ADVERTISEMENT

തിക്കിലും തിരക്കിലും അമർന്നുപോയ നിസ്സഹായ നിലവിളികളോടെ ഇന്നലെ കെ‍ാച്ചി കുസാറ്റിൽ ജീവൻ നഷ്ടമായ ആ ചെറുപ്പക്കാർ നമ്മുടെ ഭാവിസ്വപ്നങ്ങളായിരുന്നു. ഇതുവരെ കേരളത്തിലെ ക്യാംപസുകളിൽ കേട്ടുകേൾവിയില്ലാത്തൊരു ദുരന്തം ആയുസ്സു കവർന്നവർ, ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നിൽ സ്വപ്നപ്പടവുകൾ കയറാനെത്തിയവർ, ഇന്നലെവരെ നമുക്കെ‍ാപ്പം ഉണ്ടായിരുന്നവർ...ഇവർക്കായി കണ്ണീർപ്രണാമം അർപ്പിക്കുകയാണ് ഈ നാട്.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ടെക്ഫെസ്റ്റ് ഇങ്ങനെയൊരു സങ്കടമഴയായി പെയ്തുതീരേണ്ടതായിരുന്നോ? മിടുക്കികളും മിടുക്കൻമാരും തുടുതുടുപ്പോടെ നിറഞ്ഞുനിന്ന ഈ സാങ്കേതികമേളയുടെ സാംസ്കാരികസായാഹ്നം കേരളത്തിന്റെ നെഞ്ചിലൊരു കനലായി കത്തിയടങ്ങേണ്ടതായിരുന്നോ? മറിഞ്ഞുപോകുന്ന ദുരന്തങ്ങളുടെ ഏടുകളിൽ വെറുമൊരെണ്ണമല്ല ഇത്. നമ്മുടെ കുട്ടികളെ വലിയ പ്രതീക്ഷയോടെ ഉന്നതവിദ്യാഭ്യാസത്തിനയയ്ക്കുന്ന മാതാപിതാക്കളുടെ നെഞ്ചിടിപ്പു കേട്ടുകൊണ്ടുവേണം നമ്മളിതിന് ഉത്തരം കണ്ടെത്താൻ. 

പഠനപരിപാടികളുടെ ഭാഗമായും അല്ലാതെയും നമ്മുടെ ക്യാംപസുകളിൽ ഇത്തരം മേളകൾ പതിവാണ്. ചിന്തയും സർഗശേഷിയും ഏറ്റവുമധികം തെളിയുന്ന പ്രായത്തിൽ കലാലയവിദ്യാർഥികൾക്ക് ഇത്തരം അനുഭവങ്ങൾ അനിവാര്യവുമാണ്. പലപ്പോഴും വേണ്ടത്ര ഒരുക്കങ്ങളില്ലാതെ, ആവശ്യമുള്ളത്ര സംവിധാനങ്ങളില്ലാതെ, പഴുതടച്ച സുരക്ഷയില്ലാതെ ഇത്തരം പരിപാടികൾ നടക്കുന്നുണ്ടാകണം. ആരെയും കുറ്റപ്പെടുത്താനല്ല, എങ്കിലും ഇനിയൊരു കണ്ണീർദിനം പിറക്കാതിരിക്കാൻ സങ്കടത്തോടെ ഈ ദുരന്തത്തിന്റെ പിൻവഴികളിലേക്കു നടന്നേ പറ്റൂ. 

വിദ്യാർഥികളുടെ മേൽനോട്ടത്തിലും നടത്തിപ്പിലുമാണ് ഇത്തരം പരിപാടികൾ മിക്കപ്പോഴും നടക്കാറുള്ളത്. അധ്യാപകരുടെ പങ്കാളിത്തം പേരിനു മാത്രമാകാറുമുണ്ട്. ചെറുപ്പക്കാരെ ചുമതലാബോധമുള്ളവരായി വളർത്താൻ ഇത്തരം അവസരങ്ങൾ അനിവാര്യവുമാണ്. പക്ഷേ, ശ്രദ്ധയോടെയും പക്വതയോടെയുമാണ് പരിപാടികൾ നടക്കുന്നതെന്ന് ഉറപ്പാക്കാനുള്ള മേൽനോട്ടം കൂടി വേണ്ടതല്ലേ ?  

