ADVERTISEMENT

പല്ലനയാറിന്റെ ആഴങ്ങളിലേക്ക്, താൻ എഴുതാനിരിക്കുന്ന കാവ്യങ്ങൾക്കൊപ്പം മഹാകവി കുമാരനാശാൻ ആണ്ടുപോയിട്ട് നൂറു വർഷം. മലയാളത്തെ പുതിയ കാവ്യാകാശത്തേക്കുയർത്തിയ കവിയെ അന്നു ജലം കവർന്നിട്ടും കാലാതീതമായ ആ കാവ്യപ്രകാശം ഇന്നുമുണ്ട് നമുക്കെ‍ാപ്പം. 

മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ ആദ്യത്തെ മലയാള കവിയാണ് ആശാൻ. അദ്ദേഹത്തിന്റെ 150–ാം ജന്മവാർഷികം നാം ആഘോഷിച്ചുകഴിഞ്ഞതേയുള്ളൂ. ചിറകു വിടർത്തി വിശ്വസാഹിത്യ വിഹായസ്സിലേക്കു പറന്നുയരാനുള്ള സ്വാതന്ത്ര്യം മലയാള കവിതയ്ക്കു നേടിക്കെ‍ാടുത്തതിൽ ആശാന്റെ പങ്കു വലുതാണ്. സമൂഹമനസ്സിലെ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളകറ്റാൻ കൂടിയാണ് അദ്ദേഹം കവിതയെഴുതിയത്. മലയാള കവിതയെയും കേരളീയ സമൂഹത്തെയും നവീകരിച്ച ആശാൻകവിതകൾ പുതിയ തലമുറകൾക്കു കൂടിയുള്ളതാണ്. 

പതിനെട്ടാം വയസ്സിൽ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയതോടെ ആശാന്റെ ജീവിതത്തിന്റെ ഗതി മാറിമറിയുകയായിരുന്നു. ഗുരുവിന്റെ സ്വാധീനം അദ്ദേഹത്തെ ദാർശനികനും വേദാന്തിയുമാക്കിത്തീർത്തു. സർഗധനനായ ഗുരുവിന്റെ സാമീപ്യം കാവ്യരചനയിലും ഉദാത്തമായ മാറ്റങ്ങൾക്കു കാരണമായി. സങ്കീർണമായ ഓരോ സന്ധിയിലും ഗുരുദർശനങ്ങൾ ആശാനു കൃത്യമായ വഴികാട്ടിക്കെ‍ാണ്ടിരുന്നു. 1903ൽ എസ്എൻഡിപിയുടെ ആദ്യ ജനറൽ സെക്രട്ടറിയായതും 1904ൽ എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘വിവേകോദയം’ മാസിക ആരംഭിച്ചതുമെ‍ാക്കെ ചരിത്രം.

പാലക്കാട് നഗരത്തിലെ‍‍ാരു വീട്ടുമുറ്റത്ത് 117 വർഷം മുൻപു കൊഴിഞ്ഞുവീണ മുല്ലപ്പൂവാണ് മലയാള കവിതയുടെ വഴിതിരിച്ചുവിട്ടതെന്നു പറയാം. വാടിവീണ പൂവു നോക്കി കുമാരനാശാൻ ‘ഹാ പുഷ്പമേ...’ എന്നു സങ്കടപ്പെട്ടപ്പോൾ മലയാള കവിതയിലൂടെ വിലാപത്തിന്റെ ഒരു പുഴയെ‍ാഴുകാൻ തുടങ്ങി. ശ്രീനാരായണഗുരുവിന്റെ ചികിത്സാർഥം ഗുരുവുമൊത്ത് പാലക്കാട്ടു കഴിയുന്ന കാലത്താണ് ആ അനശ്വരകവിതയുടെ പിറവി. ഞെട്ടറ്റടർന്നുപോയ പൂവിന്റെ അൽപായുസ്സിൽ കവി ജീവിതത്തിന്റെ അർഥവും നിരർഥകതയും കണ്ടെത്തുകയാണ്. ‘മിതവാദി’യിൽ 1907ൽത്തന്നെ ‘ഒരു വീണപൂവ്’ എന്ന തലക്കെട്ടിൽ കവിത അച്ചടിച്ചുവന്നു. ‘ഭാഷാപോഷിണി’യിൽ വീണ്ടും പ്രസിദ്ധീകരിച്ചതോടെ കാവ്യം കൂടുതൽ ആസ്വാദകരിലേക്കെത്തി. ആ ആത്മവിശ്വാസത്തിലാണ് തുടർന്ന് ‘നളിനി’യും ‘ലീല’യും ‘ചിന്താവിഷ്ടയായ സീത’യുമൊക്കെ ആശാൻ രചിച്ചത്. 

