ADVERTISEMENT

അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാകുന്നതിന്റെ ചാരിതാർഥ്യത്തിലാണ് കോടിക്കണക്കിനു വിശ്വാസികൾ. ഒപ്പം എത്രയോ വിശ്വാസധാരകൾ ഒഴുകിച്ചേർന്നുണ്ടായ ഈ മണ്ണിന്റെ സഹവർത്തിത്വ സംസ്കാരത്തിൽ പുതിയ അധ്യായം എഴുതിച്ചേർക്കപ്പെടുകയും ചെയ്യുന്നു. 

നമ്മുടെ രാജ്യം അതിന്റെ മതനിരപേക്ഷ രാഷ്ട്രീയചരിത്രത്തിലും പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. ഒട്ടും ശാന്തമായിരുന്നില്ല ഈ യാത്ര. ഗോഡ്സെയുടെ തോക്കിൻമുനയിൽപോലും ‘ഹേ റാം’ എന്നുച്ചരിച്ച മാർഗദർശിയെ ഏറ്റവുമധികം ഓർക്കേണ്ട ദിനമാണിത്. മതവും രാഷ്ട്രീയവും സൂക്ഷ്മതലങ്ങളിൽ വരെ ഇടകലർന്നു കിടക്കുന്ന ഇന്ത്യൻ പാരമ്പര്യത്തെ ഉൾക്കൊണ്ടു തന്നെ, അവയെ ഏറ്റവും പ്രായോഗികമായി സമന്വയിപ്പിക്കാൻ മഹാത്മാഗാന്ധി ശ്രമിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഒരേചരടിൽ കോർത്തിണക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രാമരാജ്യദർശനം. 1992 ഡിസംബർ ആറിനു ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും വിഷയം കോടതിക്കു പുറത്തു പരിഹരിക്കാൻ ശ്രമിക്കണമെന്ന 2017ലെ സുപ്രീം കോടതി നിർദേശം ഫലിക്കാതെ പോയപ്പോഴും ഗാന്ധിജി എന്ന തണലിന്റെ നഷ്ടം നാം തിരിച്ചറിഞ്ഞു. കോടതി നിർദേശിക്കുന്ന നിയമപരമായ പരിഹാരം അങ്ങനെ അവസാന പോംവഴിയായി.

തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാനും അയോധ്യയിൽത്തന്നെ പ്രധാന സ്ഥാനത്ത് മസ്ജിദ് നിർമിക്കാൻ 5 ഏക്കർ ഭൂമി നൽകാനുമാണ് 2019 നവംബർ ഒൻപതിനു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. 1949ൽ മസ്ജിദിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതിനെയും 1992ൽ മസ്ജിദ് തകർത്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ബാബറി മസ്ജിദ് തകർക്കുകയെന്ന തെറ്റിനു പരിഹാരമായാണ് പുതിയ മസ്ജിദിനു ഭൂമി നൽകാൻ ഉത്തരവിട്ടത്. പൂർണനീതി നടപ്പാക്കാൻ ഭരണഘടനയുടെ 142–ാം വകുപ്പ് നൽകുന്ന സവിശേഷ അധികാരം ഇതിനായി കോടതി പ്രയോഗിച്ചു. 

വിശ്വാസവും നിയമവും യുക്തിയും ഇഴചേർത്തുള്ളതായിരുന്നു സുപ്രീം കോടതി വിധി. നൂറ്റാണ്ടുകളായുള്ള തർക്കത്തിൽ വസ്തുതാപരമായ തീർപ്പ് അസാധ്യമെന്നു കോടതി കണ്ടു. ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്താണു പണ്ടു ശ്രീരാമൻ ജനിച്ചതെന്ന വിശ്വാസത്തിന് ഊന്നൽ നൽകി കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കിക്കൊണ്ടാണ് രാമക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഇനിയും എങ്ങുമെത്തിയിട്ടില്ലാത്ത മസ്ജിദ് നിർമാണ നടപടികൾ കൂടി ഊർജിതമായാലേ വിധിയുടെ അന്തസ്സത്ത പൂർണമായി പാലിക്കപ്പെടൂ. 

അയോധ്യാ പ്രക്ഷോഭം തുടങ്ങിവച്ചത് വിശ്വഹിന്ദു പരിഷത്താണെങ്കിലും അതിന്റെ രാഷ്ട്രീയ സാധ്യതകൾ ഉപയോഗപ്പെടുത്തിയത് ബിജെപിയാണ്. സമാനപ്രശ്നം മറ്റെങ്ങും ആവർത്തിക്കാതിരിക്കാനാണ്, ആരാധനാസ്ഥലങ്ങൾ 1947 ഓഗസ്റ്റ് 15ലെ സ്ഥിതിയിൽ നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന നിയമം 1991ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. എന്നാൽ ആ നിയമത്തെ പാർലമെന്റിലും കോടതിയിലും ചോദ്യംചെയ്യാനുള്ള നീക്കങ്ങൾ ഇന്നു സജീവമായിരിക്കുന്നു. 

ചരിത്രത്തിന് ആധികാരിക ഉത്തരം നൽകാൻ കഴിയാത്ത വിശ്വാസപരമായ കാര്യങ്ങളിൽ ഏറ്റുമുട്ടലിന്റെയല്ല, സമന്വയത്തിന്റെ വഴിയാണു വേണ്ടത്. തർക്കങ്ങളുടെ തുടക്കമായല്ല, ഒടുക്കമായിത്തന്നെ ചരിത്രത്തിൽ അയോധ്യ അടയാളപ്പെടേണ്ടതുണ്ട്. എല്ലാവരെയും ചേർത്തുപിടിക്കുന്ന രാമരാജ്യം സ്വപ്നം കണ്ട ഗാന്ധിജി തന്നെയാകട്ടെ ഇക്കാര്യത്തിൽ നമ്മുടെ വഴിവിളക്ക്.

English Summary:

Editorial about consecration ceremony of Ram Temple in Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com