ADVERTISEMENT

പൂരം കുടമാറ്റത്തിനു കുടയും ആനയ്ക്കു പട്ടയുമായി എത്തിയവരോട് ‘എടുത്തോണ്ടു പോടാ പട്ട’ എന്നു പൊലീസ് കമ്മിഷണർ അലറിയപ്പോൾ മൂന്നുപേർ നെഞ്ചിൽ കൈവച്ച് ആകാശത്തേക്കു നോക്കി പ്രാർഥിച്ചുകാണും – കമ്യൂണിസ്റ്റുകാരനായ വി.എസ്.സുനിൽകുമാറും കോൺഗ്രസുകാരനായ കെ.മുരളീധരനും ബിജെപിക്കാരനായ സുരേഷ് ഗോപിയും. മൂന്നു പേർക്കും പ്രാ‍ർഥിക്കാൻ ഓരോ കാരണങ്ങളുണ്ടായിരുന്നു.

ഈ തിരഞ്ഞെടുപ്പിലെ അന്തർധാരകളിലൊന്ന് പൂരമാകും. അത്രയേറെ വെടിക്കെട്ടാണു പൂരത്തിനുമുൻപു പൊലീസ് നടത്തിയത്. പൂരം തൃശൂരിന്റെ നെഞ്ചിലെ അഭിമാനമാണ്. ‘മ്മടെ പൂരം’ എന്നേ പറയൂ. സ്വാഭാവികമായും അതിനു മുറിവേൽക്കുമ്പോൾ അതു ചർച്ചകളിലും തിരഞ്ഞെടുപ്പിലുമൊക്കെ പ്രതിഫലിക്കും. സർക്കാർ ഉടൻ നടപടിയെടുത്തതിന്റെ പേരിൽ സുനിൽകുമാറിനോ, പാതിരാത്രിതന്നെ ദേവസ്വം ഓഫിസിലെത്തി മാരത്തൺ ചർച്ച നടത്തിയ സുരേഷ് ഗോപിക്കോ, അച്ഛന്റെ കൈപിടിച്ചു പൂരത്തിനെത്തിയ ചരിത്രമുള്ള കെ.മുരളീധരനോ അതു ഗുണം ചെയ്യുക എന്നു കണ്ടറിയണം.

രാഷ്ട്രീയമായി കടുത്ത നിലപാട് തൃശൂർ ഒരിക്കലും എടുക്കാറില്ല. സ്വന്തമെന്നു തോന്നുന്നവരോട് ആ സമയത്തുള്ള കാരുണ്യമാണു വോട്ടായി മാറുക. കമ്യൂണിസ്റ്റ് തീപ്പൊരിയും കരുത്തുമായിരുന്ന വി.വി.രാഘവനെതിരെ പുതുമുഖം പി.എ.ആന്റണിയെ 1984ൽ പാർലമെന്റിലേക്കയച്ചപ്പോൾ തൃശൂർ പറഞ്ഞത് ‘പാവം, മ്മടെ ആന്റണിയേട്ടൻ പോട്ടെ’ എന്നാണ്. ഇതേ വി.വി.രാഘവനെ ’96ൽ ലീഡർ കെ.കരുണാകരനെതിരെ ജയിപ്പിക്കുകയും ചെയ്തു. അന്നു പറഞ്ഞത്, ‘ലീഡർക്കു ഡൽഹീൽ പോകാൻ വേറെ വണ്ടി കിട്ടൂലോ, രാഘവേട്ടനൊരു ടിക്കറ്റ് എടുത്തുകൊടുക്കാം’ എന്നാണ്. തേക്കിൻകാട് മൈതാനിയിൽ മുണ്ടും മടക്കിക്കുത്തി നടന്ന സാധാരണക്കാരനായ രാഘവേട്ടനോട് അവർക്കു വല്ലാത്തൊരു സ്നേഹം തോന്നി. തന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് ദുഃഖഭാരത്തോടെ കാറിൽ കയറിയ കരുണാകരനോടു പിന്നിൽനിന്നു വിളിച്ചുപറഞ്ഞത് ‘പോട്ടെ ലീഡറെ, നെക്സ്റ്റ് ടൈം പൂശാം’ എന്നാണ്.

വഴിയിൽ കിടക്കുന്ന വികസനം തന്നെയാണു തൃശൂരിന്റെ വലിയ പ്രശ്നം. കാര്യമായ പദ്ധതികളോ മേൽപാലങ്ങളോ ബൈപാസുകളോ ഉണ്ടായിട്ടില്ല. കെ.കരുണാകരൻ കൊണ്ടുവന്നതി‍ൽ കൂടുതലൊന്നുമില്ല. നഗരത്തിലേക്കു വരുന്ന നാലുവരിപ്പാത പോലും നാലു വർഷമായിട്ടും പൂർത്തിയാകാതെ കിടക്കുകയാണ്. കോൾപ്പാടത്തു മിക്ക വർഷവും ആദ്യം കൊയ്യുന്നതു പരാതികളാണ്. കൃത്യസമയത്തു വെള്ളം പോലും കിട്ടാത്ത അവസ്ഥ. വിറ്റ നെല്ലിനു പണം കിട്ടാത്തതിന് എല്ലാ രാഷ്ട്രീയകക്ഷികളും ഒരുമിച്ചു കൊടിപിടിക്കേണ്ട സ്ഥിതി. കൃഷി വായ്പയുടെ നോട്ടിസ്, നെല്ലുവില നൽകുംമുൻപേ അയയ്ക്കുന്നതുപോലും ഇത്തവണ കണ്ടു. സ്വർണത്തിനു വില കുതിച്ചുയരുമ്പോഴും വ്യാപാരികൾക്കു കാര്യമായ നേട്ടമില്ല. ഏതു നിമിഷവും വന്യമൃഗത്തിന്റെ മുരൾച്ച അടുത്തുവരുമെന്ന ഭയത്താൽ കരിയിലയിലെ ചവിട്ടടിക്കു കാതോർത്തു പാതിമയക്കത്തിൽ കിടക്കുന്ന എത്രയോ കർഷകരുടെ വേദനയും ഈ തിരഞ്ഞെടുപ്പിലെ ഘടകമാണ്. ഇതെല്ലാം രാഷ്ട്രീയത്തിനും അപ്പുറത്തേക്കു പോകുന്ന കാര്യങ്ങളാണ്.

