വെടിക്കെട്ട് വരുന്നുണ്ട്...
Mail This Article
തൃശൂർ സാഹിത്യ അക്കാദമി വളപ്പിൽ വെറുതേയിരുന്നു സാഹിത്യം സംരക്ഷിക്കുന്ന ഒരു സർഗപ്രതിഭയോടു ചോദിച്ചു: തിരഞ്ഞെടുപ്പു വരികയല്ലേ, എങ്ങനെയിരിക്കും ഇക്കുറി പൂരവും വെടിക്കെട്ടും?
ശ് എന്ന ശബ്ദത്തോടെ സർഗപ്രതിഭ വിരൽ ചുണ്ടോടമർത്തി. പിന്നെ വളരെ പതുക്കെപ്പറഞ്ഞു: തിരഞ്ഞെടുപ്പിനെപ്പറ്റി എഴുതുകയോ പറയുകയോ ചെയ്യുമ്പോൾ ക്ലീഷേ പാടില്ല.
അക്കാദമി മന്ദിരത്തിലേക്കു നോട്ടമയച്ചുകൊണ്ടു പ്രതിഭ തുടർന്നു: ‘ക്ലീഷേയുടെ പേരിൽ ഒരു മലയാള വാഴ്ത്തുഗാനത്തെ നിർദയം വിമർശിച്ച മനുഷ്യനാണ് അകത്തിരിക്കുന്നത്. അതുകൊണ്ട് പൂരം, വെടിക്കെട്ട്, കലാശക്കൊട്ട് എന്നിത്യാദി പദങ്ങൾ കഴിവതും ഒഴിവാക്കുക. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പുപോലും ക്ലീഷേകൾക്കെതിരായ പോരാട്ടമാണ്.’
വെറുതേയിരിക്കുന്ന പ്രതിഭയോടു കൂടുതൽ സംസാരിക്കുന്നതു ക്ലീഷേയാകുമോയെന്നു ഭയപ്പെട്ടു പാലസ് റോഡിലേക്കിറങ്ങിയപ്പോൾ ഭിത്തിയിൽ ഒട്ടിക്കിടന്നു ചിരിക്കുന്നു, എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ. ഒരു ഓട്ടോഡ്രൈവറുടെ ആത്മഗതം, ‘ബാക്കിള്ളോർക്കൊക്കെ പോസ്റ്ററൊട്ടിക്കാൻ സ്ഥലംണ്ടാവോ ആവോ...’
ശരിയാണ്, സുനിൽകുമാറിന്റെ പേരു പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസംതന്നെ തൃശൂർ റൗണ്ടിൽ പോസ്റ്ററുകളും ഫ്ലെക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. ഗുരുവായൂരിൽ മഞ്ജുളാലിന്റെ കൊമ്പിലിരിക്കുന്ന മൈനകൾക്കു നോക്കിയാൽ കാണാം തൊട്ടുമുന്നിൽ സുനിലിന്റെ രണ്ടു ചിത്രങ്ങൾ. ബോർഡിനു താഴെ ‘സിപിഐ (എം) ഗുരുവായൂർ ലോക്കൽ കമ്മിറ്റി’ എന്ന അടിക്കുറിപ്പുമുണ്ട്. അതെ, സുനിൽ സിപിഎമ്മിന്റെ പ്രിയങ്കരനായ സിപിഐ സ്ഥാനാർഥിയാണ്. ഇക്കുറി പൊളിക്കും എന്നൊരു ന്യൂജൻ ഡയലോഗുണ്ടോ ചിത്രത്തിലെ ചിരിച്ചുണ്ടുകളിൽ...
ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപേ ചുമരെഴുത്തും പ്രചാരണവും തുടങ്ങിയിരുന്നു യുഡിഎഫും എൻഡിഎയും. എത്രയോ മുൻപു തന്നെ എല്ലാവരും ഉറപ്പിച്ച പേരുകളാണല്ലോ തൃശൂരിലെ സ്ഥാനാർഥികളുടേത്.
ഒരിക്കൽ എടുക്കാൻ നോക്കിയപ്പോൾ പൊക്കാൻ കഴിഞ്ഞില്ലെങ്കിലും നിരാശനാകാതെ മണ്ഡലത്തിൽ കച്ചമുറുക്കുകയായിരുന്നു ആരോമൽ സുരേഷ് ഗോപി. സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരികെ വന്നാലോ എന്നൊരാലോചനയിൽ സന്ദേഹിയായെങ്കിലും സ്‌നേഹത്തിന്റെ കട തുറക്കാൻ വേറൊരാളില്ലാത്തതിനാൽ വെറുപ്പിനെതിരെ ടി.എൻ.പ്രതാപൻ മടിച്ചുനിൽക്കാതെ സ്‌നേഹസന്ദേശയാത്ര തുടങ്ങി. നാട്ടിക ഭാഗത്തു പ്രഖ്യാപനത്തിനു കാക്കാതെ നാട്ടുകാർ പേരും ചിത്രവുമടക്കം ബോർഡുകളും സ്ഥാപിച്ചു. കഴിഞ്ഞ തവണ ലഭിച്ച 93,633 വോട്ടിന്റെ ഭൂരിപക്ഷപ്രതാപം ചിത്രത്തിൽ തെളിയുന്നു.