പ്രശസ്ത ഗായികയുടെ ഗാനസന്ധ്യ ആസ്വദിക്കാൻ ഒത്തുചേർന്ന നൂറുകണക്കിനു കുട്ടികളാണ് പെട്ടെന്നു പെയ്ത മഴയിൽനിന്നു രക്ഷ തേടി കുത്തനെ ഇറക്കമുള്ള പടിക്കെട്ടുകളിലേക്ക് ഓടിയിറങ്ങിയത്. ആയിരക്കണക്കിനു വിദ്യാർഥികളുള്ള ക്യാംപസിൽ, അതിൽ വലിയ പങ്കും ആസ്വദിക്കാനെത്തുന്ന കലാവിരുന്നിൽ, ഇങ്ങനെയൊരു ഇടം ഇത്ര അശ്രദ്ധമായി തുറന്നിടേണ്ടതായിരുന്നോ? എന്നും എപ്പോഴും മഴ പെയ്യുമെന്നു മുന്നറിയിപ്പുള്ള കാലത്ത്, അങ്ങനെ സംഭവിച്ചാൽ മാറിനിൽക്കാൻ കണ്ടെത്തേണ്ടത് ഇത്രയേറെ അപകടസാധ്യതയുള്ളെ‍ാരു സ്ഥലമായിരുന്നോ? 

വേണ്ടത്ര പൊലീസ് സംവിധാനം സ്ഥലത്തുണ്ടായിരുന്നോ, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ, നിയമപരമായ അനുവാദങ്ങൾ വാങ്ങിയിരുന്നോ, അപ്രതീക്ഷിതമായതു സംഭവിച്ചാൽ നേരിടാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നോ...തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ ഉത്തരവാദികൾ ബാധ്യസ്ഥരാണ്. സംഭവം നടക്കുമ്പോൾ വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമാണു സ്ഥലത്തുണ്ടായിരുന്നതെന്നാണ് അറിയുന്നത്. നാലുംകൂടിയ ഒരു കവലയിൽ വെറുതെ ഒരു മൈക്ക് വച്ച് പ്രസംഗിക്കാൻ കടലാസ് ഒപ്പിട്ടുവാങ്ങേണ്ട നമ്മുടെ നാട്ടിൽ, ആയിരക്കണക്കിനു പേർ ഒത്തുകൂടുന്നിടത്ത് പെ‍ാലീസ് ശ്രദ്ധ ഇത്രയും മതിയെന്നു കരുതിയവർ ആരാണ്? 

നാളെ കേരളത്തിന്റെ പ്രതീക്ഷയായി വിടരേണ്ടയിരുന്നവരെയാണ് നമുക്കു നഷ്ടമായിരിക്കുന്നത്; സാങ്കേതികമേഖലയിൽ നാടിന്റെ അഭിമാനമാകേണ്ടിയിരുന്നവർ; പഠനത്തിലും പാഠ്യേതരമികവിലും ശ്രദ്ധ നേടേണ്ടിയിരുന്നവർ... നഷ്ടങ്ങളുടെ കലണ്ടർകണക്കിൽ വെറുമെ‍ാരു അപകടദിവസമായി ഇതു മാറാതിരിക്കട്ടെ. ശ്രദ്ധക്കുറവിന്റെയും തിരക്കുനിയന്ത്രണ പാളിച്ചകളുടെയും ദുരന്തപാഠങ്ങളുമായി ഈ ദുഃഖദിനം എന്നും നമ്മുടെ ഒാർമയിലുണ്ടായിരിക്കണം. 

English Summary:

Editorial about CUSAT Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com