പൊന്നാനിക്കളരിയിലെ പരീക്ഷണങ്ങൾ
Mail This Article
ഒരുകാലത്ത് ശാസ്ത്രജ്ഞനുമായിരുന്നോ മുഖ്യമന്ത്രി പിണറായി വിജയൻ എന്നൊരു ചോദ്യമുയരും പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാൽ. 2009ൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി തന്റെ രാഷ്ട്രീയ പരീക്ഷണശാല തുടങ്ങിയത് പൊന്നാനിയിലാണ്. ഓപ്പൻഹൈമർ രഹസ്യകേന്ദ്രത്തിൽ നടത്തിയ മൻഹാറ്റൻ പ്രോജക്ട് പോലെയായിരുന്നില്ല അത്. പ്രചാരണകോലാഹലം ഇളക്കിവിട്ടു നടത്തിയ പരസ്യമായ പരീക്ഷണം.
2009ലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുറ്റിപ്പുറത്തു നടത്തിയ പൊതുസമ്മേളനത്തിൽ പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയെ എഴുന്നേറ്റുനിന്നു വേദിയിലേക്കു സ്വീകരിച്ചുകൊണ്ടാണ് പിണറായി തന്റെ രാഷ്ട്രീയ പരീക്ഷണത്തിനു തുടക്കമിട്ടത്. ഓപ്പൻഹൈമർക്കു പണികൊടുത്ത ലൂയീസ് സ്‌ട്രോസിനെപ്പോലെ മറ്റൊരു തലമുതിർന്ന ശാസ്ത്രജ്ഞൻ ഒരക്ഷരം മിണ്ടാതെ മുഖം കനപ്പിച്ചു പാർട്ടിയിലുണ്ടായിരുന്നു; വി.എസ്.അച്യുതാനന്ദൻ. സിപിഐ മത്സരിച്ചിരുന്ന മണ്ഡലം ഏറ്റെടുത്തായിരുന്നു സിപിഎം പരീക്ഷണത്തിന്റെ തുടക്കം. അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ രോഷംകൊണ്ടു വിറച്ചെങ്കിലും ഒടുവിൽ പകരം കിട്ടിയ വയനാടുകൊണ്ടു തൃപ്തിപ്പെട്ടു. അങ്ങനെ വൈകിയാണെങ്കിലും ഒരേ മുന്നണിക്കട്ടിലിൽ കിടന്നു രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ അവർക്കു ഭാഗ്യം ലഭിച്ചു.
മുസ്‌ലിം ലീഗിന്റെ ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ സ്വതന്ത്രനായി ഡോ.ഹുസൈൻ രണ്ടത്താണിയെ മത്സരിപ്പിച്ചു നടത്തിയ പരീക്ഷണം ദയനീയ പരാജയമായി. 82,684 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇ.ടി ജയിച്ചു. പിണറായി പക്ഷേ, പരീക്ഷണശാല അടച്ചുപൂട്ടിയില്ല. 2014ൽ തിരഞ്ഞെടുപ്പു വന്നപ്പോൾ വീണ്ടും തുറന്നു. കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗമായ വി.അബ്ദുറഹിമാനായിരുന്നു ഇടതുസ്ഥാനാർഥി. മറുഭാഗത്തു വീണ്ടും ഇ.ടി. പരീക്ഷണഫലത്തിൽ നേരിയ പുരോഗതി രേഖപ്പെടുത്തി. യുഡിഎഫിന്റെ ഭൂരിപക്ഷം വെറും 25,410 വോട്ടാക്കി കുറയ്ക്കാൻ അബ്ദുറഹിമാനു സാധിച്ചു. താനൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം ഇപ്പോൾ മന്ത്രിസഭാംഗവുമാണ്. നവകേരള സദസ്സിനിടെ സ്വന്തം വീട്ടിൽ മന്ത്രിസഭായോഗം നടത്തി ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു.
