ADVERTISEMENT

വെൽക്കം ടു കർണാടക. കർണാടകയിൽനിന്ന് ഡീസലടിക്കൂ, കേരളത്തെക്കാൾ 10 രൂപ വരെ കുറവ്! 

കേരള, കർണാടക അതിർത്തിയായ തലപ്പാടിയിലെ പെട്രോൾ പമ്പിനു സമീപത്തെ ബോർഡിൽ ഇങ്ങനെ വായിച്ചു. 

അതിർത്തി കടന്നാൽ പെട്രോളിനു മാത്രമല്ല മദ്യത്തിനും വിലക്കുറവാണ്. സ്ത്രീകൾക്കു ബസിൽ സൗജന്യയാത്രയുമുണ്ട്. 

പക്ഷേ, ‘ഭാഗ്യം തേടി’ കർണാടകക്കാർ കേരളത്തിലെത്തും. കേരള ഭാഗ്യക്കുറി എന്ന് കന്നഡയിൽ എഴുതിവച്ചിരിക്കുന്ന സ്റ്റാളുകളുടെ നീണ്ടനിര. 

വോട്ടിനു മുൻപേ പാർട്ടികൾ അവരുടെ കേരളയാത്ര തുടങ്ങിയിരുന്ന സ്ഥലം. തലപ്പാടി മുതൽ പാറശാല വരെയായിരുന്നു യാത്ര. 

ആറുവരിപ്പാതയിൽ പലയിടത്തും കന്നഡയിൽ എഴുതിയിരിക്കുന്നു: 

നനഗെ മത്തനീടി വിജയ ഗൊളിസിരി.

എന്നെ വോട്ടു ചെയ്തു വിജയിപ്പിക്കുക എന്നർഥം. 

പത്രികാഗോഷ്ഠി 

കുമ്പള വിട്ടപ്പോൾ പോസ്റ്ററിൽ പരിചയമുള്ള 2 മുഖങ്ങൾ – കെ.സുധാകരനും വി.ഡി.സതീശനും. പോസ്റ്റർ നിറയെ ജിലേബി നിരത്തിയമാതിരി കന്നഡ അക്ഷരങ്ങൾ. സമരാഗ്നി എന്നാണ് എഴുതിയിരിക്കുന്നതെന്ന് കന്നഡിഗനായ ഡ്രൈവർ നാഗേഷ്. 

കാസർകോട്ടെ സ്ഥാനാർഥികളുടെ പത്രികാഗോഷ്ഠിയും (പത്രസമ്മേളനം) പ്രകടനപത്രികയും വോട്ടഭ്യർഥനയുമെല്ലാം കന്നഡയിലുമുണ്ട്. കന്നഡ പ്രസംഗവീരൻമാരെ പാർട്ടികൾ ഇറക്കും. ബാലറ്റ് പേപ്പറിലും കന്നഡയിൽ പേരെഴുതും. 

തുളു സംസാരിക്കുന്ന തെയ്യങ്ങൾ പോലുമുള്ള നാട്ടിൽ സ്ഥാനാർഥികൾക്ക് ഒരു ഭാഷകൊണ്ടു പിടിച്ചുനിൽക്കാനാകില്ല. എഴുഭാഷകളുടെ നാട്ടിൽ ഏഴ് അടവുകളും പയറ്റിത്തെളിയണം. 

സ്ഥാനാർഥികൾ തുളുവരെ പ്രയോഗിക്കും: യെൻക് വോട്ട് കൊർത് ഗെൽപവ്ടെ... 

ലിപിയില്ലാത്ത ബ്യാരി ഭാഷയിൽ അർഥം പറയാം: നിങ്ങ എണക്ക് വോട്ടിട്ടിറ്റ് ജയിപ്പിക്കണം. 

ദേശീയപാത എന്ന ബാനർ 

കാസർകോട് ജില്ലയ്ക്കു നെടുകെ കൂറ്റൻ കോൺക്രീറ്റ് തൂണുകളിൽ കെട്ടിയുയർത്തിയ തിരഞ്ഞെടുപ്പ് ബാനർ!. ദേശീയപാതയെ അങ്ങനെ വിശേഷിപ്പിക്കാം. തിരഞ്ഞെടുപ്പിൽ ഇതു നിർണായകഘടകം. 