ചീത്തപ്പേരില്ലാത്തവരാണ് മത്സരിക്കുന്ന മൂന്നുപേരും. മുരളീധരനു കെ.കരുണാകരന്റെ മകൻ എന്നതിനോടൊപ്പം ശക്തമായ വാക്കുകളുടെയും ഉറച്ച തീരുമാനങ്ങളുടെയും തലയെടുപ്പുണ്ട്. സുനിൽകുമാർ കൃഷിമന്ത്രി എന്ന നിലയിൽ കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ കൂടുതൽ പച്ചപ്പു നിറച്ചു. അതു ഫയലിലെ കൃഷിയായിരുന്നില്ല. മണ്ണിലിറങ്ങി ഇന്നും സുനിൽകുമാർ കൃഷിയിറക്കുന്നു. സുരേഷ് ഗോപി വാക്കു പറഞ്ഞാൽ വാക്കാണ്. ശക്തൻ നഗർ വികസനത്തിനു എംപി ഫണ്ടിൽനിന്ന് ഒരു കോടി രൂപ നൽകുമെന്നു പറഞ്ഞപ്പോൾത്തന്നെ സുരേഷ് ഗോപി പറഞ്ഞു, കിട്ടിയില്ലെങ്കിൽ ഞാൻ അധ്വാനിച്ചുണ്ടാക്കിയ പണം നൽകും. രാഷ്ട്രീയത്തിന് അതീതമായ ജനകീയ ബന്ധമുണ്ട് ഈ മൂന്നു പേർക്കും. അതെല്ലാം വോട്ടാകണമെന്നു മാത്രം.

കെ.മുരളീധരൻ
കെ.മുരളീധരൻ

കെ.മുരളീധരൻ (67) കോൺഗ്രസ്

∙ വടകര എംപി. പാർലമെന്റിലേക്ക് 4 ജയം, 3 തോൽവി

∙ 2 തവണ എംഎൽഎ (2011, 2016)

∙ മുൻ മന്ത്രി, കെപിസിസി മുൻ പ്രസിഡന്റ്

∙ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം

അനുകൂലം

∙ മണ്ഡലത്തിൽ കോൺഗ്രസിനു പരമ്പരാഗതമായുള്ള മികച്ച അടിത്തറ

∙ സ്ഥാനാർഥിയുടെ പോരാട്ടവീര്യം

പ്രതികൂലം

∙ പാർട്ടിയിലെ ഗ്രൂപ്പുവഴക്കുകൾ

∙ മണ്ഡലത്തിലെ വികസനമുരടിപ്പ്


വി.എസ്.സുനിൽകുമാർ
വി.എസ്.സുനിൽകുമാർ

വി.എസ്.സുനിൽകുമാർ (56) സിപിഐ

∙ മുൻ മന്ത്രി. ലോക്സഭയിലേക്ക് ആദ്യ മത്സരം

∙ 3 തവണ എംഎൽഎ (2006, 2011, 2016)

∙ സിപിഐ സംസ്ഥാന കൗൺസിൽ അംഗം

∙ എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും മുൻ ദേശീയ സെക്രട്ടറി

അനുകൂലം

∙ ക്ലീൻ ഇമേജ്, ലളിതജീവിതം

∙ കൃഷിമേഖലയിലെ മികച്ച നേട്ടങ്ങൾ∙ ക്ലീൻ ഇമേജ്, ലളിതജീവിതം

∙ കൃഷിമേഖലയിലെ മികച്ച നേട്ടങ്ങൾ

പ്രതികൂലം

∙ സർക്കാരിനെതിരായ രോഷം

∙ നെൽക്കർഷകർക്കുണ്ടായ കഷ്ടപ്പാടുകൾ

സുരേഷ് ഗോപി
സുരേഷ് ഗോപി

സുരേഷ് ഗോപി (65) ബിജെപി

∙ നടൻ, മുൻ രാജ്യസഭാംഗം

∙ തൃശൂരിൽനിന്ന് 2019ൽ ലോക്സഭയിലേക്കും 2021ൽ നിയമസഭയിലേക്കും മത്സരിച്ചു

∙ മികച്ച നടനുള്ള ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ നേടി

അനുകൂലം

∙ പ്രധാനമന്ത്രിയുമായുള്ള അടുപ്പം

∙ വികസന വാഗ്ദാനങ്ങൾ

പ്രതികൂലം

∙ ബിജെപി നേതൃത്വത്തിലെ പലർക്കുമുള്ള അതൃപ്തി

∙ ഇന്ധന വിലക്കയറ്റം, കേന്ദ്ര നിലപാടുകളോടുള്ള രോഷം

2024  ⏩ ആകെ വോട്ടർമാർ: 14,83,055  ⏩പുരുഷന്മാർ: 7,08,317  ⏩സ്ത്രീകൾ: 7,74,718  ⏩ട്രാൻസ്ജെൻഡർ: 20  ⏩കന്നിവോട്ടർമാർ: 34,177

English Summary:

Thrissur constituency election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com