സുരക്ഷിതപാളയം നോക്കി ഇടതുമുന്നണിയിൽ ചേക്കേറിയ വ്യവസായിയും നിലമ്പൂർ എംഎൽഎയുമായ പി.വി.അൻവറായിരുന്നു 2019ലെ പരീക്ഷണത്തിൽ പുതിയ സ്വതന്ത്രൻ. എതിരാളി ഇ.ടി തന്നെ. 1,93,273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇ.ടി ജ്വലിച്ചുയർന്നപ്പോൾ അൻവർ പരീക്ഷണശാലയിൽനിന്നു കടലുണ്ടിപ്പുഴയിലേക്കു തെറിച്ചുവീണു. തോറ്റാൽ എംഎൽഎ പദവി രാജിവയ്ക്കുമെന്നൊക്കെ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊക്കെ മറന്ന് അദ്ദേഹം നാട്ടിലേക്കു മടങ്ങി.
ജയിക്കുമെന്ന പ്രതീക്ഷയിൽ ഇക്കുറിയും പരീക്ഷണം തുടരാനാണു സിപിഎം തീരുമാനം. പക്ഷേ, പഴയതു പോലെയല്ല. വലിയൊരു മാറ്റത്തോടെ. മുസ്‌ലിംലീഗിൽ നിന്നടർന്ന് ഇടത്തോട്ടു വീണ നേതാവ് കെ.എസ്.ഹംസയുടെ ചിഹ്നം ചുറ്റിക അരിവാൾ നക്ഷത്രമാണ്. 1971ൽ എം.കെ.കൃഷ്ണൻ ജയിച്ചപ്പോഴാണ് അവസാനമായി സിപിഎം സ്വന്തം ചിഹ്നത്തിൽ പൊന്നാനിയിൽ മത്സരിച്ചത്. മുസ്‌ലിം ലീഗ് നേതാക്കളായ ജി.എം.ബനാത്ത്‌വാലയും ഇബ്രാഹിം സുലൈമാൻ സേട്ടും ഇ.അഹമ്മദുമെല്ലാം 1977 മുതൽ അനായാസേന കോണി കയറി പാർലമെന്റിലെത്തുകയായിരുന്നു. മൂന്നു തവണ ഇ.ടിയും ഇതേ പതിവു തുടർന്നു.
പരീക്ഷണജയംകൊണ്ടു വീർപ്പുമുട്ടിയിട്ടാണോയെന്നറിയില്ല, ഇ.ടി.മുഹമ്മദ് ബഷീർ ഇക്കുറി ജന്മനാടായ മലപ്പുറത്തേക്കു കളംമാറ്റിയിട്ടുണ്ട്. പകരം വന്നതാകട്ടെ പ്രഭാഷകനും ചിന്തകനുമായ അബ്ദുസ്സമദ് സമദാനി. ഓപ്പൻഹൈമർ ചിത്രത്തിന് ഏഴ് ഓസ്‌കർ ലഭിച്ച വർഷത്തിൽ എൽഡിഎഫ് അവതരിപ്പിച്ച കെ.എസ്.ഹംസയുടെ പ്രഹരശേഷി ഫലം വരുമ്പോഴറിയാം. എന്നാൽ, ഏതു ബോംബും നിർവീര്യമാക്കാനുള്ള ‘സമസ്ത’ഘടകങ്ങളും സമദാനിയിലുണ്ടെന്നാണു ലീഗ് അണികളുടെ ഉറച്ച വിശ്വാസം. അതാണു ചരിത്രവും.
തുറമുഖനഗരമായ പൊന്നാനിക്കു സമ്പന്നമായ സംസ്‌കാരമുണ്ട്. സാഹിത്യത്തിലെ പൊന്നാനിക്കളരിയാണു മലയാള സാഹിത്യത്തെ പൊന്നാക്കിയത്. പേര് പൊന്നാനിയെന്നാണെങ്കിലും ലോക്‌സഭാ മണ്ഡലം മറ്റു പ്രദേശങ്ങളും ഉൾപ്പെടുന്ന വിശാലഭൂമി. ഭാരതപ്പുഴയ്ക്കും കടലുണ്ടിപ്പുഴയ്ക്കുമിടയിൽ ഏറനാടും വള്ളുവനാടും ഉൾപ്പെടുന്ന പൊന്നാനി പഴയ മാമാങ്കത്തിന്റെ മണ്ണാണ്. തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ ജന്മനാടായ തിരൂരും ഇതിലുൾപ്പെടും.
