ADVERTISEMENT

കോഴിക്കോട് നാദാപുരത്തിന്റെ കിഴക്കൻ മലയോരമായ ചെക്യാട്, വളയം, വാണിമേൽ, നരിപ്പറ്റ തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടാന മുതൽ കടുവ വരെയുള്ളവയുടെ ഭീഷണി കാരണം കർഷകർ നാടുവിട്ടുകൊണ്ടിരിക്കുന്നു. സൗരോർജ വേലി എന്ന ഒറ്റമൂലി മാത്രമാണ് വനം വകുപ്പിനു വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം. ഇതാകട്ടെ പലയിടങ്ങളിലും താറുമാറാണ്. ചിലയിടങ്ങളിൽ സൗരോർജ വേലിയുമില്ല. മലയങ്ങാട്ടു മാത്രം 42 കർഷക കുടുംബങ്ങളുണ്ടായിരുന്നത് ഇപ്പോൾ രണ്ടായി ചുരുങ്ങി. ഏറെക്കാലം ഗൾഫിൽ ജോലി ചെയ്ത ആലപ്പാട്ട് ഫ്രാൻസിസ് ജോസഫ് എന്ന സിബിയും വിളക്കുന്നേൽ ജയി‌ംസും മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. വലിയ പാനോം പ്രദേശത്ത് 33 കുടുംബങ്ങൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഒരു വീടു മാത്രം. മേട്ടയിൽ സണ്ണി എന്ന ഈ കർഷകനും ഏതവസരത്തിലും വീടൊഴിയേണ്ട സ്ഥിതിയിലാണ്.

ആളൊഴിയുന്ന ആറളം

കണ്ണൂർ ജില്ലയിലെ ആറളം ഫാമിൽ 3375 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം പട്ടയം നൽകിയിട്ടുണ്ട്. എന്നാൽ, ആനഭീഷണി കാരണം 1600 കുടുംബങ്ങളേ എത്തിയുള്ളൂ. അതിൽത്തന്നെ നൂറോളം കുടുംബങ്ങൾ പിന്നീട് ഒഴിഞ്ഞുപോയി. കൊട്ടിയൂർ പഞ്ചായത്തിൽനിന്ന് 20 വർഷത്തിനിടെ 300ൽപരം കുടുംബങ്ങൾ വീടൊഴിഞ്ഞു പോയിട്ടുണ്ട്. നിലവിലുള്ള, പുനരധിവാസ– നഷ്ടപരിഹാര പദ്ധതിയായ നവകിരണം പ്രകാരം ഭൂമി വിട്ടുനൽകാൻ കൊട്ടിയൂർ പഞ്ചായത്തിൽനിന്ന് 640 കുടുംബങ്ങൾ അപേക്ഷ നൽകിയിട്ടുണ്ട്. പയ്യാവൂർ പഞ്ചായത്തിലെ ചന്ദനക്കാംപാറയിൽ നറുക്കുംചീത്ത – ചെമ്മല റോഡിനിരുവശത്തുമായി 25 കുടുംബങ്ങളാണ് കാട്ടാനകളെ പേടിച്ചു കുടിയിറങ്ങിയത്.

അനുഭവം ഗുരു; ഗുരുനാഥൻമണ്ണ് വേണ്ട

മൃഗങ്ങളെ പേടിച്ചു പത്തനംതിട്ട ജില്ലയിലെ ഗുരുനാഥൻമണ്ണ്, കുന്നം പ്രദേശത്തുനിന്നു രക്ഷപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു. സീതത്തോട് മാർക്കറ്റ് ജംക്‌ഷനിൽനിന്ന് ഏകദേശം 8 കിലോമീറ്റർ സഞ്ചരിച്ചാൽ ഗുരുനാഥൻമണ്ണ്– കുന്നം പ്രദേശത്ത് എത്താം. നല്ല വളക്കൂറുള്ള മണ്ണ്. റബർ, കുരുമുളക്, വാഴ, കോലിഞ്ചി, തെങ്ങ് ഉൾപ്പെടെ നന്നായി വിളയും. വന്യമൃഗങ്ങളുടെ നിരന്തര ആക്രമണത്തിൽ പൊറുതിമുട്ടിയതോടെ സർവതും ഉപേക്ഷിച്ചുപോകേണ്ട സാഹചര്യമാണു തങ്ങൾക്കെന്നു കിടങ്ങിൽ ഷിജു, കുളത്താപ്പള്ളിൽ ജോമോൻ എന്നിവർ പറയുന്നു. വീട്ടുമുറ്റത്തു കാട്ടാനകളെ കണികണ്ട് ഉണരുന്ന സ്ഥിതി ആയതോടെയാണ് കുടിയിറക്കം തുടങ്ങിയത്.

