ADVERTISEMENT

മണിപ്പുർ വംശീയ കലാപം തുടങ്ങിയിട്ട് ഒരു വർഷം ആകുമ്പോഴും സംഘർഷം അവസാനിപ്പിക്കാൻ ഒരു ശ്രമവും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. 230ൽ അധികം പേർ കൊല്ലപ്പെടുകയും അരലക്ഷം പേർ ഭവനരഹിതരാകുകയും നൂറുകണക്കിനു ക്രിസ്തീയ ദേവാലയങ്ങൾ തകർക്കപ്പെടുകയും ചെയ്ത കലാപം തുടരുന്നു; രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ കലാപം എന്ന കുപ്രസിദ്ധിയുമായി. കഴിഞ്ഞ വർഷം മേയ് മൂന്നിനാണ് മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭൂരിപക്ഷ സമുദായമായ മെയ്തെയ്കളും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിലുള്ള സംഘർഷം ഇപ്പോൾ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടംപോലെയായിരിക്കുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ ഇതുവരെ സംസ്ഥാനം സന്ദർശിക്കാൻ തയാറായിട്ടില്ല. കലാപത്തിന്റെ തുടക്കത്തിൽ സമാധാന സമിതി ഉണ്ടാക്കിയതു മാത്രമാണു സർക്കാർ ഇടപെടൽ. ഗവർണറുടെ നേതൃത്വത്തിലുള്ള സമിതിക്കാകട്ടെ സമ്പൂർണ യോഗം ചേരാൻ പോലുമായില്ല. കുക്കികൾ ഇംഫാൽ താഴ്‌വരയിൽ നിന്നും മെയ്തെയ്കൾ കുക്കി ഭൂരിപക്ഷപ്രദേശങ്ങളിൽ നിന്നും പലായനം ചെയ്തതോടെ നാട് വിഭജിക്കപ്പെട്ടു. മണിപ്പുർ കലാപത്തിൽ ആയിരക്കണക്കിനു കേസുകളും എഫ്ഐആറുകളും റജിസ്റ്റർ ചെയ്തെങ്കിലും കുറ്റവാളികൾ സ്വതന്ത്രരായി വിലസുന്നു. രണ്ടു കുക്കി വനിതകളെ ബലാത്സംഗം ചെയ്തു നഗ്നരാക്കി നടത്തിയത്, രണ്ടു മെയ്തെയ് കമിതാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് എന്നിവ ഉൾപ്പെടെ ഏതാനും സംഭവങ്ങളിലൊഴികെ 99 ശതമാനം കേസുകളിലും അറസ്റ്റോ പൊലീസ് നടപടിയോ ഉണ്ടായിട്ടില്ല. മണിപ്പുരിലെ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ കൂടുതൽ അക്രമങ്ങളുണ്ടാകുമെന്ന ഭയത്തിലാണ് ജനം. 26ന് ആണ് ഔട്ടർ മണിപ്പുരിലെ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം.

എന്തുകൊണ്ട് കലാപം  അവസാനിക്കുന്നില്ല ?

രാജ്യത്തു വർഗീയ ലഹളകൾ ഏതാനും മണിക്കൂറുകൾകൊണ്ടോ ദിവസങ്ങൾകൊണ്ടോ അവസാനിക്കുകയോ അടിച്ചമർത്തുകയോ ചെയ്തെങ്കിൽ മണിപ്പുരിൽ അതുണ്ടായില്ല. ഇരുവിഭാഗങ്ങളും തങ്ങൾക്കു ഭൂരിപക്ഷമുള്ള പ്രദേശത്തേക്കു മാറുകയും അതിർത്തികളിൽ ബങ്കറുകൾ സ്ഥാപിച്ചു കാവൽനിൽക്കുകയും ചെയ്യുന്നതാണ് ഇതിനു പ്രധാനകാരണം. റോക്കറ്റ് ലോഞ്ചറുകളും യന്ത്രത്തോക്കുകളും ഇവരുടെ കൈവശമുണ്ട്. ഇംഫാൽ താഴ്‌വരയിൽ പൊലീസ് സാന്നിധ്യത്തിലാണ് തീവ്ര മെയ്തെയ് ഗ്രൂപ്പുകൾ ആയുധങ്ങളുമായി വാഹനങ്ങളിൽ പരേഡ് നടത്തുന്നത്