പാലക്കാട് ജില്ലയിലെ തൃത്താല ഉൾപ്പെടെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ നാലും ഇടതിനൊപ്പം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ പരീക്ഷണങ്ങളുടെ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിൽ നന്നായിത്തന്നെ എൽഡിഎഫിനു കിട്ടിയിട്ടുണ്ട്. തവനൂരിലെ എംഎൽഎയും മുൻമന്ത്രിയുമായ കെ.ടി.ജലീലും പരീക്ഷണത്തിന്റെ ഉപോൽപന്നമാണ്. താനൂരിനും തൃത്താലയ്ക്കും രണ്ടു മന്ത്രിമാർ. വി. അബ്ദുറഹിമാനും എം.ബി.രാജേഷും. പക്ഷേ, ലോക്‌സഭാ തിരഞ്ഞെടുപ്പു വരുമ്പോൾ ഈ ആനുകൂല്യങ്ങളൊന്നും ഇടതിനു ലഭിക്കില്ലെന്നാണ് എടപ്പാളിൽ സ്റ്റേഷനറിക്കട നടത്തുന്ന സുരേഷിന്റെ അഭിപ്രായം. ഒരുപക്ഷേ, സംസ്ഥാന ഭരണത്തിനെതിരായ വികാരം ശക്തിപ്പെടാനും സാധ്യതയുണ്ട്.
സമദാനിക്ക് ആത്മീയനേതാവിന്റെ പരിവേഷം കൂടിയുണ്ടെന്നു വിശ്വസിക്കുന്നവരും മണ്ഡലത്തിലുണ്ട്. സംഗീതത്തിന്റെയും സൂഫിസത്തിന്റെയും സാഹിത്യത്തിന്റെയും പാരമ്പര്യമുള്ള പൊന്നാനി, കാവ്യാത്മകമായി പ്രസംഗിക്കുന്ന സമദാനിയെ കൈവിടില്ലെന്നും ഇവർ കരുതുന്നു.
കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥി വി.ടി.രമ ഒരു ലക്ഷത്തിലധികം വോട്ടു നേടിയിരുന്നു പൊന്നാനിയിൽ. മഹിള മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യനാണ് ഇക്കുറി എൻഡിഎ സ്ഥാനാർഥി. തിരുനാവായയിലെ താമരപ്പാടത്ത് ആയിരക്കണക്കിനു താമരപ്പൂക്കൾ വിരിയിക്കുന്നതു മൊയ്തീൻ ഹാജിയെന്ന കർഷകനാണ്. ഗുരുവായൂരിലേക്കും കോഴിക്കോട് തളി ക്ഷേത്രത്തിലേക്കുമെല്ലാം താമരപ്പൂക്കൾ പോകുന്നത് ഇവിടെനിന്നാണ്. എന്നാൽ, മണ്ഡലത്തിൽ എന്നെങ്കിലും ബിജെപിയുടെ താമരവിരിയുമോ എന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല; താമരക്കൃഷിക്കാർക്കു പോലും.
ഇടശ്ശേരിയുടെ നാടകത്തിൽ പാടത്തു നടപ്പാക്കി വിജയിപ്പിച്ച കൂട്ടുകൃഷി രാഷ്ട്രീയത്തിലും വിജയിക്കുമോ എന്ന പരീക്ഷണം എൽഡിഎഫ് തുടരുകയാണ്. ‘കൂട്ടുകൃഷി’യിലെ കഥാപാത്രങ്ങളായ ശ്രീധരനും അബൂബക്കറും വേലുവും ബാപ്പുവും സുകുമാരനും ആയിഷയുമെല്ലാം പല പേരുകളിൽ ഇപ്പോഴും പൊന്നാനിയിലുണ്ട്. അവരൊന്നും പക്ഷേ, കൃഷി ചെയ്യുന്നില്ല; ഇനീഷ്യലുള്ള ‘കെ അരി’ വാങ്ങാൻ തയാറെടുക്കുകയാണ്. കെ എന്ന ഇനീഷ്യലിനാകട്ടെ കൂട്ടുകൃഷിയുമായി ബന്ധമൊന്നുമില്ല.