ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ മൂന്നിലും ബിജെപിക്കുമുന്നിൽ കോൺഗ്രസ് അടിതെറ്റി വീണിരിക്കുന്നു. മധ്യപ്രദേശിൽ തുടർഭരണം നേടിയതും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിൽനിന്നു ഭരണം പിടിച്ചെടുത്തതും ബിജെപിക്കു പകരുന്ന വിജയാവേശം വളരെ വലുതാണ്. തെലങ്കാനയിലെ വിജയം ആശ്വാസം നൽകുന്നതാണെങ്കിലും ഹിന്ദി ഹൃദയഭൂമിയിലെ പരാജയം കോൺഗ്രസിനു കടുത്ത ആഘാതം തന്നെയായി. 

ഭരണവിരുദ്ധവികാരം നേരിടുന്ന രാജസ്ഥാനിൽ സ്ഥിതി ദുഷ്കരമെന്നു ബോധ്യമുണ്ടായിരുന്നെങ്കിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോൺഗ്രസ് ദേശീയ നേതൃത്വം ഉറച്ച ജയപ്രതീക്ഷയിലായിരുന്നു. സംസ്ഥാനതലത്തിൽ തലയെടുപ്പുള്ള നേതാക്കളുണ്ടെങ്കിലും ചിട്ടയായ സംഘടനാപ്രവർത്തനവും പാർട്ടിയിൽ ഐക്യവുമില്ലെങ്കിൽ വിജയിക്കാനാവില്ലെന്ന പാഠമാണ് ഹിന്ദി ഹൃദയഭൂമി കോൺഗ്രസിനെ പഠിപ്പിക്കുന്നത്. 

അശോക് ഗെലോട്ട് നയിച്ച കോൺഗ്രസ് സർക്കാരിനു കനത്ത തിരിച്ചടി നൽകി രാജസ്ഥാനിൽ ബിജെപി അധികാരം പിടിച്ചെടുക്കുമ്പോൾ, ഒരു പാർട്ടിക്കും ഭരണത്തുടർച്ച അനുവദിക്കാത്ത മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം ആവർത്തിക്കുകയാണ്. വൻതോതിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളും അതിന്റെ തുടർച്ചയെന്ന നിലയിൽ പ്രഖ്യാപിച്ച 7 ഗാരന്റികളും മുൻനിർത്തിയുള്ള കോൺഗ്രസിന്റെ പ്രചാരണം തള്ളിക്കളയുമ്പോൾ കഴിഞ്ഞ അഞ്ചു വർഷവും നേതാക്കൾ തുടർന്ന തമ്മിലടി ജനത്തിന്റെ മനസ്സിലുണ്ടായിരുന്നിരിക്കണം. 

ഭരണവിരുദ്ധ വികാരം ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെട്ട മധ്യപ്രദേശിലാണ് ബിജെപി ഏറ്റവും തിളക്കമാർന്ന ജയം നേടിയത്. കോൺഗ്രസ് ജയിച്ചാൽ അതിന്റെ ശിൽപിയാകുമായിരുന്ന പിസിസി പ്രസിഡന്റ് കമൽനാഥ് ഇപ്പോൾ തോൽവിയുടെ ഒന്നാമത്തെ ഉത്തരവാദിയായി മാറിയിരിക്കുന്നു. 

കോൺഗ്രസ് ഏറ്റവും സുരക്ഷിതമെന്നു കരുതിയ ഛത്തീസ്ഗഡിലാകട്ടെ, എക്സിറ്റ് പോൾ പ്രവചനങ്ങളെ പാടേ തിരുത്തുന്ന വിജയമാണു ബിജെപി നേടിയത്. ജനക്ഷേമപദ്ധതികളിലൂടെ കോൺഗ്രസിന്റെ മാതൃകാ സംസ്ഥാനമായി വാഴ്ത്തപ്പെട്ടിരുന്നെങ്കിലും ഇവിടെയും പാർട്ടിക്കു സംഘടനാപരമായ കെട്ടുറുപ്പുണ്ടായിരുന്നില്ല. 