2014ൽ വെറും 11.5 ശതമാനമായിരുന്ന വോട്ടുവിഹിതം 28.2 ശതമാനത്തിലെത്തിച്ചതിന്റെ ആത്മവിശ്വാസം സുരേഷ് ഗോപിക്കുമുണ്ട്. ഈ പ്രതീക്ഷയിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെത്തി പാതയിലൂടെ കൈവീശി നീങ്ങിയതും പിന്നെ കല്യാണം കൂടാനെത്തിയതും.
ഗുരുവായൂർ ഉത്സവം ആറാട്ടോടെ സമാപിക്കുന്ന ദിവസം രാവിലെതന്നെ അമ്പലത്തിലെത്തിയിരുന്നു സുരേഷ് ഗോപി. ഉച്ചയ്ക്കു പ്രസാദമൂട്ടിനു ഭക്തർക്കു ഭക്ഷണം വിളമ്പി. ഉത്സവദിവസങ്ങളിൽ ടി.എൻ.പ്രതാപനും സുനിൽ കുമാറുമുണ്ടായിരുന്നു ഗുരുവായൂരിൽ.
മൂന്നു പ്രബല മതവിഭാഗങ്ങളിലെ വിശ്വാസികളെ കൂടെനിർത്തി മതനിരപേക്ഷത സംരക്ഷിക്കാനുള്ള പെടാപ്പാടിലാണു തൃശൂരിലെ സ്ഥാനാർഥികൾ. ഇതിനായി നോമ്പുനോറ്റും മാതാവിനു കിരീടം ചാർത്തിയും അമ്പലത്തിൽ പറ നിറച്ചുമെല്ലാം ഭക്തവേഷത്തിൽ അവർ വോട്ടർമാരെ തൊഴുന്നു. കടുത്ത വിശ്വാസികളെങ്കിലും തൃശൂരിലെ വോട്ടർമാർ 1980 വരെ ആറു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിപ്പിച്ചതു കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥികളെയാണ്. കയ്യൊഴിഞ്ഞവരിൽ തൃശൂരിൽ രാഷ്ട്രീയം അഭ്യസിച്ചു വളർന്ന ഗുരുവായൂരപ്പ ഭക്തനായ സാക്ഷാൽ കെ.കരുണാകരനും മകൻ കെ.മുരളീധരനും ഉൾപ്പെടും. നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഡറുടെ മകൾ പത്മജ വേണുഗോപാലിനെയും കൈവിട്ടു തൃശ്ശിവപേരൂരുകാർ.
കാലം മാറി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെറുപ്പും പച്ചക്കള്ളവും ചേർന്നുള്ള ഭീകരനൃത്തമാണ്. ഇതുകണ്ടു പേടിച്ചു സത്യവും വസ്തുതയും ഒരേ പേടകത്തിൽ അങ്ങു ബഹിരാകാശത്തും.
കുറഞ്ഞ വിലയ്ക്കു കേന്ദ്ര സർക്കാർ ഭാരത് അരി ആദ്യം കൊടുത്തതു തൃശൂരിലെ വോട്ടർമാർക്കായിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള അരിയെ (ശത്രുവിനെ) നേരിടാൻ സംസ്ഥാന സർക്കാർ കെ അരി ഇറക്കുന്നുണ്ടെങ്കിലും അരി കിട്ടിയവർ കരുവന്നൂരിൽ പോലുമില്ല.
സഹകരണ ബാങ്ക് തട്ടിപ്പുപ്രശ്‌നം എൽഡിഎഫിനെ ബാധിക്കുമോ എന്നു ചോദിച്ചപ്പോൾ ഒരു കടക്കാരൻ സോഡ പൊട്ടിച്ചുകൊണ്ട് കണ്ണിറുക്കി ചിരിച്ചു. ‘കാശു പോയിട്ടുണ്ട് കുറച്ചു പാവങ്ങൾക്ക്. എന്നാൽ, വെട്ടിപ്പുകൊണ്ടു പ്രയോജനം കിട്ടിയവരും അവരുടെ കുടുംബങ്ങളുമെല്ലാം അത്ര തന്നെ വരും. ചിലപ്പോൾ എണ്ണത്തിൽ കൂടുതലുമുണ്ടാകും. നേട്ടം നോക്കിയല്ലേ ചേട്ടാ വോട്ട്...’ സോഡ കുടിച്ച് നടുനിവർത്തിയ ഖദർധാരിയായ മെലിഞ്ഞ മനുഷ്യൻ പറഞ്ഞു: വയനാട്ടിൽ ഒരു കുട്ടിയെ എത്ര ക്രൂരമായാണ് കൊന്നുകളഞ്ഞത്. ഇനിയെല്ലാം തിരഞ്ഞെടുപ്പു വിഷയം മാത്രം...!
എത്ര നിർവികാരമിപ്പുതുതാം തലമുറ എന്നെഴുതിയ മഹാകവി വൈലോപ്പിള്ളി ദീർഘകാലം താമസിച്ചത് തൃശൂർ നഗരമധ്യത്തിലെ ദേവസ്വം ക്വാർട്ടേഴ്‌സിലായിരുന്നു.