കേരള ഫുട്ബോളിന് സൂപ്പർ ഗോൾ
Mail This Article
യൂറോപ്പിലെ ചെറുരാജ്യങ്ങളിലൊന്നായ ലിത്വാനിയയുടെ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റനാണ് കേരള ബ്ലാസ്റ്റേഴ്സ് താരം ഫെദർ ചെർനിച്ച്. സ്വന്തം രാജ്യത്തുനിന്ന് ഏറെ അകലെയുള്ള, ഭാഷകൊണ്ടും സംസ്കാരംകൊണ്ടും കാലാവസ്ഥകൊണ്ടും എത്രയോ വ്യത്യസ്തമായ കേരളത്തിൽ കളിക്കാൻ ചെർനിച്ചിന് അവസരം കിട്ടിയതിനു പ്രധാനകാരണം യൂറോപ്യൻ ആഭ്യന്തര ഫുട്ബോൾ ലീഗുകളിലെ ശക്തമായ നെറ്റ്‌വർക്കിങ്ങും മികച്ച ട്രാൻസ്ഫർ സംവിധാനങ്ങളുമാണ്. ലിത്വാനിയൻ ലീഗിൽ കളി തുടങ്ങിയ ചെർനിച്ച് പിന്നീട് ബെലാറൂസ്, പോളണ്ട്, റഷ്യ, സൈപ്രസ് എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകൾക്കുവേണ്ടി കളിച്ചശേഷമാണ് ഈ വർഷം ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയത്.
യൂറോപ്പിലെ ചെറുലീഗിൽനിന്നു ചെർനിച്ചിനു കേരളത്തിലെത്താമെങ്കിൽ എന്തുകൊണ്ട് നമ്മുടെ താരങ്ങൾക്കു വിദേശ ഫുട്ബോൾ ലീഗുകളിൽ പോയി കളിച്ചുകൂടാ? അതിനാദ്യം വേണ്ടത് യൂറോപ്പിലേതുപോലെ നമ്മുടെ ഫുട്ബോൾ ലീഗുകളും കൂടുതൽ പ്രഫഷനലാവുക എന്നതാണ്. അതിലേക്കുള്ള ആദ്യപടിയായിരുന്നു 10 വർഷം മുൻപു രൂപം കൊണ്ട ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ. ഇപ്പോഴിതാ അതിന്റെ ചുവടുപിടിച്ച് ഫുട്ബോൾ ആവേശം ഏറെയുള്ള കേരളത്തിലും ഒരു പ്രഫഷനൽ ഫുട്ബോൾ ലീഗ് രൂപം കൊണ്ടിരിക്കുന്നു: കേരള ഫുട്ബോൾ ഫെഡറേഷൻ (കെഎഫ്എ) ‘ഗ്രൂപ്പ് മീരാനു’മായി സഹകരിച്ചു നടപ്പാക്കുന്ന സൂപ്പർ ലീഗ് കേരള. കേരളത്തിന്റെ ഫുട്ബോൾ സംസ്കാരംതന്നെ മാറ്റിമറിക്കാൻ ഉതകുന്നതാകും സൂപ്പർ ലീഗ് കേരളയെന്നു പ്രത്യാശിക്കാൻ കാരണങ്ങളേറെയാണ്.
