കലാപക്കാരേറെ... കാവലാളില്ല
Mail This Article
വിയ്യൂർ ജയിലിൽ കലാപമുണ്ടാക്കിയ കൊടി സുനിയെ കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞപ്പോൾ മലപ്പുറം തവനൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർ ഞെട്ടി. അതിസുരക്ഷാ സംവിധാനങ്ങളുള്ള വിയ്യൂരിൽ കലാപം നിയന്ത്രിക്കാൻ പുറത്തുനിന്നു ജീവനക്കാരെ എത്തിക്കേണ്ടി വന്നു. അങ്ങനെയൊരവസ്ഥ തവനൂരിലുണ്ടായാൽ? എട്ടു ജീവനക്കാർ മാത്രമാണ് ഒരേസമയം അകത്ത് പാറാവ് ഡ്യൂട്ടിക്കുണ്ടാവുക. ഇനി പൊലീസിനെ വിളിക്കാമെന്നു വച്ചാലോ... സുരക്ഷാ ചുമതലയ്ക്ക് എത്താറുള്ള പടിഞ്ഞാറ്റുംമുറി എആർ ക്യാംപിൽ (മലപ്പുറം ജില്ലാ ഹെഡ് ക്വാർട്ടർ ക്യാംപ്) നിന്ന് 40 കിലോമീറ്റർ അകലെയാണ് തവനൂർ ജയിൽ.
സംസ്ഥാനത്തെ മറ്റു 3 സെൻട്രൽ ജയിലുകളും ജില്ലാ ആസ്ഥാനങ്ങളിൽ തന്നെയെങ്കിൽ മലപ്പുറം പട്ടണത്തിൽനിന്ന് 35 കിലോമീറ്റർ അകലെയാണ് തവനൂർ ജയിൽ. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷവും 5 മാസവും പിന്നിട്ടപ്പോഴേക്കും ജയിൽ ഏതാണ്ട് നിറയാറായെങ്കിലും ജീവനക്കാർ കുറവ്. എഴുനൂറോളം പേരെ ഉൾക്കൊള്ളാവുന്ന ജയിലിൽ 465 പേരാണുള്ളത്. എന്നാൽ, അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാർ (എപിഒ) 92 പേർ വേണ്ടിടത്ത് ഉള്ളത് 28 പേർ മാത്രം. 32 ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരിൽ അഞ്ചു പേർ മറ്റിടങ്ങളിലാണ്. 6 അസിസ്റ്റന്റ് സൂപ്രണ്ടുമാർ വേണ്ടിടത്ത് മൂന്നുപേർ. അതിലൊരാൾ വർക്ക് അറേഞ്ച്മെന്റിൽ മറ്റൊരിടത്തും. 59 താൽക്കാലിക എപിഒമാരെ തവനൂരിലേക്കു തിരഞ്ഞെടുത്തിരുന്നെങ്കിലും ഒറ്റയാളെപ്പോലും ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചില്ല.
കാണാതിരിക്കരുത് കലാപക്കൊടികൾ
തടവ്, തിരുത്തൽ, നവീകരണം, പുനരധിവാസം എന്നിവയാണ് ജയിൽ വകുപ്പിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. കുറ്റം ചെയ്തെന്നു കോടതി മുൻപാകെ തെളിയിക്കപ്പെട്ടവരെ തടവിൽ പാർപ്പിച്ച്, ചെയ്ത തെറ്റ് സ്വയം തിരിച്ചറിയുന്ന പുതിയ മനുഷ്യരാക്കിത്തീർത്ത്, ശിഷ്ടകാലം മാന്യമായി ജീവിക്കാൻ പ്രാപ്തരാക്കുകയാണ് ജയിലുകളുടെ ദൗത്യം. പക്ഷേ, കയ്യബദ്ധത്തിലൊരു കുറ്റം ചെയ്ത് ജയിലിൽ എത്തിപ്പെടുന്നവരെപ്പോലും കൊടുംകുറ്റവാളികളാക്കിത്തീർക്കുന്ന എല്ലാ സാഹചര്യവും നമ്മുടെ ജയിലുകളിലുണ്ട്. ചെറുകിട കുറ്റവാളികൾക്കു പോലും ജയിൽവാസം വഴി താരമൂല്യം കിട്ടുന്നു. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയും രാഷ്ട്രീയനേതൃത്വങ്ങളുടെ പിന്തുണയും അവർക്കു പൊതുജനമധ്യത്തിൽ വീരപരിവേഷം നൽകുന്നു. അഴിക്കുള്ളിലിരുന്ന് അവർ അധോലോകങ്ങളെ ഭരിക്കുന്നു.
