തയ്‌വാൻ അത്ര ചെറിയ ദ്വീപല്ല
Mail This Article
പുതിയ പ്രസിഡന്റിനെയും പാർലമെന്റിനെയും തിരഞ്ഞെടുക്കാൻ തയ്‌വാൻ ഈ മാസം 13നു പോളിങ് ബൂത്തിലേക്കു നീങ്ങുന്നത് ചൈനയുമായി വീണ്ടും കൂട്ടിച്ചേർക്കുമെന്ന ഭീഷണികൾക്കു നടുവിലാണ്. തയ്‌വാൻ എന്ന സ്വതന്ത്ര സ്വയംഭരണ ദ്വീപിനെ തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമായിത്തന്നെയാണു ചൈന കാണുന്നത്. ചൈനയുടെ ചരിത്രത്തിലാദ്യമായി മൂന്നാം തവണയും ഭരണം നിലനിർത്തിയ പ്രസിഡന്റ് ഷി ചിൻപിങ്, ‘ഒരേ ഒരു ചൈന’ എന്ന സങ്കൽപം യാഥാർഥ്യമാക്കുമെന്നു പ്രഖ്യാപിച്ചതോടെ തയ്‌വാനിലെ ജനാധിപത്യ വ്യവസ്ഥ കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. ഇന്ത്യ -പസിഫിക്കിലെ ഈ കൊച്ചുദ്വീപിലെ തിരഞ്ഞെടുപ്പ് ഇതിനകം രാജ്യാന്തരശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. തയ്‌വാന്റെ മാത്രമല്ല, ഇന്ത്യ- പസിഫിക് മേഖലയുടെ തന്നെ ഭാവിയിൽ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളാണു കാരണം. ഇന്ത്യ- ചൈന അതിർത്തിയിലും ഇന്ത്യൻ മഹാസമുദ്രത്തിലും പസിഫിക്- സൗത്ത് ചൈന- ഈസ്റ്റ് ചൈന സമുദ്രങ്ങളിലുമെല്ലാം തങ്ങളുടെ അതിർത്തി വിപുലീകരണത്തിനു ശ്രമിച്ചുകൊണ്ടിരിക്കുന്ന ഷി ചിൻപിങ്ങിന്റെ സാമ്രാജ്യവികസന നയത്തിന്റെ നോട്ടപ്പുള്ളിയാണല്ലോ ഇന്ത്യ-പസിഫിക് മേഖലയും.
യുഎസ് അനുകൂല ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (ഡിപിപി) ചൈനാ അനുകൂല കുമിന്താങ് പാർട്ടിയും യുഎസിനെയും ചൈനയെയും ഉൾക്കൊള്ളുന്ന സന്തുലിത സമീപനമാണു രാജ്യത്തിനു വേണ്ടതെന്നു വിശ്വസിക്കുന്ന തയ്‌വാൻ പീപ്പിൾസ് പാർട്ടിയും (ടിപിപി) തമ്മിലുള്ള ത്രികോണ മത്സരമാണ് ഇത്തവണ. ഭരണകക്ഷിയായ ഡിപിപിയെ പിന്തുണയ്ക്കുന്നവരിലേറെയും ദ്വീപിൽ തന്നെ ജനിച്ചുവളർന്ന തദ്ദേശീയരായ തയ്‌വാനികളാണ്. തയ്‌വാൻ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനിൽക്കണമെന്നാണു ഡിപിപിയുടെ നിലപാട്. ഒരു രാജ്യം, രണ്ടു ഭരണവ്യവസ്ഥ എന്നതുപോലുള്ള ഹോങ്കോങ് മോഡൽ തയ്‌വാനിൽ നടപ്പാക്കാൻ പാടില്ലെന്നും ഡിപിപി വിശ്വസിക്കുന്നു.
കുമിന്താങ്ങുകൾക്കാകട്ടെ ചൈനയിലാണു വേരുകൾ. 1949ലെ ആഭ്യന്തരയുദ്ധത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയോടു പരാജയപ്പെട്ടു ചിയാങ് കൈഷക് തന്റെ സൈന്യവുമായി തയ്‌വാനിലേക്കു പിന്മാറിയതു മുതൽ കുമിന്താങ്ങുകൾ ചൈനാപക്ഷ ദേശീയവാദ നിലപാടുമായാണു തയ്‌വാനിൽ പ്രവർത്തിക്കുന്നത്. 1986 വരെ തയ്‌വാൻ പട്ടാള ഭരണത്തിലായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളുമായി ‘ധവള ഭീകരത’ എന്നാണ് ആ കാലഘട്ടം അറിയപ്പെടുന്നത്. 1996ൽ ആണു തയ്‌വാനിൽ ജനാധിപത്യ വ്യവസ്ഥയിലുള്ള ആദ്യ തിരഞ്ഞെടുപ്പു നടന്നത്. അതിനുശേഷം തയ്‌വാൻ ജനത ഇതുവരെ ഏഴു തവണ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ വോട്ടു ചെയ്തിട്ടുണ്ട്. ഇപ്പോൾ മിതവാദികളായി അറിയപ്പെടുന്ന കുമിന്താങ്ങുകൾ ജനാധിപത്യ വ്യവസ്ഥയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചൈനയുമായി സമാധാനപൂർണമായ ബന്ധമാണു തയ്‌വാന്റെ നല്ല ഭാവിക്ക് വേണ്ടതെന്നു കരുതുന്നവരാണ്.