കാസർകോട് ചെന്നങ്കുണ്ടിലെ ഉപേക്ഷിച്ച വീടിനു മുന്നിൽ സുധാകരൻ.
കാസർകോട് ചെന്നങ്കുണ്ടിലെ ഉപേക്ഷിച്ച വീടിനു മുന്നിൽ സുധാകരൻ.

ഉറക്കത്തിൽ കാട്ടാന വിരട്ടി: നാടുവിട്ടു പോ!

ഏഴുവർഷം മുൻപ് ഒരു രാത്രി. ചൂടുകാലമായതിനാൽ വീടിന്റെ സിറ്റൗട്ടിൽ കിടന്നുറങ്ങുകയായിരുന്നു കാസർകോട് ചെന്നങ്കുണ്ടിലെ സുധാകരൻ. അർധരാത്രി കണ്ണുതുറന്നപ്പോൾ കറുത്തിരുണ്ട ഭീമാകാരരൂപം മുറ്റത്തു നിൽക്കുന്നു: കാട്ടാന. മരണം പലതവണ മുന്നിലെത്തിയതോടെ വീടും സ്ഥലവും ഉപേക്ഷിച്ച് നാലു കിലോമീറ്റർ അകലെ അഡൂരിലെ വാടകവീട്ടിലേക്കു മാറി. സ്വന്തമായി 2.7 ഏക്കറുണ്ടായിരിക്കെയാണ് വാടകവീട്ടിൽ കഴിയുന്നത്. 4 മാസത്തിലൊരിക്കൽ 2000 തേങ്ങവരെ വിറ്റിരുന്ന കാലം ഉണ്ടായിരുന്നെന്നു സുധാകരൻ പറയുന്നു. 50 തെങ്ങുണ്ടായിരുന്ന തോട്ടത്തിൽ ശേഷിക്കുന്നതു മൂന്നെണ്ണം. 460 കമുക് 100ൽ താഴെയായി. 200 റബറിൽ ബാക്കിയുള്ളത് 75 എണ്ണം. നഷ്ടപരിഹാരമായി ലഭിച്ചതോ 9000 രൂപയും. പിന്നീടു ലഭിച്ച 1500 രൂപയുടെ ചെക്ക് 2 തവണ ബാങ്കിൽ നൽകിയപ്പോഴും പണം ഇല്ലെന്നായിരുന്നു മറുപടി. ഇപ്പോൾ അഡൂരിൽ ലോട്ടറിക്കച്ചവടം നടത്തുന്നു.

മണിയൻകിണർ കോളനിയിലെ വീടിന് മുന്നിൽ മലേക്കണ്ടത്തിൽ പോൾ.
മണിയൻകിണർ കോളനിയിലെ വീടിന് മുന്നിൽ മലേക്കണ്ടത്തിൽ പോൾ.

മണിയൻകിണറിലെ ആളില്ലാ ഗ്രാമം

റോഡും വാഹനങ്ങളും വൈദ്യുതിയും ടെലിഫോണുമൊക്കെയുണ്ടായിരുന്നു തൃശൂർ പാണഞ്ചേരി മണിയൻകിണർ കോളനിയിൽ. 14 കുടുംബങ്ങൾ തലമുറകളായി പാർക്കുകയും കൃഷി ചെയ്യുകയും ചെയ്ത ഇടം. 5 വർഷം മുൻപു കാട്ടാനശല്യം രൂക്ഷമായപ്പോൾ 13 കുടുംബങ്ങൾ ഗ്രാമം വിട്ടുപോയി. ജനിച്ചകാലം മുതൽ ജീവിക്കുന്ന വീടുവിട്ടുപോകാൻ മനസ്സു വരാതെ മലേക്കണ്ടത്തിൽ പോൾ എന്ന കർഷകൻ മാത്രം കുറച്ചുകാലം കൂടി പിടിച്ചുനിന്നു. ഏതാനും മാസം മുൻപു പോളും വീടൊഴിഞ്ഞു. ചക്ക തിന്നാനാണ് കാട്ടാനകളെത്തുന്നതെന്ന ധാരണയിൽ പ്ലാവുകൾ മുഴുവൻ വെട്ടിക്കളഞ്ഞു. പടക്കവുമായി റബർ ടാപ്പിങ്ങിനു പോകേണ്ട ഗതിയായി. റബർ മരങ്ങളെല്ലാം കുത്തിമറിച്ചിട്ട് ആനകൾ ഇല തിന്നുന്നതു പതിവാക്കിയപ്പോൾ ജീവിതമാർഗം മുട്ടി. രാത്രി കൂട്ടമായെത്തി ആനകൾ വീടും ആക്രമിക്കാൻ തുടങ്ങിയതോടെ നാടുവിടാതെ പോളിനു വഴിയില്ലെന്നായി.