വിയ്യൂരിലെ അതിസുരക്ഷാജയിലിൽനിന്നു പുറത്തുകടക്കാൻ നിയമവഴികളിലുൾപ്പെടെ മൂന്നു വർഷത്തോളം നടത്തിയ പരിശ്രമങ്ങൾ പരാജയപ്പെട്ടിടത്താണ്, അരമണിക്കൂറിലെ കലാപംവഴി കൊടി സുനിക്കു തവനൂരിലേക്കു സ്ഥലംമാറ്റം കിട്ടിയത്. വിയ്യൂരിൽ കൊടി സുനിയും കൂട്ടരും നടത്തിയ കലാപം തുടക്കം മാത്രമായിരിക്കാം. നമ്മുടെ ജയിലുകളിൽ എന്തു നടക്കുന്നുവെന്ന് ഗൗരവപൂർവം അന്വേഷിക്കാനും ശക്തമായ തിരുത്തൽ നടപടി സ്വീകരിക്കാനും സർക്കാർ തയാറായില്ലെങ്കിൽ കലാപത്തിന്റെ കൊടിക്കൂറകൾ എല്ലാ ജയിലുകളിലും ഉയർന്നേക്കാം.
സാറന്മാർ കസേരകളിയിലാണ്
ജയിലുകളിൽ ആവശ്യത്തിനു ജീവനക്കാരെ വിന്യസിക്കാനും തടവുകാരും ജീവനക്കാരും തമ്മിലുള്ള അവിഹിത ഇടപാടുകൾ നിയന്ത്രിക്കാനും നടപടിയെടുക്കേണ്ടതു ജയിൽവകുപ്പിലെ ഉന്നതോദ്യോഗസ്ഥരാണ്. പക്ഷേ, ‘കസേരകളി’ കഴിഞ്ഞ് അവരിൽ പലർക്കും നേരം കിട്ടാറില്ല. ഹെഡ് ക്വാർട്ടേഴ്സ്– മധ്യമേഖലാ ഡിഐജിമാർ തമ്മിൽ പോര് മൂർധന്യത്തിലാണ്.
സീനിയറായ മധ്യമേഖലാ ഡിഐജിയെ മറികടന്ന് ജൂനിയറായ ഡിഐജിയെ ഹെഡ്ക്വാർട്ടേഴ്സ് ചുമതലയിൽ വച്ചപ്പോൾ മുതൽ തുടങ്ങിയതാണത്. ഒരാൾ സ്ഥലം മാറ്റുന്നയാളെ രണ്ടാമൻ തിരിച്ചെടുക്കും. ഇതിനു പ്രതികാരമായി വീണ്ടും സ്ഥലംമാറ്റും. ഇതു തുടർക്കഥയായപ്പോൾ, കഴിഞ്ഞ മാസം വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ ജയിൽ ഡയറക്ടർ കർശനമായ താക്കീതു നൽകി.
