ADVERTISEMENT

ആകാശത്തു പോസ്റ്റർ ഒട്ടിക്കേണ്ട അവസ്ഥയിലാണു കൊല്ലത്തെ സ്ഥാനാർഥികൾ. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ ദേശീയപാതയോരം പൊളിച്ചുപണിയുന്നു. പോസ്റ്റർ പതിക്കാൻ ചുവരില്ല. ‘കാലത്തിന്റെ ചുവരെഴുത്ത്’ ഈ ഭാഗത്തു വായിച്ചെടുക്കാൻ പ്രയാസമാകും!

ഒരു മണ്ഡലത്തിൽനിന്നു മറ്റൊന്നിലേക്കു ചാടുന്നതുപോലെ റോഡ് മുറിച്ചുകടക്കുന്ന പൗരന്റെ മുഖത്ത് തിരഞ്ഞെടുപ്പിന്റെ ആധിവ്യാധികളില്ല, വണ്ടി ഇടിക്കല്ലേ എന്ന ജാഗ്രത മാത്രം. പക്ഷേ, കൊല്ലത്തുനിന്നു നിറയെ ‘ട്വിസ്റ്റു’കളുമായി പുറപ്പെടുന്ന നാടകവണ്ടികൾ പോലെയാണ് മണ്ഡലത്തിലെ വോട്ടറുടെ അന്തരംഗമെന്ന് ചരിത്രം പറയും.

അമിത ആത്മവിശ്വാസത്തിന് അപ്രതീക്ഷിത ‘താങ്ങു’കൾ കൊടുക്കുന്നതിൽ പ്രതിഭാശാലികളാണ് ഇവിടത്തെ സമ്മതിദായകർ. കശുവണ്ടിപ്പരിപ്പും ചവറയിലെ ഇൽമനൈറ്റും പോലെ പുറമേക്കു തിളങ്ങുന്നതല്ല, മറിച്ച് കർട്ടനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന നാടകീയത നിറഞ്ഞതാണ് കൊല്ലത്തിന്റെ രാഷ്ട്രീയബുദ്ധി. ആ പ്രയോഗത്തിൽ വീണവർ ആഘാതം ഒരിക്കലും മറക്കുകയുമില്ല.

ആർഎസ്പി എന്ന ചെറുതുരുത്തിനൊപ്പം എന്നും കൊല്ലമുണ്ട്. പലപ്പോഴായി ഇടതുമുന്നണിക്കു വിജയം സമ്മാനിച്ച ആർഎസ്പിയിൽനിന്ന് സീറ്റ് മനഃപ്രയാസം കൂടാതെ സിപിഎം പിടിച്ചെടുക്കുകയായിരുന്നു.

എസ്.കൃഷ്ണകുമാർ എന്ന ‘അതിഥി’ കൊല്ലത്തു കോൺഗ്രസ് വിജയം എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് എൽഡിഎഫ് എൻ.കെ.പ്രേമചന്ദ്രനെ ഇറക്കി ജയന്റ് കില്ലറാക്കിയത്. രണ്ടാം വട്ടവും പ്രേമചന്ദ്രൻ ഭൂരിപക്ഷമുയർത്തി. അടുത്ത തവണയായിരുന്നു പിടിച്ചുവാങ്ങൽ. സിപിഎം പി.രാജേന്ദ്രനെ മത്സരിപ്പിച്ചു ജയിപ്പിച്ചു. അദ്ദേഹം രണ്ടാംവട്ടം ഒരുലക്ഷത്തോളം ഭൂരിപക്ഷത്തിൽ ജയിച്ച് ആത്മവിശ്വാസത്തിന്റെ ഉച്ചകോടിയിൽ നിൽക്കുമ്പോഴാണ് എൻ.പീതാംബരക്കുറുപ്പിനെ കോൺഗ്രസ് ഇറക്കുന്നത്. ഒരു വൈകുന്നേരം കെ.കരുണാകരൻ സ്പീഡിൽ ബീച്ച് ഹോട്ടലിലേക്കു കയറിപ്പോയതു കണ്ടവരുണ്ട്. പിറ്റേന്നു രാവിലെ മുതൽ കോൺഗ്രസുകാർ റോഡിലിറങ്ങി. കുറുപ്പിന്റെ ജയത്തിന് മറ്റു രാഷ്ട്രീയകാരണങ്ങൾ ചരിത്രകാരന്മാർ കാണുന്നില്ല.

പിടിച്ചെടുക്കൽ അല്ലെങ്കിലും, അടുത്ത തവണ സീറ്റ് തിരികെ ആവശ്യപ്പെട്ട ആർഎസ്പിക്ക് (അഥവാ എൻ.കെ.പ്രേമചന്ദ്രന്) സിപിഎം വഴങ്ങിയില്ല. കളം മാറി പ്രേമചന്ദ്രൻ യുഡിഎഫിലെത്തി. തലേന്നുവരെ എൽഡിഎഫിനു വേണ്ടി പ്രസംഗിച്ചതിന്റെ ജാള്യത്തോടെയാണ് പ്രേമചന്ദ്രൻ ഇറങ്ങിയത്. എതിരാളി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും.

