ADVERTISEMENT

∙ ജോയ് മാത്യു: അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്നപ്പോഴും മഹാരാജാസിലെ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയപ്പോഴും ഗർജിക്കാൻ വീറുകാണിച്ച നമ്മുടെ സാംസ്കാരികക്കൂട്ടത്തിന്റെ പൊടിപോലും (സിദ്ധാർഥന്റെ മരണത്തിൽ) കാണാനില്ല. കാരണം കുട്ടിക്കുരങ്ങന്മാർ ഇങ്ങനെയാണെങ്കിൽ തന്തക്കുരങ്ങന്മാർ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന ഭയം അല്ലാതെന്ത്? 

∙ അനിത നായർ: കേരളത്തിൽ മരുമക്കത്തായ സമ്പ്രദായമാണ്, സ്ത്രീകൾക്കു പരിഗണനയുണ്ട് എന്നൊക്കെ പറയും. പക്ഷേ, ആൺമേധാവിത്വത്തിന്റെ ലോകമാണത്. മലയാളി പുരുഷന്മാർ സ്ത്രീകളെ മൃഗതുല്യരായൊന്നും കാണുന്നില്ല. പക്ഷേ, ഞാനാണ് ഇവിടത്തെ പ്രധാനിയെന്നു ലക്ഷക്കണക്കിനു വഴികളിലൂടെ പറഞ്ഞുകൊണ്ടേയിരിക്കും.

∙ ടി.പി.ശ്രീനിവാസൻ: നമ്മുടെ കുട്ടികൾ വിദേശത്തു പഠിക്കാൻപോയാൽ എന്താണു തെറ്റ്? മലയാളികൾ വിദേശത്തു പോയതിൽ നിന്നല്ലേ നമ്മുടെ നേട്ടങ്ങളെല്ലാം സാധ്യമായത്. ഒരു വിഭാഗം കുട്ടികൾക്കു ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുമ്പോൾ കേരളത്തിലെ കുട്ടികൾക്കു പാടില്ലെന്നു പറയുന്നതു ശരിയല്ല. 

∙ ടി.ഡി.രാമകൃഷ്ണൻ: ഓരോ മനുഷ്യന്റെയും ഉള്ളിൽ പല അളവിൽ അധികാരത്തോടുള്ള ആർത്തിയുണ്ട്. അതു പുറത്തുവരുന്ന രീതിയിൽ വ്യത്യാസമുണ്ടെന്നു മാത്രം. ഈയൊരു സ്വഭാവം ഇല്ലായിരുന്നെങ്കിൽ മനുഷ്യന്റെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ വേണ്ടി കാലാകാലങ്ങളിൽ രൂപീകരിച്ച പല സിസ്റ്റങ്ങളും വിജയിച്ചേനേ. അവയൊക്കെ പരാജയപ്പെടാൻ കാരണം മനുഷ്യന്റെ അധികാരമോഹമാണ്. 

∙ സാറ ജോസഫ്: ടി.പിയെ കൊന്നതിൽ പശ്ചാത്തപിക്കുന്നുണ്ടോയെന്നു ചോദിച്ചാൽ പ്രതികൾ ഇപ്പോൾ എന്തായിരിക്കും പറയുക? ഉവ്വ് എന്നോ ഇല്ല എന്നോ? അതോ ഞങ്ങൾ ഞങ്ങൾക്കുവേണ്ടി ചെയ്തതല്ല എന്നു പറയുമോ? പ്രായമായ അമ്മയെ പരിചരിക്കണമെന്നു നിങ്ങൾ പറയുന്നതു മനസ്സിലാവുമെന്നും നിങ്ങൾക്കു സ്വാഭാവികമായും ആ വാദം ഉന്നയിക്കാമെന്നും ഏറ്റവും സമചിത്തതയോടെ പറഞ്ഞ രമ കടന്നുവന്ന കനൽവഴികൾ കേരളം മറക്കില്ല. 

∙ എൻ.വേണു: ഹൈക്കോടതിയിൽ കേസ് നടത്തുമ്പോൾ കോടിക്കണക്കിനു രൂപ കൊടുത്ത്, ‘ചാർട്ടേഡ് ഫ്ലൈറ്റ്’ ഏർപ്പാട് ചെയ്തു വരുന്ന വമ്പന്മാരെക്കൊണ്ട് കേസ് വാദിപ്പിക്കണം എങ്കിലേ ജയിക്കൂ എന്നാണല്ലോ കരുതപ്പെടുന്നത്. ഞങ്ങൾ (ആർഎംപി) അതിനു പോയില്ല. സത്യം വളരെ പ്രധാനപ്പെട്ടതാണ്, അതു തെളിയിക്കപ്പെടും എന്നുള്ളതുകൊണ്ട് ഞങ്ങൾക്കുവേണ്ടി താഴെക്കോടതിയിലെ അതേ അഭിഭാഷകനാണു വാദിച്ചത്. അതൊരു സന്ദേശമാണ്. സാധാരണക്കാരനു നീതിക്കുവേണ്ടി ഹൈക്കോടതി പോലുള്ള സംവിധാനങ്ങളെ സമീപിക്കാൻ കോടികൾ മുടക്കണം എന്ന ചിന്തയുടെ പൊളിച്ചെഴുത്ത്.

∙ ഇ.സന്തോഷ്കുമാർ: നിങ്ങൾ എഴുതിയ രചനയല്ല, വിളിക്കുന്ന മുദ്രാവാക്യമാണ് പ്രധാനം എന്നാണ് ‘രാഷ്ട്രീയശരി’ക്കാരൻ അവകാശപ്പെടുന്നത്. തിരിച്ച് ആക്ടിവിസ്റ്റിനോടു നിങ്ങളുടെ ആക്ടിവിസം കൃത്യമാകണമെങ്കിൽ കഥയോ കവിതയോ വായിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലല്ലോ. മിക്കവാറും അവരതു വായിക്കുന്നുമുണ്ടാവില്ല.

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com