ആര്യമനോഹരം ഈ സ്നേഹകഥ
Mail This Article
നന്മയുടെ നറുസുഗന്ധവുമായെത്തുന്ന നല്ല വിശേഷങ്ങൾ കേൾക്കുന്നതുതന്നെ എന്തൊരു ആശ്വാസം! ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ ഹൃദയവായ്പ് കരുണയുടെ നാമാക്ഷരങ്ങളിലെഴുതിയ സുന്ദരകഥ നാം വായിച്ചത് ഇന്നലെയാണ്. പട്ന സ്വദേശികളുടെ നാലു മാസമുള്ള കുഞ്ഞിനു കൊച്ചി സിറ്റി വനിതാ പൊലീസ് സ്റ്റേഷനിൽ മുലയൂട്ടിയ പൊലീസ് ഉദ്യോഗസ്ഥ നമ്മുടെയെല്ലാം ആദരമർഹിക്കുന്നു.
പല കാര്യങ്ങളുമായി ബന്ധപ്പെട്ടും നിരന്തരം സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളിലൂടെയും ആരോപണങ്ങളിലൂടെയും കടന്നുപോകുന്നവരാണ് നമ്മുടെ പൊലീസ് ഉദ്യോഗസ്ഥർ. അവരിൽ മിക്കവരും കാത്തുസൂക്ഷിക്കുന്ന ഹൃദയനന്മയുടെയും കരുണയുടെയും സുഗന്ധം അറിയിക്കുന്നതായി ഈ സംഭവം. അതിഥിത്തൊഴിലാളികളുടെ കുഞ്ഞിനെ വ്യാഴാഴ്ചയാണ് ആ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഹൃദ്രോഗിയായ അമ്മയെ ശ്വാസം മുട്ടലിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചതോടെ ഈ കുഞ്ഞിന്റെയും മൂത്ത 3 കുട്ടികളുടെയും താൽക്കാലിക സംരക്ഷണച്ചുമതല വനിതാ പൊലീസുകാർ ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ അച്ഛൻ ജയിലിലാണ്.
തന്റെ കയ്യിലിരുന്നു കരയുന്ന കുഞ്ഞും വീട്ടിലുള്ള 9 മാസം പ്രായമുള്ള സ്വന്തം കുഞ്ഞും തമ്മിൽ എന്തെങ്കിലും വ്യത്യാസമുള്ളതായി സിവിൽ പൊലീസ് ഓഫിസർ എം.എ. ആര്യയ്ക്കു തോന്നാതിരുന്നതുകൊണ്ടാണ് ഈ സ്നേഹകഥ പിറന്നത്. അതുകൊണ്ടുതന്നെ, കുഞ്ഞിന്റെ ചുണ്ടിലേക്കു മുലപ്പാൽ പകരാനും ആര്യ മടിച്ചില്ല. ഈ കുഞ്ഞിനെയും സഹോദരങ്ങളെയും പിന്നീടു ശിശുഭവനിലേക്കു മാറ്റി.
കുടുംബപ്രശ്നത്തെത്തുടർന്ന് അമ്മയിൽനിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനു മുലപ്പാൽ നൽകി ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥ എം.ആർ.രമ്യയുടെ കഥ കഴിഞ്ഞ വർഷം നാം കേട്ടു. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്തു വിളിച്ചുവരുത്തി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അനുമോദിച്ചിരുന്നു. അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യപ്രവൃത്തി സേനയുടെ യശസ്സുയർത്തിയതായി അദ്ദേഹം അന്നു പറയുകയുണ്ടായി. ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അന്നു രമ്യയെ അഭിനന്ദിച്ച് സംസ്ഥാന പൊലീസ് മേധാവിക്കു കത്തെഴുതിയിരുന്നു.
പാസ്പോർട്ട് വെരിഫിക്കേഷനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വീട്ടമ്മയ്ക്കു രക്ഷകനായ കഥ നാം കേട്ടത് ഇക്കഴിഞ്ഞ ജൂലൈയിലാണ്. കോട്ടയം വാകത്താനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പായിപ്പാട് സ്വദേശി സി.വി. പ്രദീപ്കുമാറാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായ വീട്ടമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിച്ചത്. ലോട്ടറി ടിക്കറ്റുകൾ അജ്‍ഞാതൻ തട്ടിയെടുത്തതോടെ പ്രതിസന്ധിയിലായ ലോട്ടറി വിൽപനക്കാരിക്കു സഹായഹസ്തവുമായി പൊലീസ് ഉദ്യോഗസ്ഥർ എത്തിയതാകട്ടെ ഏപ്രിലിലും. തൊടുപുഴ നഗരത്തിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന വനിതയ്ക്കാണു നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റിന്റെ പണം ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് അന്നു പിരിച്ചുനൽകിയത്.
ഇതെല്ലാം സമീപകാലത്തു നടന്ന ചില സംഭവങ്ങൾ മാത്രമാണ്. ഇങ്ങനെ പുറംലോകമറിഞ്ഞും അറിയാതെയും എത്രയോ പേർ ചുറ്റുമുള്ളവരുടെ ജീവിതത്തിൽ നന്മയുടെ കയ്യൊപ്പിട്ടുപോരുന്നു. ജീവിതത്തിന്റെ അർഥം തിരിച്ചറിയുന്നവർ ഏതൊരു സമൂഹത്തിന്റെയും സൗഭാഗ്യമാണ്. അതുകൊണ്ടുതന്നെ, മാനുഷികതയുടെ മൂല്യം തിരിച്ചറിയുന്ന പൊലീസ് ഉദ്യോഗസ്ഥരൊക്കെയും തീർച്ചയായും നമ്മുടെ അഭിവാദ്യം അർഹിക്കുന്നു.
പൊലീസ് എന്ന ഇംഗ്ലിഷ് വാക്കിലെ ‘എൽ’ എന്ന അക്ഷരം വിശ്വസ്തതയെ (ലോയൽറ്റി) കുറിക്കുന്നതാണ്. ജനങ്ങളോടും സമൂഹത്തോടും നിയമവ്യവസ്ഥയോടുമൊക്കെയുള്ള വിശ്വസ്തതയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നു ബോധ്യമുള്ളവരുടെ സ്നേഹപ്രഖ്യാപനങ്ങൾതന്നെയാണ് ഈ സംഭവങ്ങളെല്ലാം. ഇതുപോലെയുള്ള നല്ല വാർത്തകൾ മറവിയിൽ മായാനുള്ളതല്ല. അവ നമ്മുടെ ജീവിതത്തിനാകെ പ്രത്യാശ നൽകുന്നു; പ്രതിസന്ധികളെ നേരിടാനുള്ള ആത്മവിശ്വാസവും നമുക്കു വേണ്ടി മാത്രമുള്ളതല്ല നമ്മുടെ ജീവിതം എന്ന തിരിച്ചറിവും നൽകുന്നു.