വാചകമേള
Mail This Article
∙ പ്രഫ. എം.കുഞ്ഞാമൻ : ‘ചോദ്യം ചെയ്യപ്പെടേണ്ട സ്ഥാപനമാണ് ഗവൺമെന്റ്. ചോദ്യം ചെയ്യുന്നവർ വികസനവിരുദ്ധരാണെന്നു പറയുന്നതിൽ കാര്യമില്ല. എന്നാൽ, ഇവിടെ പ്രതിഷേധിക്കുന്നവർ ആക്രമിക്കപ്പെടുകയാണ്. 87 വയസ്സായ മറിയക്കുട്ടി എന്ന വയോധികയ്ക്കു യാചിക്കേണ്ടിവന്നത് അവർ ഏത് അവസ്ഥയിലെത്തിയപ്പോഴാണെന്നു ചിന്തിക്കണം. അതു കേരളത്തിന് അപമാനമാണെന്നു പറഞ്ഞ് ന്യായീകരണ തൊഴിലാളികൾ സോഷ്യൽ മീഡിയയിൽ അവരെ ആക്രമിക്കുകയായിരുന്നു.
∙ കെ.എൻ.ഗണേശ്: സഹ്യപർവതം സുദൃഢമായൊരു അതിർത്തിയായി നിലനിൽക്കുന്ന ഇടുങ്ങിയ പ്രദേശം എന്ന നിലയിൽ മാത്രം കേരളത്തിന്റെ ചരിത്ര ഭൂമിശാസ്ത്രത്തെ കാണാനാകില്ല. കേരളത്തിന്റെ ജനസംഖ്യാവൈവിധ്യം സൂചിപ്പിക്കുന്നത് വലിയൊരു കുടിയേറ്റത്തിന്റെ ചരിത്രത്തെക്കൂടിയാണ്. ദക്ഷിണേന്ത്യയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിൽനിന്നും ആളുകൾ ഇവിടെവന്നു സ്ഥിരതാമസമാക്കിയിട്ടുണ്ട്. കടൽവഴി വന്നു താമസിച്ചവരെ കൂടാതെയാണിത്.
∙ ടി.പി.ശ്രീനിവാസൻ: ഇടതു സർക്കാരിന്റെ ചിന്തയിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, 15 വർഷത്തോളം നമുക്കു നഷ്ടമായി. അന്നു ഞങ്ങൾ പറഞ്ഞതു ചെയ്തിരുന്നെങ്കിൽ നമ്മുടെ വിദ്യാഭ്യാസരംഗം ഇത്രത്തോളം വഷളാകുമായിരുന്നില്ല.
∙ മട്ടന്നൂർ ശങ്കരൻകുട്ടി: പാലക്കാട്ടെയും തൃശൂരിലെയും ഉത്സവപ്പറമ്പുകളുടെ അംഗീകാരം ആയാൽ ഒരു വാദ്യകലാകാരനു ലോകത്ത് എവിടെയും ആരാധകരെ നേടിയെടുക്കാൻ ആവും. തായമ്പകയായാലും മേളമായാലും അറിഞ്ഞു കേൾക്കാനും ആസ്വദിക്കാനും കഴിവുള്ള ആസ്വാദകർക്കിടയിൽ കൊട്ടുമ്പോൾ കിട്ടുന്ന ഒരു തൃപ്തി വളരെ വലുതാണ്.
∙ കുഞ്ചാക്കോ ബോബൻ: ദുബായ് എയർപോർട്ടിൽ നിൽക്കുമ്പോൾ ഒരു ഫാമിലി വന്ന് എന്നോട് കുറെനേരം സംസാരിച്ചു. അതിൽ ഒരാൾ എന്നോടു പറഞ്ഞു, നമ്മൾ ഒരേ നാട്ടുകാരാണെന്ന്. ഞാൻ ചോദിച്ചു ആലപ്പുഴയിലാണോ?അപ്പോൾ അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു, ആലപ്പുഴയല്ല കാസർകോട് ആണെന്ന്. ന്നാ താൻ കേസ് കൊട് സിനിമ കണ്ട് അതിലെ എന്റെ കഥാപാത്രം രാജീവിനെ അവിടുത്തെ ഒരാളായി കാണുന്നു. ഒരു അവാർഡിനെക്കാൾ മുകളിലാണ് ഞാൻ അതിനെ കാണുന്നത്.
∙ കൃഷ്ണപ്രസാദ്: മമ്മൂക്ക, മോഹൻലാൽ, ജയറാം, ബിജു മേനോൻ എന്നിവരെല്ലാം കണ്ടാൽ ആദ്യം കൃഷിയെക്കുറിച്ച് അന്വേഷിക്കും. കർഷക നടൻ എന്ന രീതിയിലാണ് അവരൊക്കെ എന്നെ കാണുന്നത്. അല്ലാതെ നടനെന്ന നിലയിൽ വലിയ നേട്ടങ്ങളൊന്നും നേടിയിട്ടില്ല എന്നെനിക്കറിയാം.
∙ സത്യൻ അന്തിക്കാട്: സന്ദേശം എന്ന സിനിമ പുറത്തിറങ്ങിയിട്ട് 32 വർഷം കഴിയുന്നു. ഇപ്പോഴും ചിലർ അതിനെതിരെ മുറുമുറുക്കുന്നുണ്ട്. ഞാനും ശ്രീനിവാസനും അതിനെ തമാശയോടെയേ കാണാറുള്ളൂ. പക്ഷേ, അതിനെക്കാൾ എത്രയോ വലിയ സാമൂഹിക വിമർശനമാണ് 'നിർമാല്യം' അവതരിപ്പിച്ചത്! ആ സിനിമ അൻപതാം പിറന്നാൾ പിന്നിടുമ്പോൾ നാം തിരിച്ചറിയുന്ന ഒരു സത്യമുണ്ട്, കാലം ചെല്ലുംതോറും മനസ്സുകൾ ചെറുതായി പോകുന്ന ഒരു സമൂഹമാണ് ചുറ്റിലും.