ് (കമൽ (താമര) അല്ല, ഇത്തവണ കമൽനാഥ്) എന്നതാണ് കോൺഗ്രസിന്റെ മുദ്രാവാക്യം.

ബിജെപിയിലെ സ്ഥിതി ‘ഹരികൃഷ്ണൻസ്’ സിനിമയുടെ ക്ലൈമാക്സ് പോലെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖമായി മുന്നിലുള്ളത്. കൂട്ടായ നേതൃത്വത്തിനു കീഴിൽ നടക്കുന്ന പ്രചാരണത്തിൽ മുഖ്യമന്ത്രിസ്ഥാനാർഥിയെ ഉയർത്തിക്കാട്ടിയിട്ടില്ല. ശിവരാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, ഫഗൻ സിങ് കുലസ്തെ, റിതി പഥക് എംപി തുടങ്ങി വിവിധ പ്രദേശങ്ങളിൽ ചെല്ലുമ്പോൾ കേൾക്കുന്നത് വ്യത്യസ്ത പേരുകൾ. ക്ലൈമാക്സിനു തൊട്ടുമുൻപുള്ള ട്വിസ്റ്റ് പോലെ മത്സരരംഗത്തില്ലാത്ത ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയാകുമെന്ന ചർച്ചകളുമുണ്ട്.

6 മേഖലകളിലെ രാഷ്ട്രീയചിത്രം

മഹാകോശൽ (42 സീറ്റ്):
കമൽനാഥിന്റെ ശക്തികേന്ദ്രമായ ചിന്ദ്‌വാഡ ഉൾപ്പെടുന്ന 9 ജില്ലകൾ. 2018ൽ കോൺഗ്രസ് വൻ മുന്നേറ്റമുണ്ടാക്കി. ഒബിസി, ആദിവാസി വോട്ടുകൾ നിർണായകം. ഗോത്രവർഗ പാർട്ടിയായി ജിജിപി, ബിഎസ്പിയുമായി സഖ്യത്തിൽ മത്സരിക്കുന്നത് ആരെ ബാധിക്കുമെന്നു കണ്ടറിയണം.

ഗ്വാളിയർ–ചമ്പൽ (34): സിന്ധ്യ രാജകുടുംബത്തിന്റെ സ്വാധീനമേഖല. പ്രസക്തി നിലനിർത്താൻ ജ്യോതിരാദിത്യ സിന്ധ്യയും സർക്കാരിനെ വീഴ്ത്തിയ വഞ്ചനയ്ക്കു പകരം വീട്ടാൻ കോൺഗ്രസും തുനിഞ്ഞിറങ്ങിയതിനാൽ ഏറ്റവും കടുത്ത പോരാട്ടം നടക്കുന്ന മേഖല. ചില ജില്ലകളിൽ ബിഎസ്പിയും ശക്തം.

മാൾവ (45): ക്ഷേത്രനഗരമായ ഉജ്ജയിനും ഇൻഡോറും ഉൾപ്പെടുന്ന പ്രദേശം. ബിജെപി ശക്തികേന്ദ്രം. ഒബിസി, സവർണ, പട്ടികജാതി വോട്ടുകൾ നിർണായകം. കർഷകപ്രശ്നങ്ങളും വോട്ടിനെ സ്വാധീനിക്കും. ഭരണം പിടിക്കണമെങ്കിൽ കോൺഗ്രസ് ഇവിടെ നില മെച്ചപ്പെടുത്തണം. വിമതസ്ഥാനാർഥികൾ ഇരുകൂട്ടർക്കും തലവേദന.

നിമഡ് (28): ആദിവാസി മേഖല. സംസ്ഥാനത്തെ 47 പട്ടികജാതി സംവരണ സീറ്റുകളിൽ 19 എണ്ണം നിമഡിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തേരോട്ടം ആവർത്തിക്കാമെന്ന് കോൺഗ്രസ് കണക്കുകൂട്ടൽ.

ഭോപാൽ (25): തലസ്ഥാനത്തോടു ചേർന്ന 5 ജില്ലകൾ. നഗരമണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ നിർണായകം. സവർണ, ഒബിസി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കു സ്വാധീനമുള്ള മേഖല ബിജെപിയുടെ ശക്തികേന്ദ്രം. പഴയ പെൻഷൻ സ്കീം പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം സർക്കാർ ഉദ്യോഗസ്ഥർ നിർണായകശക്തിയായ മേഖലയെ എങ്ങനെ സ്വാധീനിക്കുമെന്നു കണ്ടറിയണം.

ബാഗേൽഖണ്ഡ് (56): ബുന്ദേൽഖണ്ഡ്, വിന്ധ്യ പ്രദേശങ്ങളുൾപ്പെടെ 12 ജില്ലകൾ. ഉത്തർപ്രദേശുമായും ഛത്തീസ്ഗഡുമായും അതിർത്തി പങ്കിടുന്നു. സവർണ, ഒബിസി, പട്ടികജാതി വോട്ടുകൾ നിർണായകമായ മേഖല ബിജെപിയുടെ ശക്തികേന്ദ്രം. ബിജെപി എംഎൽഎയുടെ ബന്ധു ആദിവാസിയുവാവിനുമേൽ മൂത്രമൊഴിച്ച സംഭവം നടന്നത് മേഖലയിലെ സിദ്ധി മണ്ഡലത്തിലാണ്. ചില ജില്ലകളിൽ ബിഎസ്പിയും എസ്പിയും എഎപിയും മോശമല്ലാത്ത വോട്ടു പിടിച്ചേക്കാം. വിമതശല്യം കോൺഗ്രസിനും ബിജെപിക്കും തലവേദന.

