വാചകമേള
Mail This Article
∙ എം.മുകുന്ദൻ: എക്കാലമത്രയും ശാസ്ത്രം പറഞ്ഞത് ആത്മാവ് ഇല്ലെന്നായിരുന്നു. ഞാനതു വിശ്വസിച്ചിരുന്നില്ല. അടുത്തകാലത്തുമാത്രമാണ് പ്രശസ്തനായ അമേരിക്കൻ മൂലകോശ ജീവശാസ്ത്രജ്ഞനായ റോബർട്ട് ലാൻസയെക്കുറിച്ചും അദ്ദേഹത്തിന്റെ ബയോ സെൻട്രിസം എന്ന സിദ്ധാന്തത്തെക്കുറിച്ചും വായിച്ചറിഞ്ഞത്. അദ്ദേഹം സ്ഥാപിക്കുന്നത് ആത്മാവുണ്ടെന്നു തന്നെയാണ്. അങ്ങനെയാണെങ്കിൽ വെള്ളിയാങ്കല്ലിൽ ആത്മാവുകൾ തുമ്പികളായി പറക്കുന്നുണ്ടാകും. ആ സുന്ദരസങ്കൽപം ഇനി ആർക്കും ചോദ്യംചെയ്യാൻ കഴിയില്ല.
∙ പ്രഫ. എം.കെ. സാനു: ഇന്നു കേരളീയജീവിതം അനാരോഗ്യകരമായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ആചാരങ്ങളും താലോലിക്കാൻ തുടങ്ങുന്നതായി കാണുന്നു. നിർമാല്യം പോലൊരു സിനിമ പ്രത്യക്ഷപ്പെടാൻ ഇന്നത്തെ കേരളം അനുവദിക്കുമെന്നു തോന്നുന്നില്ല.
∙ ശ്രീകുമാരൻതമ്പി: ‘ഓമന’ ധാരാളം ഗാനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇത്രയേറെ സ്നേഹാർദ്രമായ മറ്റൊരു പദമില്ല മലയാളത്തിൽ. പാശ്ചാത്യർ ഡാർലിങ് എന്നു വിളിക്കുന്നതിന്റെ മലയാളമാണ് ഓമന. പ്രേയസി എന്നോ പ്രണയിനി എന്നോ വിളിച്ചാൽ ഓമന എന്നു വിളിക്കുന്നതിന്റെ ഭംഗി കിട്ടില്ല.
∙ വിജയലക്ഷ്മി: സ്വന്തം ജനതയ്ക്ക് ഓർമിക്കാൻ, ജീവിതങ്ങൾക്കു മുന്നിൽ ഒറ്റപ്പെടുമ്പോൾ അവരിൽ ഓരോരുത്തർക്കും ഓർത്തു ചൊല്ലാൻ, രണ്ടുവരിയെങ്കിലും സമ്മാനിക്കുന്നയാളാണ് യഥാർഥ കവിയെങ്കിൽ, കവികളുടെയും കവിയാണ് ശ്രീകുമാരൻ തമ്പി.
∙ സി.കെ.ജാനു: ആദിവാസികളെ നശിപ്പിച്ചതു ഭൂപരിഷ്‌കരണമാണെന്നു ഞാൻ പറയും. സമൂഹത്തിന്റെ ബാക്കി തുറകളിലുള്ളവർക്കെല്ലാം പട്ടയം ലഭിച്ചപ്പോൾ യഥാർഥ അവകാശികളായ ആദിവാസികൾക്കതു നിഷേധിക്കപ്പെടുകയായിരുന്നു. അന്നു സർക്കാർ പറഞ്ഞ ന്യായമാണ് ഏറ്റവും ആദിവാസിവിരുദ്ധമായത്. ആദിവാസികൾക്കു വിവരവും വിദ്യാഭ്യാസവുമില്ലാത്തതിനാൽ അവർ ഭൂമി വിൽക്കും എന്നതായിരുന്നു ന്യായം!. എന്തൊരു നീതിനിഷേധമാണ്.
∙ സി.രാധാകൃഷ്ണൻ: ലോകത്താകെ ഒരു മതമോ ജാതിയോ മാത്രമേ ഉള്ളൂവെങ്കിൽ പ്രശ്നങ്ങൾ അവസാനിക്കുമോ? വിവിധ മതത്തിലെ വിരുദ്ധ വിഭാഗങ്ങൾ തമ്മിൽ ആകെ കൊന്നതിന്റെ അത്ര വരില്ലല്ലോ ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ മൊത്തം മരിച്ചവർ.