നേരത്തേ കർണാടകയിൽ നേടിയ ചരിത്രവിജയത്തിന്റെ തുടർച്ചയായി തെലങ്കാനയിലെ കോൺഗ്രസിന്റെ തിരിച്ചുവരവിനെ വിലയിരുത്താം. സംസ്ഥാനം പിറന്നതുമുതൽ ഒരു പതിറ്റാണ്ടായി ഭരിക്കുന്ന ബിആർഎസിനെ ബഹുദൂരം പിന്നിലാക്കിയാണ് അവിടെ കോൺഗ്രസ് ഭരണത്തിലേറുന്നത്. 

ദക്ഷിണേന്ത്യയ്ക്കും ഉത്തരേന്ത്യയ്ക്കുമിടയിൽ രാജ്യത്തിന്റെ രാഷ്ട്രീയചിത്രം മാറുന്നതിന്റെ പ്രകടമായ സൂചനകൾകൂടി നൽകുന്ന തിരഞ്ഞെടുപ്പു ഫലമാണിത്. ഹിമാചൽ പ്രദേശ് ഒഴികെയുള്ള ഹിന്ദി സംസ്ഥാനങ്ങളിലൊന്നും കോൺഗ്രസ് അധികാരത്തിലില്ല. മറുവശത്ത്, ദക്ഷിണേന്ത്യ ബിജെപി മുക്തമായി നിൽക്കുന്നു. ഈ രാഷ്ട്രീയസാഹചര്യത്തിലും നേട്ടം തങ്ങൾക്കു തന്നെയാണെന്നാണു ബിജെപി വിലയിരുത്തുന്നത്. കൂടുതൽ സീറ്റുകളുള്ള യുപി, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി സ്വാധീനം അരക്കിട്ടുറപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകാര്യതയ്ക്ക് ഇളക്കംതട്ടിയിട്ടില്ലെന്നതിന്റെ തെളിവായി തിരഞ്ഞെടുപ്പു വിജയങ്ങളെ ബിജെപി ഉയർത്തിക്കാട്ടുന്നുണ്ട്. 

കോൺഗ്രസ് നേതൃത്വം നൽകുന്ന ‘ഇന്ത്യ’ മുന്നണി ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകശക്തിയാകണമെങ്കിൽ ഏറെ വിയർപ്പൊഴുക്കേണ്ടിവരും. ഇപ്പോഴത്തെ തോൽവികളുടെ പശ്ചാത്തലത്തിൽ മുന്നണിക്കുള്ളിൽ കോൺഗ്രസിന്റെ കരുത്തു ചോർന്നിട്ടുണ്ടെന്നതിൽ സംശയമില്ല. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കു മുന്നിൽ തകർന്നടിഞ്ഞ കോൺഗ്രസിൽ മറ്റു പ്രതിപക്ഷ കക്ഷികൾ അവിശ്വാസം രേഖപ്പെടുത്തിയാൽ മുന്നണിയുടെ നിലനിൽപുതന്നെ അവതാളത്തിലാകും. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലടക്കം വിട്ടുവീഴ്ചകൾക്കു കോൺഗ്രസ് തയാറാകേണ്ടിവന്നേക്കാം. 

കോൺഗ്രസിനു തോൽവി നൽകിയ സംസ്ഥാനങ്ങളിലെ സ്ഥാനാർഥിനിർണയപ്പിഴവുകളിലും പാർട്ടിപ്പോരിലും കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ള പാഠങ്ങൾകൂടി കണ്ടെത്താം. ഗ്രൂപ്പുപോരും പടലപിണക്കവും ഏകോപനമില്ലായ്മയുമൊക്കെ ആ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ മാത്രം രോഗങ്ങളല്ലല്ലോ. 

English Summary:

Editorial about election result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com