സമൂഹമാധ്യമങ്ങളുടെ സ്വാധീനം ശക്തം
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നു പാർട്ടികൾക്കും പ്രധാനമായും അഭിപ്രായവ്യത്യാസമുള്ളതു ചൈനയോടുള്ള സമീപനത്തിന്റെ കാര്യത്തിലാണ്. ഡിപിപിയുടെ പ്രസിഡന്റ് സ്ഥാനാർഥി ലായ് ചിങ് തെ (വില്യം) ആണ് അധികാരത്തിലേറുന്നതെങ്കിൽ, ഭാവിയിൽ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാനിടയുള്ള ആക്രമണം തടയാൻ സൈനിക സന്നാഹങ്ങൾ ബലപ്പെടുത്തും. അതിനു യുഎസിന്റെ സഹായം കിട്ടും. തദ്ദേശീയമായി മുങ്ങിക്കപ്പലുകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. യുഎസിലെ മുൻ സ്ഥാനപതി ഹിസിയാവോ ബി കിം ആണു ഡിപിപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. പാർട്ടി അധികാരത്തിലെത്തിയാൽ തയ്‌വാന്റെ രാജ്യാന്തര ബന്ധങ്ങളുടെ ചുമതല വഹിക്കുക ഇദ്ദേഹമായിരിക്കും എന്നാണു കരുതുന്നത്. ഈ സാഹചര്യത്തിൽ, വരുംനാളുകളിൽ ചൈന പ്രകോപനം ശക്തിപ്പെടുത്താനും ചൈന– തയ്‌വാൻ ബന്ധം കൂടുതൽ സംഘർഷഭരിതമാകാനുമാണ് സാധ്യത. അതേസമയം, പ്രതിപക്ഷ കക്ഷിയായ കുമിന്താങ്ങുകളുടെ പ്രസിഡന്റ് സ്ഥാനാർഥി ഹു യു ഇഹ് ആണു ജയിക്കുന്നതെങ്കിൽ ചൈനയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്നു തീർച്ച. കൂടുതൽ ചൈനീസ് വിദ്യാർഥികൾക്കു തയ്‌വാനിൽ പ്രവേശനം നൽകുന്നതു മുതൽ വാണിജ്യ– സേവന ചർച്ചകൾ പുനരാരംഭിക്കുന്നതു വരെയുള്ള നടപടികളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താൻ അതു സഹായിച്ചേക്കാം. പക്ഷേ, ഷി ചിൻപിങ്ങിനോടു കുമിന്താങ്ങുകൾക്കുള്ള ചായ്‌വു കണക്കിലെടുക്കുമ്പോൾ, തയ്‌വാനെ ചൈനയുമായി എളുപ്പത്തിൽ ലയിപ്പിക്കാനുള്ള അവസരമായി ചൈനീസ് പ്രസിഡന്റ് അതിനെ ഉപയോഗപ്പെടുത്തും.
തയ്‌വാൻ പീപ്പിൾസ് പാർട്ടി നേതാവ് കോ വെൻ ജിയുടെ നിലപാടിന്റെ കാര്യത്തിൽ അവ്യക്തതയുണ്ട്. ഒരേസമയം ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും നിലവിലെ പ്രസിഡന്റ് ഝായ് ഇങ് വെന്നിന്റെ വിദേശ നയങ്ങൾ അംഗീകരിക്കണമെന്നും വാദിക്കുന്നയാളാണ് അദ്ദേഹം. കോ വെൻ ജി ഈ തിരഞ്ഞെടുപ്പിലെ കറുത്തകുതിരയാകും എന്നാണു പൊതുവേ കരുതപ്പെടുന്നത്. ഡിപിപിയും കുമിന്താങ്ങുകളും തമ്മിൽ ഇഞ്ചോടിഞ്ചു മത്സരമാണു നടക്കുന്നതെങ്കിൽ തിരഞ്ഞെടുപ്പിൽ നിർണായക പങ്കു വഹിക്കാൻ അദ്ദേഹത്തിനു കഴിയും. നിലവിലെ സാഹചര്യത്തിൽ, ഭരണകക്ഷിയായ ഡിപിപിക്കു തന്നെ ഭൂരിപക്ഷം കിട്ടുന്ന ലക്ഷണമാണെങ്കിലും തിരഞ്ഞെടുപ്പിനുശേഷം സഖ്യം രൂപീകരിച്ച് തയ്‌വാനിലെ ആദ്യത്തെ കൂട്ടുകക്ഷി സർക്കാരുണ്ടാക്കാനുള്ള സാധ്യത കുമിന്താങ്ങുകളും ടിപിപിയും തള്ളിക്കളയുന്നില്ല.
