ADVERTISEMENT

2023 അവസാനിക്കുകയും രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുകയും ചെയ്യുന്ന ഈ സന്ദർഭം ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കാനും ഭാവിയിലേക്ക് എത്തിനോക്കാനും യോജിച്ച സമയമാണ്. പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തിന്റെ നേതൃപരമായ ആവശ്യങ്ങളുടെ കാര്യത്തിൽ.

രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താൻ പോന്ന പ്രതിഭയും പ്രതിബദ്ധതയുമുള്ള ഉന്നതരായ നേതാക്കൾ സ്വാതന്ത്ര്യപ്രാപ്തിയുടെ വേളയിലും സ്വാതന്ത്ര്യാനന്തരകാലത്തും നമുക്കുണ്ടായിരുന്നു. പക്ഷേ, വികസനവും അഭിവൃദ്ധിയും സാധ്യമാക്കിയ ആ നേതൃഗുണങ്ങളെ കാലക്രമത്തിൽ നാം മറന്നു. ഒരു സംസ്ഥാനമെന്ന നിലയിൽ നമ്മൾ ഇക്കാര്യം ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. കാരണം, ഒരു സമൂഹമെന്ന നിലയിൽ ആദ്യകാല മുന്നേറ്റങ്ങൾക്കുശേഷം നമ്മൾ‌ ഇപ്പോൾ രൂക്ഷമായ സ്തംഭനാവസ്ഥയിലാണ്. നമ്മുടെ സാമ്പത്തിക സാധ്യതകൾ ഒട്ടും തന്നെ പ്രതീക്ഷ നൽകുന്നുമില്ല. സ്വന്തം സംസ്ഥാനത്ത് അവസരങ്ങളില്ലാതെ നമ്മുടെ ചെറുപ്പക്കാർ കൂട്ടത്തോടെ നാടുവിടുന്നു. അർഥവത്തായ തൊഴിലവസരങ്ങൾ‌ സ‍ൃഷ്ടിക്കാനുള്ള മൂലധന നിക്ഷേപം സംസ്ഥാനത്തേക്ക് എത്തുന്നുമില്ല. അന്തർ‌സംസ്ഥാന വ്യാപാരക്കമ്മിയാകട്ടെ പേടിപ്പെടുത്തുന്ന നിലയിലെത്തി. വെല്ലുവിളികളെ തിരിച്ചറിഞ്ഞ് നേരിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളീയരുടെ നിരാശയ്ക്കും മടുപ്പിനും കാരണം നമ്മൾ മോശക്കാരാണെന്ന വിചാരമല്ല. മറിച്ച്, നമ്മുടെ സാധ്യതകളുടെ പകുതി പോലും നമ്മൾ ഉപയോഗപ്പെടുത്തുന്നില്ലല്ലോ എന്ന തിരിച്ചറിവാണ്. അധികാരത്തിലെത്താൻ തങ്ങൾക്കു ന്യായമായ കാരണങ്ങളുണ്ടെന്നു രാഷ്ട്രീയ പാർട്ടികൾ ഉറപ്പുവരുത്തേണ്ടതുണ്ട്.  നാളത്തെ രാഷ്ട്രീയക്കാർക്ക് ഉണ്ടായിരിക്കേണ്ട നേതൃഗുണങ്ങൾ എന്തൊക്കെയാണെന്നു പരിശോധിക്കാം.

