ADVERTISEMENT

കവണക്കല്ല് റഗുലേറ്റർ അടഞ്ഞുകിടക്കുന്നതിനാൽ വേനലിലും നിറഞ്ഞുകിടക്കുന്ന ചാലിയാർപോലെ ശാന്തമാണ് മലപ്പുറം മണ്ഡലത്തിലെ രാഷ്ട്രീയം. കുത്തിയിളക്കുന്ന ആരോപണങ്ങളില്ല. അതേ ചാലിയാറിന്റെ അയൽക്കരകളിൽനിന്നുള്ളവരാണ് മണ്ഡലത്തിലെ പ്രധാന പോരാളികൾ. മലപ്പുറം കരയിലെ മപ്രത്തുനിന്ന് യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ, കോഴിക്കോട് കരയിലെ സൗത്ത് കൊടിയത്തൂരിൽനിന്ന് എൽഡിഎഫിന്റെ വി.വസീഫ്. ഇവർക്കെതിരെ കൊല്ലം ചടയമംഗലത്തുകാരനും തിരുവനന്തപുരത്തു താമസക്കാരനുമായ എം.അബ്ദുൽ സലാം എൻഡിഎയുടെ കുപ്പായത്തിൽ.

വിദ്യാഭ്യാസരംഗവുമായി അടുത്തബന്ധമുണ്ട് മൂന്നു മുന്നണി സ്ഥാനാർഥികൾക്കും. ചില ഘടകങ്ങൾ പരിഗണിക്കുമ്പോൾ മൂന്നു പേർക്കും ഇതു കന്നിപ്പോരാട്ടവും. മുൻ വിദ്യാഭ്യാസമന്ത്രി ഇ.ടിക്കു സ്വന്തം നാട്ടിലെ ആദ്യമത്സരം. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന വസീഫിനു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അരങ്ങേറ്റം. കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലർ അബ്ദുൽ സലാമിനു ലോക്സഭയിലേക്കുള്ള ആദ്യമത്സരം. എന്തായിരുന്നാലും മൂന്നു പേരുടെയും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ പ്രധാനം മണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയുടെ വികസനം തന്നെ.

ക്രെഡിറ്റ് വാർ

പൗരത്വ നിയമം മണ്ഡലത്തിലെ മുഖ്യവിഷയമാണ്. പൗരത്വ നിയമത്തെ എതിർക്കുന്നതിൽ ആരാണു മുൻപിലെന്നത് അതിനെക്കാൾ വലിയ ചർച്ച. നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി മുസ്‌ലിം ലീഗ് ആദ്യമേ ഗോളടിച്ചു. മറ്റു കക്ഷികൾ നൽകിയ ഹർജികൾ ഉയർത്തിക്കാണിച്ച് ലീഗിന്റെ അവകാശവാദത്തിന്റെ മാറ്റുകുറയ്ക്കാനാണ് എൽഡിഎഫ് ശ്രമം. മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ ഭരണഘടനാ സംരക്ഷണറാലിയിലും പിന്നീടു മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ പ്രചാരണയോഗങ്ങളിലും വിശദീകരിച്ചത് ഈ വിഷയത്തിൽ ഇടതുപക്ഷം നടത്തിയ ഇടപെടലുകളാണ്. ലീഗിനെ അധികം വിമർശിച്ചില്ല; പക്ഷേ, കോൺഗ്രസിനെ കടന്നാക്രമിച്ച് യുഡിഎഫിനെതിരെ വികാരമുയർത്താൻ ശ്രമിച്ചു.

പൗരത്വ നിയമത്തിനെതിരെ ആലപ്പുഴയിൽനിന്നുള്ള സിപിഎം എംപി എ.എം.ആരിഫ് മാത്രമാണ് പാർലമെന്റിൽ പ്രസംഗിച്ചതെന്ന് എൽഡിഎഫ് പ്രചരിപ്പിച്ചപ്പോൾ ഇ.ടി.മുഹമ്മദ് ബഷീർ അതിന്റെ മുനയൊടിച്ചു. ലീഗ്– കോൺഗ്രസ് എംപിമാർ നടത്തിയ പ്രസംഗങ്ങളുൾപ്പെടെ ഇ.ടി ഉദ്ധരിച്ചു. കേരളത്തിൽനിന്ന് ആരിഫ് മാത്രം പ്രസംഗിച്ചത് എൻഐഎ, യുഎപിഎ ഭേദഗതി നിയമങ്ങളിലാണെന്നായി എൽഡിഎഫ് വിശദീകരണം.