കുക്കി ഗ്രൂപ്പുകളും വ്യാപകമായി ആയുധം ശേഖരിച്ചിട്ടുണ്ട്. മ്യാൻമർ അതിർത്തിയിൽനിന്ന് ഇവർ ആയുധങ്ങൾ സംഭരിച്ചിട്ടുണ്ടെങ്കിലും ആയുധ ശേഖരത്തിൽ മെയ്തെയ് വിഭാഗമാണു മുൻപിൽ. പൊലീസിന്റെ പക്കലുണ്ടായിരുന്ന അയ്യായിരത്തോളം തോക്കുകളും അഞ്ചു ലക്ഷത്തിൽപരം വെടിയുണ്ടകളും ഇപ്പോൾ മെയ്തെയ്കളുടെ പക്കലാണ്. പൊലീസ്തന്നെ ഇവ കൈമാറിയതാണെന്നും അതല്ല, മെയ്തെയ് വിഭാഗങ്ങൾ തട്ടിയെടുത്തതാണെന്നുമുള്ള വാദങ്ങളുണ്ട്. ഈ ആയുധങ്ങൾ തിരികെ നൽകാൻ അഭ്യർഥിച്ചെങ്കിലും ആയിരത്തിൽപരം തോക്കുകൾ മാത്രമാണു എത്തിച്ചത്. 

കലാപം അവസാനിപ്പിക്കാൻ ഇരുകൂട്ടരും നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അവ പരസ്പരം അംഗീകരിക്കാൻ തയാറല്ല. മെയ്തെയ്കൾക്കൊപ്പം താമസിക്കുക അസാധ്യമാണെന്നും പ്രത്യേക ഭരണപ്രദേശം വേണമെന്നുമാണ് കുക്കി-സോ വിഭാഗത്തിന്റെ ആവശ്യം. എന്നാൽ, മണിപ്പുരിനെ വിഭജിക്കാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കുമെന്നു മെയ്തെയ്കളും പറയുന്നു. കേന്ദ്ര സർക്കാരും ഈ നിലപാടിനൊപ്പമാണ്.

കലാപ തുടക്കം 

ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന തദ്ദേശീയരായ മെയ്തെയ്കളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്താൻ  സർക്കാർ  നടപടി സ്വീകരിക്കണമെന്ന മണിപ്പുർ ഹൈക്കോടതി ഉത്തരവാണ് കലാപത്തിനു തുടക്കമിട്ടത്. ഇതിനെതിരെ  ചുരാചന്ദ്പുരിൽ മാർച്ച് നടന്നു. ഇതിനിടെ മെയ്തെയ് വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണമുണ്ടായി. മണിക്കൂറുകൾക്കകം   കുക്കികൾക്കു നേരെ മെയ്തെയ് വിഭാഗത്തിന്റെ വേട്ട നടന്നു. ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു, ഹൈ ക്കോടതി ഉത്തരവു ഭരണഘടനാ വിരുദ്ധമാണെന്ന് പിന്നീടു സുപ്രീം കോടതി വിധിച്ചു.

    മണിപ്പുരിൽ  കരിഞ്ചന്തയും കൊള്ളവിലയും വ്യാപകമാണ്.  ഇന്ത്യ- മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെ ഉൾപ്പെടുന്ന തെഗ്നോപാൽ ജില്ല കടുത്ത ഭക്ഷ്യ- മരുന്നു ക്ഷാമത്തിലാണ്. ഇംഫാൽ താഴ്‌വരയിലൂടെ ഇവിടേക്കു ട്രക്കുകൾ എത്തിക്കാൻ മെയ്തെയ് വിഭാഗം അനുവദിക്കുന്നില്ല. ചുരാചന്ദ്പുരിൽ അവശ്യവസ്തുക്കൾ എത്തിക്കുന്നതു മിസോറം വഴി മണിക്കൂറുകൾ സഞ്ചരിച്ചാണ്. 

