വാചകമേള
Mail This Article
∙ സാറാ ജോസഫ്: രാഷ്ട്രീയപാർട്ടികളുടെ അണികൾക്ക് ആത്മവിമർശനം നടത്താനുള്ള ഒന്നാന്തരം പ്രസംഗമാണ് എംടിയുടേത്. സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിനുവേണ്ടി നിശ്ശബ്ദരാകുന്ന സാഹിത്യകാരന്മാരുണ്ട്. സ്വാതന്ത്ര്യം ഭരണാധികാരികൾ എറിഞ്ഞു തരുന്ന അപ്പക്കഷണം അല്ലെന്ന ബോധ്യമുണ്ടെങ്കിലേ ജനാധിപത്യം വിജയിക്കുകയുള്ളൂ.
∙ ജയമോഹൻ: മലയാളികൾ വെള്ളമടിച്ചുകഴിഞ്ഞാൽ ഉറപ്പായും പാടുന്ന പാട്ടാണ് ‘സുമംഗലീ നീയോർമിക്കുമോ...’ ശരിക്കു പറഞ്ഞാൽ അതിൽ ട്യൂൺ എന്ന ഒന്നില്ല. ഒരുതരം കവിതചൊല്ലൽ മാത്രം. എന്നാൽ, യേശുദാസ് അതിനെ ശക്തമായ ഒരു വൈകാരിക അനുഭവമാക്കി മാറ്റുന്നു. ഓർമിക്കുമോ എന്ന വാക്കിലുള്ള പ്രത്യേകഭാവം ശ്രദ്ധിക്കുക.
∙ ഇ.കരുണാകരൻ: ഇ.പി.ജയരാജൻ എം.ടി.വാസുദേവൻ നായരുടെ പ്രസംഗത്തെ ദില്ലിയെപ്പറ്റി എന്നു വ്യാഖ്യാനിക്കുന്നതു വാസ്തവത്തിൽ പിണറായി വിജയനോ പാർട്ടിക്കോ അണികൾക്കോവേണ്ടി മാത്രമല്ല, വേദിയിലുണ്ടായിരുന്ന സച്ചിദാനന്ദൻ, മുകുന്ദൻ തുടങ്ങിയ സീനിയർ എഴുത്തുകാർക്കും സദസ്സിലുണ്ടായിരുന്ന ജൂനിയർ എഴുത്തുകാർക്കും വേണ്ടിക്കൂടിയായിരുന്നു.
∙ എം.എൻ.കാരശ്ശേരി: എംടിയുടെ ചില വിമർശകർ അദ്ദേഹത്തിനു രാഷ്ട്രീയബോധമില്ല എന്നു കുറ്റം പറയാറുണ്ട്. ആ സാഹിത്യത്തിലും ജീവിതത്തിലും പുലരുന്ന സൂക്ഷ്മരാഷ്ട്രീയം തിരിച്ചറിയാത്തവരും സ്ഥൂലരാഷ്ട്രീയം മാത്രം മനസ്സിലാക്കുന്ന ഉപരിപ്ലവ ബുദ്ധിജീവികളുമാണ് അങ്ങനെ പറയാറ്.
∙ യേശുദാസ്: അതൃപ്തി തോന്നിയിട്ടുള്ളത് ഗാനങ്ങളോടല്ല, മറിച്ച് ആ രംഗത്തു പ്രവർത്തിക്കുന്ന ചിലർ കാണിച്ചിട്ടുള്ള ആത്മാർഥതയില്ലായ്മയോടാണ്. ‘ഇനിയിപ്പോൾ എന്ത്’ എന്ന നിസ്സംഗത തോന്നിയിട്ടുണ്ട്. ഇത്രയും കാലമായിട്ടും ഇയാൾ തന്നെയാണല്ലോ എല്ലാം അടക്കിപ്പിടിക്കുന്നത് എന്ന മട്ടിലുള്ള സത്യത്തിനു നിരക്കാത്ത ആരോപണങ്ങൾ വന്നപ്പോഴായിരുന്നു അത്. പാട്ടുകളിലൂടെ തന്നെ അതിനെ മറികടന്നു.