അറിവ് 

ലോകം മാറിക്കഴിഞ്ഞു. ആ മാറ്റങ്ങളെക്കുറിച്ച് അറിവുള്ള, പുതിയ ലോകത്തു നമ്മെ നയിക്കാൻ തക്ക ലോകവിവരമുള്ള നേതാക്കളെയാണ് ആവശ്യം. പഴയകാലത്തിൽ സ്വയം തളച്ചിട്ടവരെയല്ല. രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ശ്രദ്ധിക്കേണ്ടതും  നേതാക്കൾ ഗണ്യമായി മെച്ചപ്പെടേണ്ടതും ഈ മേഖലയിലാണ്. ഇന്നത്തെ രാഷ്ട്രീയക്കാർ ചർച്ച ചെയ്യുന്ന കാര്യങ്ങളിൽ ഭൂരിഭാഗവും നമ്മുടെ വിഷയങ്ങളല്ല. അർഥമില്ലാത്ത വാചകമടികൾ കേട്ടു ചെറുപ്പക്കാർക്കു മടുത്തിരിക്കുന്നു. അതുകൊണ്ടാണ് അവർ രാഷ്ട്രീയത്തിൽനിന്ന് അകന്നുനിൽക്കുന്നത്. 

ഭാവിയിലെ രാഷ്ട്രീയക്കാർ പരിശീലന പരിപാടികളിലും മാനേജ്മെന്റ് സ്കൂളുകളിലും പങ്കെടുത്ത് കൂടുതൽ അറിവു നേടേണ്ടതുണ്ട്. പൊതുജനങ്ങളുമായും വ്യാപാര വ്യവസായ സംഘടനകളുമായുമുള്ള എല്ലാ ഇടപെടലുകളും അറിവു നേടാനുള്ള അവസരങ്ങളാക്കണം.

കഴിവ്

പരിപാടികൾ‌ വിജയകരമായി നടപ്പാക്കാനും അതുവഴി ജനജീവിതത്തെ സ്വാധീനിക്കാനും കഴിവുള്ള നേതാക്കളെയാണു നമുക്കു വേണ്ടത്. ഒരു പദവി ഏറ്റെടുക്കുമ്പോൾ തങ്ങളുടെ ജോലി എന്താണെന്നോ എന്താണ് ചെയ്യേണ്ടതെന്നോ പോലും അറിയാത്തവരാണു നമ്മുടെ നേതാക്കളിൽ പലരും.


വി.കെ.മാത്യൂസ്
വി.കെ.മാത്യൂസ്

മുദ്രാവാക്യം വിളിക്കലും അലങ്കോലപ്പെടുത്തലും ഉദ്ഘാടനം നടത്തലും മാത്രമല്ല നേതാക്കളുടെ ജോലി. സ്വന്തം പ്രാധാന്യം തിരിച്ചറിയാൻ അവർക്കു കഴിയണം. കാര്യങ്ങൾ മനസ്സിലാക്കി ഉത്തമബോധ്യത്തോടെ തീരുമാനങ്ങളെടുക്കാനും മെച്ചപ്പെട്ട ഭാവിക്കു വേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കാനും സാധിക്കണം.

സാമ്പത്തിക അച്ചടക്കം

നമ്മുടെ പക്കൽ അനന്തമായ വിഭവങ്ങളില്ലെന്നും ലഭ്യമായ വിഭവങ്ങൾക്കകത്തുനിന്നുകൊണ്ടു മാത്രമേ നമുക്കു ജീവിക്കാനാവൂ എന്നും നേതാക്കൾ മനസ്സിലാക്കണം. സാമ്പത്തിക ഉത്തരവാദിത്തമാണ് ഒരു നേതാവിന് ഏറ്റവും പ്രധാനം. ജനങ്ങൾക്കു സേവനങ്ങൾ നൽകാനും ഭാവി വികസനത്തിനുവേണ്ടി നിക്ഷേപിക്കാനും സംസ്ഥാനത്തിനു പണം ആവശ്യമാണ്. ലാഭകരമായ സംരംഭങ്ങളിൽ നിന്നും മികച്ച വേതനം നൽകുന്ന ജോലികളിൽ നിന്നുമാണു സർക്കാരിനു വരുമാനം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം സംരംഭങ്ങളും തൊഴിലുകളും സൃഷ്ടിക്കാൻ സഹായിക്കുക എന്നതായിരിക്കണം  പ്രധാന ലക്ഷ്യം. ഏതു സംരംഭം തടസ്സപ്പെടുത്തുമ്പോഴും ഏതു സംരംഭകരെ തടയുമ്പോഴും ഫലത്തിൽ നമ്മൾ നമ്മളെത്തന്നെയാണ് ദ്രോഹിക്കുന്നത്. 