അതേസമയം, പൗരത്വ വിഷയത്തെക്കുറിച്ചു മിണ്ടാനില്ലെന്നും മോദി സർക്കാരിന്റെ വികസന അജൻഡകളെക്കുറിച്ചു പറയാമെന്നുമുള്ള നിലപാടിലാണ് എൻഡിഎ സ്ഥാനാർഥി. കേന്ദ്രത്തിന്റെ ന്യൂനപക്ഷവിരുദ്ധ സമീപനം കാരണമാണ് മലപ്പുറം അലിഗഡ് ക്യാംപസ് അവഗണിക്കപ്പെട്ടു കിടക്കുന്നതെന്ന് യുഡിഎഫും എൽഡിഎഫും ആരോപിക്കുമ്പോൾ എംപിയുടെ വീഴ്ചയാണെന്നു ബിജെപി തിരിച്ചടിക്കുന്നു.

മഞ്ചേരി ഉരുൾപൊട്ടൽ

രണ്ട് ഉപതിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ, മലപ്പുറം മണ്ഡലത്തിൽ 2009 മുതൽ ലോക്സഭയിലേക്കു നടന്ന ആറു തിരഞ്ഞെടുപ്പുകളിലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ട്. എന്നാൽ, ഇതേ മണ്ഡലത്തിന്റെ പഴയമുഖമായ മഞ്ചേരിയിൽ 2004ൽ ഉണ്ടായ രാഷ്ട്രീയ ഉരുൾപൊട്ടൽ ആവർത്തിക്കാനുള്ള വഴിയാണ് എൽഡിഎഫ് തേടുന്നത്. സിപിഎമ്മിലെ ടി.കെ.ഹംസ അന്നു നേടിയ അട്ടിമറി വിജയത്തിന്റെ 20–ാം വാർഷികമാണ് ഇത്തവണയെന്ന് എൽഡിഎഫ് ഓർമപ്പെടുത്തുന്നു. മലപ്പുറം മണ്ഡലത്തിൽ 2021ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഒരു ലക്ഷത്തോളം വോട്ടു വർധിപ്പിച്ചതും യുഡിഎഫിന്റെ ഭൂരിപക്ഷം 1.14 ലക്ഷമായി കുറച്ചതുമാണ് അവർ സാധ്യതയായി കാണുന്നത്. എന്നാൽ, മഞ്ചേരിയല്ല മലപ്പുറമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. ഏഴു നിയമസഭാ മണ്ഡലങ്ങളിലും ലീഗ് എംഎൽഎമാരാണ്. ലീഗ് ഇടത്തേക്കു ചായുമോ എന്ന ചർച്ച സജീവമാക്കി നിർത്താൻ ശ്രമിക്കുന്ന സിപിഎം, ലീഗിനെ കാര്യമായി ആക്രമിക്കാതിരിക്കാനും ശ്രദ്ധിക്കുന്നു. അതേസമയം സമസ്തയിലെ ഒരു വിഭാഗത്തിന്റെ സമീപകാല നിലപാടുകൾ നേരിയ അടിയൊഴുക്കിനു കാരണമാകാമെന്ന ജാഗ്രതയും ലീഗിനുണ്ട്.

‘മലപ്പുറത്തിനൊരു കേന്ദ്രമന്ത്രി’ എന്ന പ്രചാരണം അബ്ദുൽ സലാമിനായി ഉയർത്തുന്നുണ്ടെങ്കിലും വോട്ട് കൂട്ടുന്നതിലാണ് എൻഡിഎ ശ്രദ്ധ.