കാവലിന് ആളില്ലാതെ ജയിലുകൾ
സെൻട്രൽ ജയിലുകളിൽ ആവശ്യത്തിനു ജീവനക്കാരില്ല; തടവുകാരാകട്ടെ ജയിലിന്റെ ശേഷിയെക്കാൾ അധികവും. ആറു തടവുകാരെ നോക്കാൻ ഒരു ജീവനക്കാരൻ വേണമെന്നാണു കണക്ക്. ഏറ്റവും അപകടകാരികളായ തടവുകാരെ പാർപ്പിക്കാൻ നിർമിച്ച ഹൈ സെക്യൂരിറ്റി ജയിലിൽ പകുതി തടവുകാരേയുള്ളൂ. ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതാണു കാരണം.
താക്കോൽസ്ഥാനം വിട്ടുകൊടുക്കാതെ
ചില ജയിലുകളുടെ താക്കോൽ സ്ഥാനങ്ങളിലിരിക്കാൻ ഉദ്യോഗസ്ഥർക്കു വലിയ താൽപര്യമാണ്. സ്വന്തം ജില്ലയിൽനിന്ന് എത്ര ദൂരെയാണെങ്കിലും ത്യാഗം സഹിക്കും. ജയിലുകളിൽ ഭക്ഷ്യോൽപന്ന യൂണിറ്റുകൾ തുടങ്ങിയതോടെയാണ് ഈ ‘ത്യാഗസന്നദ്ധത’. ഭക്ഷ്യയൂണിറ്റുകളിലേക്കും തടവുകാരുടെ അടുക്കളയിലേക്കും സാധനങ്ങൾ വാങ്ങുന്ന വകയിൽ ലക്ഷങ്ങൾ മറിയും. ചില ജയിലുകളിൽ ജീവനക്കാരുടെ സൊസൈറ്റിക്കാണു സാധനങ്ങളുടെ സപ്ലൈ. എന്നാൽ, ബില്ലിൽ മാത്രമേ സൊസൈറ്റിയുടെ പേരുള്ളൂ. സാധനങ്ങളെല്ലാം എത്തിക്കാൻ വേറെ ആളുണ്ട്.
വടക്കൻ മേഖലയിലെ ഒരു പ്രധാന ജയിലിൽ 10 വർഷത്തിലധികമായി ഒരാൾ തന്നെയാണു സാധനങ്ങൾ നൽകുന്നത്. എല്ലാവർഷവും ഇതേ ആൾക്കു മാത്രമേ സപ്ലൈ കിട്ടുകയുള്ളൂ. പച്ചക്കറി വണ്ടിയിൽ കഞ്ചാവ് എത്തിച്ചതു പിടിച്ചപ്പോൾ ചില ഉദ്യോഗസ്ഥരുടെ കസേര തെറിച്ചെങ്കിലും സപ്ലൈയർക്ക് ഒരിളക്കവും തട്ടിയില്ല. ജയിൽ ആസ്ഥാനത്തുവരെ പിടിയുള്ളതാണു കാരണം.
കൂട്ടിൽ നിന്നിറങ്ങാത്ത നായ്ക്കൾ
നിരോധിത സാധനങ്ങൾ ജയിലിൽ കയറ്റുന്നതു തടയാനുള്ള ഒരുപകരണം പോലും അഞ്ചുവർഷത്തിനിടെ വാങ്ങിയിട്ടില്ല. പരിശോധിക്കാൻ മെറ്റൽ ഡിറ്റക്ടറുകളുണ്ട്. എല്ലാം വർഷങ്ങൾ പഴക്കമുള്ളവ. പലതും പ്രവർത്തിക്കുന്നില്ല. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ കണ്ടം ചെയ്യാൻ കേന്ദ്രം നിർദേശിച്ചതോടെ പല വാഹനങ്ങളും കട്ടപ്പുറത്തായി. ഇതിനിടയിൽ വാങ്ങിയത് ലഹരിയും ഫോണും പിടിക്കാൻ ഏതാനും നായ്ക്കളെ. തീറ്റിപ്പോറ്റുന്നതല്ലാതെ കൂട്ടിൽനിന്നു പുറത്തിറക്കാറില്ല.