കേരളത്തിലെ 6 നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള 6 ഫ്രാഞ്ചൈസി ടീമുകൾ പരസ്പരം മത്സരിക്കുന്ന രീതിയിലാണ് സൂപ്പർ ലീഗ് കേരള വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാവും സെപ്റ്റംബറിൽ തുടങ്ങി രണ്ടു മാസത്തോളം നീളുന്ന പ്രഥമ സൂപ്പർ ലീഗ് കേരളയിലെ ടീമുകൾ. കേരളത്തിൽനിന്നു കൂടുതൽ പ്രഫഷനൽ ക്ലബ്ബുകളെയും പ്രഫഷനൽ ഫുട്ബോൾ താരങ്ങളെയും സൃഷ്ടിക്കുക എന്നതാണ് സൂപ്പർ ലീഗിന്റെ പ്രധാന ലക്ഷ്യം. മലയാളി താരങ്ങൾക്കു പ്രാമുഖ്യം നൽകുന്നതിനൊപ്പംതന്നെ വിദേശതാരങ്ങളുടെയും പരിശീലകരുടെയും സാന്നിധ്യവും സൂപ്പർ ലീഗിലുണ്ടാകും. നമ്മുടെ സ്വന്തം താരങ്ങൾക്കു വിദേശതാരങ്ങളോടൊപ്പം തോളോടുതോൾ മത്സരിക്കാനുള്ള വലിയ അവസരമാകും സൂപ്പർ ലീഗ് കേരള. ഒപ്പം, മികവു തെളിയിക്കുന്ന താരങ്ങൾക്ക് ഇന്ത്യൻ സൂപ്പർ ലീഗിലേക്കും മറ്റു വിദേശ ലീഗുകളിലേക്കുമുള്ള വാതിലും.
ഒരുകാലത്ത് ഇന്ത്യൻ ഫുട്ബോളിലെ വൻശക്തികളായിരുന്നു കേരളം. എന്നാൽ, ഡിപ്പാർട്മെന്റൽ ടീമുകളായ കേരള പൊലീസ്, എസ്ബിടി, ടൈറ്റാനിയം, കെഎസ്ഇബി തുടങ്ങിയവയെല്ലാം ക്ഷയിച്ചതോടെ ഇന്ത്യൻ ഫുട്ബോളിലും കേരളം പിന്നാക്കം പോയി. മികച്ച അക്കാദമികളുടെ പിൻബലത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഫുട്ബോളിൽ വലിയ മുന്നേറ്റം നടത്തിയപ്പോൾ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു കേരളം. ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെയും ഐ ലീഗിൽ ഗോകുലം കേരളയുടെയും പ്രാതിനിധ്യം ഉണ്ടായിരുന്നെങ്കിലും ആയിരക്കണക്കിനു മികച്ച കൗമാരതാരങ്ങളുള്ള കേരളത്തിൽ മതിയായ അവസരമൊരുക്കാൻ പര്യാപ്തമായില്ല അതൊന്നും.
വർഷത്തിൽ ഒരു ചാംപ്യൻഷിപ് നടത്തുന്നതിൽ ഒതുങ്ങില്ല സൂപ്പർ ലീഗ് കേരളയുടെ ദൗത്യങ്ങളെന്ന് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ പ്രഖ്യാപിച്ചതു പ്രതീക്ഷ നൽകുന്നു. സർക്കാരിന്റെയും കോർപറേറ്റുകളുടെയും പങ്കാളിത്തത്തോടെ മികച്ച മൈതാനങ്ങളും പരിശീലന സൗകര്യങ്ങളും കേരളത്തിലെ എല്ലാ ജില്ലകളിലും ഒരുക്കും. ലീഗിൽ കളിക്കുന്ന ടീമുകളുടെ ‘ഗ്രാസ്‌റൂട്ട്’ പരിശീലന പരിപാടികൾ ഇപ്പോൾതന്നെ തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ ചെറുഗ്രാമങ്ങളിൽനിന്നു പോലും ഫുട്ബോൾ പ്രതിഭകളെ കണ്ടെടുക്കുക, അവർക്ക് ഉയരങ്ങളിലേക്കുള്ള വഴിയൊരുക്കുക എന്നതാവണം സൂപ്പർ ലീഗ് കേരളയുടെ വിശാലലക്ഷ്യം. ഫുട്ബോൾ ആവേശത്തിൽ ലാറ്റിനമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന കേരളത്തിനു ഫുട്ബോൾ മികവിന്റെ കാര്യത്തിലും ആ മാതൃകയിലൂടെ മുന്നേറാനുള്ള ഇന്ധനമാവട്ടെ സൂപ്പർ ലീഗ് കേരള.