ഇ.ടി.മുഹമ്മദ് ബഷീർ
ഇ.ടി.മുഹമ്മദ് ബഷീർ

ഇ.ടി.മുഹമ്മദ് ബഷീർ (77) മുസ്‌ലിം ലീഗ്
∙ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി
∙ 2 തവണ വിദ്യാഭ്യാസമന്ത്രി, 4 തവണ എംഎൽഎ, 3 തവണ എംപി
∙ സിഎച്ച് സെന്റർ, ബൈത്തു റഹ്മ ജീവകാരുണ്യ പദ്ധതികൾക്കു നേതൃത്വം നൽകുന്നു.

അനുകൂലം
∙ പാർലമെന്റിലടക്കം ന്യൂനപക്ഷ വിഷയങ്ങളിലെ ഇടപെടലുകൾ.
∙ മണ്ഡലത്തിൽ വ്യക്തിപരമായ ബന്ധങ്ങളേറെ.
∙ ലീഗിനു മണ്ഡലത്തിലുള്ള മേൽക്കൈ.

പ്രതികൂലം
∙ പൊന്നാനിയെ ഭയന്ന് മലപ്പുറത്തേക്കു മാറിയെന്ന വിമർശനം
∙ മുതിർന്ന നേതാക്കൾ തുടർച്ചയായി മത്സരിക്കുന്നതിൽ യുവജനങ്ങൾക്കുള്ള അതൃപ്തി.

വി.വസീഫ്
വി.വസീഫ്

വി.വസീഫ് (40) സിപിഎം
∙ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്.
∙ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം.
∙ കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ മുൻ ചെയർമാൻ.

അനുകൂലം
∙ യുവസ്ഥാനാർഥിയെന്ന ഇമേജ്, വിദ്യാർഥി രാഷ്ട്രീയകാലം മുതലേ വേറിട്ട പ്രവർത്തനങ്ങൾ.
∙ ഇരുവിഭാഗം സുന്നി നേതാക്കളുമായുള്ള ബന്ധം
∙ 2021ലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വോട്ട് ഉയർന്നതിന്റെ ആത്മവിശ്വാസം.

പ്രതികൂലം
∙ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് തുടർച്ചയായി ജയിക്കുന്ന മണ്ഡലം
∙ പ്രധാന എതിരാളിയായ ഇ.ടി.മുഹമ്മദ് ബഷീറിന്റെ പരിചയസമ്പത്ത്.

എം.അബ്ദുൽ സലാം
എം.അബ്ദുൽ സലാം

എം.അബ്ദുൽ സലാം (71) ബിജെപി
∙ കാലിക്കറ്റ് സർവകലാശാല മുൻ വിസി (2011–15)
∙ 2019 മുതൽ ബിജെപിയിൽ. ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ്.
∙ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരിൽ സ്ഥാനാർഥി

അനുകൂലം
∙ മികച്ച അക്കാദമിക് പശ്ചാത്തലവും ആ രംഗത്തെ ഭരണനൈപുണ്യവും
∙ കാലിക്കറ്റ് വൈസ് ചാൻസലറായ കാലത്ത് വ്യക്തികളുമായും സ്ഥാപനങ്ങളുമായും ഉണ്ടാക്കിയ ബന്ധങ്ങൾ

പ്രതികൂലം
∙ പൗരത്വ വിഷയത്തിലടക്കം എൻഡിഎ സർക്കാർ നേരിടുന്ന വിമർശനം.
∙ ലീഗിന്റെ നോമിനിയായി വി.സിയായശേഷം ബിജെപിയിൽ പോയതിലുള്ള എതിർവികാരം.

ലോക്സഭാ തിരഞ്ഞെടുപ്പ് 2019
∙ പി.കെ.കുഞ്ഞാലിക്കുട്ടി : (മുസ്‍ലിം ലീഗ്): 5,89,873 (57.00%)
∙ വി.പി.സാനു (സിപിഎം): 3,29,720 (31.86%)
∙ വി.ഉണ്ണിക്കൃഷ്ണൻ (ബിജെപി): 82,332 (7.96%)
∙ ഭൂരിപക്ഷം: 2,60,153

English Summary:

Malappuram constituency election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com