കയ്യിൽ കാശുണ്ടെങ്കിൽ കട്ടിൽ ആശുപത്രിയിൽ
ജയിലിൽ മർദകവീരൻമാരായ ചില ഉദ്യോഗസ്ഥരുണ്ട്. മർദനത്തിന്റെ പ്രധാനലക്ഷ്യം പണമാണ്. വലിയ സാമ്പത്തിക തട്ടിപ്പുകേസ് പ്രതിയായ ഇതരസംസ്ഥാനക്കാരൻ ഏതാനും വർഷം മുൻപു വിയ്യൂർ സെൻട്രൽ ജയിലിൽ കിടന്നിരുന്നു. രണ്ടു വർഷത്തോളം ഇയാളുടെ വാസം ആശുപത്രി ബ്ലോക്കിലായിരുന്നു.
ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്തി ആശുപത്രിവാസം നീട്ടിക്കൊണ്ടു പോകാൻ മാത്രമായി പ്രതിയുടെ ഒരു സഹായി രണ്ടു വർഷത്തോളം ജയിലിനു പുറത്ത് മുറിയെടുത്തു താമസിച്ചു. സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ സമ്പന്നനായ പ്രതി 10 വർഷമായി ജയിലിൽ കഴിയുന്നു. ഫോൺ ഉപയോഗം ഉൾപ്പെടെ ഒപ്പിക്കാത്ത പ്രശ്നങ്ങളില്ല. എന്നാൽ ഒരടിപോലും കൊണ്ടിട്ടില്ല. ഒന്നുകിൽ ഉദ്യോഗസ്ഥർ സഹായിക്കും; അല്ലെങ്കിൽ അയാൾ കാണിക്കുന്ന കുഴപ്പത്തിന്റെ ഉത്തരവാദിത്തം സഹതടവുകാർ ഏറ്റെടുക്കും.
തൊണ്ടിമുതലും പങ്കിട്ടെടുക്കും
സ്ഥിരം മോഷ്ടാക്കൾ അറസ്റ്റിലാകുമ്പോൾ മോഷണമുതൽ പൂർണമായി പൊലീസിനു കൈമാറില്ല. കേസ് നടത്താനും ജയിലിൽ കഴിയുന്ന സമയത്തു ബന്ധുക്കളെ പോറ്റാനുമെല്ലാമാണ് ഇതുപയോഗിക്കുക. ഒളിപ്പിച്ച തൊണ്ടി പുറത്തെടുക്കാനും വിൽക്കാനും ഉദ്യോഗസ്ഥരുടെ സഹായം തേടും. സൗകര്യം ചെയ്തു കൊടുക്കുന്നവർക്കു നല്ല പ്രതിഫലം ലഭിക്കും.
ഏതാനും മാസം മുൻപു വിയ്യൂർ സെൻട്രൽ ജയിലിലെത്തിയ പ്രതിയുടെ ബാഗിലുണ്ടായിരുന്നതു 100 പവൻ. നികുതിവെട്ടിച്ച്, ജ്വല്ലറികളിൽ വിതരണം ചെയ്യാനുള്ള ആഭരണങ്ങളായിരുന്നു ബാഗിൽ. ഇതേ കുറ്റത്തിനു തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്താണു പ്രതിയെ ജയിലിലെത്തിച്ചത്. എന്നാൽ, ഇയാളുടെ പക്കലുള്ള സ്വർണം പൂർണമായി പൊലീസ് കണ്ടെടുത്തിരുന്നില്ല. ജയിലിൽ പ്രതിയെ എത്തിച്ച് പൊലീസ് മടങ്ങി. തുടർന്നുള്ള പരിശോധനയിലാണു ബാഗിൽനിന്നു 100 പവൻ കിട്ടിയത്. തടവുകാരൻ ജയിലിൽ എത്തുമ്പോൾ എന്തുകൊണ്ടുവന്നാലും റജിസ്റ്ററിൽ എഴുതി സൂക്ഷിക്കണമെന്നാണു ചട്ടം.