വ്യക്തിത്വം

സത്യസന്ധതയും വിശ്വാസ്യതയുമാണ് നയതന്ത്രജ്ഞരായ നേതാക്കളുടെ അടിസ്ഥാനഗുണങ്ങൾ. ഇന്നു പക്ഷേ, പൊതുജനത്തിന് എല്ലാ രാഷ്ട്രീയ പാർ‌ട്ടികളുടെയും നേതൃത്വങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അത്തരം നേതാക്കൾ‌ കൊണ്ടുവരുന്ന നിയമാനുസൃത പദ്ധതികൾ‌ക്കുപോലും ജനങ്ങളിൽനിന്ന് എതിർപ്പുണ്ടാകുന്നത്. നേതാക്കൾക്കു പദവികളിലും സ്ഥാനമാനങ്ങളിലും മോഹമുണ്ടാകുന്നതു മനസ്സിലാക്കാം. പക്ഷേ, പൊതുജനതാൽപര്യത്തിലായിരിക്കണം പ്രാഥമിക ശ്രദ്ധ. നേതാക്കളുടെ വ്യക്തിപരമായ താൽപര്യങ്ങളും പാർട്ടിയുടെ താൽപര്യങ്ങളും രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ താൽപര്യത്തെ മറികടന്നുകൂടാ. രാഷ്ട്രീയക്കാർ‌ നാടിന്റെ താൽപര്യത്തിനു മുൻഗണന നൽകി പ്രവർത്തിച്ചാൽ, അവരുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കും അർഹമായ പരിഗണന സ്വാഭാവികമായും കിട്ടും. 

പ്രതിബദ്ധത

പ്രതിബദ്ധതയാണ് ഒരു രാഷ്ട്രീയ നേതാവിന് ഏറ്റവും അടിസ്ഥാനപരമായി വേണ്ട ഗുണം. നേതാവിനു ജനങ്ങളോടുള്ള പ്രതിബദ്ധതയും കാര്യങ്ങൾ നടത്താനുള്ള നിശ്ചയദാർഢ്യവുമാണ് സമൂഹത്തിൽ മാറ്റമുണ്ടാക്കുക. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനും സ്വയം നവീകരിച്ചു സ്വന്തം പ്രസക്തി നിലനിർത്താനും രാഷ്ട്രീയ പാർട്ടികൾ തയാറാവുമെന്നു നമുക്കു പ്രത്യാശിക്കാം. 

    എല്ലാ പാർട്ടികളിലെയും പുതുതലമുറ നേതാക്കൾ ക്രിയാത്മകമായും ലക്ഷ്യബോധത്തോടെയും മുന്നോട്ടുപോകാൻ‌ തയാറാവുകയാണെങ്കിൽ അവരിൽ‌ നമുക്ക് ഏറെ പ്രതീക്ഷയ്ക്കു വകയുണ്ട്. 

(ഐബിഎസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാനാണ് ലേഖകൻ)

വായനക്കാർക്കും പ്രതികരിക്കാം

കാലത്തിനു യോജിച്ച നേതാക്കളാണോ നമുക്കുള്ളത്? അവർ മാറ്റങ്ങൾ ഉൾക്കൊള്ളുന്നുണ്ടോ? ഭരണസംവിധാനങ്ങളുടെ നേതൃതലത്തിൽ മൂല്യശോഷണം ഉണ്ടായിട്ടുണ്ടോ? വായനക്കാർക്കും അഭിപ്രായങ്ങൾ അറിയിക്കാം. പ്രസക്തമായവ മലയാള മനോരമയിൽ പ്രസിദ്ധീകരിക്കും. ഇ മെയിൽ: kazhchappad@mm.co.in വാട്സാപ്: 9846095628

English Summary:

Good leaders are needed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com