ക്ഷേമത്തിലൂന്നും: ജനത്തിന് നേരിട്ട് പണമെത്തിക്കുമോ?; വിവിധ മേഖലകളിലെ പ്രതീക്ഷകളിലൂടെ
Mail This Article
പ്രതീക്ഷയുടെ അമിതഭാരം വേണ്ടെന്നാണ് ഇന്ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിനെക്കുറിച്ച് കേന്ദ്ര സർക്കാർ നൽകുന്ന സൂചന. എന്നാൽ, തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലായതിനാൽ ധനമന്ത്രി നിർമല സീതാരാമന്റെ ‘ബജറ്റ് ടാബ്‍ലെറ്റി’ൽ എന്തെങ്കിലും കാര്യമായി ഉണ്ടാകുമെന്നു കരുതുന്നവരാണ് ഏറെയും.
തിരഞ്ഞെടുപ്പിനു മുൻപ് മോദി സർക്കാരിന്റെ ആത്മവിശ്വാസം എത്രത്തോളമെന്ന അളവുകോൽ കൂടിയായി ഇടക്കാല ബജറ്റ് മാറാം. തിരഞ്ഞെടുപ്പിൽ ബിജെപി കാര്യമായ വെല്ലുവിളി കാണുന്നില്ലെങ്കിൽ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന വാദമുണ്ട്.
പുതിയ പദ്ധതികൾക്കു വലിയ സാധ്യതയില്ലെങ്കിലും നിലവിലെ പല ജനക്ഷേമ പദ്ധതികൾക്കുമുള്ള അധിക നീക്കിയിരിപ്പിലൂടെയാകും കേന്ദ്രം ഞെട്ടിക്കുകയെന്നാണു വിദഗ്ധർ വിലയിരുത്തുന്നത്.
യുവജനങ്ങൾ, സ്ത്രീകൾ, കർഷകർ, ദരിദ്രർ എന്നിവർക്കു മുൻഗണന നൽകുന്ന തരത്തിലാകും സർക്കാരിന്റെ നയങ്ങളെന്ന് കഴിഞ്ഞ ദിവസം നിർമല സീതാരാമൻ പറഞ്ഞത് ബജറ്റിന്റെ ‘ട്രെയിലർ’ ആകാനിടയുണ്ട്. പ്രതീക്ഷകളിങ്ങനെ:
കർഷകർ
പ്രതിവർഷം 3 ഗഡുക്കളായി 6,000 രൂപ കർഷകർക്കു നൽകുന്ന പിഎം കിസാൻ പദ്ധതിയായിരുന്നു 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പീയുഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. ഇതിലൂടെ തിരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കാനുമായി. ഇന്ന് പിഎം കിസാൻ പദ്ധതിക്കു കൂടുതൽ നീക്കിയിരിപ്പുണ്ടാകുമെന്നാണു വിലയിരുത്തൽ. അങ്ങനെയെങ്കിൽ പ്രതിവർഷം ലഭിക്കുന്ന തുക 9,000 രൂപ വരെയാകാം. സ്ത്രീകൾക്കു കിസാൻ നിധി ആനുകൂല്യം ഇരട്ടിയാക്കണമെന്ന നിർദേശവുമുയർന്നിട്ടുണ്ട്.
തൊഴിലുറപ്പ്
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുള്ള നീക്കിയിരിപ്പു കുറഞ്ഞത് കഴിഞ്ഞ ബജറ്റിനു പിന്നാലെ വലിയ വിവാദമായിരുന്നു. പ്രതിപക്ഷത്തിനു പുറമേ പാർലമെന്റ് സ്ഥിരസമിതി അടക്കം സർക്കാരിന്റെ സമീപനത്തെ വിമർശിച്ചിരുന്നു. ഗ്രാമീണമേഖലകളിൽ സമാനമായി തൊഴിൽ സൃഷ്ടിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന, ജലജീവൻ മിഷൻ എന്നിവയ്ക്ക് 40,000 കോടിയോളം രൂപ അധികമായി വകയിരുത്തിയെന്നാണ് കേന്ദ്രം അന്നു നൽകിയ മറുപടി. ഇത്തവണ തൊഴിലുറപ്പു പദ്ധതിക്കുള്ള നീക്കിയിരിപ്പ് വീണ്ടും ചർച്ചകൾക്കു വഴിതുറക്കുമെന്നുറപ്പ്.