വാസവദത്തയുടെ ചിതയിലേക്ക് ഇറ്റുവീണ ഉപഗുപ്തന്റെ കണ്ണീർക്കണത്തിൽ പ്രതിഫലിച്ച കാരുണ്യത്തിന്റെ മഹാപാഠങ്ങൾ ‘കരുണ’യിൽ നൂറു വർഷത്തിനുശേഷവും തെളിമയോടെ ശേഷിക്കുന്നു. ആഘോഷങ്ങളിൽ ജീവിച്ച വാസവദത്ത ഉപഗുപ്തന്റെ ദർശനങ്ങൾ കേട്ട് ആത്മീയമായ പ്രണയത്തിലേക്ക് അലിഞ്ഞുചേരുന്നതുപോലെ, ബുദ്ധസന്ദേശങ്ങളുടെ സത്ത ആശാന്റെ കവിതകളിൽ കണ്ടെടുക്കാം.

വിശുദ്ധ സ്നേഹം ജീവിതത്തെ വിമലീകരിക്കുന്ന പ്രക്രിയ ആശാൻകൃതികളിലെ ശ്രേഷ്ഠപാഠങ്ങളാണ്. ‘സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹസാരമിഹ സത്യമേകമാം’ എന്നു ‘നളിനി’യിലെ നായകനായ ദിവാകരനെക്കൊണ്ടു പറയിക്കുന്നുണ്ടല്ലോ, ആശാൻ. കവിതകളിലെ മുഖ്യരസം സ്‌നേഹമാണെന്നതിനാൽ സ്‌നേഹഗായകൻ എന്നറിയപ്പെട്ടു. സ്‌നേഹം തന്നെയാണ് ജീവിതമെന്നും സ്‌നേഹനാശം മരണം തന്നെയാണെന്നും കവി വിളംബരം ചെയ്യുന്നു. ഭാവഭദ്രതയും ആധ്യാത്മികതയും ദാർശനികതയും നിറഞ്ഞുനിൽക്കുന്ന കവിതകളാണ് ആശാന്റേത്. ശ്രീനാരായണഗുരു കൊളുത്തിയ പ്രബുദ്ധതയുടെ വെളിച്ചം ആ കവിതകളിൽ ദീപ്തമാകുന്നു.

‘വീണപൂവും’ ‘കരുണ’യും ഉൾപ്പെടെയുള്ള ആശാന്റെ കവിതകളിൽ ആവിഷ്കരിച്ചിരിക്കുന്ന മനുഷ്യാവസ്ഥകളുടെ ദീനതകളും ധർമസങ്കടങ്ങളും ഇന്നും പ്രസക്തം. സ്ത്രീപക്ഷ നിലപാടുകളിൽ ഉറച്ചുനിന്നെഴുതിയ ‘ചിന്താവിഷ്ടയായ സീത’ മലയാള കവിതയിൽ കൊണ്ടുവന്ന മാറ്റം ചരിത്രപരമാണ്. മോഹിക്കപ്പെടാനും വെറുക്കപ്പെടാനും സ്വീകരിക്കപ്പെടാനും ഉപേക്ഷിക്കപ്പെടാനും മാത്രം ഇടമുണ്ടായിരുന്ന സ്ത്രീയെ തന്റെ കാവ്യങ്ങളിലൂടെ കുമാരനാശാൻ മോചിപ്പിച്ചെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിയേ‍ാഗം നൂറാണ്ടിലെത്തിയിട്ടും കുമാരനാശാൻ എന്ന മഹാകവിത കൂടുതൽ ഇതളുകളുമായി വിടരുന്നു; കൂടുതൽ പ്രകാശമാനമാകുന്നു; കൂടുതൽ ആഴം നേടുന്നു. കാരണം, വരുംകാലത്തെക്കൂടി അഭിമുഖീകരിച്ചെഴുതിയതാണല്ലോ ആ കവിതകൾ.

English Summary:

Editorial about Kumaran Asan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com