വാചകമേള
Mail This Article
∙ സി.ആർ.പരമേശ്വരൻ: പാർട്ടികൾക്കതീതമായി, അഭ്യസ്തവിദ്യരെങ്കിലും രാജ്യത്തിന്റെ ഭാവിയെക്കരുതി രാഷ്ട്രീയതസ്കരന്മാരോടുള്ള തങ്ങളുടെ ആരാധനയെക്കുറിച്ചു പുനർചിന്തിക്കണം. ചിന്തിച്ചുനോക്കുക: രാജ്യത്തെ സെൻട്രൽ ജയിലുകളിൽപോലും ഇത്രയും വമ്പിച്ച കൊള്ളകൾ നടത്തിയിട്ടുള്ള അന്തേവാസികൾ ഉണ്ടാവാനിടയില്ല. എന്നാൽ, ഒരുവനും ഒരിക്കലും ശിക്ഷിക്കപ്പെടുകയുമില്ല.
∙ വി.കെ.ശ്രീരാമൻ: മനുഷ്യന്മാർ ധാരാളം സംസാരിക്കുന്ന കാലത്താണ് ഞാൻ ജനിച്ചുവളർന്നത്. വീട്ടിലും സ്കൂളിലും നാട്ടിലും എവിടെ നോക്കിയാലും തമ്മിൽ തമ്മിൽ വർത്തമാനം പറയുന്ന മനുഷ്യരുണ്ടായിരുന്നു. സ്നേഹിക്കലും കലഹിക്കലും പരാതിപ്പെടലും എന്തിന്, ദൈവങ്ങളോടു പോലും മനുഷ്യർ സംസാരിച്ചിരുന്നു അന്ന്. ഇപ്പോൾ എല്ലായിടത്തും ‘കീപ് സൈലൻസ്’ എന്നല്ലേ കൽപന എഴുതിവച്ചിരിക്കുന്നത്. ചെറിയ ക്ലാസുകളിൽ തൊട്ടു കുട്ടികളെ മിണ്ടാതിരിക്കാനാണ് ആദ്യം പഠിപ്പിക്കുന്നത്.
∙ സക്കറിയ: സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പുരോഗതിയിൽ ലോകനേതൃത്വം നേടിയ രാഷ്ട്രങ്ങളിൽ മാധ്യമവിഗ്രഹങ്ങളില്ല; പോപ് മ്യൂസിക് താരങ്ങളൊഴികെ. രാഷ്ട്രത്തലവർ ഉദ്യോഗസ്ഥർ മാത്രമാണ്. ജോലി തീരുമ്പോൾ അവർ അപ്രത്യക്ഷരാകുന്നു. രാഷ്ട്രീയ വിഗ്രഹങ്ങൾ നിറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതി ആശങ്കാജനകമാണ്. ഒരുപക്ഷേ, നിയന്ത്രണാതീതമാം വിധം. ഒരു രക്ഷാമാർഗമേയുള്ളൂ. എഴുന്നള്ളിക്കപ്പെടുന്ന വിഗ്രഹങ്ങൾ പൊള്ളക്കോലങ്ങളാണ്, വ്യാജങ്ങളാണ് എന്ന തിരിച്ചറിവ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്കു നൽകുക.
∙ ഡോ. ജെ.പ്രഭാഷ്: വ്യവസായ പ്രമുഖരുടെ കയ്യിൽ പണമുണ്ട്. ഭരിക്കുന്ന കക്ഷികളുടെ കയ്യിൽ അധികാരവും. രണ്ടും സന്ധി ചേരുമ്പോൾ ഇരുവരുടെയും കാര്യങ്ങൾ സുഗമമായി നടക്കുന്നു. ഇന്നിപ്പോൾ പണം രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതിനപ്പുറം രാഷ്ട്രീയ സമൂഹത്തോട് ആജ്ഞാപിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷം ഏതായാലും ഒരു പാർട്ടിയും ഇതിൽനിന്നു വേറിട്ടു നിൽക്കുന്നുമില്ല.
∙ ബാലചന്ദ്രൻ വടക്കേടത്ത്: മതങ്ങളും അധികാരസ്ഥാനങ്ങളും മാത്രമല്ല, സാഹിത്യംപോലും ബിംബവൽക്കരണത്തിനു വിധേയമായിക്കഴിഞ്ഞിരിക്കുന്നു. ഫണ്ടമെന്റലിസ്റ്റുകളുടെ കൂടെയിരിക്കാൻ എഴുത്തുകാരും കലാകാരന്മാരും പ്രകടിപ്പിക്കുന്ന ‘ജാഗ്രത’ പ്രതിഷേധാർഹമാണ്.