വീടുവിട്ട് ഓടിയിട്ടും രക്ഷയില്ലാത്ത ‘രക്തസാക്ഷി’

13 കൊല്ലം മുൻപ് അരിക്കൊമ്പന്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ഇടുക്കി ചിന്നക്കനാൽ പാലോലിൽ തോമസ് കാട്ടാനക്കലിയുടെ മാത്രമല്ല, സർക്കാരിന്റെ അശാസ്ത്രീയ പുനരധിവാസ പദ്ധതികളുടെയും ജീവിക്കുന്ന രക്തസാക്ഷിയാണ്. 2003 ൽ ആദിവാസി പുനരധിവാസ പദ്ധതിയിൽപ്പെടുത്തി സർക്കാർ ഒരേക്കർ ഭൂമി നൽകി ‘കുടിയിരുത്തിയപ്പോൾ’ ആണു പീരുമേട് സ്വദേശി തോമസും ഭാര്യ വിജയമ്മയും ചിന്നക്കനാൽ വേട്ടോന്തേരിയിലെത്തുന്നത്.

തോമസ്
തോമസ്

കാട്ടാനശല്യവും ജലക്ഷാമവും രൂക്ഷമായപ്പോൾ പലരും ഭൂമി ഉപേക്ഷിച്ചുപോയി. മറ്റൊരിടം ഇല്ലാതിരുന്ന തോമസും ഭാര്യയും വീട്ടിൽ തുടർന്നു. ഭയമേറിയപ്പോൾ താരതമ്യേന സുരക്ഷിതമായ വെലക്കിലെ റവന്യു ഭൂമിയിൽ കുടിൽ കെട്ടി താമസം മാറി. ലോട്ടറി വിറ്റു ജീവിതം തുടങ്ങിയെങ്കിലും ഭാഗ്യം തുണച്ചില്ല. 2010 ജനുവരി 11നു രാത്രി ചിന്നക്കനാലിനും വെലക്കിനും ഇടയിൽ അരിക്കൊമ്പൻ ആക്രമിച്ചു. വലതുതോളിൽ കൊമ്പു കുത്തിയിറക്കി. മാസങ്ങളോളം ചികിത്സ. ഒന്നരലക്ഷം രൂപ ചെലവായി. 5000 രൂപ സഹായം നൽകി സർക്കാർ കയ്യൊഴിഞ്ഞു. വലതു കയ്യുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു. അവശതയിലായ തോമസിനും വിജയമ്മയ്ക്കും ക്ഷേമപെൻഷൻ മാത്രമാണ് ആശ്രയം. ഈയിടെ തോമസിന്റെ കുടിൽ കാട്ടാന ആക്രമിച്ചു തകർത്തത് 4 തവണ.

സർക്കാരുകൾ എന്തെടുക്കുന്നു ?

എട്ടു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്തു കൊല്ലപ്പെട്ടതു 909 പേർ. 1972ലെ വന്യജീവി സംരക്ഷണ നിയമം കേന്ദ്രസർക്കാർ ഭേദഗതി ചെയ്യാത്തിടത്തോളം വന്യജീവിപ്രതിരോധം ഫലപ്രദമാക്കാൻ സംസ്ഥാനത്തിനു പരിമിതികളേറെ. 5 വർഷം കൊണ്ടു നടപ്പാക്കാവുന്ന 620 കോടി രൂപയുടെ പദ്ധതി തയാറാക്കി അംഗീകാരത്തിനു നൽകിയെങ്കിലും കേന്ദ്രസർക്കാർ തള്ളി. സ്വന്തം നിലയിൽ പണം കണ്ടെത്താനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതു കേന്ദ്രം നിർദേശിച്ച മാനദണ്ഡപ്രകാരമാണെന്നു സംസ്ഥാന സർക്കാർ പറയുമ്പോഴും വയനാട് ചാലിഗദ്ദയിൽ ബേലൂർ മഖ്ന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം രൂപ നൽകുമെന്നുള്ള കർണാടകയുടെ തീരുമാനം നമ്മുടെ മുന്നിലുണ്ട്.

നഷ്ടമുണ്ട്; പരിഹാരമില്ല !