∙ ശ്രീകുമാരൻ തമ്പി: ഒരു പാട്ടുകാരനെയും വളരാൻ യേശുദാസ് അനുവദിച്ചില്ല എന്ന് ആരോപണം ഉന്നയിക്കുന്ന ചില സംഘങ്ങളുണ്ട്. അവർ മറുപടി അർഹിക്കുന്നില്ല. എന്റെ അനുഭവം പറയട്ടെ. ഞാൻ 4 ഗായകരെ സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. നിങ്ങൾ എനിക്കെതിരായി 4 പാട്ടുകാരെ കൊണ്ടുവന്നു എന്ന് യേശുദാസ് ഒരിക്കലും എന്നോടു പറഞ്ഞിട്ടില്ല. യേശുദാസ് ആത്മവിശ്വാസമുള്ള കലാകാരനാണ്. സ്വന്തം പ്രതിഭയുടെ ശക്തി മറ്റാരെക്കാളും മനസ്സിലാക്കിയിട്ടുള്ളത് അദ്ദേഹം തന്നെയാണ്.
∙ മമ്മൂട്ടി: ഇനിയൊരു ജന്മമുണ്ടെങ്കിൽ യേശുദാസിനെപ്പോലൊരു ഗായകനാകണമെന്നാണ് എന്റെ മോഹം. യേശുദാസിന്റെ മകൻ വിജയ് എന്റെ ആരാധകനാണെന്നും യേശുദാസിന്റെ ശബ്ദം ഏറ്റവും നന്നായി ചേരുന്നത് എനിക്കാണെന്നുമൊക്കെ പറഞ്ഞുകേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്.
∙ സത്യൻ അന്തിക്കാട്: യേശുദാസുള്ള കാലത്തു ജീവിച്ചിരിക്കാൻ സാധിക്കുന്നു എന്നതാണ് നമ്മുടെയൊക്കെ ഏറ്റവും വലിയ ഭാഗ്യം. ഇനിയും ഇങ്ങനെയൊരു ശബ്ദവും ഇതുപോലെ അനുഗ്രഹിക്കപ്പെട്ട മനുഷ്യനും ഉണ്ടാകുമോ എന്നറിയില്ല.
∙ രാജൻ ഗുരുക്കൾ: ഏതു ഭാഷയും മാറിക്കൊണ്ടിരിക്കും. സംസാരഭാഷയും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. സാങ്കേതികവിദ്യയുടെ വളർച്ചയും സാമ്പത്തികവ്യവസ്ഥയുടെ പരിണാമവും നാനാഭാഷക്കാരുമായുള്ള സമ്പർക്കങ്ങളും ഇടപാടുകളും അനുസരിച്ച് ഭൗതികസാഹചര്യങ്ങൾ മാറുമ്പോൾ അവയോടു പൊരുത്തപ്പെട്ടുകൊണ്ട് ജീവിതവും അതിനിണങ്ങുംവിധം ഭാഷയും മാറും. ബോധപൂർവം ആരും മാറ്റുന്നതല്ല.
∙ ബെന്യാമിൻ: ഇത്രയും ആഘോഷവും ബഹളവുമൊക്കെ സാഹിത്യത്തിനു ചുറ്റും വേണോ എന്നാണു നിങ്ങൾക്കു സംശയമെങ്കിൽ നിങ്ങൾക്കു വല്ലാതെ പ്രായമായിരിക്കുന്നു എന്നു സ്വയം സഹതപിക്കാനേ കഴിയൂ. പുതിയ കാലത്തിനനുസരിച്ചും ആവശ്യങ്ങൾക്കനുസരിച്ചും പുതുക്കപ്പെടാൻ കഴിയുന്നില്ല എങ്കിൽ എന്തും നശിച്ചുപോകുകയേയുള്ളൂ.