തലപ്പാടി മുതൽ ഹൊസങ്കടി വരെ 7 കിലോമീറ്ററിൽ ആറുവരിപ്പാത പൂർത്തിയായിരിക്കുന്നു. വാഹനങ്ങൾ ചീറിപ്പായുന്നു. ബിജെപി ഇതു വലിയ നേട്ടമായി അവകാശപ്പെടുന്നു; സ്ഥലമേറ്റെടുത്തു നൽകിയതിനാൽ തങ്ങളുടെ നേട്ടമായി എൽഡിഎഫും. സിറ്റിങ് എംപിയുടെ ഇടപെടൽ ഗുണം ചെയ്തെന്ന് യുഡിഎഫ്. 

മെഡിക്കൽ കോളജ് നിർമാണം 11 കൊല്ലമായിട്ടും തീരാത്തതും എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസം എങ്ങുമെത്താത്തതും അടക്കം ഈ പാലത്തിനു താഴെ ഉറങ്ങിക്കിടക്കുന്ന കുറെ വിഷയങ്ങളുണ്ട്. ഉദ്യോഗസ്ഥർക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ നൽകാനുള്ള സ്ഥലമെന്ന ദുർവിധി. പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിൽ മുഴുവൻ സമയം ഉദ്യോഗസ്ഥരെ കിട്ടാറില്ല. വാർഷികപദ്ധതികൾ പോലും പൂർത്തിയാകുന്നില്ല. കാർഷികമേഖലയുടെ നട്ടെല്ലായ കമുകുകൃഷി മഞ്ഞളിച്ചു നിൽക്കുന്നു. പരിഹാരമാകാത്ത നൂറുനൂറു പ്രശ്നങ്ങളുടെ നാടാണിത്. വാ തൽക്കാലമൊരു ‘ചപ്പച്ചായ’ കുടിക്കാം! ബ്യാരി ഭാഷയിൽ ഇങ്ങനെ പറഞ്ഞു. വിത്തൗട്ട് ചായ കിട്ടി. 

തെയ്യം തുണ 

മണ്ഡലത്തിന്റെ തെക്കേയറ്റമായ പയ്യന്നൂരിൽ 28 വർഷത്തിനുശേഷം പെരുങ്കളിയാട്ടം നടക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിൽ താളങ്ങളുടെ അകമ്പടിയിൽ മുപ്പതോളം തെയ്യങ്ങൾ. 

theyyam

പുള്ളി ഭഗവതിയും ചങ്ങാലി ഭഗവതിയും തെയ്യങ്ങളായെത്തി കണ്ടുമുട്ടുന്ന പുണ്യമുഹൂർത്തം. പിന്നാലെ പെരുങ്കളിയാട്ടമുറ്റത്ത് വീണ്ടും തിക്കിത്തിരക്ക്. യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനും എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണനും കണ്ടുമുട്ടുന്നു. ആറു ഭാഷകൾ സംസാരിക്കുന്ന ബിജെപി സ്ഥാനാർഥി എം.എൽ.അശ്വിനിയും സജീവമായി. 

കാസർകോടിന്റെ മണ്ണിൽ തെയ്യാട്ടക്കാലമാണ്. വയനാട്ടുകുലവൻ, വണ്ണാത്തിച്ചോതി, കാട്ടുമുടന്ത, പുറംകാലൻ, അകംകാലൻ, കമ്മിയമ്മ തുടങ്ങി നൂറുകണക്കിനു തെയ്യക്കോലങ്ങൾ. ഉറക്കമില്ലാത്ത രാത്രികൾ. 

തെയ്യാട്ടമുള്ളിടത്ത് സ്ഥാനാർഥികളും പാർട്ടിക്കാരുമെത്തും. അനിശ്ചിതത്വങ്ങൾ നിറഞ്ഞ മണ്ഡലത്തിൽ തിരഞ്ഞെടുപ്പും തെയ്യക്കാലവും ഒരുമിച്ചായത് മെച്ചം. തെയ്യം തുണ! 

ആർക്കു ചെയ്യും വോട്ട്? 

ശങ്കരാചാര്യരുടെ പരമ്പരയിലുള്ള എടനീർ മഠത്തിലെ സ്വാമി കേശവാനന്ദ ഭാരതി അവസാനകാലത്തു വോട്ടു ചെയ്യാൻ പോകാതിരുന്നത് എന്തുകൊണ്ടാണ്? 