ഈ തിരഞ്ഞെടുപ്പിലെ വെല്ലുവിളികൾ പലതാണ്. കനത്തതോതിലുള്ള ആസൂത്രിത അസത്യപ്രചാരണങ്ങളും വ്യാജവാർത്തകളും സൈബർ ആക്രമണങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാം. സാങ്കേതികവളർച്ചയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യത്തെ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് സമൂഹമാധ്യമ പ്രചാരണങ്ങൾ ഇത്രത്തോളം സ്വാധീനിക്കുന്നതെന്നു പഠിക്കാനുള്ളൊരു അവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.
കടലിടുക്കിൽ കണ്ണുംനട്ട് ലോകം
തയ്‌വാനെതിരെ ചൈന സൈനിക നടപടികൾ ശക്തമാക്കുമോ, നിർത്തിവച്ച ഉഭയകക്ഷി സംഭാഷണങ്ങൾ പുനരാരംഭിക്കുമോ, ദ്വീപിനു മേലുള്ള അവകാശവാദം വീണ്ടും സജീവമാക്കുമോ എന്നെല്ലാം ഈ തിരഞ്ഞെടുപ്പുഫലമാണു തീരുമാനിക്കുക.
എന്തുതന്നെയായാലും അതിന്റെ പ്രത്യാഘാതങ്ങൾ വലുതാകും. രാജ്യാന്തര ഗതാഗതത്തിലെ മുഖ്യകേന്ദ്രമെന്ന നിലയിൽ തയ്‌വാൻ കടലിടുക്കിന്റെ സുരക്ഷയും സംരക്ഷണവും വളരെയേറെ പ്രധാനമാണ്. ലോകത്തിലെ ആകെ ചരക്കുനീക്കത്തിന്റെ പകുതിയിലധികവും അതിലൂടെയാണു കടന്നുപോകുന്നത്. മാത്രമല്ല, ആഗോളതലത്തിൽ സെമി കണ്ടക്ടർ വിതരണശൃംഖലയിൽ തയ്‌വാനു നിർണായക സ്ഥാനമുണ്ട്. ഇന്നു ലോകത്തിൽ ഉപയോഗിക്കപ്പെടുന്ന അത്യാധുനിക സെമി കണ്ടക്ടർ ചിപ്പുകളിൽ 90 ശതമാനവും ഉൽപാദിപ്പിക്കുന്നതു തയ്‌വാനിലാണ്. തയ്‌വാൻ കടലിടുക്കിൽ ആധിപത്യം പുലർത്താനും വിതരണ ശൃംഖലയെ നിയന്ത്രിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങൾ തടയേണ്ടതിന്റെ ആവശ്യം യുഎസ് തിരിച്ചറിയുന്നുണ്ട്.
ചുരുക്കത്തിൽ, ഈ കൊച്ചു ദ്വീപിനെച്ചൊല്ലിയുള്ള പിടിവലി തുടരുകതന്നെ ചെയ്യും. അടുത്ത പ്രസിഡന്റ് ആരായാലും, ചൈനയുമായും അമേരിക്കയുമായുമുള്ള ബന്ധങ്ങളിൽ സൂക്ഷ്മമായ സന്തുലിതത്വം പാലിക്കാനും തൽസ്ഥിതി നിലനിർത്താനും ശ്രമിക്കേണ്ടി വരും. അടുത്ത ഏതാനും വർഷങ്ങൾ തയ്‌വാനു മുൻപിൽ അവസരങ്ങളും വെല്ലുവിളികളും ഒരുപോലെ ഉണ്ടായിരിക്കും. എന്തൊക്കെ രാഷ്ട്രീയ മാറ്റങ്ങളാണു മേഖലയിൽ വരാൻ പോകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ, ഈ ചെറിയ ദ്വീപിൽ ജനാധിപത്യം നിലനിൽക്കുക എന്നതാണു പ്രധാനം. ഈ തിരഞ്ഞെടുപ്പു സ്വതന്ത്രവും നീതിപൂർവവുമായി നടന്നാൽ കമ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ പാത കയ്യൊഴിയാനും ജനാധിപത്യത്തിന്റെ വഴിയിലൂടെ യാത്ര തുടരാനും ജനങ്ങൾ തയാറാവുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരിക്കും അത്.