സൗരോർജം
രാജ്യത്തെ ഒരുകോടി വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട് ‘പ്രധാനമന്ത്രി സൂര്യോദയ’ പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയാണ്. നിലവിൽ കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സോളർ പദ്ധതിയുണ്ടെങ്കിലും ലക്ഷ്യം കൈവരിച്ചിട്ടില്ല. അതുകൊണ്ട് 3 കിലോവാട്ട് വരെ പുരപ്പുറ സൗരോർജ ഉൽപാദനത്തിനുള്ള സബ്സിഡി വീണ്ടും വർധിപ്പിക്കുമെന്നാണു പ്രതീക്ഷ. ഹരിത ഹൈഡ്രജൻ, അമോണിയ പ്രോത്സാഹന നടപടികളും പ്രതീക്ഷിക്കാം.
പെൻഷൻ
അടൽ പെൻഷൻ പദ്ധതിയിലൂടെ ലഭിക്കുന്ന മിനിമം പെൻഷൻ തുക വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ). ഇതിനായി പിഎഫ്ആർഡിഎ ധനമന്ത്രാലയത്തിനു കത്തു നൽകിയിരുന്നു. 1,000, 2000, 3000, 4000, 5000 രൂപ എന്നിങ്ങനെ 5 സ്ലാബുകളിലായിട്ടാണ് നിലവിൽ പ്രതിമാസ പെൻഷൻ. ഇത് 2,500 മുതൽ 7,500 രൂപ വരെയാക്കി ഉയർത്തുമോയെന്നാണ് അറിയേണ്ടത്. ദേശീയ പെൻഷൻ പദ്ധതി ആകർഷകമാക്കാനുള്ള നടപടികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകാൻ സാധ്യത കുറവാണ്.
ആരോഗ്യം
കേന്ദ്രത്തിന്റെ ഏറ്റവും അഭിമാനകരമായ പദ്ധതികളിലൊന്നാണ് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ്. പരിരക്ഷ 5 ലക്ഷം രൂപയിൽനിന്ന് 10 ലക്ഷമായി ഉയർത്തുമെന്ന സൂചനയുണ്ട്. കഴിഞ്ഞ ബജറ്റിൽ 7,200 കോടി രൂപയാണു ഇതിനു മാറ്റിവച്ചത്. ഇത്തവണ 15,000 കോടിയാകാം.
പാർപ്പിടം
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഹോം ലോൺ സബ്സിഡി സ്കീമിനു നീക്കിയിരിപ്പു പ്രതീക്ഷിക്കാം. നഗരമേഖലകളിലെ പിന്നാക്ക, ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ടായിരിക്കും പദ്ധതി.
ആദായനികുതി
വോട്ട് ഓൺ അക്കൗണ്ടിൽ നികുതിമാറ്റം കാര്യമായി ഉണ്ടാകില്ലെന്നാണു പറയാറുള്ളതെങ്കിലും 2019ലെ ഇടക്കാല ബജറ്റിൽ നിർണായകമായ ആദായനികുതി മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. പുതിയ ആദായനികുതി സ്കീം ആകർഷകമാക്കാൻ കഴിഞ്ഞ ബജറ്റിൽ നടത്തിയ പ്രഖ്യാപനങ്ങളുടെ തുടർച്ച ഇത്തവണയും പ്രതീക്ഷിക്കാം.
5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് പുതിയ സ്കീമിലേക്കു മാറിയവരിൽ ഏറെയും. പുതിയ സ്കീമിലേക്ക് ഒരു വർഷത്തിനകം 50 ശതമാനത്തിലേറെപ്പേർ മാറുമെന്നാണ് ധനകാര്യ സെക്രട്ടറി ബജറ്റിനു പിന്നാലെ അവകാശപ്പെട്ടത്.
നിർമിതബുദ്ധി
80% കേന്ദ്ര സർക്കാർ ഫണ്ടിങ്ങോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വന്തം ക്യാംപസിൽ 5ജി ഗവേഷണ ലാബുകൾ തുടങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ചത് കഴിഞ്ഞ ബജറ്റിലാണ്. ഇത്തവണ ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) മിഷന് ബജറ്റിൽ നീക്കിയിരിപ്പുണ്ടായേക്കും. എഐ കംപ്യൂട്ടർ പ്രോഗ്രാമുകൾ പ്രവർത്തിക്കാൻ വലിയ തോതിലുള്ള കംപ്യൂട്ടേഷനൽ ശേഷി ആവശ്യമാണ്. വലിയ ചെലവുള്ളതിനാൽ ചെറിയ കമ്പനികൾക്ക് ഇത്തരം ഹാർഡ്‌വെയർ ശേഷി സ്വന്തം നിലയ്ക്ക് ഒരുക്കുക എളുപ്പമല്ല. സർക്കാർ ഇത്തരം സൗകര്യം ഒരുക്കി സ്റ്റാർട്ടപ്പുകൾക്കും മറ്റും ഉപയോഗിക്കാൻ നൽകുകയാണ് എഐ മിഷന്റെ ലക്ഷ്യം.