കലാപത്തിന്റെ ആദ്യനാളുകളിൽ അസം റൈഫിൾസാണ് കുക്കികളെ കൂട്ടക്കൊല ചെയ്യുന്നതിനെ പ്രതിരോധിച്ചത്. ഇതോടെ അസം റൈഫിൾസിനെതിരെ വ്യാപക പ്രക്ഷോഭം മെയ്തെയ് വനിതകളുടെ നേതൃത്വത്തിൽ നടന്നു.  കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പുരിനും മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ ബിഷ്ണുപുരിനും മധ്യേയുള്ള ബഫർ സോണാണ് വലിയ യുദ്ധമുഖം. ബങ്കറുകളിൽ ഊഴമിട്ടാണ് ഓരോ വിഭാഗത്തിലെയും ആളുകൾ കാവൽനിൽക്കുന്നത്. ഡോക്ടർമാരും കോളജ് അധ്യാപകരും മാധ്യമ പ്രവർത്തകരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.  

വിഘടന ഗ്രൂപ്പുകൾ

ഇരുപത്തിയഞ്ചോളം കുക്കി സായുധ ഗ്രൂപ്പുകളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി സമാധാനക്കരാർ ഒപ്പിട്ടിരുന്നത്. പ്രത്യേക കുക്കി സംസ്ഥാനത്തിനായി ആയുധമെടുത്തിരുന്നവരായിരുന്നു ഇവർ. 

സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ (സൂ) എന്ന കരാർ പ്രകാരം സായുധഗ്രൂപ്പുകളുടെ കൈവശമുള്ള ആയുധങ്ങളിൽ വലിയൊരു പങ്ക് ഇരട്ടപ്പൂട്ടിട്ടു സൂക്ഷിക്കണം. ഒരു താക്കോൽ സുരക്ഷാ ഏജൻസിയുടെ കൈവശവും ഒരു താക്കോൽ സൂ ഗ്രൂപ്പുകളുടെ കൈവശവും. എന്നാൽ, ഈ കരാർ ഇത്തവണ പുതുക്കാൻ സർക്കാർ തയാറായില്ല. അതിനാൽ,  സൂ ഗ്രൂപ്പുകൾ ആയുധങ്ങളുമായി ക്യാംപുകളിൽനിന്നു പുറത്തിറങ്ങി മെയ്തെയ്കൾക്കെതിരെ ആക്രമണം നടത്തിയതായി ആരോപണമുണ്ട്.

പ്രത്യേക രാജ്യം ആവശ്യപ്പെട്ട് യുദ്ധം ചെയ്തിരുന്ന മെയ്തെയ് നിരോധിത സംഘടനകൾ (വാലി ബേസ്ഡ് ഇൻസർജന്റ്സ് ഗ്രൂപ്പുകൾ) മെയ്തെയ്കളുടെ രക്ഷയ്ക്കെത്തി. ഈ ഭീകരസംഘടനകളിലെ അംഗങ്ങളാണ് കുക്കി ഗ്രാമങ്ങൾ ആക്രമിക്കാൻ നേതൃത്വം നൽകിയത്. ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ ഈ സംഘത്തിലെ പ്രധാനികളെ അസം റൈഫിൾസ് അറസ്റ്റ് ചെയ്തെങ്കിലും മണിപ്പുരി വനിതകൾ ബലമായി മോചിപ്പിച്ചു.