∙ എം.വി.ബെന്നി: എം.എൻ.വിജയന്റെ ആദ്യകാല ലേഖനങ്ങളിൽ പ്രധാനപ്പെട്ടതാണ് സ്വർണമത്സ്യങ്ങൾ. എഴുത്തുകാർ അലങ്കാര മത്സ്യങ്ങളാകുന്ന കാലം അദ്ദേഹം ദീർഘദർശനം ചെയ്തിരുന്നെന്നു തോന്നുന്നു. പ്രധാനമന്ത്രി വന്നാലും മുഖ്യമന്ത്രി വന്നാലും വേദിയിൽ അലങ്കാരമത്സ്യങ്ങളെപ്പോലെ എഴുത്തുകാർ അണിനിരക്കുന്ന കാഴ്ച പണ്ടുണ്ടായിരുന്നു. ഇപ്പോഴത്തെ അലങ്കാരമത്സ്യങ്ങൾ കലാകാരികളാണ്.
∙ പി.എൻ.ഗോപീകൃഷ്ണൻ: കവിതയെഴുതുക എന്നാൽ നമ്മുടെ ഉള്ളിൽ ഒരു മൃഗത്തെ വളർത്തുന്നപോലെയാണ്. വീട്ടിലെ വളർത്തുനായ പോലെയല്ല. കവിതയുടെ പ്രശ്നം അതു നമ്മളെയും കടിക്കും എന്നതാണ്. കവി കവിതയാൽ വിചാരണ ചെയ്യപ്പെടുന്നുണ്ട്.
∙ എം.എൻ.കാരശ്ശേരി: നമ്മുടെ ചിന്തയും യുക്തിയും ഭാവനയും വികാസം നേടുന്നതു മാതൃഭാഷയിലൂടെയാണ്. വ്യക്തിത്വം ഉരുവംകൊള്ളുന്നത് ഭാഷാസാഹചര്യത്തിൽനിന്നാണ്. അതുകൊണ്ടാണ് ഓരോ സമൂഹവും ഭാഷയുടെ പേരിൽ അറിയപ്പെടുന്നത്; അറബികൾ, ഇംഗ്ലിഷുകാർ, തമിഴർ, മലയാളികൾ മറ്റും മറ്റും.
∙ ശശി തരൂർ: പാർലമെന്റിൽ ഉയർന്നുവന്ന ഒരു ചോദ്യത്തിനും മറുപടി പറയാൻ പ്രധാനമന്ത്രി തയാറായില്ല എന്നതിൽ ഒരദ്ഭുതവും ഇല്ല. ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി പ്രവേശിക്കുമ്പോൾ സാഷ്ടാംഗം വണങ്ങുകയും ‘ജനാധിപത്യത്തിന്റെ പവിത്രമായ ക്ഷേത്രം’ എന്നു പറഞ്ഞുകൊണ്ട് ചവിട്ടുപടികളിൽ ചുംബിക്കുകയും ചെയ്ത വ്യക്തിതന്നെ പിന്നീട് ആ സ്ഥാപനത്തിനും എത്രയോ മുകളിലുള്ള വ്യക്തിയാണെന്നു സ്വയം കരുതുന്ന ആദ്യത്തെ ഭരണകർത്താവായി മാറി.
∙ കെ.കെ.രമ: മന്ത്രിമാരെല്ലാം നല്ല സഹകരണമാണ്. പിണറായി വിജയനോടു സംസാരിച്ചാൽ ജനപ്രതിനിധിയായതിനാൽ നല്ല സമീപനം ഉണ്ടാകാം. മണ്ഡലത്തിൽ ഒരു വിഷയം ഉണ്ടായാൽ എനിക്ക് അദ്ദേഹത്തെ സമീപിക്കേണ്ടി വരാം. അങ്ങനെ വന്നാൽ ഞാൻ കാണാൻ പോകുന്നത് പിണറായി വിജയനെയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ്.
∙ അഷ്ടമൂർത്തി: എന്തിനാണ് എംഎൽഎമാരും മന്ത്രിയുമൊക്കെ ലോക്‌സഭയിലേക്കു മത്സരിക്കാൻ പുറപ്പെടുന്നത്? പറ്റിയ ആളുകൾക്ക് അത്രയ്ക്കു ക്ഷാമമുണ്ടോ? ഇനി മത്സരിക്കുന്നെങ്കിൽത്തന്നെ ചുരുങ്ങിയത് ഇപ്പോഴത്തെ പദവികൾ രാജിവയ്ക്കുന്നതല്ലേ മര്യാദ?