ഉത്തരമറിയാൻ മഠത്തിൽ പോയി. 3 വർഷം മുൻപു സമാധിയായ മഠാധിപതി കേശവാനന്ദ ഭാരതിയുടെ ആ അപ്രഖ്യാപിത ‘വോട്ടുബഹിഷ്കരണ’ത്തിനു പിന്നിലെ കഥ മഠത്തിലെ സൂര്യനാരായണ ഭട്ടും സതീഷ് റാവുവും പറഞ്ഞു: 

സ്ഥാനാർഥികൾ മഠത്തിലെത്തി ആശീർവാദം തേടും. സ്വാമി അവർക്കു മന്ത്രാക്ഷത (പൂജിച്ച അരിമണികൾ) നൽകും. വിജയിച്ചുവരൂ എന്ന് അനുഗ്രഹിക്കും. ആചാരപ്രകാരം അരിമണികൾ നെറുകുംതലയിലിട്ടു സ്ഥാനാർഥികൾ പോകും. 

പക്ഷേ, വോട്ടു ചെയ്യാൻ ബൂത്തിൽ നിൽക്കുമ്പോഴൊക്കെ സ്വാമിക്ക് മനസ്സിലൊരു വടംവലി. ആർക്കു വോട്ടു കുത്തണം? വിജയിച്ചുവരാൻ ആശീർവദിച്ച് താൻ മന്ത്രാക്ഷത നൽകിയവരിൽ ഒരാൾക്കു മാത്രം വോട്ടു ചെയ്യുന്നത് എങ്ങനെ ശരിയാകും? 

ഒടുവിൽ തീരുമാനിച്ചു. എല്ലാവർക്കും അനുഗ്രഹം നൽകാം. ആർക്കും വോട്ട് നൽകേണ്ട! 

കാസർകോട് യാത്ര തീരുമ്പോൾ ഒന്നുകൂടി ചോദിച്ചോട്ടേ? 

തുമ്മി സക്കടാനി മക്കാ വോട്ടു കോർനു ജൂക്ക് വാക്കാമൊണു വിനംതി കർത്താ... 

(കൊങ്കണിയിൽ ഒരു വോട്ടുചോദ്യം. അത്രേയുള്ളൂ!)

ഇടംവലം മാറി 

1967ൽ എ.കെ.ഗോപാലനെ ഒരുലക്ഷത്തിലേറെ ഭൂരിപക്ഷത്തിനു പാർലമെന്റിലെത്തിച്ച മണ്ഡലം പിറ്റേ തിരഞ്ഞെടുപ്പിൽ (1971) ഇ.കെ.നായനാരെ തോൽപിച്ച് സിപിഎമ്മിനെ ഞെട്ടിച്ചു. 26 വയസ്സുള്ള പയ്യൻ അന്നത്തെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളിക്കായിരുന്നു ജയം. കോൺഗ്രസുകാർക്ക് ഇപ്പോഴും വോട്ടു ചോദിച്ചു പ്രവേശനമില്ലാത്ത, സിപിഎം ശക്തികേന്ദ്രമായ കയ്യൂർ, ചീമേനി ഭാഗത്ത് കായലിലൂടെ ലീഡർ കെ.കരുണാകരൻ ബോട്ടിൽ പ്രചാരണയാത്ര നടത്തിയതും ചരിത്രം. 

1989ൽ സിറ്റിങ് എംപി കോൺഗ്രസിലെ ഐ.രാമറൈയെ തോൽപിച്ചത് സിപിഎമ്മിലെ എം.രാമണ്ണറൈ. ഏഴുവർഷം കഴിഞ്ഞപ്പോൾ രാമറൈയുടെ മകൻ, രാമണ്ണറൈയുടെ മകളെ കല്യാണം കഴിച്ച് ‘എതിർചേരി’യിലെത്തിച്ചു. 

എന്നാ ശരി വോട്ടുചോദ്യം മറാഠിയിലാക്കാം: ഔഗെമലെ ഓട്ട് ദേവനു ഗെൽപവ്‌ലെ. 

English Summary:

Manorama writers travel to know the mind of the constituency, to understand the mind of the voters in kasargod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com