ആരംഭായ് തെംഗോലിന്റെ സമ്മേളനം
ആരംഭായ് തെംഗോലിന്റെ സമ്മേളനം

ആയുധങ്ങൾ കരുതിവച്ച ആരംഭായ് 

ആയിരക്കണക്കിനു തോക്കുകളും വെടിയുണ്ടകളും ജനങ്ങൾക്കു വിതരണം ചെയ്തതോടെയാണ് ഇംഫാൽ താഴ്‌വരയുടെ ക്രമസമാധാനനില തകിടംമറിഞ്ഞത്. തട്ടിക്കൊണ്ടുപോകലും മോചനദ്രവൃം ആവശ്യപ്പെടലും പതിവായി. മെയ്തെയ്കളുടെ ആരംഭായ് െതംഗോൽ എന്ന സംഘടനയുടെ ഉദയവും താഴ്‌വരയുടെ ചിത്രം മാറ്റിമറിച്ചു.  കലാപം തുടങ്ങിയ ശേഷമാണ് ആരംഭായ് തെംഗോൽ ആയുധങ്ങൾ വ്യാപകമായി സംഭരിച്ചു തുടങ്ങിയത്. മണിപ്പുർ പൊലീസിൽനിന്നു കവർന്നെടുത്ത അയ്യായിരത്തോളം തോക്കുകളിൽ ബഹുഭൂരിപക്ഷവും ഇവരുടെ കൈവശമാണ്. പൊലീസിനെയും ഭരണസംവിധാനത്തെയും ചൊൽപടിക്കു നിർത്താൻ  ആരംഭായ്ക്കു കഴിയുന്നു. മെയ്തെയ് എംഎൽഎമാരെക്കൊണ്ട് സംസ്ഥാനത്തിന്റെ അഖണ്ഡത സൂക്ഷിക്കുമെന്ന് ആരംഭായ് തെംഗോൽ ബലമായി പ്രതിജ്ഞയെടുപ്പിച്ചിരുന്നു. കലാപത്തിൽ ബിജെപിയുടെ പങ്കിനെക്കുറിച്ചു പറഞ്ഞ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ മേഘചന്ദ്രയെ അതിക്രൂരമായി മർദിക്കുകയും ചെയ്തു.

ആരംഭായുടെ തലവനെന്നു സ്വയം വിശേഷിപ്പിക്കുന്ന കൗരൗൻഗാൻബ ഖുമാൻ (വലത്ത്) അനുയായിക്കൊപ്പം
ആരംഭായുടെ തലവനെന്നു സ്വയം വിശേഷിപ്പിക്കുന്ന കൗരൗൻഗാൻബ ഖുമാൻ (വലത്ത്) അനുയായിക്കൊപ്പം

യുവാക്കളുടെ ഒരു കൂട്ടായ്മയായാണ് ആരംഭായ് തെംഗോൽ ആദ്യം അറിയപ്പെട്ടിരുന്നത്. സംഘത്തിന്റെ നേതാവാര് എന്നതിൽ ആർക്കും വ്യക്തതയില്ലെങ്കിലും മുഖ്യമന്ത്രി ബിരേൻ സിങ്ങും രാജ്യസഭാ എംപിയും മണിപ്പുർ രാജകുടുംബത്തിന്റെ തലവനുമായ എൽ.സനജോബയുമാണ് തലതൊട്ടപ്പന്മാരെന്നു വിശേഷിപ്പിക്കപ്പെട്ടു. സമീപകാലത്താണ് കൗരൗൻഗാൻബ ഖുമാൻ എന്ന യുവാവ് ആരംഭായുടെ തലവനായി പ്രത്യക്ഷപ്പെട്ടത്. യന്ത്രത്തോക്കുകളുമായി കുക്കി ഗ്രാമങ്ങൾ ആക്രമിക്കാൻ താൻ പോകുന്നതിന്റെ ചിത്രങ്ങൾ ഖുമാൻ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. മെയ്തെയ് യുവാക്കളുടെ ഹീറോയാണ് ഇപ്പോൾ ഖുമാൻ. ഒട്ടേറെ കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇയാൾക്കെതിരെ നടപടിയെടുക്കാൻ മണിപ്പുർ പൊലീസ് തയാറാകുന്നില്ല. മെയ്തെയ് പ്രദേശങ്ങളെ സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുത്ത ഈ സംഘത്തിലേക്കു യുവാക്കൾ കൂട്ടത്തോടെ ചേരുകയാണ്. പ്രൈമറി ക്ലാസ് വിദ്യാർഥികൾക്കു വരെ ഇവർ പരിശീലനം നൽകുന്നു. 

ജാമിൻ ലാൽ ഹോകിപും കുടുംബവും
ജാമിൻ ലാൽ ഹോകിപും കുടുംബവും

ഇംഫാൽ വെസ്റ്റിലെ ലങ്കോളിലായിരുന്നു വീട്. ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. വാഹനം കലാപത്തിൽ കത്തിച്ചു. വീട്ടുപകരണങ്ങളും നശിപ്പിച്ചു. ഭാഗ്യംകൊണ്ടു ജീവൻ തിരിച്ചുകിട്ടിയ കുക്കികളിൽ ഒരാളാണ് ഞാൻ. കേന്ദ്രസേന എത്തിയാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്. വൈഎംഎ അരിയും പരിപ്പും നൽകുന്നതിനാൽ രണ്ടുനേരം ഭക്ഷണം കഴിക്കുന്നു.  പതിനൊന്നു മാസമായി കുടുംബത്തോടൊപ്പം ക്യാംപിലെ ഒറ്റമുറിയിലാണ് താമസം.