അപരന്റെ പേര് ഒരുവനു സംഗീതമായി വരുന്ന കാലം വരും എന്നു പറഞ്ഞത് റഷ്യൻ നോവലിസ്റ്റ് മാക്സിം ഗോർക്കിയാണ്. പക്ഷേ, പ്രചാരണവേളയിൽ പിണറായി വിജയൻ, പ്രേമചന്ദ്രനെ വിശേഷിപ്പിച്ച പേര് യുഡി എഫിന് അനുകൂലമായ പാട്ടുകച്ചേരിയായി. എം.ഡി.രാമനാഥന്റെ കച്ചേരിയുടെ ആരാധകനായ ബേബിക്ക് തിരഞ്ഞെടുപ്പുഫലം പക്ഷേ, കർണാനന്ദകരമായിരുന്നില്ല. പരാജയത്തിന്റെ പരിഭവത്തിൽ ബേബി കുണ്ടറ എംഎൽഎ സ്ഥാനം രാജിവയ്ക്കാനൊരുങ്ങുകയും ചെയ്തു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പഴയ പദപ്രയോഗം വീണ്ടും പൊങ്ങിവന്നിരിക്കുന്നു. വൈറലാകാൻ ഇടയില്ലെങ്കിലും പഴയ നാടകഗാനങ്ങൾ കൊല്ലത്തുകാർക്ക് എന്നും പ്രിയമാണല്ലോ!

അഞ്ചാംവട്ടം മത്സരിക്കാൻ ഇറങ്ങുകയാണ് പ്രേമചന്ദ്രൻ . ‘ഒന്നു മാറ്റിപ്പിടിക്കുകയാണ് കൊല്ലത്തിന്റെ ശീലം’ എന്ന് ചിന്നക്കട മുക്കിലെ ചായത്തട്ടുകാരൻ പറയുന്നു. ചവറ കരിമണലോരത്ത് സിഗരറ്റ് വലിച്ച് വിശ്രമിച്ച് തിരഞ്ഞെടുപ്പ് അവലോകനം നടത്തുന്ന ഓട്ടോ ഡ്രൈവറുടെ പോയിന്റ് ഇതാണ്: ‘എവിടെ നോക്കിയാലും സിപിഎമ്മുണ്ട്. എന്നാൽ, അസംബ്ലിയിലേക്കു നിർത്താനും പാർലമെന്റിലേക്കു മത്സരിപ്പിക്കാനും ആകെ ഒരു സിനിമാനടൻ മാത്രമേ ഉള്ളോ?’

കൊല്ലം നടപ്പ് എംഎൽഎ ആയിരുന്നുകൊണ്ടു മത്സരിക്കുന്ന നടൻ മുകേഷിന് സ്ഥിതിവിവരക്കണക്കുകൾ അനുകൂലമാണ്. ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ ആറിലും എൽഡിഎഫ് എംഎൽഎമാരാണ്. കോൺഗ്രസിന്റെ പൂർണ പിന്തുണ പ്രേമചന്ദ്രന്റെ പ്രഹരശേഷി കൂട്ടുന്നുണ്ട്.

സ്ഥാനാർഥിയെ തീരുമാനിച്ച് പോസ്റ്ററൊട്ടിക്കാനിരിക്കുന്നതേയുള്ളൂ ബിജെപി. അവിടെ തെളിയുന്ന മുഖം ഏതാകുമെന്നും വോട്ടർ ഉറ്റുനോക്കുന്നു.

കർട്ടനുയരുമ്പോൾ പരമ്പരാഗത തിരഞ്ഞെടുപ്പുഘടകങ്ങളായ അണ്ടിപ്പരിപ്പും ഇൽമനൈറ്റും പുതിയ കോസ്റ്റ്യൂമുകളിൽ രംഗത്തുണ്ട്. കരിമണൽ മാസപ്പടി വിവാദം ചവറ തീരത്തു മാത്രമല്ല കേരളം മുഴുവൻ പ്രതിധ്വനിക്കുന്നു. ആണവപ്രസരണശേഷിയുള്ള ഈ രാഷ്ട്രീയ മണൽക്കാറ്റ് എപ്രകാരം വീശുമെന്നു കാണേണ്ടിയിരിക്കുന്നു. കരിമണൽ വാരാൻ ഭൂമി വിട്ടുകൊടുത്തു തുരുത്തുകളിലായിപ്പോയ ജീവിതങ്ങളുടെ ആയുധവും രാഷ്ട്രീയംതന്നെ.

തൊഴിലാളികൾക്കു കൂലി കൂട്ടിക്കിട്ടിയിട്ടുണ്ട്. എന്നാൽ, അതുകൊണ്ടുതന്നെ ആന്ധ്രയിലേക്കു കളംമാറുകയാണ് സ്വകാര്യ കശുവണ്ടി കമ്പനികൾ. പള്ളിമുക്കിലും മങ്ങാട്ടും കിളികൊല്ലൂരിലും കുന്നത്തൂരിലുമൊക്കെ ഫാക്ടറികൾ അടഞ്ഞുകിടക്കുന്നു. കൊട്ടിയത്ത് സഹകരണസംഘത്തിന്റെ മാൾ ഉയരുന്നത് പൂട്ടിപ്പോയ കശുവണ്ടി ഫാക്ടറിയുടെ മുകളിലാണ്!

തമിഴ്നാടിനെ തൊട്ട് ആര്യങ്കാവിൽ ചെന്നുനിൽക്കുകയാണ് മണ്ഡലം. റബറും തേയിലയും എണ്ണപ്പനയും അവയ്ക്കിടയിലെ ജീവിതങ്ങളും വ്യക്തമായ രാഷ്ട്രീയം സംസാരിക്കും.

ഉത്സവങ്ങൾ തുടങ്ങി. വമ്പൻ എടുപ്പുകുതിരകൾ മണ്ഡലത്തിലെങ്ങും ഉയർന്നുതുടങ്ങി. എടുത്തുപൊക്കുകയും താഴെവയ്ക്കുകയുമാണ് കൊല്ലം ശീലം.

പ്രേമചന്ദ്രനും മുകേഷും മണ്ഡലത്തിൽ തലപ്പൊക്കമുള്ള എടുപ്പുകുതിരകളാണല്ലോ!

English Summary:

Manorama writers travel to know the mind of the constituency, to understand the mind of the voters in kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com