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സ്വത്തും ജീവനും നഷ്ടപ്പെടുന്നവർക്കു നഷ്ടപരിഹാരം നൽകാൻ കോടികൾ നീക്കിവയ്ക്കാറുണ്ട് ബജറ്റിൽ. പക്ഷേ, നഷ്ടപരിഹാരം കൃത്യമായി ലഭിക്കാറില്ലെന്ന് ഇരകൾ പറയുന്നു. രണ്ടരയേക്കറിലെ കൃഷി നഷ്ടപ്പെട്ടയാൾക്ക് 9000 രൂപമാത്രം നഷ്ടപരിഹാരം ലഭിച്ചതുപോലുള്ള ക്രൂരഫലിതവുമുണ്ട്. ചില ഉദാഹരണങ്ങൾ ചുവടെ:

∙ വിളിയിൽ ഒതുങ്ങുമോ ?
മലപ്പുറം എടക്ക ചെമ്പൻകൊല്ലിയിലെ പാലക്കാട്ടുതോ‌ട്ടത്തിൽ ജോസ് തോമസ് (64) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെ‌ട്ടിട്ട് അഞ്ചുമാസം. സർക്കാരിൽനിന്ന് ഒരു സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ല. ഉടൻ ശരിയാകുമെന്നറിയിച്ച് ഇടയ്ക്കിടെ വനം വകുപ്പ് ഓഫിസിൽനിന്നു വിളിവരാറുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിലും അപേക്ഷ നൽകി. കഴിഞ്ഞ ദിവസം മലപ്പുറത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കണ്ടും പരാതി അറിയിച്ചു. മകൻ ജിതുനു സർക്കാർ ജോലി നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

∙ കടുവയ്ക്കു കുശാൽ
വയനാട് ബത്തേരി വാകേരിക്കടുത്ത് മൂടക്കൊല്ലിയിൽ ശ്രീജിത്തും ശ്രീനേഷും നടത്തുന്ന പന്നിഫാമാണു കുറെക്കാലം വാകേരി കടുവയുടെ വിശപ്പകറ്റിയത്. കഴിഞ്ഞമാസം 4 തവണ കടുവയെത്തി. 27 പന്നിക്കുട്ടികളെ കടിച്ചെടുത്തു കാട്ടിലേക്കു കൊണ്ടുപോയി തിന്നു. നയാപൈസ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. പന്നികളുടെ അവശിഷ്ടം കണ്ടെത്തിക്കൊടുത്താലേ നഷ്ടപരിഹാരം നൽകാൻ കഴിയൂ എന്നാണ് വനംവകുപ്പിന്റെ നിലപാട്.

നഷ്ടപരിഹാരത്തിന്റെ നൂലാമാലകൾ

വർഷത്തിൽ നാലു തവണ മാത്രമേ ഒരു വ്യക്തിക്കു വന്യജീവി ആക്രമണത്തിന്റെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനാകൂ. കൃഷിനാശമോ ജീവഹാനിയോ ഉണ്ടായാൽ അപേക്ഷയ്ക്കൊപ്പം a പകർപ്പ്, തിരിച്ചറിയൽ രേഖ, സ്ഥലത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, അനന്തരാവകാശ സർട്ടിഫിക്കറ്റ്, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് ഇവയെല്ലാം ഹാജരാക്കണം. ഇരകൾ മരിച്ചാൽ ഗസറ്റ് വിജ്‍ഞാപനമിറക്കുന്നതുവരെ നീളുന്നു നഷ്ടപരിഹാരനടപടികൾ. ഇതിനു മാസങ്ങളെടുക്കും. ഓഫിസുകൾ കയറിയിറങ്ങി മടുത്ത് നഷ്ടപരിഹാരം വേണ്ടെന്നു വയ്ക്കുന്നവരാണ് കർഷകരിലധികവും. കേരളത്തിലാകെ 13,546 പേർക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാനുണ്ട്.

നഷ്ടപരിഹാരം ഇങ്ങനെ
∙ മരണം സംഭവിച്ചാൽ: 10 ലക്ഷം രൂപ
∙ സ്ഥായിയായ അംഗഭംഗം: പരമാവധി 2 ലക്ഷം
∙ വിള, വീട്, കന്നുകാലി നഷ്ടം: പരമാവധി ഒരു ലക്ഷം
∙ പരുക്ക്: പരമാവധി ഒരു ലക്ഷം

നാളെ: വിദഗ്ധർ പറയുന്നു, പരിഹാരമുണ്ട്

റിപ്പോർട്ടുകൾ: നഹാസ് മുഹമ്മദ്, റോബിൻ ടി.വർഗീസ്, എസ്.പി.ശരത്, ഷിന്റോ ജോസഫ്.
സങ്കലനം: സന്തോഷ് ജോൺ തൂവൽ

English Summary:

Human–wildlife conflict series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com