ജാമിൻ ലാൽ ഹോകിപ്
 (വിമല റെയെന സ്കൂൾ  ക്യാംപ്, ചുരാചന്ദ്പുർ)

ഗായത്രി അത്ഹോകോപാം
ഗായത്രി അത്ഹോകോപാം

കേരളത്തിൽ പെരിന്തൽമണ്ണയിലും കോഴിക്കോടും മറ്റുമായി ഹോട്ടലുകളിൽ ജോലി ചെയ്യുകയായിരുന്നു. ഇംഫാൽ ഈസ്റ്റ് അതിർത്തിയിലെ ദൊലൈദൈബി മെയ്തെയ് ഗ്രാമം മുഴുവൻ കലാപകാരികൾ ചുട്ടെരിച്ചു. ഇപ്പോൾ സെൻട്രൽ ജയിലിനടുത്ത് സർക്കാർ നിർമിച്ച താൽക്കാലിക വീട്ടിലാണ് താമസം. അച്ഛനും അമ്മയും ഉൾപ്പെടെ ആറു പേരാണുള്ളത്. കേരളത്തിൽ ജോലിക്കു പോകണമെന്നുണ്ട്. പക്ഷേ, ഇവിടെ നിന്നു പോയാൽ റേഷൻ കാർഡിൽനിന്നു പേരുവെട്ടും. അരിയും പരിപ്പും സർക്കാർ നൽകുന്നുണ്ട്. 763 പേരാണ് ഇവിടെ താമസിക്കുന്നത്. സ്വന്തം വീടുകളിലേക്കു മടക്കം ഉണ്ടായേക്കില്ല. 

ഗായത്രി അത്ഹോകോപാം
  (സചിവ റിലീഫ് ക്യാംപ്, ഇംഫാൽ)

ദുരിതാശ്വാസ ക്യാംപുകളിൽ ദുരിതജീവിതം 

അരലക്ഷത്തോളം പേരാണ് ഭവനരഹിതരായത്. നൂറുകണക്കിനു ക്രിസ്ത്യൻ ദേവാലയങ്ങൾ പൂർണമായും തകർക്കപ്പെട്ടു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കാനായിട്ടില്ല. ഇംഫാൽ താഴ്‌വരയിൽ താമസിച്ചിരുന്ന ആയിരക്കണക്കിനു കുക്കികൾ ഇപ്പോൾ കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിലോ സംസ്ഥാനത്തിനു പുറത്തോ ആണ് താമസിക്കുന്നത്. ഡിജിപിയായിരുന്ന കുക്കി വംശജൻ പി.ഡൊംഗൽ അസമിലെ ഗുവാഹത്തിയിലേക്കു താമസം മാറി. 9000 കുക്കികൾ മിസോറമിൽ അഭയം തേടി. വിദ്യാർഥികളുടെ പഠനം താറുമാറായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കുക്കി വിദ്യാർഥികൾക്കു പഠനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

    സ്കൂളുകളും ഓഡിറ്റോറിയങ്ങളും ദുരിതാശ്വാസ ക്യാംപുകളാക്കി. പ്ലൈവുഡ്കൊണ്ട് ബോക്സുകളായി തിരിച്ച ചെറിയ മുറികളിലാണ് അഞ്ചും ആറും പേരടങ്ങുന്ന കുടുംബങ്ങൾ താമസിക്കുന്നത്. ഇംഫാൽ താഴ്‌വരയിൽ സംസ്ഥാന സർക്കാർ ഏതാനും താൽക്കാലിക വീടുകൾ നിർമിച്ചിട്ടുണ്ട്. അരിയും പരിപ്പും താഴ്‌വരയിലെ ക്യാംപുകളിൽ സർക്കാർ നൽകുന്നു. കുക്കി ക്യാംപുകളിൽ ആഹാരം നൽകുന്നത് പ്രധാനമായും യങ് മിസോ അസോസിയേഷൻ (വൈഎംഎ) ആണ്. 

English Summary:

Writeup about Manipur communal riots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com