ADVERTISEMENT

യേശുദാസ് – ഞങ്ങൾക്ക് ഏറ്റവും പരിചിതമായ സ്വരത്തിന്റെ പേരാണത്; ഏറ്റവും പ്രിയങ്കരമായ സ്വരത്തിന്റെ പേരും. അങ്ങയുടെ ജീവിതത്തിലെ എൺപത്തിനാലു വർഷങ്ങളുടെ സ്വരസുകൃതം ഏറ്റുവാങ്ങുന്ന ഈ ദിവസം ഞങ്ങൾക്ക് അത്രമേൽ വിശിഷ്ടം. മലയാളിജീവിതത്തിൽ അങ്ങു പതിച്ച പാട്ടിന്റെ കാതെ‍ാപ്പുകളോളം അമൂല്യമായതെന്താണ് ? 

പാട്ടുകെ‍ാണ്ടെഴുതിയ ഒരു മഹനീയജീവിതത്തിൽ ആയിരം ഗന്ധർവപൗർണമികളിതാ സംഗീതത്തിനുമാത്രം നൽകാവുന്ന പ്രഭ ചെ‍ാരിയുന്നു. ഈ ദിവസത്തിന്റെ ജന്മദിനദീപ്തിയാകട്ടെ നമ്മുടെ കാലത്തിന് അങ്ങയോടുള്ള ആദരവിന്റെയും സ്‍നേഹത്തിന്റെയും പൂക്കൂട; ഓരോയിതളും പാട്ടുപാടുന്ന രാഗമാലിക.

ശ്വാസംപോലെയെ‍ാരു സ്വരമാണ് ഞങ്ങൾക്ക് അങ്ങയുടേത്. കൈരളിയുള്ള കാലത്തോളം ഒപ്പമുള്ളത്. ഞങ്ങളുടെ ജീവിതത്തെയും ആ ജീവിതത്തിലെ ഓരോ വൈകാരിക ഭാവത്തെയും ദശാബ്‍ദങ്ങളായി സംഗീതത്തിലൂടെ നിർവചിക്കുന്ന അങ്ങ് ഈ ജന്മദിനപ്പുലരിയിലേക്കുണരുമ്പോൾ മുഴുവൻ മലയാളത്തിന്റെയും ആശംസയും പ്രാർഥനയും ആ കാതോരത്തുണ്ടാവുമെന്നു തീർച്ച. കാരണം, ഞങ്ങളുടെ സ്വന്തമാണല്ലോ ഈ സ്വരം; അഭിമാനവും ആനന്ദവുമാണല്ലോ. 

ഈ സ്വരത്തോടെ‍ാപ്പമാണു മലയാളിജീവിതത്തിന്റെ സഹയാത്ര. ഏതു വിദൂരനഗരത്തിലും ഏതു മരുഭൂവിലും ഏതു കടലിലും ഏതു തിരക്കിലും ഏകാന്തതയിലും പ്രണയത്തിലും സങ്കടത്തിലും സ്വപ്നത്തിലും സന്തോഷത്തിലുമെ‍ാക്കെ മലയാളിയുടെ ആദ്യത്തെ ചങ്ങാതി, പ്രിയപ്പെട്ട യേശുദാസ്, അങ്ങാണല്ലോ. ചേരുമ്പോഴും പിരിയുമ്പോഴും ചിരിക്കുമ്പോഴും കരയുമ്പോഴും കൂടെയുള്ളെ‍ാരാൾ. ഒരിക്കലും ഞങ്ങളെ ഒറ്റയ്ക്കാക്കാത്തെ‍‍ാരാൾ...

രാഗങ്ങളുടെ ആധാരശിലയിൽ നിർമിക്കപ്പെട്ടതാണ് അങ്ങയുടെ ജീവിതം. ആത്മകഥ എഴുതിയില്ലെങ്കിലെന്ത് ? പാടിയ പല പാട്ടുകളും ആത്മഗാനങ്ങൾ; ആഴമുള്ള ജീവിതാനുഭവങ്ങളിലൂടെ നടന്നുമുന്നേറിയ ഒരു സംഗീതാന്വേഷിയുടെ ധന്യസഞ്ചാരങ്ങൾ...അറിയപ്പെടുന്ന ശാസ്ത്രീയസംഗീതജ്‍ഞനും നടനുമായിരുന്ന പിതാവ് അഗസ്റ്റിൻ ജോസഫാണ് ആദ്യം കൺകണ്ട ഗുരുവെന്നും അദ്ദേഹമാണ് സ്വന്തം നാവിലെ ഉച്ചാരണശുദ്ധിയെന്നും അങ്ങു പറഞ്ഞു. പിതാവിനോടുള്ള ഇഷ്ടം എത്രയോ സ്നേഹഗാനങ്ങളിൽ ഞങ്ങൾ കേൾക്കുകയും ചെയ്തു. ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് യഥാർഥ ഗുരുദൈവതമെന്നു പറയാറുള്ള അങ്ങ് സംഗീതക്കച്ചേരികളിലെല്ലാം ഹംസാനന്ദി രാഗത്തിൽ, രൂപക താളത്തിലുള്ള ‘പാവനഗുരു’ എന്ന കീർത്തനം സ്നേഹാദരം പാടുന്നതും കേട്ടു. ഗുരു ചെമ്പൈയുടെ വിയോഗമുണ്ടായപ്പോൾ അങ്ങു പറഞ്ഞു: ‘ഞാനിപ്പോൾ അനാഥനായി’.  