ഇയാൾ ജാമ്യം കിട്ടി പുറത്തിറങ്ങുന്നതുവരെ 100 പവൻ സെൻട്രൽ ജയിലിന്റെ അലമാരയിലിരുന്നു. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.
മനസ്സു വച്ചാൽ കടൽ കടക്കാം
സമ്പന്നരായ തടവുകാരെ സഹായിച്ചാൽ പല ഗുണങ്ങളുണ്ട്. 70,000 രൂപ മാസശമ്പളം വാങ്ങുന്ന ഒരു ഡപ്യൂട്ടി പ്രിസൺ ഓഫിസർക്ക് (ഡിപിഒ) അങ്ങനെയൊരു തടവുകാരനെ ഒത്തുകിട്ടി. കാസർകോട്ടുനിന്നുള്ള സ്വർണക്കടത്തുകാരനായിരുന്നു കക്ഷി. ഗൾഫിൽ ഉൾപ്പെടെ അധോലോക ബന്ധങ്ങളുമുണ്ട്. ഇയാളെ ജയിലിൽ ഡിപിഒ കാര്യമായി സഹായിച്ചു. തടവുകാരൻ പുറത്തിറങ്ങിയതിനു പിന്നാലെ ഡിപിഒ സർവീസിൽനിന്ന് അഞ്ചു വർഷത്തെ അവധിയെടുത്തു. ഇപ്പോൾ ഇയാളും ഭാര്യയും ഗൾഫിൽ ജോലി ചെയ്തു കുടുംബസമേതം താമസിക്കുന്നു. ഇതേ തടവുകാരനെ സഹായിച്ച മറ്റൊരു ഡിപിഒയ്ക്ക് ഒരു മാസത്തെ ഗൾഫ് പര്യടനമായിരുന്നു ‘ഉപഹാരം’.
കൈക്കൂലി വാങ്ങാനും ബംഗാളി
കാലടിയിൽ സ്വന്തം കെട്ടിടം ഇതര സംസ്ഥാനത്തൊഴിലാളികളെ താമസിപ്പിക്കാൻ വാടകയ്ക്കു കൊടുത്തിരിക്കുന്ന ഒരു അസി. പ്രിസൺ ഓഫിസറുടെ പണമിടപാടെല്ലാം അവരുടെ അക്കൗണ്ട് വഴിയാണ്. ജയിൽ അടുക്കളയിൽ വച്ച് ഒരു കെട്ട് ബീഡി ഇയാളിൽനിന്നു പിടിച്ചെടുത്തു. പൊലീസ് അന്വേഷിച്ചപ്പോൾ തടവുകാർക്കുവേണ്ടി എത്തിച്ചതാണെന്നു മനസ്സിലായി. വാടകക്കെട്ടിടത്തിലെ ബംഗാളിയുടെ അക്കൗണ്ടിലേക്കാണ് ഇതിനുള്ള പണം വാങ്ങിയിരുന്നത്. സസ്പെൻഷനിലായി. ഒരുതവണ പിടിച്ചിട്ടും ഇടപാട് നിർത്തിയില്ല. രണ്ടാമതു പിടിച്ചെടുത്തത് ബാരക്കിൽ സൂക്ഷിച്ചിരുന്ന ഏതാനും കുപ്പി മദ്യം. അറസ്റ്റിലായി. എന്നാൽ, ഈ കേസ് വിചാരണയിൽ സാക്ഷിയായ അസി.സൂപ്രണ്ട് മൊഴി മാറ്റി. ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടേയില്ലെന്നായി സാക്ഷി. അന്തിമവിധി വന്നിട്ടില്ല.
(പരമ്പര അവസാനിച്ചു)
റിപ്പോർട്ടുകൾ: കെ.ജയപ്രകാശ് ബാബു, ജോജി സൈമൺ, നസീബ് കാരാട്ടിൽ, എസ്.പി.ശരത്. സങ്കലനം: മുഹമ്മദ് റഫീഖ്