ഇവർക്ക് നിർണായകം

ശിവരാജ് സിങ് ചൗഹാൻ. Photo: PTI/ Kamal Singh
ശിവരാജ് സിങ് ചൗഹാൻ. Photo: PTI/ Kamal Singh

ശിവരാജ് സിങ് ചൗഹാൻ
മുഖ്യമന്ത്രിപദത്തിൽ അഞ്ചാമൂഴം സ്വപ്നം കാണുന്ന ശിവരാജ് സിങ് ചൗഹാന് പാർട്ടിയിൽ പഴയ സ്വീകാര്യതയില്ല. വോട്ടർമാർക്കിടയിൽ ചൗഹാനോടു മടുപ്പുണ്ടെന്നാണു വിലയിരുത്തൽ. എന്നാൽ, ജനപ്രിയ പദ്ധതികൾ തുണയ്ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അനുയായികളുടെ പ്രിയ ‘മാമാജി’. ജയിച്ചാൽ ചൗഹാന് മുഖ്യമന്ത്രിസ്ഥാനത്തു വീണ്ടും അവസരം ലഭിച്ചേക്കാം. തോറ്റാൽ പ്രവർത്തനകേന്ദ്രം ഡൽഹിയിലേക്കു മാറിയേക്കും.

കമൽനാഥ്
കോൺഗ്രസ് ജയിച്ചാൽ അതിന്റെ ശിൽപിയും തോറ്റാൽ ഒന്നാമത്തെ ഉത്തരവാദിയും കമൽനാഥാകും. ഇത്തവണ അധികാരം പിടിക്കാനായില്ലെങ്കിൽ, വോട്ടെടുപ്പിന്റെ പിറ്റേദിവസം 77–ാം പിറന്നാൾ ആഘോഷിക്കുന്ന കമൽനാഥിന് മുഖ്യമന്ത്രിപദത്തിൽ മറ്റൊരവസരം ലഭിച്ചെന്നു വരില്ല.

ജ്യോതിരാദിത്യ സിന്ധ്യ. Photo: PTI/ Manvender Vashist Lav
ജ്യോതിരാദിത്യ സിന്ധ്യ. Photo: PTI/ Manvender Vashist Lav

ജ്യോതിരാദിത്യ സിന്ധ്യ
മത്സരരംഗത്തില്ലാത്തവരിൽ ഫലം ഏറ്റവും കൂടുതൽ ബാധിക്കുക ജ്യോതിരാദിത്യ സിന്ധ്യയെയാണ്. തട്ടകമായ ഗ്വാളിയർ–ചമ്പൽ മേഖലയിൽ ബിജെപിക്കു മികച്ച പ്രകടനം നടത്താനായില്ലെങ്കിൽ ഗ്വാളിയർ ‘മഹാരാജാവിന്’ കനത്ത തിരിച്ചടിയാകും.

ദിഗ്‌വിജയ് സിങ്. ചിത്രം: ജെ.സുരേഷ് ∙ മനോരമ
ദിഗ്‌വിജയ് സിങ്. ചിത്രം: ജെ.സുരേഷ് ∙ മനോരമ

ദിഗ്‌വിജയ് സിങ്
അരങ്ങിൽ സജീവമല്ലെങ്കിലും കോൺഗ്രസിനായി അണിയറയിൽ കരുക്കൾ നീക്കുന്നു. മകൻ ജയ്‌വർധൻ സിങ് ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മത്സരരംഗത്തുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടത് കോൺഗ്രസിനെ ബാധിച്ചിട്ടില്ലെന്നു തെളിയിക്കേണ്ടത് കമൽനാഥിനൊപ്പം ‘ദിഗ്ഗി’യുടെയും ആവശ്യം.

നരേന്ദ്രസിങ് തോമർ. Photo: PTI/ Kamal Singh
നരേന്ദ്രസിങ് തോമർ. Photo: PTI/ Kamal Singh

നരേന്ദ്ര സിങ് തോമർ
ബിജെപിയിലെ തലയെടുപ്പുള്ള നേതാവ്. നിലവിൽ കേന്ദ്ര കൃഷിമന്ത്രി. ഗ്വാളിയർ–ചമ്പൽ മേഖലയിൽ പാർട്ടിയുടെ സാധ്യത വർധിപ്പിക്കാനാണ് ദിമനി മണ്ഡലത്തിൽ അദ്ദേഹത്തെ മത്സരരംഗത്തിറക്കിയത്. കടുത്ത പോരാട്ടം നടക്കുന്ന ഇവിടെ വിജയിക്കാനായില്ലെങ്കിൽ തോമറിന് കടുത്ത ക്ഷീണമാകും.

English Summary:

Madhya Pradesh Assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com