സംഗീതസംവിധായകരുടെ പ്രിയ ഗായകനായതിൽ അദ്ഭുതമില്ല. ഏതു റേഞ്ചിലും ഒരേ മട്ടിൽ പാടാൻ കഴിയുന്ന ഇങ്ങനെയെ‍ാരു അതിശയപ്രതിഭാസം എത്തിയതോടെ സംഗീതസംവിധായകർ സ്വതന്ത്രരായെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവർക്ക് ഈണങ്ങളിൽ അന്നുവരെ ലഭിക്കാത്ത സ്വാതന്ത്ര്യം ലഭിക്കുകയായിരുന്നു. എങ്ങനെ കംപോസ് ചെയ്താലും കുഴപ്പമില്ല, പാടാൻ യേശുദാസ് ഉണ്ടല്ലോ എന്ന ആത്മവിശ്വാസം അവരുടെ പല ഈണങ്ങളെയും അനന്യസുന്ദരമാക്കി. ചില ഈണങ്ങൾക്കെങ്കിലും കാലത്തിൽ ഉയർന്നുപറക്കാനുള്ള ചിറകുകൾ കൈവന്നു.

ശ്രുതിയും ലയവും തെറ്റാതെ ദശാബ്ദങ്ങളായി ഈ സ്വരം മലയാളികളുടെ കാതോരത്തു പാടുന്നുണ്ട്; ഹൃദയത്തിൽ വസിക്കുന്നുമുണ്ട്. മനുഷ്യനെ മാത്രമല്ല, ഈശ്വരനെയും ആർദ്രം പാടി ഉണർത്തുന്നു, ഉറക്കുന്നു. ഈ നാദത്തിനു മുന്നിൽ വഴങ്ങാത്ത സംഗീതശൈലികളില്ല; തലങ്ങളില്ല. അങ്ങയുടെ സംഗീതത്തിന് ആവാത്തതെന്ത് ?

ഈ മുഖപ്രസംഗത്തിൽ അങ്ങയുടെ കുറച്ചു പാട്ടുകൾ മാത്രം എടുത്തെഴുതാനാവുന്നതെങ്ങനെ ? മിക്ക ഇന്ത്യൻ ഭാഷകളിലുമായി പതിനായിരക്കണക്കിനു ഗാനങ്ങൾ പാടിയ, അവയിലെത്രയോ ഗാനങ്ങളെ അവിസ്മരണീയമാക്കിയ ഗായകന്റെ പാട്ടുപട്ടിക ചുരുക്കി തയാറാക്കാനാവില്ലല്ലോ. എത്രയെത്ര പുരസ്കാരങ്ങൾ! ഒടുവിൽ പുതുതലമുറയ്‍ക്കായി അംഗീകാരങ്ങളിൽനിന്നു സ്വയം വഴിമാറി നടന്നു. എന്നിട്ടും, അഭിമുഖത്തിൽ ‘ആരാണ് യേശുദാസ്, ആത്മാന്വേഷണം നടത്തിയിട്ടുണ്ടോ’ എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി: ‘സമ്പൂർണ രാഗ’മാകാൻ കെ‍ാതിക്കുന്ന ഒരു സ്വരം! 

തലമുറകളുടെ കാതുകളെയും ഹൃദയങ്ങളെയും കീഴടക്കിയ കണ്ഠത്തിൽ കാലം അഭിമാനത്തോടെ, ആശംസകളോടെ ഉമ്മ വയ്ക്കുന്നത് ഈ ജന്മദിനത്തിൽ ഞങ്ങൾക്കു കാണാം. മലയാളിഹൃദയങ്ങളുടെ ആസ്‍ഥാനഗായകാ, ആയുരാരോഗ്യ സൗഖ്യം. അനന്തം പാടുക....

English Summary:

Editorial about KJ yesudas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com